കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കുംചേരിയുടെ അറസ്‌റ്റ്‌ ഏറെ വൈകിപ്പോയ ഒന്ന്.. ഡോ. ഷിംന അസീസ് എഴുതുന്നു.. ഷിംനയുടെ ചോദ്യങ്ങൾ!!

Google Oneindia Malayalam News

ഡോ. ഷിംന അസീസ്

മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍. സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഇന്‍ഫോ ക്ലിനിക്കിന്‍റെ ഭാഗം കൂടിയാണ് ഡോ ഷിംന.

ജേക്കബ്‌ വടക്കുംചേരിയുടെ അറസ്‌റ്റ്‌ ഏറെ വൈകിപ്പോയ ഒന്നാണ്‌. വാക്‌സിനേഷനോട്‌ പുറം തിരിഞ്ഞു നിൽക്കുന്ന പാകിസ്‌ഥാനിലും അഫ്‌ഗാനിസ്ഥാനിലും മാത്രമാണ്‌ പോളിയോ രോഗം നിലനിൽക്കുന്നത്‌. ഇന്ത്യയിൽ അവസാന പോളിയോ കേസ്‌ ഉണ്ടായത്‌ 2011 വർഷത്തിലാണ്‌. ഈയൊരവസ്‌ഥ ഉണ്ടാക്കി നാടിനെ സുരക്ഷിതമാക്കി തന്ന 'ജീവന്റെ രണ്ടു തുള്ളികളെ'‌ ജേക്കബ്‌ പേരിട്ട്‌ വിളിച്ചത്‌ രാസവിഷമെന്നാണ്‌. ആ വീഡിയോക്ക്‌ വർഷങ്ങളുടെ പഴക്കമുണ്ട്‌. മതിയായ യാതൊരു വിദ്യാഭ്യാസയോഗ്യതയോ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനോ ഇല്ലാതെ പേരിന്‌ മുന്നിൽ 'Dr' വെച്ച്‌ ഇയാൾ പ്രാക്‌ടീസ്‌ ചെയ്യുന്നുമുണ്ട്‌, ഒന്നല്ല ആറിടത്ത്‌.

കുറച്ച്‌ കാലം മുൻപ്‌ സ്വന്തം തട്ടകമായ എറണാകുളം വിട്ട്‌ മലപ്പുറത്തും കോഴിക്കോടും വന്ന്‌ ജനങ്ങളെ ചൂഷണം ചെയ്‌ത്‌ അവിടെ വേരുറപ്പിച്ചു. കുത്തിവെപ്പിനെതിരെയുള്ള വികാരം ജനിപ്പിക്കാൻ പോന്നവണ്ണം മതവും വൈകാരികതയും കുത്തി നിറച്ച കവലപ്രസംഗങ്ങളും കളക്‌ടറേറ്റ്‌ ധർണയുമെല്ലാം ഫലം കണ്ടു. മെഡിക്കൽ ടെക്‌സ്‌റ്റുകളിൽ ഉറങ്ങിയ ഡിഫ്‌തീരിയയും വില്ലൻചുമയും നാടിന്റെ ഗതികേടിന്റെ നേർച്ചിത്രമായി മെഡിക്കൽ വിദ്യാർത്‌ഥികൾക്ക്‌ പഠിക്കാൻ സാധിച്ചു. ഇന്നും മലപ്പുറത്ത്‌ കുത്തിവെപ്പിന്‌ വരാൻ മടിക്കുന്നവരെ നേരിൽ കാണാൻ ആശ വർക്കർമാരും അംഗൻവാടി ടീച്ചർമാരും നേഴ്‌സുമാരും ചെല്ലുമ്പോൾ അമ്മമാരുടെ വാട്ട്‌സപ്പ്‌ വീഡിയോ ഫോൾറിൽ ദൈവവാക്യം പോലെ ജേക്കബിന്റെ വാക്‌സിനേഷന്‌ എതിരായ വീഡിയോകൾ ഉറഞ്ഞു തുള്ളുന്നതാണ്‌ കാണേണ്ടി വരുന്നത്‌.

വടക്കുംചേരി ഉണ്ടാക്കുന്ന വിപത്തുകൾ...

വടക്കുംചേരി ഉണ്ടാക്കുന്ന വിപത്തുകൾ...

വാക്‌സിനേഷൻ കവറേജ്‌ കുറവുള്ള മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 'മിഷൻ ഇന്ദ്രധനുസ്‌' ഏറ്റെടുത്തിരിക്കുന്ന ഇടങ്ങളിൽ ആരോഗ്യകേരളത്തിന്റെ സ്വന്തം മലപ്പുറം പെട്ടു പോയതും ജേക്കബിനെ പോലുള്ളവർ കാരണമാണ്‌. മീസിൽസ്‌ റുബല്ല കുത്തിവെപ്പ്‌ ക്യാംപെയിൻ, നിപ്പ വൈറസ്‌ബാധക്കാലത്ത്‌ ഏറെ ജാഗ്രത പുർത്തേണ്ടി വന്ന കാലഘട്ടം, എല്ലാം കഴിഞ്ഞ്‌ ഈയിടെ കടന്നു പോയ പ്രളയകാലം എന്നിവയിലെല്ലാം സർക്കാർ നിലപാടുകളെയും നിർദേശങ്ങളേയും അമ്പേ തകരാറിലാക്കാൻ പാകത്തിൽ സോഷ്യൽ മീഡിയയിൽ ഇരുന്ന്‌ ജേക്കബ്‌ രോഗങ്ങളെക്കുറിച്ച്‌ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്തവനായിട്ടും ആശയക്കുഴപ്പങ്ങളുണ്ടാക്കി, ആശങ്ക വിതച്ചു. ചെറുതല്ലാത്തൊരു ജനവിഭാഗം തെറ്റിദ്ധരിക്കപ്പെട്ടു എന്നും നിസംശയം പറയാം.

ആരോഗ്യകേരളത്തെ ഒരൽപം അസൂയയോടെ ലോകം മുഴുവൻ പാർത്തു നോക്കുന്നത്‌ ഏറെ അഭിമാനത്തോടെ നെഞ്ചോട്‌ ചേർത്തവരാണ്‌ നമ്മൾ മലയാളികൾ. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും തലയുയർത്തി നിൽക്കുന്ന നമ്മൾ ഈ പ്രളയത്തിൽ കുത്തിയൊലിച്ചു പോയതൊന്നും കണ്ട്‌ തളരാതെ മറ്റൊരദ്‌ഭുതമായി. ഭിന്നതകളും ഭാവഭേദവുമില്ലാതെ നമ്മൾ ചിറകുകളായി, കുടയായി, തണലായി ഒറ്റക്കെട്ടായി നാട്ടിലെ ദുരിതം വീതിച്ചെടുത്തു. ഉള്ളതെല്ലാം പങ്ക്‌ വെച്ചു. കിണറും കുളിമുറിയും കക്കൂസ്‌ മാലിന്യവും മൃഗങ്ങളുമെല്ലാം ഒഴുകി വന്ന വെള്ളം രോഗം കൊണ്ടുവരുമെന്ന്‌ നമുക്കറിയാമായിരുന്നു. പ്രതിവിധികളും പ്രതിരോധവും പഠിപ്പിച്ച്‌ ആരോഗ്യപ്രവർത്തകർ ഓടി നടന്നു. ക്ലാസെടുത്തു, പറഞ്ഞു, പഠിപ്പിച്ചു. അതിന്റെ ഫലമെന്നോണം കഷ്‌ടപ്പാടിന്‌ മീതെ ബുദ്ധിമുട്ടായി വലിയ പകർച്ചവ്യാധികളുമുണ്ടായില്ല.

ജേക്കബ്‌ വടക്കുംചേരിയുടെ പ്രഖ്യാപനങ്ങൾ

ജേക്കബ്‌ വടക്കുംചേരിയുടെ പ്രഖ്യാപനങ്ങൾ

അതിന്‌ സഹായിച്ചത്‌ ആരോഗ്യമേഖല എടുത്ത കൃത്യമായ തീരുമാനങ്ങൾ തന്നെയാണ്‌. എലിപ്പനിക്കുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട്‌ തന്നെയാണ് പ്രളയത്തിൽ നേരിട്ട്‌ അകപ്പെട്ടവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കണമെന്ന്‌ പറഞ്ഞത്‌. ഏറെ ശ്രദ്ധയോടെ മരുന്ന്‌ വിതരണം നടത്തിയിട്ടും മരുന്ന്‌ കഴിക്കാതിരുന്ന ചിലരെ എലിപ്പനി മൂലം നമുക്ക്‌ നഷ്‌ടപ്പെട്ടു.

ഇതിനിടയിലേക്കാണ്‌ മരുന്ന്‌ കഴിക്കരുത്‌ ഏന്ന പ്രഖ്യാപനവുമായി ജേക്കബ്‌ വടക്കുംചേരി വരുന്നത്‌. വെള്ളം ക്ലോറിനേറ്റ്‌ ചെയ്യരുത്‌, ചെളി കളയരുത്‌ അത്‌ മരുന്നാണ്‌, ഡോക്‌സിസൈക്ലിൻ കഴിക്കരുത്‌ തുടങ്ങിയ സന്ദേശങ്ങൾ നൽകുന്നത്‌ ആത്മഹത്യാപ്രേരണക്ക്‌ തുല്യമായ വാദങ്ങളായാണ്‌ എനിക്ക്‌ വിലയിരുത്താൻ തോന്നുന്നത്‌. ഇത്തരം കാര്യങ്ങൾ വിളിച്ചു പറഞ്ഞതിനെ 'അഭിപ്രായസ്വാതന്ത്ര്യം' എന്ന വിചിത്രന്യായീകരണത്തോടെയാണ്‌ പലരും ഇന്ന്‌ ലഘൂകരിക്കാൻ ശ്രമിക്കുന്നത്‌.

എന്റെ ചോദ്യങ്ങൾ ഇവയാണ്‌

എന്റെ ചോദ്യങ്ങൾ ഇവയാണ്‌

- നാട്ടിൽ പ്രളയം വന്നു, കൂടെ നാട്ടിലുള്ള സകല സെപ്‌റ്റിക്‌ ടാങ്കും എലി/പശു/പട്ടി/പൂച്ച/പന്നി മൂത്രവും വെള്ളത്തിൽ കലർന്നു. ആ വെള്ളം അണുവിമുക്‌തമാക്കാതെ, ക്ലോറിനേറ്റ്‌ ചെയ്യാതെ കുടിച്ചോളാൻ സോഷ്യൽ മീഡിയ വഴി സ്വന്തം മുറിയിലിരുന്ന്‌ ഉടുപ്പിൽ ചെളി പോലും പറ്റാതെ ജേക്കബ്‌ ആഹ്വാനം ചെയ്‌തു. ഹനിക്കപ്പെടുമായിരുന്നത്‌ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശമല്ലേ? അങ്ങനെയൊരാൾക്ക്‌ വേണ്ടി 'മനുഷ്യാവകാശം' വാദിക്കുന്നവർ എന്തേ ഒരു സമൂഹത്തിന്റെ മുഴുവൻ അവകാശം മറക്കുന്നു?

- ‎ഹെപ്പറ്റൈറ്റിസ്, കോളറ, ടൈഫോയ്‌ഡ്‌, എലിപ്പനി തുടങ്ങി സർവ്വതിനുമുള്ള വിത്ത്‌ പേറിയിരുന്ന ആ വെള്ളം ശുചീകരിക്കരുതെന്ന്‌ പറയുന്നതാണോ അഭിപ്രായസ്വാതന്ത്ര്യം? നിങ്ങൾ നാല്‌ ബ്ലേഡെടുത്ത്‌ വിഴുങ്ങൂ എന്ന്‌ പറഞ്ഞ്‌ വീഡിയോ ഇട്ടാൽ അതും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ?

ഇത് സാമൂഹ്യദ്രോഹമല്ലേ?

ഇത് സാമൂഹ്യദ്രോഹമല്ലേ?

- ‎ഡോക്‌സിസൈക്ലിൻ മാരകവിഷമാണെന്ന്‌ പറഞ്ഞ വീഡിയോ ഇപ്പോഴും ജേക്കബിന്റെ ഫേസ്‌ബുക്ക്‌ പേജിലുണ്ട്‌. മരുന്ന്‌ കഴിക്കാതെ എലിപ്പനി വന്നു മരിച്ചവർ ചുറ്റും സത്യമായി നിലകൊള്ളുന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു വിപത്തിൽ പെട്ട നാടിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനായി സർക്കാർ തീരുമാനിച്ച നടപടി ചെയ്യരുതെന്ന്‌ പ്രഖ്യാപിക്കാൻ ഏതെങ്കിലും വ്യക്‌തി/സംഘടനക്ക്‌ അവകാശമുണ്ടോ? സാമൂഹ്യദ്രോഹമല്ലേ ഇത്‌?

-വാങ്ങിയതിന്‌ ശേഷം അയാൾ തുറന്ന്‌ നോക്കിയിട്ടില്ലാത്ത, അയാളുടെ എല്ലാ വീഡിയോയിലും പിറകിൽ അടുക്കിയിരുന്ന മെഡിക്കൽ പാഠപുസ്‌തകങ്ങളിലെല്ലാം തന്നെ ഈ പറഞ്ഞ മരുന്നുകളുടെ ഇഫക്‌ടും സൈഡ്‌ ഇഫക്‌ടുമുണ്ട്‌. അതിലെ ഉപകാരമുണ്ടെന്ന്‌ പറയുന്ന ഭാഗമെല്ലാം വിഴുങ്ങി 'സൈഡ്‌ ഇഫക്‌ട്‌ എന്ന്‌ പറയുന്നയിടം മാത്രം അട്ടഹസിച്ച്‌ അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണകൾ മാത്രമല്ലേ പരത്തുന്നത്‌? സ്വന്തം കച്ചവടം മെച്ചപ്പെടുത്താനായി മറ്റുള്ളവരെയെല്ലാം 'വെടക്കാക്കി തനിക്കാക്കുക' എന്ന രീതിയല്ലേ ഇത്‌?

ഇതാണോ അഭിപ്രായ സ്വാതന്ത്ര്യം?

ഇതാണോ അഭിപ്രായ സ്വാതന്ത്ര്യം?

- ‎പുസ്‌തങ്ങളിലൊതുങ്ങിയിരുന്ന ഡിഫ്‌തീരിയയും വില്ലൻചുമയുമൊക്കെ തിരികെ വന്നതിന്‌, ആരോഗ്യരംഗത്തെ കേരള മോഡലിനെ കൊഞ്ഞനം കുത്തി ഡിഫ്‌തീരിയ മരണങ്ങൾ പോലും സംഭവിച്ചതിന്‌, പ്രതിരോധകുത്തിവെപ്പുകൾക്കെതിരേ കടുത്ത പ്രചരണം നടത്തിയ വടക്കഞ്ചേരി ഉൾപ്പെടെയുള്ളവരുടെ പങ്ക്‌ നിഷേധിക്കാനാവുമോ?

- ‎ഒക്കെ പോട്ടെ, സാമൂഹ്യദ്രോഹപരമായ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ സമൂഹത്തെ ഒന്നടങ്കം തെറ്റിദ്ധരിപ്പിക്കാൻ പാകത്തിൽ അടിച്ചിറക്കുന്നത്‌ ക്രിമിനൽ കുറ്റമല്ലേ? ഇതിനാണോ അഭിപ്രായസ്വാതന്ത്ര്യം എന്ന്‌ ഇന്ത്യാമഹാരാജ്യത്ത്‌ പറയുന്നത്‌?

ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

ജേക്കബ്‌ വടക്കഞ്ചേരി എന്ന വ്യക്‌തിക്ക്‌ ചികിത്സിക്കാനുള്ള വിദ്യാഭ്യാസയോഗ്യത വട്ടപ്പൂജ്യം ആണെന്നറിയാമല്ലോ? അങ്ങനെയിരിക്കേ, പച്ച മുരിങ്ങക്കായയും പച്ചവെള്ളവും പച്ചക്ക്‌ തീറ്റിക്കുന്ന 'പച്ചമനുഷ്യന്‌' ആറ്‌ ബഹുനില 'ആശുപത്രികളും' സ്‌ഥിരമായ വിദേശയാത്രകളും ആർഭാടവും എങ്ങനെ നേരായ മാർഗത്തിൽ സാധ്യമാകും? തീർന്നില്ല, 'ചികിത്സിച്ച്‌' ഹൃദ്രോഗിയെ കൊന്നതിന്‌ നാല്‌ ലക്ഷം നഷ്‌ടപരിഹാരം കോടതി വിധിച്ചത്‌ കഴിഞ്ഞ വർഷമാണ്‌.

ജേക്കബിന്റെ ചികിത്സാപരാക്രമത്തിൽ രക്‌താതിമർദ്ദത്തിന്‌ മരുന്നെല്ലാം പാടേ നിർത്തിച്ച്‌ അടുത്ത ബന്ധു ഈയിടെ മരണപ്പെട്ട വിവരം ഇൻബോക്‌സിൽ പറഞ്ഞത് കൂട്ടുകാരി. സുഹൃത്തായ പത്രപ്രവർത്തകന്റെ ജ്യേഷ്‌ഠഭാര്യയെ 'ചികിത്സിച്ച്‌' ഇല്ലാതാക്കിയ വിവരം അദ്ദേഹം തന്നെ ഇടക്കാലത്ത്‌ പോസ്‌റ്റായി എഴുതിയിട്ടിരുന്നു.

ചതിക്കപ്പെടുകയാണ്...

ചതിക്കപ്പെടുകയാണ്...

ലംഘിക്കപ്പെടുന്നത്‌ മനുഷ്യാവകാശം തന്നെയാണ്‌. ചതിക്കപ്പെട്ട, ചതിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരുപാട് മനുഷ്യരുടെ അവകാശം. ജേക്കബിനെപ്പോലെ മനുഷ്യശരീരത്തിന്റെ അക്ഷരമാല പോലും അറിയാത്തവർ ചികിത്സിക്കുന്നത്‌ കേരളമോഡൽ ആരോഗ്യത്തിന്റെ കടയ്‌ക്കൽ കത്തി വെച്ച്‌ കൊണ്ടാണ്‌. അകത്തായത്‌ ഒരു ജേക്കബ്‌ മാത്രമാണ്‌.

മതിയായ വകുപ്പുകളില്ലെന്നോ മനുഷ്യാവകാശമെന്നോ പറഞ്ഞ്‌ അയാൽ നാളെ തിരികെ ജനമദ്ധ്യത്തിലിറങ്ങാം. കരളിൽ മൂത്രമുണ്ടാകുന്നു എന്ന്‌ പറയുന്നവരും ഒരു സുപ്രഭാതത്തിൽ എന്തോ സർട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ദിവസങ്ങളോ മാസങ്ങളോ ഓടിച്ച്‌ പോയവരോ അതു പോലുമില്ലാത്തവരോ ഒക്കെ ഇവിടെ ചികിത്സിക്കുന്നുണ്ട്‌. നിയമത്തിന്റെ പിടി വീഴുന്നവർ ചുരുക്കം മാത്രം.

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അനുവദിക്കരുത്

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അനുവദിക്കരുത്

ജാഗ്രത വേണ്ടത്‌ നമുക്കാണ്‌. മതിയായ വിദ്യാഭ്യാസയോഗ്യതയില്ലാത്ത ഒരാളുടെ പരീക്ഷണത്തിനും സ്വന്തം ശരീരം വിട്ടു കൊടുക്കില്ലെന്ന്‌ നമ്മളുറപ്പിക്കണം. സോഷ്യൽ മീഡിയയിൽ പുറംചൊറിയാനുള്ളവരുടെ എണ്ണമല്ല ഒരാളുടെ യഥാർത്ഥ വിവരം എന്നറിയണം. ജനാരോഗ്യത്തിനായി കോടികൾ ചിലവഴിക്കുന്ന നമ്മുടെ സർക്കാരിനെ വിശ്വസിക്കണം. ആരോഗ്യസംബന്ധമായ നിർണായകവേളകൾ ഉണ്ടാകുമ്പോൾ പഠനങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ എടുക്കുന്ന തീരുമാനങ്ങളാണ്‌ സാമൂഹികതലത്തിൽ നടപ്പാക്കുന്നത്‌.

അതിന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയാതെ പോകരുത്‌. പൊതുജനാരോഗ്യത്തിന്‌ തുരങ്കം വെക്കുന്നവർ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരാണ്‌. ആരോഗ്യവും ആയുസ്സും പരീക്ഷണ വസ്‌തുക്കളല്ല. അതിന്‌ മീതേ പറക്കാൻ ശ്രമിക്കുന്നവരെ അവഗണിക്കുക, നിയമത്തിന്‌ വിട്ട്‌ കൊടുക്കുക. ഉത്തരവാദിത്വമുള്ള പൗരൻമാർ എന്ന നിലയിൽ അതാണ്‌ നമുക്ക്‌ ചെയ്യാനാവുക. അതാണ്‌ ചെയ്യേണ്ടതും.

വടക്കാഞ്ചേരിയുടെ വിഡ്ഡിത്തങ്ങളും ആധുനിക വൈദ്യശാസ്ത്രവാദികളുടെ കടുംപിടുത്തങ്ങളും... ടിസി രാജേഷ്വടക്കാഞ്ചേരിയുടെ വിഡ്ഡിത്തങ്ങളും ആധുനിക വൈദ്യശാസ്ത്രവാദികളുടെ കടുംപിടുത്തങ്ങളും... ടിസി രാജേഷ്

English summary
Dr. Shimna Azeez writes about Jacob Vadakkumcheri's arrest and controvercy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X