കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതാഖത്തില്‍ യുഡിഎഫിന്റെ രാഷ്ട്രീയ മുതലെടുപ്പ്

  • By Soorya Chandran
Google Oneindia Malayalam News

ലോകത്ത് എന്ത് സംഭവം ഉണ്ടായാലും അതിനെ എങ്ങനെ രാഷ്ട്രീയമായി മുതലെടുക്കാം എന്ന് ആലോചിച്ച് നടക്കുന്നവരാണ് നമ്മുടെ കേരളത്തിലെ രാഷ്ട്രീയക്കാരും പാര്‍ട്ടികളും ഒക്കെ. യാസര്‍ അറഫാത്തിനെ മുതല്‍ സദ്ദാം ഹുസൈനെ വരേയും സിറിയയെ മുതല്‍ ഈജിപിതിനെ വരേയും നമ്മുടെ രാഷ്ട്രീയക്കാര്‍ ഒരു പരിധിവരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ എത്തി നില്‍ക്കുന്നത് നിതാഖതില്‍ ആണ്. സ്വദേശി വത്കരണത്തിന്റെ ഭാഗമായി സൗദിയില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും നാട്ടിലെത്തിയാല്‍ സ്വയം തൊഴില്‍ പദ്ധതികളും ഒക്കെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍. സത്യത്തില്‍ ഈ വാഗ്ദാനങ്ങളെല്ലാം തന്നെ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലേ എന്ന് സംശയിക്കേണ്ടി വരും.

Nitaqat

ആര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത് എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മലബാറില്‍ മലപ്പുറം അടക്കുള്ള ജില്ലകളില്‍ നിന്നുള്ളവരാണ് സൗദിയില്‍ അധികം. ഭൂരിപക്ഷവും സാധാരണക്കാരായ മുസ്ലീം സമുദായക്കാരും. മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള സര്‍ക്കാരില്‍ നിന്ന് രാഷ്ട്രീയ പ്രേരിതമല്ലാത്ത ഒരു നീക്കവും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാനാവില്ല.

സൗദിയിലെ സ്വദേശിവത്കരണത്തെ എതിര്‍ക്കാന്‍ നമുക്ക് യാതൊരു ന്യായവും ഇല്ല. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കണം എന്ന് പറയുന്നത് പോലെത്തന്നെയാണ് സൗദി അറേബ്യയിലെ കാര്യവും. നമ്മുടെ നാട്ടില്‍ നിന്ന് ജീവിക്കാനായ വിമാനം കയറുന്നവരില്‍ ഭൂരിഭാഗവും അവിടത്തെ തൊഴില്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ല എന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഈ അനുസരണക്കേടിനെ ന്യായീകരിക്കാന്‍ പല പ്രായോഗിക പ്രശ്‌നങ്ങളും ഉന്നയിക്കാവുന്നതാണ്. പക്ഷേ അത് നമുക്ക് വെറുതേ പറയാം എന്നല്ലാതെ നിയമത്തിന്റെ വഴിയില്‍ യാതൊരു സാധുതയും ഇല്ലാത്തതാണ്.

സൗദിയിലെ സ്വദേശിവത്കരണത്തിന്റെ നടപടികള്‍ ഒറ്റ ദിനം കൊണ്ട് തുടങ്ങിയതല്ല. വര്‍ഷങ്ങളായി ഇത് നടപ്പില്‍ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഭരണ കൂടം തുടങ്ങിയിട്ട്. എന്നിട്ട് പോലും ആവശ്യത്തിന് സമയവും ഇളവുകളും വിദേശികളായ തൊഴിലാളികള്‍ക്ക് അവര്‍ അനുവദിച്ച് നല്‍കി. അത് പോലും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താത്തവരാണ് ഇപ്പോള്‍ അവിടെ കുടുങ്ങിക്കിടക്കുന്നത്.

ഫ്രീ വിസയില്‍ സൗദിയില്‍ എത്തിയ പലരും ഇക്കാമ പോലും പുതുക്കാത്തവരാണ്. ചുരുക്കിപ്പറഞ്ഞാല്‍ നിയമവിരുദ്ധമായി ആ രാജ്യത്ത് താമസിക്കുന്നവര്‍. ഫ്രീ വിസ തന്നെ നിയമവിരുദ്ധമാണ് എന്ന് പറയുന്ന ഒരു രാജ്യത്താണ് നമ്മള്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് ആലോചിക്കണം.

സത്യത്തില്‍ ലക്ഷ്യബോധമുള്ള ഒരു സര്‍ക്കാരാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകാന്‍ അനുവദിക്കരുതായിരുന്നു. പ്രവാസികളെ ബോധവത്കരിക്കുകയും അവര്‍ക്ക് തിരിച്ച് നാട്ടില്‍ എത്താന്‍ ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുകയും ആയിരുന്നു തുടക്കം മുതലേ ചെയ്യേണ്ടിയിരുന്നത്. അര്‍ഹത പരിഗണിച്ച് സാമ്പത്തിക സഹായവും നല്‍കാമായിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം അതിന് അനുവദിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രശ്‌നങ്ങള്‍ രൂക്ഷമായാല്‍ എല്ലാ ഉത്തരവാദിത്തവും സൗദി ഭരണകൂടത്തിന്റേയും പ്രവാസികളുടെ അറിവല്ലായ്മയുടേയും തലയില്‍ കയറ്റി വക്കാം. അതോടൊപ്പം അവിടെ ദുരിതത്തിലായവരെ നാട്ടിലെത്തിക്കാന്‍ സൗജന്യങ്ങള്‍ ചെയ്ത് നല്‍കാം. ഇത് വഴി പ്രവാസി സമൂഹത്തേയും അവരോടൊപ്പമുളളവരേയും കൂടെ നിര്‍ത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.

ഒരു തരത്തില്‍ പറഞ്ഞാല്‍ മറ്റൊരു രാജ്യത്ത് പോയി നിയമവിരുദ്ധമായ പരിപാടികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കി സുരക്ഷിതരായി നാട്ടിലേക്ക് കൊണ്ടുവരുന്ന ഏര്‍പ്പാട്. മറ്റേതെങ്കിലും രാജ്യമാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യുന്നതെങ്കില്‍ എന്തായിരിക്കും ഇവിടത്തെ പുകില്‍ എന്ന് മാത്രം ആലോചിച്ചാല്‍ മതി.

English summary
The UDF government is trying to make political gain in Nitaqat issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X