കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫറൂഖ് കോളേജില്‍ നടക്കുന്നത് സാംസ്‌കാരിക ഫാസിസം തന്നെ... ഞാനും അവിടെ പഠിച്ചതാണ് സാര്‍

Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

ഫറൂഖ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. ഇപ്പോള്‍ വണ്‍ഇന്ത്യ മലയാളത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍

ഞാന്‍ ഫറൂഖ് കോളേജിലാണ് പഠിച്ചത്. 2005 മുതല്‍ 2007 അവസാനം വരെ. അവിടെ നിന്നാണ്, എന്റെ സുഹൃത്തും കാമുകിയും ജീവിത പങ്കാളിയുമായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഞങ്ങളിപ്പോഴും സുഖമായിത്തന്നെ ജീവിയ്ക്കുന്നുണ്ട്.

പത്ത് വര്‍ഷം മുമ്പുള്ള സംഗതിയാണ്. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടാനെത്തിയ ഫറൂഖ് കോളേജില്‍ കാര്യങ്ങള്‍ അന്നും ഏതാണ്ട് ഇങ്ങനെ തന്നെ. മുബാറക് പാഷ എന്ന ഏകാധിപതിയായ പ്രിന്‍സിപ്പാളില്‍ നിന്ന് കുട്ട്യാലിക്കുട്ടി എന്ന പ്രിന്‍സിപ്പാളിലേയ്ക്ക് കോളേജ് മാറിയിട്ടേ ഉള്ളൂ. അഞ്ച്(പിന്നീടത് നാല് ആയി) ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും മാത്രമുള്ള ക്ലാസ്സ് മുറിയില്‍ ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ കാണാന്‍ ഞങ്ങളാരും തയ്യാറായിരുന്നില്ല. ഞങ്ങളുടെ അധ്യാപകരും.

Farook College

എന്നാല്‍ കോളേജില്‍ ചേര്‍ന്ന ആദ്യ ദിനങ്ങളില്‍ തന്നെ ക്യാന്റീനിലെ ആണ്‍-പെണ്‍ ഇരിപ്പിടങ്ങള്‍ അലോസരമുണ്ടാക്കിയിരുന്നു. ലൈബ്രറിയില്‍ ചെന്നപ്പോഴാണ് അതിലും രസകരമായ കാര്യം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്തിരുന്ന് പുസ്തകം വായിക്കാന്‍ പോലും പാടില്ലെന്നാണ് നിയമം. ഇത് നടപ്പിലാക്കാന്‍ ലൈബ്രറിയില്‍ ജീവനക്കാരും ഉണ്ട്. എന്തായാലും ഞങ്ങളാരും തന്നെ ഈ കരിനിയമങ്ങളെ തരിമ്പും വിലവച്ചിട്ടില്ല. എല്ലാ സാഹചര്യങ്ങളിലും അതിനെ പ്രതിരോധിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജേര്‍ണലിസം വിദ്യാര്‍ത്ഥികളെന്ന അഹങ്കാരത്തോടെ തന്നെയായിരുന്നു ഈ പ്രതിരോധങ്ങളെല്ലാം. 'ആരെടാ' എന്ന് ചോദിയ്ക്കുമ്പോള്‍ 'എന്താടാ' എന്ന് ചോദിയ്ക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നു.

Farook College

ഇത് ഞങ്ങളുടെ മാത്രം കാര്യമായിരുന്നു. പേടിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളേയും അവര്‍ ഭീതിപ്പെടുത്തിക്കൊണ്ടേയിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തനത്തില്‍ സജീവമായിരിയ്ക്കുന്ന സമയത്താണ്, ഞങ്ങള്‍ക്ക് തൊട്ടുശേഷം കാമ്പസ്സിലെത്തിയ സന്ധ്യയുമായി പ്രണയത്തിലാകുന്നത്. ഒരു പക്ഷേ അധ്യാപകര്‍ക്കും സഹവിദ്യാര്‍ത്ഥികള്‍ക്കും എല്ലാം ഒരുപോലെ അറിയാവുന്ന പ്രണയം. ഞങ്ങള്‍ ലൈബ്രറിയ്ക്ക് മുന്നിലും ക്ലാസ്സ് മുറിയിലും വരാന്തകളിലും പ്രണയിച്ച് നടന്നിട്ടുണ്ട്. സ്ഥിരം സദാചാര പോലീസുകാരായ സെക്യൂരിറ്റി ജീവനക്കാരും മറ്റ് അനധ്യാപക ജീവനക്കാരും ഞങ്ങളെ പലതവണ പല സ്ഥലങ്ങളില്‍ വച്ച് കണ്ടിട്ടുണ്ട്. പക്ഷേ മുനവച്ചൊരു ചോദ്യമോ, സദാചാര പോലീസ് ചമയലോ ഒന്നും ഉണ്ടായിട്ടില്ല. ഒരുപക്ഷേ എസ്എഫ്‌ഐ എന്ന സംഘടനയുടെ പിന്‍ബലത്തെയെങ്കിലും അവര്‍ ഭയന്നിട്ടുണ്ടാകും.

Farook College

വീണ്ടും പറയട്ടെ... ഇത് ഞങ്ങളുടെ മാത്രം കാര്യമായിരുന്നു. ഒപ്പമുണ്ടായ പല കാമുകീ-കാമുകന്‍മാരും പലതവണ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരായിട്ടുണ്ട്. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി കഴിഞ്ഞ് സംസാരിച്ച് നില്‍ക്കുകയായിരുന്ന സഖാക്കള്‍ക്ക് പോലും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

ക്ലാസ്സില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിയ്ക്കണം എന്ന് എന്താണ് നിര്‍ബന്ധം എന്നായിരിയ്ക്കും പലരും ചോദിയ്ക്കുന്നത്. എന്നാല്‍ തിരിച്ച് ചോദിയ്ക്കട്ടെ, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ നിങ്ങള്‍ക്കെന്താണ് ഹേ പ്രശ്‌നം?

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നോ നിന്നോ നടന്നോ സംസാരിയ്ക്കുന്നത് കണ്ടാല്‍ ഉടന്‍ വരുന്ന ഒരു ഭീഷണിയുണ്ട്- പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിയ്ക്കുമെന്ന്. ഇതോടെ ഒട്ടുമിക്ക പെണ്‍കുട്ടികളും കരച്ചിലും മാപ്പ് പറയലും തുടങ്ങും. ഒരു പക്ഷേ അതൊക്കെ തന്നെയാണ് ഇപ്പോഴത്തെ സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ വഷളാക്കിയതും.

കോളേജ് എന്ന നിലയില്‍ ഫറൂഖ് കോളേജിന് ബഹുസ്വരത അവകാശപ്പെടാം. മുസ്ലീം, ഹിന്ദു, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെല്ലാം അവിടെ പഠിയ്ക്കുന്നുണ്ട്. പക്ഷേ ആ കോളേജിന്റെ സ്വഭാവത്തില്‍ എപ്പോഴും ഒരുതരത്തിലുള്ള സാംസ്‌കാരിക ഫാസിസം ഉണ്ടായിരുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ചേര്‍ന്നുള്ള ഒരു നാടകം പോലും ഇതുവരെ ഫറൂഖ് കോളേജിന്റെ പേരില്‍ സര്‍വ്വകലാശാല കലോത്സവങ്ങളില്‍ അവതരിപ്പിച്ചിട്ടില്ല. ഫറൂഖ് കോളേജിലെ വനിത ഹോസ്റ്റലുകളിലെ ഉരുക്ക് നിയമങ്ങളും കുട്ടികളുടെ ഗതികേടുകളും വേറെയാണ്.

ശ്ലീലാശ്ലീലങ്ങള്‍ പറയുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍

ഫറൂഖ് കോളേജിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന ഏതെന്ന് ചോദിച്ചാല്‍ ഇപ്പോഴും സംശയമാണ്. എംഎസ്എഫ് ആണോ എസ്എഫ്‌ഐ ആണോ? തിരഞ്ഞെടുപ്പില്‍ കെഎസ് യുവും എംഎസ്എഫും ഒരുമിച്ച് മത്സരിച്ച കാലത്തൊക്കെ യൂണിയന്‍ ഭരണം അവര്‍ക്ക് തന്നെയാണ് ലഭിച്ചിട്ടുള്ളത്.

ജമാ അത്തെ ഇസ്ലാമിയുടെ എസ്‌ഐഒയും എസ്ഡിപിഐയുടെ കാമ്പസ് ഫ്രണ്ടും ഉണ്ട് ഫറൂഖ് കോളേജില്‍. ഒരു പക്ഷേ എംഎസ്എഫിനേക്കാള്‍ സാംസ്‌കാരിക യാഥാസ്ഥിതികത്വം എസ്‌ഐഒക്കാര്‍ക്കാണെന്ന് പറയേണ്ടി വരും.

ഒരു കോളേജ് ഡേ ദിനം. വേദിയില്‍ രണ്ട് പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നു. പെട്ടെന്നതാ ഒരു സംഘം എസ്‌ഐഒ പ്രവര്‍ത്തകര്‍ സ്റ്റേജിലേയ്ക്ക് ഓടിക്കയറുന്നു. കര്‍ട്ടന്‍ താഴ്ത്തുന്നു- എന്തായിരുന്നു പ്രശ്‌നമെന്ന് ആദ്യം മനസ്സിലായില്ല. പിന്നീടാണറിയുന്നത്, നൃത്തം പുരുഷകേസരികളായ ആ എസ്‌ഐഒക്കാര്‍ക്ക് അശ്ലീലമായാണത്രെ തോന്നിയത്.

എസ്‌ഐഒയുടെ ഈ സ്വഭാവം പലതവണ അനുഭവിച്ചിട്ടുണ്ട്. അവര്‍ നടത്തുന്ന ഒരു ഹോസ്റ്റല്‍ ഉണ്ട് ഫറൂഖ് കോളേജിന് പുറത്ത്. പല സംവാദങ്ങളും പരിപാടികളും ഒക്കെ അവര്‍ സംഘടിപ്പിയ്ക്കാറുണ്ട്. എസ്എഫ്‌ഐയെ പ്രതിനിധീകരിച്ച് പല തവണ അത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടിയും വന്നിട്ടുണ്ട്.

സദസ്സില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സീറ്റ് വിഭജനം നടത്തിയിട്ടുണ്ടാകും ആദ്യം തന്നെ. പക്ഷേ അപ്പോഴും ഞങ്ങളാരും അതിനെ അംഗീകരിച്ചിരുന്നില്ല. മനപ്പൂര്‍വ്വം ഇടകലര്‍ന്നിരിയ്ക്കും. അത് കണ്ട് മുഖം ചുളിയ്ക്കുന്ന ചില എസ്‌ഐഒ നേതാക്കളുടെ മുഖം ഞങ്ങളില്‍ ചെറുതല്ലാത്ത ചിരി ഉണര്‍ത്തിയിട്ടുണ്ട്.

കുട്ട്യാലിക്കുട്ടി സാറിന് ശേഷം ഇമ്പിച്ചിക്കോയ സാര്‍ പ്രിന്‍സിപ്പാളായെത്തിയപ്പോള്‍ ചില പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അസ്ഥാനത്താണെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു.

സാര്‍, ഇത് ഫാസിസം തന്നെയാണ് സാര്‍. സാംസ്‌കാരിക ഫാസിസം. കേരള വര്‍മ കോളേജില്‍ അത് ഹിന്ദുവിന്റെ പേരിലാണ് വന്നതെങ്കില്‍, ഫറൂഖ് കോളേജില്‍ അത് മുസ്ലീമിന്റെ പേരില്‍ തന്നെയാണ് സാര്‍ വരുന്നത്.

English summary
Faraook college always has a character of cultural fascism- Binu Phalgunan writes in Vedivazhipadu Column
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X