കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുമ്പിതുളളൽ, ഊഞ്ഞാലാട്ടം, ഓലഞ്ഞാലി, മാണിക്ക ചെമ്പഴുക്ക... ഓണക്കളികളെ പരിചയപ്പെടാം...!!

  • By Sheeja
Google Oneindia Malayalam News

നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന ഓണക്കളികള്‍ അത്തംനാളുമുതലാണ് സജീവമാകുന്നത്. പ്രത്യേക തയ്യാറെടുപ്പോ വേഷധാരണമോ ഇല്ലാതെ അയല്‍പ്പക്കാര്‍ ഒത്തുചേര്‍ന്നാണ് ഈ ഓണക്കളികള്‍ നടത്തുന്നത്. അയല്‍പക്ക കൂട്ടായ്മയും പരസ്പരം ഉളള ഒത്തൊരുമയും കൈമോശം വന്നിട്ടില്ലാത്ത കേരളിയഗ്രാമങ്ങളാണ് ഓണത്തിന്റെ തനിമ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. നാട്ടിന്‍പുറങ്ങളെ ആഹ്ലാദത്തിലാഴ്ത്തുന്ന തനിമചോരാത്ത ലളിതമായ ചില ഓണക്കളികള്‍.

ഓണമെത്തുന്നു, മലയാളിയുടെ ഓണത്തിന് സൗരഭ്യം പകരാന്‍ ഗുണ്ടൽപേട്ടിലും തോവാളയിലും പൂക്കാലം വരവായിഓണമെത്തുന്നു, മലയാളിയുടെ ഓണത്തിന് സൗരഭ്യം പകരാന്‍ ഗുണ്ടൽപേട്ടിലും തോവാളയിലും പൂക്കാലം വരവായി

മാണിക്ക ചെമ്പഴുക്ക

മാണിക്ക ചെമ്പഴുക്ക

കളിക്കാര്‍ വൃത്താകൃതിയില്‍ ഇരിക്കും. വൃത്തത്തിനു നടുവില്‍ കണ്ണുകെട്ടി ഒരാളെ ഇരുത്തുന്നു. മാണിക്കചെമ്പഴുക്ക കട്ടിയുളളതും ഒരുകയ്യില്‍ ഒതുങ്ങുന്നതുമായ വസ്തുവാണ്. പിന്നിലേക്ക് കൈകള്‍ പിടിച്ച് വൃത്താകൃതിയില്‍ ഇരിക്കുന്ന കളിക്കാരില്‍ ഒരാളുടെ കയ്യില്‍ നിന്നും മറ്റൊരാളുടെ കയ്യിലേക്ക് മാണിക്യചെമ്പഴുക്ക മാറ്റിക്കൊണ്ടിരിക്കണം. ഈ മാണിക്കചെമ്പഴുക്ക കണ്ണുകെട്ടി നടുക്കിരിക്കുന്ന ആള്‍ കണ്ടുപിടിക്കണം. വട്ടത്തില്‍ ഇരിക്കുന്ന മറ്റു കളിക്കാരുടെ പിന്നിലേക്കു വെച്ചിട്ടുളള ഇരുകൈകളും തപ്പിനോക്കി വേണം മാണിക്കച്ചെമ്പഴുക്ക കണ്ടെത്തേണ്ടത്.

കണ്ണുകെട്ടിയ കളിക്കാരന്‍ അടുത്തെത്തുമ്പോഴേക്കും മാണിക്യ്‌ചെമ്പഴുക്ക മറ്റു കളിക്കാര്‍ കൈമാറിക്കൊണ്ടിരിക്കും. ഏതുകളിക്കാരന്റെ കയ്യില്‍ നിന്നും ചെമ്പഴുക്ക കണ്ടുപിടിക്കുന്നോ അയാള്‍ നടുവിലേക്കു സ്ഥാനം മാറും. പിന്നെ അയാള്‍ വേണം ചെമ്പഴുക്ക കണ്ടുപിടിക്കേണ്ടത്. ചെമ്പഴുക്ക കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും, പിടികൊടുക്കാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് കളിയുടെ ആവേശം. മാണിക്കചെമ്പഴുക്ക കളിക്കുമ്പോള്‍ പാടുന്ന പാട്ടാണ് കളിയുടെ മുഖ്യ ആകര്‍ഷണം. അറുകയ്യിലിറു കയ്യിലോ, മാണിക്യചെമ്പഴുക്ക... പൊട്ടനെ കാട്ടല്ലേ മാണിക്യചെമ്പഴുക്ക.

തുമ്പിതുളളല്‍

തുമ്പിതുളളല്‍

ഓണക്കളിയുട ഭാഗമായി തുമ്പിതുളളല്‍ പകിട്ടോടു കൂടി ആഘോഷിക്കപ്പെടുന്നുണ്ട്. പരമ്പരാഗത വേഷങ്ങളും ആഭരണങ്ങളും ധരിച്ചു നടത്തുന്ന തുമ്പിതുളളല്‍ നാട്ടിന്‍ പുറങ്ങളില്‍ സാധാരണ വേഷത്തിലാണ് കളിക്കുന്നത്. തുമ്പിതുളളല്‍ പെണ്‍കുട്ടികളും സ്ത്രീകളുമാണ് കളിക്കുന്നത്. ഒരുകൂട്ടം സ്ത്രീകള്‍ വട്ടത്തിലിരിക്കും, മധ്യേ ഒരാളും ഇരിക്കും. നടുവിലിരിക്കുന്ന പെണ്‍കുട്ടിയുടെയോ, സ്ത്രീയുടെയോ കയ്യില്‍ ഒരുപിടി തുമ്പച്ചെടി ഉണ്ടാവും. നടുവില്‍ ഇരിക്കുന്ന ആളെ പാട്ടിലൂടെ തുളളിക്കുക എന്നതാണ് കളി.

പാട്ടിന്റെ രീതിയും താളവും ക്രമത്തില്‍ ഉയരുന്ന വേഗതയും എല്ലാം ചേര്‍മ്പോള്‍ താല്‍ക്കാലികമായ ഉത്തേജനം നടുക്കിരിക്കുന്ന ആളിലുണ്ടാകും. കാവുകളെ കേന്ദ്രീകരിച്ചുനടത്തുന്ന ആചാരവുമായി സാമ്യം ഈ കളിയില്‍കാണാനാവും. ചുറ്റിനും ഇരിക്കുന്ന സ്ത്രീകളുടെ പാട്ടിനനുസരിച്ച് നടുക്കിരിക്കുന്ന സ്ത്രീയില്‍ ചലനമുണ്ടാകും. മുടിയഴിഞ്ഞ്് ക്രമേണയെന്നോണം ചലിച്ചുകൊണ്ട് വട്ടത്തില്‍ നീങ്ങി ഇരുന്നുകൊണ്ട്.ആടുന്നു. ഒടുവില്‍ നിലത്തേക്ക് വീഴുന്നു.

തുമ്പിതുളളല്‍ പാട്ട്

തുമ്പിതുളളല്‍ പാട്ട്

ഒന്നാനാം തുമ്പിയും ഒരുപറ്റം മക്കളും

കൂടെപറ പറ തുമ്പിതുളളി

തുമ്പി എറുമ്പല്ല ചെമ്പല്ല ഓടല്ല

തുമ്പിക്കു ഒരുമണി പൊന്മാല

എന്നു തുടങ്ങുന്ന തുമ്പിതുളളല്‍ പാട്ട് ക്രമേണ വേഗത്തിലാകുന്നു. അടുത്തതായി തുമ്പിതുളളാത്തതിനുളള കാരണങ്ങളാണ് പാട്ടിലൂടെ ചോദിക്കുന്നത്.

എന്താതുമ്പി തുളളാത്തെ? പൂപോരാഞ്ഞോ?

പൂക്കുടപോരാഞ്ഞോ? ആളുപോരാഞ്ഞോ? അലങ്കാരം പോരാഞ്ഞോ?

എന്താതുമ്പിതുളളാത്തെ?

നാട്ടിന്‍പുറങ്ങളിലെ തുമ്പിതുളളൽ

ഇങ്ങനെ പത്തുതുമ്പിയെത്തും വരെ പാട്ടുനീളും. ഇതിനിടയില്‍ തുമ്പിക്കളത്തിലെ പെണ്‍കുട്ടി തുമ്പിതുളളിയിട്ടുണ്ടാവും. ആള്‍ക്കൂട്ടത്തിന്റെ മാനസിക പ്രചോദമാണ് തുമ്പിതുളളലിന്റെ കാതല്‍. നഗരങ്ങളില്‍ അരങ്ങേറുന്ന തുമ്പിതുളളലിനില്ലാത്ത ഒരു പ്രത്യേകതയും നാട്ടിന്‍പുറങ്ങളിലെ തുമ്പിതുളളലിനുണ്ട്. കളളത്തുളളല്‍ തുളളുന്നവരെയും പാട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വര്‍ഷങ്ങളായി തുമ്പിതുളളല്‍ കാണുന്ന നാട്ടുകാര്‍ക്ക് മാനസികമായി തോന്നാതെതന്നെ തുളളന്നവരെ കണ്ടാല്‍ അത് കളളത്തുളളല്‍ ആണെന്ന് മനസിലാവും.

അതിനുളള പാട്ടും കളിയാക്കലും അവര്‍നടത്തുന്നു. നാട്ടിന്‍പുറങ്ങളില്‍ പരസ്പരമുളള സ്വാതന്ത്യവും അടുപ്പവും, പച്ചയായ പെരുമാറ്റവുമാവാം കാരണം. കളളത്തുളളലു തുളളിയാലേ വളളിച്ചൊറിതണം ഉണ്ടല്ലോ.... കളളത്തുളളല്‍ തുളളിയാല്‍ വളളിച്ചൊറിതണം കൊണ്ടുളള അടി കിട്ടും എന്നാണ് മുന്നറിയിപ്പ്. ശരിക്കു തുളളുന്നവര്‍ ചുറ്റിനും നടക്കുന്നതൊന്നും അറിയില്ലെന്നാണ് നാട്ടു വിശ്വാസം.

ഓലഞ്ഞാലി

ഓലഞ്ഞാലി

രസകരമായ ഓണക്കളിയാണിത്. കുട്ടികളും സ്ത്രീകളും പുരുന്മാരും ഉള്‍പ്പെടെയുളള ആളുകള്‍ ചേര്‍ന്നാണ് കളിക്കുക. കളിക്കാര്‍ വരിവരിയായി ഒരാള്‍ക്കു പിന്നില്‍ മറ്റൊരാള്‍ എന്ന നിലയില്‍ നില്‍ക്കും. കളിതുടങ്ങുമ്പോള്‍ ഓരോരുത്തരും പിറകില്‍ നില്‍ക്കുന്ന ആളിന്റെ തുണിത്തലപ്പില്‍ പിടിച്ചു നില്‍ക്കും. ഈ വരി മുറിയാന്‍ പാടില്ല. .ഈ വരിയിലെ ഒരാളെയെങ്കിലും കയ്യിലിരിക്കുന്ന ഇലക്കെട്ടു കൊണ്ട് അടിക്കുക എന്ന ലക്ഷ്യവുമായി ഇവര്‍ക്ക് അഭിമുഖമായി എതിര്‍ വശത്ത് ഒരാള്‍ നില്‍ക്കും.. ഇയാള്‍ ഇലക്കെട്ടുമായി അടിക്കാന്‍ വരുമ്പോള്‍ വരിയായി നില്‍ക്കുന്നവര്‍ അടികൊളളാതിരിക്കാന്‍ ശ്രദ്ധിക്കും.

വരിക്കു മുന്നില്‍ നില്‍ക്കുന്ന ആളിനെ അടിക്കാന്‍ പാടില്ല . അയാളെ പ്രതിരോധിച്ചു വേണം പിന്നിലുളളവരെ അടിക്കേണ്ടത്. വരിയുടെ മുന്നില്‍ നില്‍ക്കുന്ന ആളാണ് പിറകില്‍ നില്‍ക്കുന്നവരെ അടികൊളളാതെ സംരക്ഷിക്കും. അടിക്കാന്‍ വരുന്ന ആള്‍ വരുന്ന രീതിക്കനുസരിച്ച് വരിയുടെ മുന്‍നിരക്കാരന്‍ സ്ഥാനം മാറിക്കൊണ്ടിരിക്കും. ഈ തിക്കിത്തിരക്കിനിടയില്‍ ടീമംഗങ്ങള്‍ വരിതെറ്റിപ്പോയാല്‍ ഇലകൊണ്ടുളള അടികിട്ടുകയും അയാള്‍ പുറത്താകുകയും ചെയ്യും.

ഓലഞ്ഞാലിപ്പാട്ട്

ചിരിയും ബഹളവും വീഴ്ചയും തര്‍ക്കവും ഒക്കെ നിറഞ്ഞ് രസകരമാണ് ഈ കളി. ഓലഞ്ഞാലിയെ തരുമോടി? എന്ന് ചോദിക്കുമ്പോള്‍ ചുണയുണ്ടെങ്കില്‍ കൊണ്ടു പോ എന്നാണ് മറുപടി. മുന്‍നിരക്കാരനു പിന്നില്‍ വരിവരിയായി നില്‍ക്കുന്നവരെ ഉദ്ധേശിച്ചാണ് ചോദ്യം. ഓലഞ്ഞാലിപ്പാട്ടാണ് കളിയുടെ രസം.

ഓലഞ്ഞാലിയെ തരുമോടി?

ചുണയുണ്ടെങ്കില്‍ കൊണ്ടുപോടാ

കൊത്തും ഞാന്‍ കാറും ഞാന്‍ നിന്റമ്മ വരമ്പും പറയും ഞാന്‍.

കൊത്തല്ലേ കാറല്ലേ അമ്മ വരുമ്പം പറയല്ലേ.

പൂപെറുക്കാന്‍ പോരുന്നോ

പൂപെറുക്കാന്‍ പോരുന്നോ

നാട്ടിന്‍ പുറങ്ങളിലെ ഓണക്കളിയാണിത്. വരവരച്ച് ആളുകളെ രണ്ടു ചേരിയിലാക്കി വരക്ക്് ഇരുവശത്തുമായി നിര്‍ത്തും. രണ്ട്്് വിഭാഗവും തോളോടുതോള്‍ ചേര്‍ന്നു നിന്ന്, കൈകള്‍ കോര്‍ത്തു പിടിച്ച് കളത്തിലിറങ്ങും. അടുത്തതായി പാട്ടു തുടങ്ങും. ഒരു ടീം മറ്റൊരു ടീമിലെ അംഗത്തെ ശക്തിപ്രയോഗിച്ച്്് സ്വന്തം ടീമിന്റെ കളത്തിലേക്ക് പിടിച്ചെടുക്കുന്ന കളിയാണിത്. ഇങ്ങനെ ഏതുടീമിനാണോ എതിര്‍പക്ഷത്തിന്റെ മുഴുവന്‍ അംഗങ്ങളെയും കിട്ടുന്നത്് അവരാണ് ജയിക്കുക.

പൂ(പൂവ) പെറുക്കാന്‍പോരുന്നോ പോരുന്നോ മണി രാവിലെ?

ആരെ നിങ്ങള്‍ക്കാവശ്യം?ആവശ്യമണി രാവിലെ?

ചോദ്യവും ഉത്തരവും എല്ലാം പാട്ടിലൂടെയാണ്. എതിര്‍ടീമിലെ ഒരാളുടെ പേരും വിശേഷണവും(വസ്ത്രം, അലങ്കാരം) പറയും. അപ്പോള്‍ മറുപടിയായി സ്വന്തം ടീമംഗത്തെ തരില്ലെന്നും അയാളുടെ പേരുചൊല്ലി പോകരുതെന്ന് വിലക്കുയും ചെയ്യും. പോയാല്‍ നിന്റെ വീടുനോക്കാന്‍ ആളില്ലെന്ന് ഓര്‍മ്മിപ്പിക്കും. അപ്പോള്‍ മറുവശത്തുളള ടീമിലെ ബലവാനായ ഒരാള്‍ മുന്നോട്ട് വന്ന് പിടിച്ചെടുക്കേണ്ട ആളുമായി കൈപിടിക്കും.പിന്നെ ബലം പ്രയോഗിച്ച് ആഞ്ഞുവലിക്കും. . ടീമുകളെ വേര്‍തിരിക്കുന്ന വര കടത്തി സ്വന്തം ടീമിന്റെ പരിധിയിലേക്ക് എതിര്‍ ടീമിന്റെ അംഗത്തെ എത്തിക്കുന്നവര്‍ ജയിക്കും.

ഊഞ്ഞാലാട്ടം

ഊഞ്ഞാലാട്ടം

നാട്ടിന്‍പുറങ്ങളില്‍ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഊഞ്ഞാലാട്ടം പ്രധാനമാണ്. മുറ്റത്തെമാവിലാണ് മിക്കവാറും ഊഞ്ഞാലിടുക. ഊഞ്ഞാലാട്ടം വേഗതപ്രാപിക്കുമ്പോള്‍ ഊഞ്ഞാല്‍ കയര്‍ മരത്തില്‍ മുറുകി ഉണ്ടാകുന്ന കിറു... കിറ ശബ്ദം ഊഞ്ഞാലാട്ടത്തിന്റെ വേഗതയെ കാണിക്കുന്നു. ഊഞ്ഞാലില്‍ ഇരിക്കുന്ന ആളിന്റെ മുട്ടുമടക്കി പിന്നോട്ടുയര്‍ത്തി അടിയിലൂടെ ഊളിയിട്ട് വേഗതയില്‍ ആട്ടുന്ന രീതിയുണ്ട്.

പിന്നിലൂടെ ഉയര്‍ത്തി അടിയിലൂടെ ഊളിയിട്ടും ശക്തമായ വേഗത്തില്‍ ആട്ടുന്ന രീതിയുമുണ്ട്. ഊഞ്ഞാലാടിക്കൊണ്ട് മരത്തിനു മുകളിലുളള ഇലകടിച്ചെടുക്കുക തുടങ്ങിയ സാഹസിക കൃത്യങ്ങളും ഊഞ്ഞാലാട്ടത്തിലുണ്ട്. ചില്ലാട്ടമെന്നാണ് ഇതിന്റെ പേര്. സാഹസങ്ങള്‍ക്കിടയില്‍ മരക്കൊമ്പ് ഒടിഞ്ഞു വീണോ, ഊഞ്ഞാല്‍ കയര്‍പൊട്ടിയോ പരിക്കേല്ക്കാറുണ്ടെങ്കിലും കുട്ടികള്‍ ഊഞ്ഞാലാട്ടം പിന്നെയും തുടരും.

English summary
Entertainment programs aka Onakkalikal of Onam season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X