കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോക്കുകൂലിയെ കുറിച്ച് വാചാലരാകുന്പോള്‍ ഇതുകൂടി ഓര്‍ക്കണം... ചുമട്ടുതൊഴിലാളികള്‍ക്കും ഒരു ജീവിതമുണ്ട്

  • By Desk
Google Oneindia Malayalam News

ടിസി രാജേഷ്

സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ടിസി രാജേഷ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പല വാർത്തകളും ടിസി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മാത്രം ഉടലെടുത്തിട്ടുണ്ട്.

കയറ്റിറക്ക് കേരളത്തിലെ ഒരു പരമ്പരാഗത തൊഴില്‍മേഖലയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പലയിടത്തും ചുമട്ടുതൊഴിലാളികളുടെ മക്കള്‍ തന്നെയാണ് പിതാക്കന്മാരുടെ പാത പിന്തുടര്‍ന്ന് ആ തൊഴിലിലേക്കു വരുന്നത്. യൂണിയന്‍ അംഗത്വം എടുക്കാനായി നല്‍കിയ നിക്ഷേപത്തുക മക്കളുടെ പേരിലേക്ക് വകമാറ്റുകയാണ് ക്ഷീണിതരാകുന്ന പിതാക്കന്മാര്‍ ചെയ്യുന്നത്.

ഇന്നും യൂണിയന്‍ അംഗത്വം ഉണ്ടെങ്കില്‍ മാത്രം തൊഴില്‍ ലഭിക്കുന്ന ഒരിടം കയറ്റിറക്കു രംഗമായിരിക്കണം. അവിടെ തൊഴിലാളിയില്ല, സിഐടിയുക്കാരനും ഐഎന്‍ടിയുസിക്കാരനും ബിഎം​എസ്സുമാരും എഐടിയുസിക്കാരനുമൊക്കെയേയുള്ളു. മറ്റേതൊരു തൊഴില്‍ രംഗത്തും തൊഴിലെടുത്തു തുടങ്ങിയശേഷം മതി സംഘടനയില്‍ അംഗത്വമെടുക്കേണ്ടത്, ഇവിടെ നേരേ തിരിച്ചാണ്.

സമൂഹം മുഴുവന്‍ കയറ്റിറക്കു തൊഴിലാളികളെ കാണുന്നത് പ്രശ്നക്കാരായാണ്. ഗുണ്ടായിസമാണ് അവരുടെ മുഖമുദ്രയെന്ന് പലരും കുറ്റപ്പെടുത്തുന്നു. അതിനുപയുക്തമാകുന്ന ചില സംഭവങ്ങളെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. നോക്കുകൂലിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം.

ഒരു അനുഭവം

ഒരു അനുഭവം

സമീപനാളില്‍ വാടക വീട് മാറിയപ്പോള്‍ കയറ്റിറക്ക് ലോഡിംഗ് തൊഴിലാളികളെ ഏല്‍പിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എത്ര രൂപ അവര്‍ ചോദിക്കുമെന്നൊക്കെയുള്ള ആശങ്കയോടെ പരിചയക്കാരെ തേടി- ലോഡിംഗുകാരോട് സംസാരിക്കാന്‍. നേരിട്ടു ചോദിക്കാന്‍ മടിയോ പേടിയോ ആണ്. കാരണം അവര്‍ അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ, നാം പണി കൊടുത്തില്ലെങ്കില്‍ നമുക്കിട്ടു പണിതരുമോ ​എന്ന പേടി. അന്വേഷിച്ചപ്പോഴാകട്ടെ, എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചത് 'അതുവേണോ' എന്നായിരുന്നു. അവരറിഞ്ഞാല്‍ വലിയ തുക ചോദിക്കും, പിന്നെ വേറേയാരെക്കൊണ്ടും ചെയ്യിക്കാനാകില്ല, പ്രശ്നമാകുമെന്നൊക്കെ എല്ലാവരും ആവര്‍ത്തിക്കുകതന്നെ ചെയ്തു. അങ്ങനെ സംഗതി ബംഗാളികളെ ഏല്‍പിച്ചു. വലിയ തുകയൊന്നും ചെലവായതുമില്ല. അംഗീകൃത നിരക്കനുസരിച്ചാണെങ്കില്‍ കയറ്റാനും ഇറക്കാനും കൂടി പരമാവധി ആയിരം രൂപയ്ക്കുള്ള സാധനങ്ങളേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു! അതിനേക്കാള്‍ അല്‍പംകൂടി കൂടുതല്‍ തുക ബംഗാളികള്‍ക്കു നല്‍കുകയും ചെയ്തു.

ഒരുദിവസം എത്ര രൂപ കിട്ടും അവര്‍ക്ക്

ഒരുദിവസം എത്ര രൂപ കിട്ടും അവര്‍ക്ക്

പിന്നീട് ഇതേകാര്യം ഒരു സുഹൃത്തുമായി പങ്കുവയ്ക്കാനിടയായി. നോക്കുകൂലി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്ന സമയത്താണ്, പല സംഭാഷണങ്ങള്‍‍ക്കിടയില്‍ ചുമട്ടുതൊഴിലാളികളും കടന്നുവന്നത്. അദ്ദേഹം എന്നോടു ചോദിച്ച ആദ്യചോദ്യമിതായിരുന്നു:
"ഒരു ചുമട്ടു തൊഴിലാളിക്ക് ദിവസം എത്ര രൂപ വരുമാനമുണ്ടെന്നതിനെപ്പറ്റി എന്തെങ്കിലും ധാരണയുണ്ടോ?"
ഇല്ലെന്നു ഞാന്‍ മറുപടി നല്‍കി.
"ഒരു ദിവസം പകല്‍ റോഡേ പോകുമ്പോള്‍ പലയിടത്തും ചുമട്ടുതൊഴിലാളികളെ കാണാറില്ലേ? അപ്പോഴൊക്കെ അവര്‍ വെറുതേയിരിക്കുകയാണോ, ചുമടെടുക്കുകയാണോ?" എന്നായി അടുത്ത ചോദ്യം.

ഞാനൊന്നാലോചിച്ചു. ശരിയാണ്, ഞാന്‍ കാണുമ്പോഴൊക്കെ അവരില്‍ നല്ലൊരു പങ്കും വെറുതേയിരിക്കുകയാണ്. ഇന്നലെയും ഇന്നും കണ്ടപ്പോഴും അങ്ങിനെ തന്നെ.
അതായി പിന്നെ ഞങ്ങളുടെ ചര്‍ച്ച. അഞ്ചു തൊഴിലാളികളുള്ള ഒരു ഗ്രൂപ്പിനെ ചുമടെടുപ്പിക്കാന്‍ ഏല്‍പിക്കുകയും അവര്‍ക്ക് നിശ്ചിത നിരക്കനുസരിച്ച് കൂലി നല്‍കുകയും ചെയ്താല്‍ ഒരാള്‍ക്ക് കിട്ടുക പരമാവധി ഇരുനൂറു രൂപയാണ്. അങ്ങിനെ ഒന്നിലേറെ ചുമടുകളും എല്ലാദിവസവും ജോലിയുമുണ്ടെങ്കിലേ അവര്‍ക്ക് സാധാരണ ജീവിതംപോലും നയിക്കാനാകൂവെന്നകാര്യം ആ സുഹൃത്ത് എന്നെ ഓര്‍മിപ്പിച്ചു.

ബ്രോക്കര്‍ക്ക് കൊടുക്കാം

ബ്രോക്കര്‍ക്ക് കൊടുക്കാം

അതൊരു തിരിച്ചറിവായിരുന്നു. തിരുവനന്തപുരത്ത് വന്ന ശേഷം ഇപ്പോള്‍ താമസിക്കുന്നത് അഞ്ചാമത്തെ വാടകവീട്ടിലാണ്. ഒരു തവണപോലും സാധനങ്ങള്‍ കയറ്റിയിറക്കാന്‍ ലോഡിംഗുകാരെ വിളിച്ചിട്ടില്ല. വിളിച്ചാല്‍ പരമാവധി അവര്‍ 5000 രൂപ ചോദിച്ചെന്നിരിക്കട്ടെ. നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് എനിക്ക് അങ്ങിനെയൊരു തുക നല്‍കേണ്ടിവരിക. ഇതേരീതിയില്‍ വാടകയ്ക്ക് വീട് മാറുമ്പോള്‍ ബ്രോക്കറുടെ സഹായം തേടിയെന്നു കരുതുക. 12000 രൂപ വാടകയുള്ള വീടെടുക്കുന്നയാള്‍ അത്രയും തുക ബ്രോക്കര്‍ ഫീസായി നല്‍കണം. ഇതിന് യാതൊരു നിയന്ത്രണവും ഒരിടത്തുമില്ല, ചോദിച്ചാല്‍ കൊടുത്തേ പറ്റൂ. വലിയ പ്രതിഷേധമൊന്നുമില്ലാതെ അത് കൊടുക്കുകയും ചെയ്യും. അവര്‍ കാര്യമായ അധ്വാനമൊന്നുമില്ലാതെ വാങ്ങുന്ന കമ്മീഷനാണത്. ചിലപ്പോള്‍ അവര്‍ ഒഴിഞ്ഞുകിടക്കുന്ന വീട് കാട്ടിത്തരികയേയുള്ളു. ഉടമയെ നാം തന്നെ ബന്ധപ്പെട്ട് വീടെടുക്കണം. ഒരു മാസത്തെ വാടകയുടെ പകുതിയെങ്കിലും അതിനും കമ്മീഷന്‍ കൊടുക്കണം. ആ നോക്കുകൂലിയോടും നമുക്ക് എതിരഭിപ്രായമില്ല. അതേസമയം അതിന്റെ പകുതിയില്‍ താഴെ തുക സാധനങ്ങള്‍ കയറ്റിയിറക്കുന്നവര്‍ക്ക് ഒരുതവണ പോലും നല്‍കാന്‍ നമുക്ക് മടിയാണ്. മാത്രമല്ല, അത് വളരെ കൂടിയ തുകയാണെന്നാണ് നമ്മുടെ കണ്ടെത്തല്‍പോലും.

കണക്കുപറച്ചിലും വിലപേശലും

കണക്കുപറച്ചിലും വിലപേശലും

ഒരാള്‍ ജീവിതത്തില്‍ എത്ര തവണ വീടുവയ്ക്കും? ഒരു തവണയെന്നാണ് ഭൂരിപക്ഷത്തിന്റേയും ഉത്തരം. ലക്ഷങ്ങള്‍ മുടക്കിയാണ് വീടു വയ്ക്കുന്നത്. വ്യാപാരി നിശ്ചയിച്ചിട്ടിരിക്കുന്ന വില ടൈല്‍സിനും മറ്റു സാധനങ്ങള്‍ക്കുമൊക്കെ കൂടുതലാണോ എന്നൊന്നും നാം അന്വേഷിക്കാറില്ല. അവര്‍ ചോദിക്കുന്ന കാശ് എണ്ണിക്കൊടുക്കും. പക്ഷേ, ആ സാധനങ്ങള്‍ വീട്ടിലെത്തിച്ച് ഇറക്കുമ്പോള്‍ പ്രശ്നമായി. ചുമട്ടുതൊഴിലാളി അവന്റെ ഏക വരുമാനമായ കയറ്റിറക്കില്‍ അവകാശമുന്നയിക്കുമ്പോള്‍ നമുക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ജീവിതത്തില്‍ ഒരുതവണയാണെങ്കില്‍പോലും നാം കയറ്റിറക്കുകാരെ അംഗീകരിക്കില്ല.

യഥാര്‍ഥത്തില്‍ ഒരു ചുമട്ടുതൊഴിലാളിക്ക് പ്രതിദിനം ശരാശരി എത്രരൂപ വരുമാനം കാണും? വലിയവലിയ മാര്‍ക്കറ്റുകളിലും വ്യാപാരകേന്ദ്രങ്ങളിലും വലിയ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ സമീപത്തും പണിയെടുക്കുന്നവരൊഴിച്ചാല്‍ വരുമാനം തീര്‍ത്തും തുച്ഛം തന്നെയായിരിക്കും. ഒരുദിവസം നടക്കുന്ന കയറ്റിറക്കില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ചിലപ്പോള്‍ അവര്‍ക്ക് ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നേക്കാം. നല്ല കായികാധ്വാനം ആവശ്യമുള്ള പണിയാണ് മഴയും വെയിലും കാര്യമാക്കാതെ അവര്‍ക്ക് ചെയ്യേണ്ടിവരുന്നതെന്നതും ഓര്‍ക്കണം.

ഒരു ചുമട്ടുതൊഴിലാളിയുടേയും വരുമാനം അവരവര്‍ ചെയ്യുന്ന ജോലിക്കനുസരിച്ചല്ലെന്ന യാഥാര്‍ഥ്യം കൂടിയുണ്ട്. ഒരുദിവസത്തെ ആകെ വരുമാനത്തെ അവര്‍ തുല്യമായി വീതിച്ചെടുക്കുകയാണ് ചെയ്യുന്നത്. ജോലിയെടുക്കാനാകാതെ രോഗം ബാധിച്ച് ഒരാള്‍ വിശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും അതേ വിഹിതം കിട്ടും. യഥാര്‍ഥ സോഷ്യലിസ്റ്റ് സമൂഹം! ചുമട്ടുതൊഴിലാളികളെപ്പോലെ വളരെ ചെറിയ തൊഴില്‍ സംഘങ്ങളില്‍ മാത്രമേ ഇത്തരമൊരു സമ്പ്രദായം കാണുകയുള്ളുവെന്നു തോന്നുന്നു.

നോക്കുകൂലിക്കൊപ്പം ഇതുകൂടി ചര്‍ച്ച ചെയ്യണം

നോക്കുകൂലിക്കൊപ്പം ഇതുകൂടി ചര്‍ച്ച ചെയ്യണം

ചുമട്ടുതൊഴിലാളികള്‍ മിക്കവാറും രാഷ്ട്രീയസംഘടനകളുടെ ആശ്രിതര്‍കൂടിയാണ്. അവരുടെ പ്രകടനങ്ങള്‍ക്ക് മുദ്രാവാക്യം വിളിക്കാനുള്‍പ്പെടെ ഇവര്‍ വേണം. പക്ഷേ, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി അവരുടെ ഒരു പരിപാടിയില്‍ ഇവരെ കയറ്റിറക്ക് ഏല്‍പിക്കാറുണ്ടോ? സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള പരിപാടികളിലും ഇതുതന്നെയാണ് സ്ഥിതി. വലിയ മാളുകള്‍ നഗരങ്ങളില്‍ പൊട്ടിമുളയ്ക്കുമ്പോള്‍ അവിടേക്കു കൊണ്ടുവരുന്ന ചരക്കുകള്‍പോലും ഇറക്കുന്നതിന് ചുമട്ടുതൊഴിലാളികളെ അനുവദിക്കുന്നുണ്ടോ ​എന്ന് സംശയമാണ്.

അതായത് അവരുടെ തൊഴില്‍ അനുദിനം നാം കവര്‍ന്നെടുക്കുകയാണ്.
ആളുകളോടുള്ള ചുമട്ടുതൊഴിലാളികളുടെ സമീപനം, സ്വതേ അഹങ്കാരവും മുഷ്കും അത്യാവശ്യം ഭീഷണിപ്പെടുത്തലുമുള്ള ഗുണ്ടാസ്വഭാവക്കാരാണ് അവരെന്ന പൊതുധാരണ (അത്തരക്കാര്‍ നല്ലൊരു പങ്ക് ഇവര്‍ക്കിടയിലുണ്ടെന്നതും വിസ്മരിക്കാനാകില്ല), കിട്ടുന്ന വരുമാനം മുഴുവന്‍ വീട്ടില്‍കൊടുക്കാതെ കുടിച്ചുതീര്‍ക്കുന്നവരാണ് ഇവരെന്ന വിശ്വാസം... അങ്ങിനെ പലതാണ് ചുമട്ടുതൊഴിലാളികള്‍ പൊതുസമൂഹത്തിനു മുന്നില്‍ അവമതിക്കപ്പെട്ടവരാകാനുള്ള കാരണം. അതിനിടയില്‍ അവരുടെ ജീവിതാവസ്ഥകളെപ്പറ്റി ആരും ആലോചിക്കുന്നുണ്ടെന്നുപോലും തോന്നുന്നില്ല.

ചുമട്ടുതൊഴിലാളികളെപ്പോലുള്ളവരുടെ ജീവിതത്തെപ്പറ്റി, കുടുംബത്തെപ്പറ്റി നാം ചിന്തിക്കേണ്ടതില്ലേ, നോക്കുകൂലിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനൊപ്പം?

അത്ര എളുപ്പമല്ല കേരളത്തിൽ റോഡ് വികസനം... കാരണം എന്ത്? റോഡ് വികസനത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച്...അത്ര എളുപ്പമല്ല കേരളത്തിൽ റോഡ് വികസനം... കാരണം എന്ത്? റോഡ് വികസനത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച്...

ശൗച്യാലയത്തെ ശോചനാലയമാക്കി... അക്ഷരത്തെറ്റ് വെറുമൊരു തെറ്റല്ല- ചുള്ളിക്കാട് വിവാദത്തിൽ ടിസി രാജേഷ്ശൗച്യാലയത്തെ ശോചനാലയമാക്കി... അക്ഷരത്തെറ്റ് വെറുമൊരു തെറ്റല്ല- ചുള്ളിക്കാട് വിവാദത്തിൽ ടിസി രാജേഷ്

മഞ്ചലുമായ് മരണമെത്തുമ്പോള്‍ വാതിലടയ്ക്കരുത്... ഈ ദയാവധം ഒരു കൊലപാതകമല്ല- ടിസി രാജേഷ് എഴുതുന്നുമഞ്ചലുമായ് മരണമെത്തുമ്പോള്‍ വാതിലടയ്ക്കരുത്... ഈ ദയാവധം ഒരു കൊലപാതകമല്ല- ടിസി രാജേഷ് എഴുതുന്നു

English summary
Head Load workers also have a life- TC Rajesh writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X