കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണകൂടമേ, രാഷ്ട്രീയമേ, അധോമുഖവാമനരായ സാംസ്‌ക്കാരിക ജിഹ്വകളേ കണ്ണൂരിലെത്തിയ കുട്ടികളോട് എന്ത് പറയും

വളരെ സൗഹാര്‍ദ്ദപരവും ശാന്തവുമായ അന്തരീക്ഷത്തില്‍ നടന്നുവന്ന കലോത്സവത്തിനിടയില്‍ ഒരു കൊലപാതക വാര്‍ത്തയും ഹര്‍ത്താല്‍ ആഹ്വാനവും കടന്നുകയറിയിരിക്കുന്നു.

  • By ഡോ ആസാദ്
Google Oneindia Malayalam News

ഡോ ആസാദ്

മഞ്ചേരി എന്‍എസ്എസ് കോളേജിലെ അധ്യാപകനും ഇടതു വിമര്‍ശകനും എഴുത്തുകാരനും ആണ് ഡോ ആസാദ്‌

സ്‌കൂള്‍ കലോത്സവത്തിനിടയിലും കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം നടന്നിരിക്കുന്നു. കണ്ണൂരിലേക്കുള്ള യാത്ര, സംസ്ഥാനത്തെങ്ങുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിപ്പെടുത്തുന്ന അനുഭവമായിട്ടുണ്ട്. കണ്ണൂരെന്ന സ്ഥലനാമത്തിന് കൈവന്ന ഹിംസോന്മാദത്തിന്റെ രൂപകപദവി മാഞ്ഞുപോകുന്നില്ല. സുഗതകുമാരി എഴുതിയ തലശ്ശേരികളെന്ന കവിത എത്രയോ കലോത്സവങ്ങളില്‍ കുട്ടികള്‍ പാടിയിട്ടുണ്ട്. പേടിമാറ്റാനും പേടിപ്പിക്കുന്നവരെ നിലയ്ക്കു നിര്‍ത്താനും അതൊന്നും പര്യാപ്തമായിട്ടില്ല. ഏറെ സമ്മര്‍ദ്ദത്തോടെ മാത്രമേ ആര്‍ക്കും കണ്ണൂരിലേക്കു പുറപ്പെടാനാവുന്നുള്ളു.

കലോത്സവത്തെ എല്ലാ വിഭാഗം ജനതയും വലിയ ആവേശത്തോടെയാണ് കാണുന്നത്. കണ്ണൂരിലെ ജനങ്ങളും പൊതുപ്രവര്‍ത്തകരും വിദ്യാഭ്യാസ സാംസ്‌ക്കാരിക പ്രവര്‍ത്തകരുമെല്ലാം വര്‍ദ്ധിച്ച ആവേശത്തോടെത്തന്നെയാണ് സംസ്ഥാനത്തെങ്ങുമുള്ള വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കലാസ്‌നേഹികളെയും സ്വാഗതം ചെയ്തത്. വളരെ സൗഹാര്‍ദ്ദപരവും ശാന്തവുമായ അന്തരീക്ഷത്തില്‍ നടന്നുവന്ന കലോത്സവത്തിനിടയില്‍ ഒരു കൊലപാതക വാര്‍ത്തയും ഹര്‍ത്താല്‍ ആഹ്വാനവും കടന്നുകയറിയിരിക്കുന്നു.

1

മാഞ്ഞു തുടങ്ങിയ ഭീതി ഞെട്ടിയുണരുന്ന അവസ്ഥ. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു ചോരക്കളിയാട്ടം നിര്‍ത്താനാവുന്നില്ല. എതിരഭിപ്രായങ്ങളെ, വിയോജിപ്പുകളെ, രാഷ്ട്രീയ ഭിന്നതകളെ പരിഹരിക്കാന്‍ ഉന്മൂലനമാണ് വേണ്ടതെന്നു ശഠിക്കുന്നത് ജനാധിപത്യ വിശ്വാസികളെന്നു പരിചയപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ഞങ്ങള്‍ പിന്മാറുന്നു എന്നു മനുഷ്യപക്ഷത്തുനിന്ന് നിശ്ചയിക്കാനുള്ള ആര്‍ജ്ജവം മുഖ്യരാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്നില്ല. തുറന്നുവിട്ട ഭൂതം തങ്ങളെത്തന്നെ വിഴുങ്ങുന്ന അവസ്ഥയെയാവും അവര്‍ നേരിടുന്നത്.

പുതിയ തലമുറക്കുമുന്നില്‍ കുറ്റവാളികളായി തല താഴ്ത്തിയേ പറ്റൂ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനും അതിന്റെ നേതാക്കള്‍ക്കും. കണ്ണൂര്‍ ഒരറവുശാലയല്ലെന്നു വരുംതലമുറകളോട് അവരെങ്ങനെയാണ് സംസാരിക്കുക? ചോരമണക്കുന്ന പ്രഭാതത്തില്‍ കുട്ടികള്‍ ആടുകയും പാടുകയും ചെയ്യുന്നതെങ്ങനെയാണ്? രക്തത്തില്‍ വഴുക്കാതെ നൃത്തമാടുന്നതെങ്ങനെ? അനാഥരാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ നിലവിളികള്‍ അവര്‍ കേള്‍ക്കാതിരിക്കുമോ?

youth

ഭരണകൂടമേ, എല്ലാം നയിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളേ, അധോമുഖവാമനരായ സാംസ്‌ക്കാരിക ജിഹ്വകളേ കണ്ണൂരിലെത്തിയ കുട്ടികളോടു നിങ്ങളെന്തു പറയും? പൊങ്ങച്ചത്തിന്റെയും അഹംഭാവത്തിന്റെയും മുഖംമൂടികളഴിച്ചു മാപ്പിരക്കുമോ? അതോ അത് മറ്റവര്‍ ചെയ്തതാണ്. അവര്‍ അങ്ങനെയേ ചെയ്യൂ എന്ന് അന്യോന്യം പഴിച്ചും പുലഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും പതിവു നാടകമാടുമോ?
ഒരു ജനത തലതാഴ്ത്തി നിങ്ങളോടു യാചിക്കുന്നു. നിര്‍ത്തണം ഈ ഹിംസോന്മാദം. കണ്ണൂരിനെ അറവുശാലയാക്കരുത്. പുതു തലമുറക്ക് അവരുടെ ജീവിതം അനുവദിച്ചുകൊടുക്കണം.

English summary
Dr Azad writes about the Political Murder in Kannur During State Youth Festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X