കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ പാചക പരീക്ഷണങ്ങള്‍

  • By എം ആര്‍ ഹരി
Google Oneindia Malayalam News

ഏതു വിദ്യയും ദക്ഷിണ വച്ചു വേണം പഠിക്കാന്‍ എന്നു പണ്ടുള്ളവര്‍ പറയും. പക്ഷെ ഞാന്‍ ദക്ഷിണ വയ്‌ക്കാതെ പഠിച്ച ഒരു പണിയാണു പാചകം. എന്നു മാത്രമല്ല, ഒരു മഹാപാപിയുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടാണു തുടക്കം. ഒരു പക്ഷേ അയാളുടെ ശാപമാകാം, ഞാന്‍ ചട്ടുകം കയ്യിലെടുത്താല്‍ അത്‌ എന്റെ കാലില്‍ തന്നെ വീഴുമെന്നുറപ്പാണ്‌.

പത്തു മുപ്പതു വര്‍ഷം മുന്‍പ്‌ ഞാന്‍ മൈസൂറില്‍ ഒരു ലോ കോളേജില്‍ പഠിച്ചിരുന്നു. ആദ്യത്തെ വര്‍ഷം ലോകോളേജ്‌ ഹോസ്റ്റലില്‍ തന്നെ താമസിച്ചു. മാതപ്പ എന്നൊരു വിദ്വാനാണ്‌ അന്ന്‌ അവിടത്തെ പാചകക്കാരന്‍. വിധിയുടെ വിളയാട്ടം മൂലം മാതപ്പയ്‌ക്ക്‌ ചില്ലറ മോഷണങ്ങള്‍ നടത്തേണ്ടി വന്നിരുന്നു. കുറച്ചു കൂടി വ്യക്തമായിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്‌ രണ്ടോ മൂന്നോ ഭാര്യമാരിലായി എട്ടോ പത്തോ കുട്ടികളുണ്ട്‌. അതു ലോകോളേജ്‌ പ്രിന്‍സിപ്പലിനോ, പ്രൊഫസര്‍മാര്‍ക്കോ പോലും ചിന്തിക്കാന്‍ പറ്റാത്ത ലക്ഷ്വറി ആണ്‌. പിന്നല്ലേ തുച്ഛവേതനക്കാരനായ ഹോസ്റ്റല്‍ കുക്കിന്‌.

ശുദ്ധമാന്യനാണ്‌ മാതപ്പ. തികഞ്ഞ പുകവലിക്കാരനാണെങ്കിലും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നിന്ന്‌ ഒരു മുറി ബീഡി പോലും വലിക്കില്ല. പതുക്കെ ഹോസ്റ്റലിനു പുറത്തു പോയി വഴിയില്‍നിന്നു സിഗററ്റു വലിച്ചു മടങ്ങി വരും. മാതപ്പ അധിക വിഭവസമാഹരണത്തിന്‌ ആശ്രയിച്ച മാര്‍ഗ്ഗം മെസ്സിലേക്കുള്ള സാധനം വാങ്ങല്‍ ആയിരുന്നു. ഈ വിവരം എല്ലാവര്‍ക്കുമറിയാമെങ്കിലും, ആര്‍ക്കും ഒരു തെളിവും അവശേഷിപ്പിക്കാതെ അദ്ദേഹം കാര്യം നടത്തിയിരുന്നു. ഞങ്ങള്‍ക്കു സഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

<iframe width="600" height="450" src="//www.youtube.com/embed/nmQpfSo2_bI" frameborder="0" allowfullscreen></iframe>

ഈയിടെ ഞാന്‍ മാതപ്പയെക്കുറിച്ചോര്‍ക്കാന്‍ ഒരു കാരണമുണ്ട്‌. മംഗള്‍യാന്‍ ചൊവ്വയിലെത്തിയപ്പോള്‍, നമ്മുടെ ശാസ്‌ത്രലോകത്തിന്റെ വക്താക്കള്‍ പറഞ്ഞു "ആട്ടോറിക്ഷക്കാശിനാണ്‌ നമ്മള്‍ ചൊവ്വയിലെത്തിയ"തെന്ന്‌. കേട്ട വിദേശികളും അതിനോടു യോജിച്ചു. അവര്‍ പറഞ്ഞു "ഞങ്ങളുടെ നാട്ടില്‍ ചൊവ്വയില്‍ പോകുന്നതിനുള്ള കാശു വേണം നിങ്ങളുടെ നാട്ടില്‍ ആട്ടോറിക്ഷയില്‍ കയറാന്‍ എന്നു പലരും പറഞ്ഞിട്ടുണ്ട്‌".

ഇതു പോലൊരു സംഭാഷണം പണ്ടു ഞങ്ങളുടെ ഹോസ്റ്റിലിലും നടന്നിട്ടുണ്ട്‌. ഭക്ഷണത്തിന്റെ നിലവാരം ദയനീയമായിരുന്നതിനാല്‍ ആ വിഷയം അധികം വേദനിപ്പിക്കാതെ മാതപ്പയെ അറിയിക്കണം എന്നൊരഭിപ്രായം വന്നു. എനിക്കാണാ ജോലി കിട്ടിയത്‌. ഞാന്‍ മാതപ്പയെ ഒറ്റയ്‌ക്കു ചെന്നു കണ്ടു. എല്ലാ ഭാര്യമാരിലെയും ഒന്നും രണ്ടും കുട്ടികളുടെ സുഖവിവരമന്വേഷിച്ചു. മാതപ്പ സന്തുഷ്ടനായി. കൂട്ടത്തില്‍ ഞാന്‍ വളരെ സ്‌നേഹത്തോടെ പറഞ്ഞു "മാതപ്പ സ്വാമീ, ഭക്ഷണത്തിന്റെ കാര്യത്തില്‍ എവിടെയോ, എന്തോ ഒരു കുഴപ്പമുണ്ട്‌ നമ്മുക്കൊന്നാലോചിക്കണം". ഒരു കുലുക്കവുമില്ലാതെ മാതപ്പ പറഞ്ഞൂ "ശരിയാ സാര്‍, നമ്മള്‍ ഈ ഭക്ഷണം ഈ വിലയ്‌ക്കു കൊടുക്കുന്നതു ശരിയല്ല. മെസ്‌ ബില്ല്‌ ഇരട്ടി എങ്കിലുമാക്കണം.".

ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ മെസ്സിന്റെ ചുമതല പാലായ്‌ക്കടുത്തുള്ള കടപ്ലാമറ്റംകാരന്‍ ജോസഫ്‌ ചേട്ടന്റെയും എന്റെയും ചുമലില്‍ വന്നു വീണു. മാതപ്പയുടെ കളി അവസാനിപ്പിക്കുമെന്ന രഹസ്യ പ്രഖ്യാപനത്തോടെ ഞങ്ങള്‍ ഭരണമേറ്റു. പക്ഷേ മാതപ്പ ഒരു മൊട്ടുസൂചി പോലും ഹോസ്റ്റലിനു പുറത്തു കൊണ്ടു പോവുന്നില്ല. സാധനങ്ങളെല്ലാം പണം കൊടുത്തു ഞങ്ങളെക്കൊണ്ടു തന്നെ വാങ്ങിപ്പിക്കുകയാണ്‌. മെസ്സിന്റെ ചെലവാകട്ടെ റോക്കറ്റു പോലെ മേലോട്ടു പോകുന്നുമുണ്ട്‌. അങ്ങിനെ ആ വേദനിപ്പിക്കുന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങളുടെ വല്യപ്പൂപ്പന്മാര്‍ വിചാരിച്ചാല്‍ പോലും ഈ പെരുംകള്ളനെ പിടിക്കാന്‍ പറ്റില്ല. അതോടെ അഹങ്കാരം അടങ്ങി.

cooking

പക്ഷെ അഹങ്കാരം അടങ്ങിയതു കൊണ്ടാണോ എന്നറിയില്ല, അധികം താമസിയാതെ ഭാഗ്യം തെളിഞ്ഞു. മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഒന്നും ചേര്‍ന്നു പഠിക്കാന്‍ സമയം കിട്ടിയിരുന്നില്ലെങ്കിലും മാതപ്പ വളരെ കൃത്യമായ ഒരു sop അഥവാ standard operating procedure തയ്യാറാക്കിയിരുന്നു. പഞ്ചസാര, ഉഴുന്ന്‌, പയര്‍ തുടങ്ങിയ സാധനങ്ങള്‍ അദ്ദേഹം മെസ്സ്‌ സെക്രട്ടറിയുമായി പോയി ഹോസ്റ്റലിനടുത്തുള്ള കടയില്‍ നിന്നു വാങ്ങും. എന്നു പറഞ്ഞാല്‍ മാതപ്പ ഓര്‍ഡര്‍ ചെയ്യും, മെസ്‌ സെക്രട്ടറി പണം കൊടുക്കും. അതു കഴിയുമ്പോള്‍ അദ്ദേഹം രണ്ടു വിരല്‍ ചുണ്ടില്‍ വച്ച്‌ ദയനീയമായി ഒരാംഗ്യം കാണിക്കും. ‘ഒരു ബീഡി വലിച്ചോട്ടെ' എന്നാണ്‌. മാതപ്പ ഞങ്ങളോടു കാണിക്കുന്ന ബഹുമാനത്തില്‍ സംപ്രീതരായ ഞങ്ങള്‍ പതിയെ ഇറങ്ങി നടക്കുമ്പോള്‍ പുറകില്‍ നിന്നൊരപേക്ഷ വരും. "സാര്‍ ആ പിള്ളേരെ ഒന്നു വിട്ടേക്കണേ". ഞങ്ങള്‍ ഹോസ്‌റ്റലിലെത്തി മാതപ്പയുടെ അസിസ്റ്റന്റുമാരായ പിള്ളേരെ പറഞ്ഞു വിടും. അവര്‍ വാങ്ങിയ സാധനങ്ങള്‍ എടുത്തു കൊണ്ടു വരും.

അങ്ങിനെയിരിക്കെ അസിസ്റ്റന്റുമാര്‍ ഇല്ലാത്ത ഒരു ദിവസം വന്നു. പുകവലി കഴിഞ്ഞു സാധനങ്ങളുമായി മാതപ്പ തന്നെ പുറത്തേക്കിറങ്ങുന്നു. കടയില്‍ മറന്നു വെച്ച ഒരു പുസ്‌തകം എടുക്കാന്‍ ജോസഫ്‌ ചേട്ടനും മടങ്ങിച്ചെല്ലുന്നു. മാതപ്പയുടെ കയ്യിലെ പൊതികള്‍ കണ്ടപ്പേള്‍ മൂപ്പര്‍ക്ക്‌ എന്തോ ഒരു സംശയം. എല്ലാം നിര്‍ബന്ധമായി വീണ്ടും തൂക്കി നോക്കിയപ്പോള്‍ 5 കിലോ പഞ്ചസാരയ്‌ക്കു പകരം മൂന്നു കിലോ പഞ്ചസാര, ഒരു കിലോ തേയിലക്കു പകരം അരക്കിലോ.... അങ്ങിനെ പോകുന്നു കാര്യങ്ങള്‍. പാലാക്കാരനോടാണു കളി. കൂടുതല്‍ വര്‍ണ്ണിക്കേണ്ടല്ലോ. മാതപ്പയെ പിരിച്ചു വിടാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാണ്‌. പക്ഷെ പകരം സംവിധാനം എന്ത്‌?

ഇതിനിടയില്‍ മാതപ്പയുടെ അസിസ്റ്റന്റുമാര്‍ എനിക്കൊരുറപ്പു നല്‍കിയിരുന്നു. ഇയാള്‍ പോയിക്കിട്ടിയാല്‍ അവര്‍ കാര്യങ്ങള്‍ നോക്കി കൊള്ളാമെന്ന്‌. അങ്ങിനെ മാതപ്പ പോയി. എന്റെ ജാമ്യത്തില്‍ പയ്യന്‍മാര്‍ പാചകം ഏറ്റെടുത്തു. മാതപ്പ നല്ല ഒരു പരിശീലകനായിരുന്നു എന്ന്‌ അപ്പോഴാണ്‌ മനസ്സിലായത്‌. സ്വന്തം പാചകശൈലി അതേപടി അസിസ്റ്റന്റുമാരെയും പഠിപ്പിച്ചിരുന്നു. ഏതച്ഛന്‍ വന്നാലും അമ്മയുടെ കാര്യം കഷ്ടം തന്നെ എന്നൊരു ചൊല്ലു മലയാളത്തിലുണ്ടല്ലോ. അതത്ര മാന്യമായ പ്രയോഗമല്ല എന്നഭിപ്രായമുള്ളവര്‍ക്കു സ്വയം തിരുത്താം. ഏതു സര്‍ക്കാര്‍ വന്നാലും സാമ്പത്തിക ഉപദേഷ്ടാവ്‌ മുന്‍ലോക ബാങ്കുദ്യോഗസ്ഥന്‍ തന്നെയായിരിക്കും എന്നു വായിച്ചാലും ഇതേ അര്‍ത്ഥം കിട്ടും. ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യം കഷ്ടം തന്നെ. എന്റെ കാര്യം അതിലും കഷ്ടം. അന്നവിടെ ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികളുണ്ട്‌. അധികം താമസിയാതെ തന്നെ ഞാന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള മലയാളമൊഴിച്ചുള്ള മിക്കവാറും എല്ലാ ഭാഷകളിലെയും എല്ലാ തെറികളും ആദ്യമായി ഞാന്‍ കേള്‍ക്കുന്നതപ്പോളാണ്‌.

<iframe width="600" height="450" src="//www.youtube.com/embed/wrXiWGQrKBQ" frameborder="0" allowfullscreen></iframe>

ഒടുവില്‍ ഞാന്‍ നാട്ടിലേക്കു വണ്ടികയറി. ഒരാഴ്‌ച വീട്ടില്‍ നിന്ന്‌ സാമ്പാര്‍, രസം, തോരന്‍, മെഴുക്കു പുരട്ടി ഇത്രയും ഉണ്ടാക്കാന്‍ പഠിച്ചു തിരിച്ചു ചെന്നു. അസിസ്റ്റന്റുമാര്‍ക്ക്‌ ഇന്‍സര്‍വ്വീസ്‌ പരിശീലനം നല്‌കുന്നതിന്റെ ചുമതല ഏറ്റെടുത്തു. ഇതോടെ ഹോസ്റ്റലിലെ ഭക്ഷണം അതീവ രുചികരമായി എന്നാരും തെറ്റിദ്ധരിക്കരുത്‌. നേരത്തെ സാമ്പാര്‍ ഒരു ചെറുചൂടുള്ള മല്ലി-മുളകു ലായനി ആയിരുന്നു. എന്റെ പരിശീലനത്തോടെ അതു ചെറു ചൂടുള്ള മല്ലി-മുളകു-കായം-പുളി-ലായനി ആയി. എന്തായാലും മാതപ്പ വധം കഥകളി പൂര്‍ത്തിയാക്കി എന്നു പറയാം. ഈ മാതപ്പയുടെ പ്‌രാക്കാണ്‌ എപ്പോഴും എന്റെ പാചകത്തില്‍ വന്നു വീണുകൊണ്ടിരിക്കുന്നത്‌ എന്നൊരു സംശയം.

എനിക്ക്‌ എപ്പോഴും പറ്റുന്ന ചില കുഴപ്പങ്ങളുണ്ട്‌. പാചകക്കുറിപ്പു കൃത്യമായി മനസ്സിലാക്കാതെയാണ്‌ പലപ്പോഴും തുടങ്ങുക. ഇനി കൃത്യമായ പാചകക്കുറിപ്പാണെങ്കിലും പാതി വഴിയെത്തുമ്പോള്‍ ഒരു പരീക്ഷണം നടത്താന്‍ എനിക്കു തോന്നിപ്പോകും. കല്ലായാലും കമ്പായാലും പല്ലു പോയാല്‍ മതിയല്ലോ. ഒറ്റ ഉദാഹരണം കൊണ്ടു കഥ അവസാനിപ്പിക്കാം.

രണ്ടു കൊല്ലം മുന്‍പു ഞാനൊന്നു വയനാട്ടില്‍ പോയി. അവിടെ ചെല്ലുമ്പോള്‍ എനിക്കു ചുമയും തൊണ്ട വേദനയുമൊക്കെയുണ്ട്‌. വിവരമറിഞ്ഞ ഒരു സുഹൃത്ത്‌ ഒരു കട്ടന്‍കാപ്പി ഒരു ആദിവാസി സ്‌നേഹിതനെ കൊണ്ടു ശരിയാക്കിച്ചു തന്നു. മൂന്നുനാലു ഗ്ലാസ്സു കുടിക്കാന്‍ പറഞ്ഞു. എന്തൊക്കയോ മരുന്നുകള്‍ ചേര്‍ത്തതാണ,്‌ നല്ല രുചി. രണ്ടാം ദിവസം എഴുന്നേറ്റപ്പോള്‍ അസുഖങ്ങളൊന്നുമില്ല. ഞാന്‍ ചേരുവകള്‍ ചോദിച്ചു മനസ്സിലാക്കി. അയമോദകം, ഗ്രാമ്പൂ, ചുക്ക്‌, കുരുമുളക്‌, മല്ലി, പെരുജീരകം തുടങ്ങി ഏഴോ എട്ടോ സാധനങ്ങളുണ്ട്‌.

തിരിച്ചു നാട്ടിലെത്തിയ ഉടന്‍ എന്റെ ഒരു സഹായിയെ വിളിച്ചു. ഇതെല്ലാം ഒന്നു വാങ്ങിത്തന്നു സഹായിക്കണമെന്നു പറഞ്ഞു. അദ്ദേഹം അളവു ചോദിച്ചപ്പോഴാണ്‌ ഞാന്‍ ഇതിന്റെ ഒന്നും അളവു ചോദിച്ചില്ലായിരുന്നു എന്നോര്‍ത്തത്‌. അവിടെ ഞാന്‍ എന്റെ കോമണ്‍സെന്‍സ്‌ ഉപയോഗിച്ചു. എല്ലാം തുല്യ അളവില്‍ തന്നെ വാങ്ങാന്‍ പറഞ്ഞു. പക്ഷെ എട്ടു സാധാനങ്ങളും 250 ഗ്രാം വീതം എടുക്കുമ്പോള്‍ രണ്ടു കിലോ ആകുമെന്ന കാര്യം മറന്നു പോയി. എന്തായാലും സാധനങ്ങളെല്ലാം കിട്ടി. എല്ലാം പൊടിച്ചു നന്നായി മിക്‌സ്‌ ചെയ്‌തെടുത്തു. കാപ്പിപ്പൊടി മാത്രം ചേര്‍ത്തില്ല. കട്ടന്‍ കാപ്പി ഇട്ട ശേഷം ഇതില്‍ നിന്ന്‌ ഒരു സ്‌പൂണ്‍ പൊടി കൂടി ചേര്‍ത്താല്‍ മതിയല്ലോ.

ആദ്യകപ്പ്‌ കാപ്പി തയ്യാറായി. രുചി നോക്കി. മരപ്പൊടി കാപ്പിയിലിട്ടു തിളപ്പിച്ചതു പോലെയുണ്ട്‌. കുഴപ്പമെന്താണെന്ന്‌്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഭാര്യയോടു ഈ വിവരം പറയാന്‍ പറ്റില്ല. ഒരു സ്‌നേഹിതയെ വിളിച്ചു നോക്കി. അവര്‍ പറഞ്ഞു, "ജിരകവും മല്ലിയും ഭാരം കുറവല്ലേ, വോള്യം കൂടുതലായിരിക്കും, അതാവാം". ശരിയായിരിക്കാം. അതാവും.

<iframe width="600" height="450" src="//www.youtube.com/embed/GSTYkUtPdlo" frameborder="0" allowfullscreen></iframe>

പാതകത്തില്‍ നോക്കി. ഞാന്‍ ഉണ്ടാക്കിയ വിനാശ ചൂര്‍ണ്ണം രണ്ടു കുപ്പി നിറയെ അവിടെ ഇരുന്നു ചിരിക്കുന്നു. ഹെലികോപ്‌്‌റ്റര്‍ ഉണ്ടായിരുന്നെങ്കില്‍ വല്ല ശത്രുരാജ്യത്തും കൊണ്ടുപോയി വിതറാമായിരുന്നു. ഇനിയിപ്പോളെന്തു ചെയ്യാന്‍?

മജീഷ്യന്‍ മുതുകാട്‌ സെക്രട്ടറിയേറ്റും റെയില്‍വേസ്റ്റേഷനുമൊക്കെ വിഴുങ്ങുന്നതു പോലെ ഒറ്റയടിക്കും കുപ്പി വിഴുങ്ങി പ്രശ്‌നം തീര്‍ക്കാന്‍ എനിക്കു പറ്റില്ല. വിപുലമായ കാപ്പിപ്പൊടി നിര്‍മ്മാണ പ്രക്രിയ ഭാര്യയും കണ്ടതാണ്‌. പെട്ടെന്നു കുപ്പി അപ്രത്യക്ഷമായാല്‍ ഇത്തരമൊരു ഘട്ടത്തില്‍ ഒരു ശരാശരി മലയാളി ഭര്‍ത്താവിനു മേല്‍ സ്വീകരിക്കപ്പെടുന്ന എല്ലാ നടപടിക്രമങ്ങളും ഞാനും നേരിടേണ്ടി വരും.

ഒടുവില്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു രാവിലെ ഒരു മുട്ട നന്നായി അടിച്ചു പതപ്പിക്കുക. അതില്‍ അല്‌പം ഉപ്പും പിന്നെ ഞാന്‍ ഉണ്ടാക്കിയ സിദ്ധൗഷധം രണ്ടു സ്‌പൂണും ചേര്‍ക്കുക. അതു കൊണ്ട്‌ ഒരു ഓം ലെറ്റ്‌ ഉണ്ടാക്കി കഴിക്കുക.

പക്ഷെ രണ്ടുവര്‍ഷമായിട്ടും കുപ്പികള്‍ കാലിയാവുന്നില്ല എന്നതാണു കഷ്ടം. ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും വേണമെന്നു തോന്നുന്നെങ്കില്‍ മേല്‍വിലാസം അറിയിക്കുക. ബാക്കി ഇരിക്കുന്നതു സൗജന്യമായി അയച്ചുതരാം.

English summary
cooking is the art of preparing food. cooking techniques and ingredients vary widely across the world. Here is an article in which the author shares some of his experiences and experiments in cooking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X