കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിയടിച്ചേ... അമ്പമ്പോ ലോട്ടറി!!!

  • By Neethu B
Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആളുകള്‍ക്ക് സര്‍ക്കാരിന്റെ ഏര്‍പ്പാടുകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല. പലപ്പോഴും കുടുക്കുകളില്‍ ചെന്ന് പെടുമ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാവുക. നിയമം അറിയില്ല എന്നത് രക്ഷപ്പെടാനുള്ള ഉപായമല്ല. എങ്കിലും സാധാരണക്കാരന് എങ്ങനെയാണ് ഈ നിയമങ്ങളൊക്കെ മനസ്സിലാവുക. ഇത് ഗോവിന്ദന്റെ കഥയാണ്. ഗോവിന്ദന് ലോട്ടറിയടിച്ച കഥ.

ഗോവിന്ദന്‍ ഒരു തെങ്ങുകയറ്റ തൊഴിലാളിയാണ്. സംസ്ഥാനം നേരിടുന്നതുപോലെ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടാണ് ഒരു ഭാര്യയും നാല് കുട്ടികളും ഉള്ള ഗോവിന്ദന്റെ കുടുംബവും മുന്നോട്ട് പോകുന്നത്.

പണ്ട് ഭൂട്ടാന്‍-ഡാറ്റ ഒറ്റ നമ്പര്‍ ലോട്ടറി ഉണ്ടായിരുന്ന കാലം. എല്ലാ ദിവസവും കിട്ടുന്ന കൂലിയില്‍ ഒരു പങ്ക് മാര്‍ട്ടിന്‍ സ്വാമികള്‍ക്ക് വഴിപാടായി നല്‍കി പോന്നു ഗോവിന്ദന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാഗ്യദേവത ഇടയ്‌ക്കൊക്കെ ഗോവിന്ദനെ കടാക്ഷിച്ചു. അങ്ങനെ കിട്ടുന്ന ഭാഗ്യപ്പണം കൊണ്ട് തന്റെ പ്രാരാബ്ധങ്ങൊക്കെ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ തീര്‍ത്തുവരികയായിരുന്നു.

അങ്ങനെയിരിക്കെയാണ് തൊഴിലാളിവര്‍ഗ്ഗപ്പാര്‍ട്ടി മാര്‍ട്ടിന്‍ സ്വാമികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മാര്‍ട്ടിന്‍ സ്വാമികള്‍ക്കുള്ള വഴിപാട് ഇതോടെ പറശ്ശിനിക്കടവ് മുത്തപ്പന്റെ പ്രസാദത്തിന് വേണ്ടി ചെലവഴിക്കാന്‍ തുടങ്ങി ഗോവിന്ദന്‍. കാലചക്രം പിന്നേയും തിരിഞ്ഞ് കാരുണ്യവാനായ പാലാ മാണിക്യം വന്നപ്പോള്‍ അല്‍പൊന്ന് ആശ്വസിയ്ക്കുകയും 'കാരുണ്യ' ലോട്ടറിയെടുത്ത് സ്ഥിരം സമൂഹ്യ-സന്നദ്ധ-കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുപോരുകയും ചെയ്തു.

karunya-lottery

അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച എടുത്ത കാരുണ്യ ഭാഗ്യക്കുറി, ഞായറാഴ്ചയിലെ പത്രത്തില്‍ ഗോവിന്ദന്റെ ശുക്രനായി തെളിഞ്ഞു. ഒരു കോടി രൂപ!!!.

അന്നന്നത്തെ അന്നത്തിനും മുത്തപ്പന്‍ പ്രസാദത്തിനും തന്നെ കോപ്പില്ലാത്ത ഗോവിന്ദന്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായി. എന്നാല്‍ കാരുണ്യയില്‍ നിന്ന് കിട്ടിയ പണം മുഴുവന്‍ സ്വയം തിന്നാന്‍ 'ജീവകാരുണ്യ' പ്രവര്‍ത്തകനായ ഗോവിന്ദന്‍ തയ്യാറല്ലായിരുന്നു. ഒരു കോടിയില്‍ വെറും അറുപത് ലക്ഷം മാത്രം മതി തനിയ്‌ക്കെന്ന് തീരുമാനിച്ച ഗോവിന്ദന്‍ ബാക്കി പണം എന്ത് ചെയ്യണം എന്നതിന് കൃത്യമായ പദ്ധതിയുണ്ടാക്കി.

ഭാര്യ വീട്ടുകാര്‍ക്ക് 10 ലക്ഷം, സഹോദരന് 10 ലക്ഷം, സഹോദരിയ്ക്ക് അഞ്ച് ലക്ഷം, പിന്നെ നാട്ടിലെ ക്ഷേത്ര പുനരുദ്ധാരണത്തിന് അഞ്ച് ലക്ഷം. എങ്ങനെ കൂട്ടിയാലും ബക്കി 10 ലക്ഷം വരുന്നുണ്ട്. അത് ഭാവിയില്‍ മുത്തപ്പന്‍ പ്രസാദം വാങ്ങുന്നതിന് മാത്രമായും ഗോവിന്ദന്‍ മനക്കണക്കില്‍ മാറ്റിവച്ചു. ഭാര്യയുടെ വീട്ടുകാര്‍, സഹോദരന്‍, സഹോദരി, അമ്പലക്കമ്മറ്റി തുടങ്ങി എല്ലാവര്‍ക്കും ഗോവിന്ദന്‍ തന്റെ ഉദാരത വ്യക്തമാക്കി കുറിയയക്കുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെ മധുരമനോജ്ഞമായി പോകുമ്പോഴാണ് ഗോവിന്ദന്റെ നെഞ്ചില്‍ ഇടിത്തീപോലെ ആ സത്യം വന്ന് വീണത്. ലോട്ടറി ടിക്കറ്റുമായി ബാങ്കിലെത്തിയപ്പോഴാണ് അത് അറിഞ്ഞത്. വെറും തെങ്ങുകയറ്റ തൊഴിലാളിയായ ഗോവിന്ദന്‍ 'നികുതി' എന്ന വാക്ക് വില്ലേജ് ഓഫീസില്‍ ഭൂനികുതി അടയ്ക്കാന്‍ പോയപ്പോള്‍ മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ.

ഒരു കോടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗോവിന്ദന് ആകെ കൈയ്യില്‍ കിട്ടുക വെറും അറുപത് ലക്ഷം മാത്രമാണ്. 30 ശതമാനം നികുതിയായി സര്‍ക്കാര്‍ തന്നെ പിടിച്ചെടുക്കും. മുപ്പത് ലക്ഷം അങ്ങനെ പോയേ... പത്ത് ശതമാനം ഏജന്റിന്റെ കമ്മീഷന്‍. പത്ത് ലക്ഷം അങ്ങനേയും പോയി. ഭാര്യ വീട്, സഹോദരന്‍, അമ്പലക്കമ്മിറ്റി, മുത്തപ്പന്‍ പ്രസാദം... എല്ലാം 'ഗോപി'.

കടുത്ത കുടുംബസ്‌നേഹിയായ ഗോവിന്ദന്‍ അറുപത് ലക്ഷത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെ ഭാര്യ വീട്ടുകാര്‍ സ്ഥിരമായ പിണക്കത്തിലായി. സഹോദരനെങ്കിലും ആ ദുഷ്ടന്‍ ചെകിട്ടത്തടിച്ച് ബന്ധം മുറിച്ചു. പേരുകേട്ട ദുര്‍മന്ത്രവാദിയെക്കൊണ്ട് കൂടോത്രം ചെയ്യിച്ച് സഹോദരി ഒരു കോഴിത്തല ഗോവിന്ദന്റെ വീടിന് മുന്നില്‍ കുഴിച്ചിട്ടു. അമ്പലക്കമ്മിറ്റി ഗോവിന്ദന്റെ കുടുംബത്തിനെതിരെ ക്ഷേത്രപ്രവേശനനിരോധന വിളംബരം പുറപ്പെടുവിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന ഗോവിന്ദന്‍ ഇപ്പോള്‍ കടുത്ത മാനസിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. താന്‍ വിശ്വസിച്ച സര്‍ക്കാര്‍ തന്നെ വഞ്ചിച്ചുവെന്നാണ് ഗോവിന്ദന്റെ പക്ഷം. അറുപത് ലക്ഷമേ കൈയ്യില്‍ കിട്ടൂ എങ്കില്‍ പിന്നെന്തിനാണ് ഒരു കോടിയുടെ ലോട്ടറി എന്ന് പറയുന്നതെന്നാണ് ഗോവിന്ദന്റെ ചോദ്യം.

ലോട്ടറി ടിക്കറ്റിന്റെ മറുപുറത്ത് എന്താണ് എഴുതിയിരിക്കുന്നതെന്ന് ഇതുവരെ വായിച്ചുനോക്കാത്ത എല്ലാ ഗോവിന്ദന്‍മാരുടേയും സ്ഥിതി ഇത് തന്നെയാണ്. ലോട്ടറി ടിക്കറ്റ് മാത്രമല്ല, ഇന്‍ഷുറന്‍സോ, മ്യൂച്ചല്‍ ഫണ്ടോ മറ്റെന്തെങ്കിലും പദ്ധതികളോ ആകട്ടെ, എത്രപേര്‍ ടേംസ് ആന്റ് കണ്ടീഷന്‍ വായിച്ചു നോക്കാറുണ്ട്...?

English summary
Govindan wins lottery, then what happened- Binu Phalgunan writes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X