കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സര്‍ക്കാര്‍ രാജോ അതോ സലീം 'രാജോ'

  • By Soorya Chandran
Google Oneindia Malayalam News

കേരള സംസ്ഥാനം ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണോ അതോ സലീം രാജ് എന്ന കസ്റ്റഡിയിലുള്ള സസ്‌പെന്‍ഡഡ് പോലീസ് കോണ്‍സ്റ്റബിളാണോ? സോളാര്‍ കേസ് മുതല്‍ കേരളം ഈ ചോദ്യം പലപ്പോഴായി ചോദിക്കുന്നുണ്ട്. ഇപ്പോള്‍ കേരള ഹൈക്കോടതിയും അങ്ങനെ ഒരു ചോദ്യം ചോദിച്ചിരിക്കുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ ആയ സലീം രാജ് ആണോ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി? സംസ്ഥാന പോലീസ് മേധാവി പോലും ഭയക്കുന്ന ഒരാള്‍?- ചോദിച്ചത് ഹൈക്കോടതി ജസ്റ്റിസ് ആയ ഹാറുല്‍ റഷീദ് ആണ്. സലീം രാജ് ഉള്‍പ്പെട്ട ഭൂമി കൈയ്യേറ്റ കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കവെ 2013 ഒക്ടോബര്‍ 1 നാണ് കോടതി ഇങ്ങനെ ചോദിച്ചത്.

Salim Raj

ഭൂമി കൈയ്യേറ്റ കേസില്‍ സലീം രാജിനെതിരെ ഡിജിപി ബാലസുബ്രഹ്മണ്യത്തിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ നടപടിയെടുക്കാതെ നേരിട്ട് മുഖ്യമന്ത്രിയുടെ പരിഗണനക്ക് വിടുകയായിരുന്നു. ഇതായിരുന്നു ജസ്റ്റിസ് റഷീദിനെ ഏറെ ചൊടിപ്പിച്ചത്. പൊതു സമൂഹവും, പ്രതിപക്ഷവും, എന്തിന് കോടതികള്‍ പോലും രംഗത്ത് വന്നപ്പോഴൊക്കെ സലീം രാജിന് പിന്തുണയായി യുഡിഎഫ് നയിക്കുന്ന ഈ സര്‍ക്കാര്‍ കൂടെയുണ്ടായിരുന്നു എന്നതാണ് സത്യം.

വെറുമൊരു പോലീസ് കോണ്‍സ്റ്റബിള്‍ മാത്രമായിരുന്ന സലീം രാജ് എങ്ങനെയാണ് ഇത്രയും ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രം വലിയ ഒരു ക്രിമിനലായത്? എന്ത് കൊണ്ടാണ് ഇയാള്‍ക്ക് വേണ്ടി മാത്രം സംസ്ഥാനത്തിന്റെ ഭരണ ചക്രം തിരിക്കുന്നവര്‍ നിശ്ശബ്ദത പാലിക്കുകയും വിടുപണി ചെയ്യുകയും ചെയ്യുന്നത്? ഉയരുന്ന ചോദ്യങ്ങള്‍ കുറച്ചൊന്നുമല്ല. സംഭവത്തിന്റെ സത്യാവസ്ഥ ഏറെക്കുറേ എല്ലൊവര്‍ക്കും അറിയാമെങ്കിലും മുഖ്യധാരയില്‍ നില്‍ക്കുന്ന ചിലരുടെ കുടുംബ പ്രശ്‌നങ്ങളെ റോഡിലേക്ക് വലിച്ചിഴക്കേണ്ട എന്ന നിലപാടാണ് ഭൂരിപക്ഷവും എടുക്കുന്നത്. അതൊരു താപ്പായി സലീം രാജും അയാളെ പിന്തുണക്കുന്ന രാഷ്ട്രീയ/ഭരണ നേതൃത്വവും കളി തുടരുക തന്നെയാണ്.

ഇപ്പോള്‍ തന്നെ നിരവധി കേസുകളില്‍ പങ്കാളിയാണ് സലീം രാജ്. പൊതു റോഡില്‍ വച്ച് ദമ്പതിമാരെ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയിലുമാണ്. ഭൂമി കയ്യേറ്റം, വ്യാജ രേഖ ചമക്കല്‍...അങ്ങനെ കേസുകള്‍ അനവധിയാണ്. സോളാര്‍ കേസില്‍ സരിത എസ് നായരുമായി ദീര്‍ഘ ദീര്‍ഘമായ ഫോണ്‍ വിളികള്‍ നടത്തിയിരുന്നെങ്കിലും വെറും സസ്‌പെന്‍ഷനില്‍ ഒതുങ്ങിയിരുന്ന നടപടികള്‍. സലീം രാജിനൊപ്പം ജിക്കുമോനും ജോപ്പനും കേസിന്റെ തുടക്കം മുതലേ ആരോപണം കേട്ടവരാണ്. പക്ഷേ ജോപ്പനൊഴികെ മറ്റ് രണ്ട് പേരേയും രക്ഷിക്കാന്‍ ചരടുവലിച്ചവര്‍ ആരെന്ന് പറയാതെ തന്നെ ജനങ്ങള്‍ക്ക് തിരിച്ചറിയാം.

ഉമ്മന്‍ ചാണ്ടിയുടെ ജില്ലക്കാരന്‍ തന്നെയാണ് സലീം രാജ്. കോട്ടയം കാരന്‍. 2005 ല്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലം മുതലേ പ്രിയപ്പെട്ട, വിശ്വസ്തനായ ഗണ്‍മാന്‍. കൂടെ നിര്‍ത്താന്‍ കൊള്ളാവുന്നവനല്ല ഈ പോലീസുകാരന്‍ എന്ന് 2009 ല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോഴും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതാണ്. പക്ഷേ കുഞ്ഞൂഞ്ഞ് കുലുങ്ങിയില്ല. പുറത്തറിയാത്ത എന്തോ ഒരു ബന്ധം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു/ഉണ്ട് എന്ന് തന്നെ വേണം അനുമാനിക്കാന്‍.

കൊച്ചിയില്‍ നടന്ന ഒരു ഭൂമി കയ്യേറ്റ കേസ്. പരാതിക്കാര്‍ ആണയിട്ടു പറയുന്നു സലീം രാജ് ആണ് മുഖ്യ പ്രതിയെന്ന്. പക്ഷേ ഇയാളുടെ പേരില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും നമ്മുടെ പോലീസിന് ധൈര്യമുണ്ടായിരുന്നില്ല.തിരുവനന്തപുരത്ത് മറ്റൊരു സംഭവം നടന്നു. സലീം രാജും സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ഉള്‍പ്പെടുന്ന മറ്റൊരു ഭൂമി പ്രശ്‌നം.100 ഓളം കുടുംബങ്ങളാണ് ഇവിടെ പരാതിക്കാരായി ഉണ്ടായിരുന്നത്. റവന്യു വകുപ്പിനും റവന്യു മന്ത്രിക്കും പോലീസിനും നിരവധി പരാതികള്‍ നല്‍കിയിട്ടും സലീം രാജിനെതിരെ ഒരു ചെറുവിരല്‍ പോലും ആരും അനക്കിയില്ല. മന്ത്രിമാര്‍ക്കും മറ്റ് വിവിഐപിമാര്‍ക്കും മാത്രം അനുവദിക്കുന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലെ സ്യൂട്ട് റൂമിലേക്ക് വിളിപ്പിച്ചാണ് പരാതിക്കാരില്‍ ഒരാളെ സലീം രാജ് ഭീഷണിപ്പെടുത്തിയതെന്നും പറയപ്പെടുന്നു.

മുമ്പ് 2013 ആഗസ്റ്റ് 4 ന് മറ്റൊരു ഹൈക്കോടതി ജസ്റ്റിസ് ആയ വി കെ മോഹനനും സലീം രാജിന്റെ ഭരണ സ്വാധീനം കണ്ട് ഞെട്ടിയിട്ടുണ്ട്. ഭൂമി കയ്യേറ്റ കേസില്‍ സലീമിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കണം എന്ന് കോടതി ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരെ രംഗത്ത് വന്നത് സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറല്‍ നേരിട്ടായിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ നിന്ന് സ്‌റ്റേ ഉത്തരവ് വാങ്ങി. ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുക്കുന്നത് സലീം രാജിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് അഡ്വക്കറ്റ് ജനറല്‍ വാദിച്ചത്.

പിന്നീട് സെപ്റ്റംബര്‍ 2 ന് ഈ കേസ് ഡിവിഷന്‍ ബഞ്ച് വീണ്ടും പരിഗണിച്ചപ്പോള്‍ സര്‍ക്കാരിന് ഏറെ ചീത്ത കേള്‍ക്കേണ്ടി വന്നു. ഭൂമിയുടെ രേഖകള്‍ ഇംഗ്ലീഷില്‍ സമര്‍പ്പിക്കാത്തതിനായിരുന്നു ഇത്. സലീം രാജിന്റെ കേസിന് സര്‍ക്കാര്‍ ഇത്രയും ഗൗരവം മാത്രമാണോ നല്‍കുന്നത് എന്നാണ് കോടതി ചോദിച്ചത്.

മറ്റൊരു കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സലീം രാജിന് വേണ്ടി രംഗത്ത് വന്നു. സോളാര്‍ കേസില്‍ സലീം രാജിന് യാതൊരു പങ്കുമില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. സരിത-സലീം ഫോണ്‍ ബന്ധം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് സലീം രാജിനെ സസ്‌പെന്‍ഡ് ചെയ്തിന് ശേഷമായിരുന്നു ഇത്. പക്ഷേ സര്‍ക്കാരിന്റെ സത്യവാങ്മൂലം വന്നതോടെ അന്വേഷണ പരിധിയില്‍ നിന്ന് സലീം രാജിനെ പോലീസ് ഒഴിവാക്കി.

ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടും സലീം രാജിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. തന്റെ സംരക്ഷകരെ അത്രകണ്ട് വിശ്വാസമായിരുന്നു അയാള്‍ക്ക്. അതുകൊണ്ടാണല്ലോ ദേശീയപാതയില്‍ വച്ച് ദമ്പതിമാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴും സലീമിന് ഒരു കൂസലും ഉണ്ടായിരുന്നില്ല. സസ്‌പെന്‍ഷനിലെങ്കിലും തന്റെ പോലീസ് ഐഡന്റിറ്റി കാര്‍ഡ് വീശി നാട്ടുകാരെ പേടിപ്പിക്കാനാണ് അയാള്‍ അപ്പോഴും നോക്കിയത്. പക്ഷേ അതില്‍ ആളുകള്‍ വീണില്ല. അതോടെ പോലീസിന്റെ പിടിയിലും ആയി. രണ്ട് തവണ നല്‍കിയ ജാമ്യാപേക്ഷയും സെഷന്‍സ് കോ
തി തള്ളിയിരിക്കുകയാണ്.

വലിയൊരു തമാശ കൂടി ഇതിലുണ്ട്. ആദ്യം സോളാര്‍ കേസ് പരിഗണിക്കുമ്പോള്‍ എന്തിനാണ് മുഖ്യമന്ത്രിയെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് ചോദിച്ച ജഡ്ജിയായിരുന്നു ജസ്റ്റിസ് ഹാറുല്‍ റഷീദ്. ഇപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് തന്നെ തിരിച്ചു ചോദിപ്പിക്കാന്‍ ഇടയാക്കിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും. യഥാര്‍ത്ഥ മുഖ്യനേക്കാള്‍ ശക്തനാണോ ഈ സലീം രാജ്. പോലീസ് രാജ്, ഗുണ്ട രാജ് എന്നൊക്കെ പറയുന്നതുപോലെ ഒരു സലീം 'രാജ്' ആണോ ഇവിടെ നടക്കുന്നത്.

English summary
Is Salim Raj, Chief Minister Oommen Chandy's former bodyguard, the state's real Chief Minister whom even the Director-General of Police fears, asked Justice Harul-ul-Rashid of Kerala High Court on October 1, while hearing petitions seeking CBI inquiry into a land grab case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X