കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് അമിത് ഷാ? എന്താണ് അമിത് ഷാ?? 'ഷാ ജി' മോദിയുടെ വിശ്വസ്തനായതിന് പിന്നിലെ നാൾവഴികള്‍ ഇങ്ങനെ...!!

  • By കെ. കെ. ആദര്‍ശ്
Google Oneindia Malayalam News

കഴിഞ്ഞ തവണ പാര്‍ലമെന്റിലേക്ക് ജയിച്ചെത്തിയിട്ടും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ മൂലയ്ക്കിരുത്തി പ്രധാനമന്ത്രി പദമേറിയത് നരേന്ദ്ര മോദിയായിരുന്നെങ്കില്‍ ഇത്തവണ ഗാന്ധിനഗര്‍ സീറ്റ് തട്ടിയെടുത്ത് അദ്ധ്വാനിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് തന്നെ പുറത്താക്കിയതാകട്ടെ മോദിയുടെ വിശ്വസ്തന്‍ അമിത്ഷായും. എ.ബി വാജ്‌പേയിയും എല്‍.കെ അദ്വാനിയും തോളോട് തോള്‍ ചേര്‍ന്നാണ് ബി.ജെ.പിയെ വളര്‍ത്തിയത്.

<strong>അമേഠിയിൽ തോൽവി ഉറപ്പായത് കൊണ്ടാണോ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയത്? സ്മൃതി ഇറാനി പഴയ സ്മൃതി ഇറാനിയല്ല... രണ്ടും കൽപ്പിച്ച് ബിജെപി... ഇതാണ് അമേഠിയിലെ ആ കണക്കുകൾ കാണൂ! വൺഇന്ത്യ സ്പെഷൽ വിശകലനം!!</strong>അമേഠിയിൽ തോൽവി ഉറപ്പായത് കൊണ്ടാണോ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയത്? സ്മൃതി ഇറാനി പഴയ സ്മൃതി ഇറാനിയല്ല... രണ്ടും കൽപ്പിച്ച് ബിജെപി... ഇതാണ് അമേഠിയിലെ ആ കണക്കുകൾ കാണൂ! വൺഇന്ത്യ സ്പെഷൽ വിശകലനം!!

വാജ്‌പേയി സമന്വയത്തിന്റെ മുഖംമൂടിയണിഞ്ഞപ്പോള്‍ അദ്വാനി തീവ്ര ഹിന്ദുത്വ നിലപാടിലൂന്നി ബി.ജെ.പിയെ നയിച്ചു. ആദ്യമായി അധികാരത്തിൽ എത്തിയപ്പോള്‍ വാജ്‌പേയിയ്ക്ക് വേണ്ടി പ്രധാനമന്ത്രി പദത്തില്‍നിന്ന് മാറിനിന്നു. തനിക്കും വന്നുചേരുമൊരു ദിനമെന്ന് വിശ്വസിച്ചായിരുന്നു ഈ മാറിനില്‍ക്കലെങ്കില്‍ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയ മോദി തന്നെ പണിതരുമെന്ന് അദ്വാനി ഒരിക്കലും വിശ്വസിച്ചുകാണില്ല.

എൽകെ അദ്വാനിക്ക് സംഭവിച്ചത്

എൽകെ അദ്വാനിക്ക് സംഭവിച്ചത്

പ്രധാനമന്ത്രി പദത്തിനായി ചരടുവലിച്ച് അദ്വാനി ക്യാമ്പ് സജീവമായി നിലകൊണ്ട കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പില്‍ തന്നെ അദ്വാനിയെ മാറ്റിനിര്‍ത്താന്‍ മോഡി- അമിത്ഷാ ടീം പരമാവധി ശ്രമിച്ചതാണ്. മാറിനിന്നാല്‍ രാജ്യസഭാ സീറ്റ് നല്‍കമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മോദിയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനാകില്ലെന്നും ഒത്തുതീര്‍പ്പിലൂടെ പ്രധാനമന്ത്രിയാകാമെന്നും കരുതിയ അദ്വാനി, മത്സരിക്കുമെന്ന വാശിയില്‍ ഉറച്ചുനിന്നതോടെയായിരുന്നു സീറ്റ് നല്‍കേണ്ടിവന്നത്. ഗുജറാത്തില്‍ മോദി-അമിത്ഷാ കൂട്ടുകെട്ട് പണിതരുമെന്ന് ഭയന്ന അദ്വാനി, തന്റെ വിശ്വസ്തന്‍ ശിവരാജ് സിംഗ് ചൗഹാന്റെ തട്ടകമായ മദ്ധ്യപ്രദേശില്‍നിന്ന് ജനവിധി തേടാനായിരുന്നു ശ്രമം നടത്തിയത്. എന്നാലിത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടികാട്ടി മോദി അദ്വാനിയെ ഗാന്ധി നഗറില്‍തന്നെ സ്ഥാനാര്‍ത്ഥിയാക്കി.

കന്നിയങ്കത്തിന് കളമൊരുക്കം

കന്നിയങ്കത്തിന് കളമൊരുക്കം

അഞ്ച് ലക്ഷത്തോളം വോട്ടിന് വിജയിച്ചെത്തിയിട്ടും അദ്വാനിയെ ഭരണരംഗത്തേക്ക് മോദി അടുപ്പിച്ചില്ല. കാര്യോപദേശ സമിതിയെന്ന കടലാസ് കമ്മിറ്റി രൂപീകരിച്ച് അതിനകത്ത് കുടിയിരുത്തി. ഭരണത്തിന്റെ തുടക്കകാലത്ത് ചില ഇടപെടലുകളൊക്കെ നടത്തിയെങ്കിലും ആര്‍.എസ്.എസ് വടിയെടുത്തതോടെ പിന്നെ മിണ്ടാതിരുന്നു. അനുസരണയുള്ള കുട്ടിയായിട്ടും പക്ഷേ, ഇത്തവണ സീറ്റ് നല്‍കാന്‍ പോലും മോദി- അമിത്ഷാ ടീം തയ്യാറായില്ല. പകരം ഗാന്ധി നഗറില്‍ നിന്ന് കന്നി മത്സരത്തിന് അമിത്ഷാ തന്നെ രംഗത്തിറങ്ങി. 1998 മുതല്‍ 2014 വരെ തുടര്‍ച്ചയായി ഗാന്ധിനഗറിലെ പ്രതിനിധീകരിക്കുന്ന തന്നെ ഏകപക്ഷീയമായി ഇത്തവണ മാറ്റിയതിലുള്ള വിയോജിപ്പ് അദ്ധ്വാനിക്കുണ്ട്. മുനവെച്ച് ബ്ലോഗെഴുതി അദേഹമത് പ്രകടമാക്കുകയും ചെയ്തു.

സര്‍ക്കാറിലും പിടിമുറുക്കാന്‍ ഷാ

സര്‍ക്കാറിലും പിടിമുറുക്കാന്‍ ഷാ

നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാ അംഗമാണ് ബി.ജെ.പി അദ്ധ്യക്ഷനും മോഡിയുടെ വലംകൈയുമായ അമിത്ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമിത്ഷാ രംഗത്തിറങ്ങുമ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് വീണ്ടും അധികാരത്തിലെത്തിയാല്‍ സുപ്രധാന വകുപ്പ് തന്നെ. നിലവില്‍ പാര്‍ട്ടിയിലെ അന്തിമവാക്ക് അമിത്ഷായും സര്‍ക്കാറില്‍ മോദിയുമാണ്. അമിത്ഷാ കൂടെ ജയിച്ചെത്തുകയും തെരഞ്ഞെടുപ്പില്‍ അധികാര തുടര്‍ച്ച നേടുകയും ചെയ്താല്‍ ഈ കൂട്ടുകെട്ട് കൂടുതല്‍ ശക്തമാകും. വെള്ളിവെളിച്ചത്തിന്റെ മുഖ്യധാരയില്‍ മിന്നിതിളങ്ങാനാണ് മോദിക്ക് മോഹമെങ്കില്‍, അണിയറയില്‍ ഒതുങ്ങി കരുക്കള്‍ നീക്കാന്‍ തന്നെയാണ് അമിത് ഷായ്ക്ക് അന്നും ഇന്നും താല്‍പ്പര്യം. നരേന്ദ്ര മോദിയുടെ വെളുത്ത താടിയാണ് പ്രസിദ്ധമെങ്കില്‍ കറുത്ത താടിയായിരുന്നു അമിത്ഷായുടേത്. അഞ്ച് വര്‍ഷം വരുത്തിയ മാറ്റത്തില്‍ അമിത്ഷായുടെ താടിയും വെളുത്തുതുടങ്ങി. എന്നാല്‍ ഇരുവരുടേയും സ്വഭാവ സവിശേഷതകളില്‍ മാറ്റമൊന്നും വന്നിട്ടുമില്ല.

ചാണക്യ ബുദ്ധിയിലെ കരുനീക്കം

ചാണക്യ ബുദ്ധിയിലെ കരുനീക്കം

ഗുജറാത്ത് രാഷ്ട്രീയത്തില്‍ മോഡി ഒന്നുമല്ലാത്ത കാലത്ത്തന്നെ കൈപിടിച്ച് കൂടെ കൂടിയതാണ് അമിത്ഷാ. പിന്നീടിങ്ങോട്ട് പ്രതിസന്ധി ഘട്ടങ്ങളിലും വിജയാവേശങ്ങളിലും ഒപ്പംനിന്ന് മോഡിയ്ക്ക് തന്ത്രങ്ങള്‍ ഉപദേശിക്കുന്ന ചാണക്യ സ്ഥാനമാണ് അമിത്ഷായ്ക്ക്. ഇന്നത്തെ പോലെ വിലകൂടിയ കോട്ടും സ്യൂട്ടുമില്ലാതെ രാജ്യ തലസ്ഥാനം കേന്ദ്രമാക്കി ബി.ജെ.പിയുടെ അപ്രധാന പദവികളില്‍ ഒതുങ്ങുമ്പോഴും വലിയ ആകാശം സ്വപ്നം കണ്ട മോഡിയ്‌ക്കൊപ്പം അമിത്ഷായും പറ്റിയ സമയത്തിനായി കാത്തിരുന്നു.

മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധം

മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധം

1991 ല്‍ മുരളീ മനോഹര്‍ ജോഷിയുടെ ഏകതായാത്രയ്ക് സാരഥ്യം വഹിക്കാന്‍ അന്നത്തെ കരുത്തനായ പ്രമോദ് മഹാജനെയായിരുന്നു ബി.ജെ.പി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ചുമതല ഏറ്റെടുക്കാന്‍ മഹാജന്‍ വിമുഖത പ്രകടിപ്പിച്ചു. അവസരം കാത്തുനിന്ന് മോദിയാകട്ടെ ഒരു നിമിഷം പാഴാക്കാതെ നിയോഗം ഏറ്റെടുക്കാന്‍ തയ്യാറായി. എന്നാല്‍ ഗുജറാത്ത് രാഷ്ട്രീയത്തിന്റെ അന്നത്തെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ സ്ഥാനമില്ലാതിരുന്ന മോദിയെ അംഗീകരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ഇതോടെ പ്രതിസന്ധിയിലായ മോദിയ്ക്ക് താങ്ങായതും അമിത്ഷാ തന്നെ. കുരുക്ക് നീക്കി മോദിയെ മുന്നിലേക്ക് നയിച്ച് ഏകതാ യാത്ര വലിയ വിജയമാക്കി തീര്‍ത്തതോടെ ദൃഢമായ ബന്ധം ഇന്നും ശക്തമായി തുടരുന്നു.

മോദിയുടെ കണ്ണും കാതും

മോദിയുടെ കണ്ണും കാതും

അത്കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. വിമതരും ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളുമൊക്കെ മോഡിയ്‌ക്കെതിരേ ഒന്നിച്ചെങ്കിലും അമിത്ഷായുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായി. മോദി സര്‍ക്കാറില്‍ പങ്കാളിയായ അമിത്ഷാ സര്‍ക്കാറിനും മോഡിയെ സംരക്ഷിച്ചുനിര്‍ത്തി. മുഖ്യമന്ത്രിയായിരുന്ന മോദിയുടെ കണ്ണും കാതുമായ അമിത്ഷാ വര്‍ഷങ്ങള്‍ക്കിപ്പുറത്ത് പ്രധാനമന്ത്രിയായ മോദിയ്ക്കും സാരഥിയായി ഒപ്പമുണ്ടെന്നാണ് രാഷ്ട്രീയ കൗതുകം. രാഷ്ട്രീയ പ്രതിയോഗികള്‍ക്കൊപ്പം സ്വന്തം പക്ഷത്ത്‌നിന്നുള്ള ആക്രമണവും തടയാന്‍ അമിത്ഷാ കാണിക്കുന്ന ജാഗ്രതയാണ് മോഡിയുടെ നിലനില്‍പ്പിന് ആധാരം.

ഷായുടെ ജാഗ്രതയില്‍ മോദി വിജയം

ഷായുടെ ജാഗ്രതയില്‍ മോദി വിജയം

ഗുജറാത്തിലെ കൂട്ടുകുടുംബ ഭദ്രതയില്‍ ജീവിതം പഠിച്ച അമിത് ഷാ ഘടകകക്ഷികളെ മെരുക്കി നിര്‍ത്തുകയും എതിരാളികള്‍ക്കെതിരേ തന്ത്രം മെനയുകയും ചെയ്ത് ജാഗ്രത പാലിച്ചതോടെയാണ് മോദിയ്ക്ക് അഞ്ച് വര്‍ഷം തടസങ്ങളേതുമില്ലാതെ സര്‍ക്കാറിനെ നയിക്കാന്‍ സാധിച്ചത്. ഗുജറാത്തിലെ ബിസിനസ് കുടുംബത്തിലാണ് അമിത്ഷായുടെ ജനനം. ചെറുപ്രായത്തിലേ സ്വായത്തമാക്കിയ കുടുംബ ബിസിനസിന്റെ സങ്കീര്‍ണഘടനയിലൂന്നിതന്നെയാണ് അമിത്ഷാ രാഷ്ട്രീയ മേഖലയിലും തന്ത്രങ്ങള്‍ മെനയുന്നതും പ്രാവര്‍ത്തികമാക്കുന്നതും. സഹകരണപാഠങ്ങളുടെ പിന്‍ബലത്തില്‍ സംസ്ഥാന ഭരണം ഒന്നൊന്നായി അമിത് ഷാ വെട്ടിപ്പിടിച്ചു. ആശയപരമായ സാഹചര്യങ്ങളാല്‍ അടുക്കാന്‍ കൂട്ടാക്കാത്തവരേ പണമെറിഞ്ഞ് കൂടെ നിര്‍ത്തി.

അമിത് ഷായുടെ തന്ത്രങ്ങൾ

അമിത് ഷായുടെ തന്ത്രങ്ങൾ

രാഷ്ട്രീയപരമായി സ്വാധീനമില്ലാത്ത മേഖലകളിലും ഇതേ മാര്‍ഗം തന്നെ സ്വീകരിച്ചു. മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണ കാലയളവിനുള്ളില്‍ രാജ്യ ഭൂപടം കാവിനിറമാര്‍ന്നതായി. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത വിജയങ്ങള്‍ സ്വന്തമാക്കി അവസാന കാലത്ത് ഹൃദയ ഭാഗങ്ങളിലടക്കം നീല നിറമാര്‍ന്നെങ്കിലും തോറ്റ്‌കൊടുക്കാന്‍ അമിത്ഷായ്ക്ക് മനസില്ല. ജയിക്കാനായി ഏത് തന്ത്രവും പയറ്റുന്ന അമിത്ഷാ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടത്താന്‍ പോകുന്ന പരീക്ഷണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ജനത. ഏത് തരത്തിലുള്ള പ്രത്യാഘാതമാകും രൂപപ്പെടുകയെന്ന് വ്യക്തമാകണമെങ്കില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കണം.

ബി.ജെ.പിയിലെ അവസാനവാക്ക്

ബി.ജെ.പിയിലെ അവസാനവാക്ക്

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്നു അമിത്ഷായെങ്കില്‍ ഇത്തവണ ബി.ജെ.പി ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ അവസാനവാക്കാണ്. എതിര്‍പ്പുയര്‍ത്താന്‍ അന്ന് ഒട്ടേറെ പേരുണ്ടായിരുന്നെങ്കില്‍ ഇന്ന് പാര്‍ട്ടിയില്‍ തിരുവായയ്ക്ക് എതിര്‍വായയില്ല. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ അമിത്ഷായ്ക്ക് തന്റെ തന്ത്രങ്ങള്‍ പ്രായോഗികതയില്‍ വരുത്താന്‍ തടസങ്ങളൊന്നുമില്ല. അന്നും ഇന്നും ഉത്തര്‍പ്രദേശ് തന്നെയാണ് ഷായുടെ വലിയ തലവേദന. ലക്‌നോ വഴിയാണ് ലോക്‌സഭയിലേക്കുള്ള വാതിലെന്നാണ് രാഷ്ര്ടീയ ചൊല്ല്. ഏറ്റവും കൂടുതല്‍ സീറ്റുള്ള ഉത്തര്‍പ്രദേശ് പിടിച്ചാലേ രാജ്യാധികാരം കൈപ്പിടിയിലൊതുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വ്യക്തം. ഇതിനാല്‍തന്നെ യു.പിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇന്ത്യ തെരഞ്ഞെടുപ്പ് കാലത്ത് അധികാര വഴികളിലെ കയറ്റിറക്കങ്ങള്‍ കണക്ക്കൂട്ടുന്നതും.

യു.പിയിലെ വിജയ തുടക്കം

യു.പിയിലെ വിജയ തുടക്കം

കഴിഞ്ഞ തവണ യു.പിയുടെ ചുമതല നല്‍കി പാര്‍ട്ടി അമിത്ഷായ്ക്ക് നല്‍കിയ ടാര്‍ജറ്റ് നാല്‍പ്പത് സീറ്റായിരുന്നു. പത്ത് സീറ്റ് മാത്രമായിരുന്നു യു.പിയില്‍ തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പില്‍ നേടാന്‍ സാധിച്ചിരുന്നത്. വോട്ടെണ്ണിയപ്പോള്‍ ബി.ജെ.പിയെ പോലും ഞെട്ടിച്ച് വാരികൂട്ടിയത് എണ്‍പതില്‍ 71 സീറ്റ്. സഖ്യകക്ഷി നേടിയ രണ്ട് സീറ്റുകള്‍ കൂടെ കൂട്ടിയാല്‍ 73 സീറ്റ്. ജാതീയത കെട്ടി പിണഞ്ഞ യു.പി രാഷ്ട്രീയം ഗുജറാത്തില്‍ കളിച്ചു വളര്‍ന്ന അമിത് ഷായ്ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ചാണക്യതന്ത്രങ്ങളിലൂടെ മറികടന്നു. അന്നത്തെ യു.പി ബി.ജെ.പി രാഷ്ട്രീയത്തിലെ മഹാമേരുക്കള്‍ അമിത്ഷായെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ഉമാഭാരതി, കല്യാണ്‍ സിംഗ്, വിനയ് കട്യാര്‍, വരുണ്‍ ഗാന്ധി തുടങ്ങിയ യു.പി യിലെ ബി.ജെ.പി നേതാക്കളുടെ താന്‍പോരിമയായിരുന്നു ആദ്യഘട്ടത്തില്‍ ഷായ്ക്ക് മുന്നില്‍ വിലങ്ങ് തടിയായത്.

ആവര്‍ത്തിക്കപ്പെട്ട വിജയചരിത്രം

ആവര്‍ത്തിക്കപ്പെട്ട വിജയചരിത്രം

എന്നാല്‍ സമയമേറെയെടുക്കാതെ തന്നെ അമിത് ഷാ, താന്‍പോരിമയുള്ള നേതാക്കളെ മെരുക്കി കൂട്ടിലടച്ചു. കെട്ടിപ്പിണഞ്ഞ് ഗ്രഹിക്കാന്‍ പാടുപെട്ട ജാതിരാഷ്ട്രീയത്തെ പൊളിച്ചെഴുതി. തുടര്‍ന്ന് 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പൊതുതെരഞ്ഞെടുപ്പിന് സമാനമായ വിജയം ആവര്‍ത്തിച്ചു. എല്ലാ സര്‍വേ ഫലങ്ങളും കണക്ക്കൂട്ടലുകളും തെറ്റിച്ച് നാലില്‍ മൂന്ന് ഭൂരിപക്ഷത്തിലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി കസാര നോട്ടമിട്ട് സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖരും വട്ടമിട്ടു. അമിത്ഷായെ പേടിച്ച് പരസ്യ കലാപത്തിന് ഒരുങ്ങിയില്ലെങ്കിലും അനുയായികളെ രംഗത്തിറക്കി സമ്മര്‍ദ്ദം ശക്തമാക്കി. ദിവസങ്ങളോളം തീരുമാനം നീണ്ട് ഒടുവില്‍ അപ്രതീക്ഷിതമായി പൂര്‍വ്വാഞ്ചലിലെ തീവ്രഹിന്ദുത്വ നേതാവ് യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയാക്കി അമിത്ഷാ വീണ്ടും ഞെട്ടിച്ചു. അതുവരെ വിവാദ പ്രസ്ഥാവനകള്‍ മാത്രം നടത്തി ബി.ജെ.പിയ്ക്ക് ബാധ്യതയായി മാറിയ യോഗി അതോടെ നല്ല നടപ്പിലുമായി. ഇന്ന് മോഡി- യോഗി കൂട്ടുകെട്ടിന്റെ കരുത്തിലാണ് യു.പിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

മഹാസഖ്യവും ആശങ്കയും

മഹാസഖ്യവും ആശങ്കയും

യു.പി.യിലെ ബദ്ധശത്രുക്കളായ എസ്.പിയും ബി.എസ്.പിയും കൈകോര്‍ത്തതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകമായി മാറിയത്. മോഡി- യോഗി കൂട്ടുകെട്ടും ഷായുടെ ചാണക്യ തന്ത്രവും തങ്ങളുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ബദ്ധ ശത്രുക്കളായ ഇരുപാര്‍ട്ടികളും ഒരുമിച്ചത്. ശതമാന കണക്കില്‍ മഹാ സഖ്യത്തിന് മുന്‍തൂക്കമുണ്ടെങ്കിലും ആശങ്കപ്പെടാന്‍ ഏറെയൊന്നുമില്ലെന്ന് തന്നെയാണ് ഷായുടെ നിലപാട്. പൊതു തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും സഖ്യം തകരുമെന്ന് തന്നെയാണ് ഷാ ആണയിട്ട് പറയുന്നത്. എസ്.പി സ്ഥാപക നേതാവ് കൂടിയായ മുലായം സിംങ് യാദവ് സഖ്യത്തിനെതിരെ പാര്‍ലമെന്റിലും പൊതുവേദിയിലും ശക്തമായി രംഗത്ത് വന്നപ്പോഴും ഷായുടെ തന്ത്രപരമായ വിജയമായാണ് വിശേഷിപ്പിക്കപ്പെട്ടത്. മുലായത്തിന്റെ പേരിലുള്ള സി.ബി.ഐ കേസുകളടക്കം ഓര്‍ത്ത് ചിരിയില്‍ പിശുക്ക് കാട്ടുന്ന അമിത് ഷാ ചിരിയൊതുക്കിതന്നെയാണ് മുലായത്തിന്റെ പിന്തുണയെ ഏറ്റുവാങ്ങിയതും.

ബംഗാളിലേക്ക് പടര്‍ന്ന സ്വാധീനം

ബംഗാളിലേക്ക് പടര്‍ന്ന സ്വാധീനം

ഇത്തവണ യു.പിയില്‍ നഷ്ടമായേക്കാവുന്ന സീറ്റുകള്‍ ബംഗാള്‍- ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് കണ്ടെത്താനുള്ള തന്ത്രമാണ് അമിത്ഷാ ഇത്തവണ പയറ്റുന്നത്. കിഴക്കന്‍ ഇടനാഴിയില്‍ സ്വാധീനമുണ്ടാക്കാനുള്ള അമിത്ഷായുടെ തന്ത്രങ്ങള്‍ക്ക് ഫലമുണ്ടായിട്ടുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബംഗാളില്‍ മുഖ്യ പ്രതിപക്ഷമായി ബി.ജെ.പി വളര്‍ന്നുകഴിഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ പടിക്ക് പുറത്ത്‌നിര്‍ത്തി വര്‍ഗ രാഷ്ട്രീയത്തിന് പിന്തുണ നല്‍കിയ ബംഗാള്‍, അമിത്ഷായുടെ ഇടപെടലിലൂടെ ഏറെമാറി. വര്‍ഗീയതയുടെ ആഴവും പരപ്പും ബംഗാളിനേയും മുക്കിതുടങ്ങി. വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിട്ട് മതാധിഷ്ഠിത ധ്രൂവീകരണം ശക്തമായ ബംഗാളിനെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. നിലവില്‍ രണ്ട് എം.പിമാറ മാത്രമുള്ള ബംഗാളില്‍നിന്ന് 23 എം.പിമാരെ കണ്ടെത്താനാണ് സംസ്ഥാന ഘടകത്തിന് അമിത്ഷാ നല്‍കിയ ലക്ഷ്യം. അമിത്ഷാ നേരിട്ട് പ്രചാരണം ഏറ്റെടുത്തതോടെ വര്‍ഗീയ സംഘര്‍ഷങ്ങളും സംസ്ഥാനത്ത് പെരുകി.

കലാപങ്ങളുടെ വഴിയടയാളം

കലാപങ്ങളുടെ വഴിയടയാളം

അമിത് ഷാ യു.പി യില്‍ പാര്‍ട്ടി ചുമതലയേറ്റ് ഏറെ കഴിയും മുന്നെയാണ് മുസാഫര്‍ നഗര്‍ കലാപവും പൊട്ടിപ്പുറപ്പെട്ടതെന്നത് ഒരു പക്ഷേ, യാദൃശ്ചികമാകാം. ഇതിന്റെ പരിണതഫലം ജാതീയ സമവാക്യങ്ങളെ തിരുത്തുന്നതുമായി. അകന്നു പോയിരുന്ന ബ്രാഹ്മണ, ഠാക്കൂര്‍ വിഭാഗങ്ങള്‍ ബി.ജെ.പിയിലേക്ക് തിരിച്ചെത്തി. പശ്ചിമ യു.പി യില്‍ ജാട്ട് വിഭാഗം ബി.ജെ.പിയോട് കൂട്ടുചേര്‍ന്നു. യാദവ-ജാതവ വോട്ടുകളും സ്വന്തം പക്ഷത്തെത്തിയതോടെ 2014ലെ പൊതു തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.പി രാഷ്ട്രീയത്തില്‍ ഹിന്ദുത്വയെ പ്രതിഷ്ഠിച്ച് ബി.ജെ.പി മിന്നും വിജയവും നേടി. ഇത്തവണ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ ബ്രഹ്മണ -താക്കൂര്‍ വോട്ടുകള്‍ നഷ്ടമായേക്കുമെന്ന ആശങ്കയില്‍ രാഹുലിന് വയനാട്ടില്‍ ലഭിക്കുന്ന മുസ്ലിം ലീഗ് പിന്തുണ ചൂണ്ടികാട്ടി പ്രചാരണം നടത്താനാണ് അമിത്ഷായുടെ നിര്‍ദേശം. ജാതി രാഷ്ര്ടീയത്തില്‍ സൃഷ്ടിച്ച പുത്തന്‍ ധ്രുവീകരണം ഇത്തവണയും നില നിര്‍ത്താനാണ് പാര്‍ട്ടി പ്രസിഡന്റായി രണ്ടാമൂഴത്തിലെത്തിയ അമിത് ഷാ ഇതുവഴി ശ്രമിക്കുന്നത്.

കൈപിടിക്കാന്‍ വിവാദങ്ങള്‍

കൈപിടിക്കാന്‍ വിവാദങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ ഒറ്റകക്ഷിയാകാതിരുന്നിട്ടും മറുപക്ഷത്ത് നിന്ന് ചാക്കിട്ട് പിടിച്ചും പണമൊഴുക്കിയും ബി.ജെ.പി അധികാരം പിടിച്ചതിനെതിരേയും പ്രതിപക്ഷം അമിത്ഷായെ പ്രതികൂട്ടിലാക്കി രംഗത്ത്‌വന്നിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും അമിത്ഷാ കുലുങ്ങിയില്ല. ഏറ്റവും ഒടുവില്‍ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ മരിച്ചപ്പോഴും അധികാരം നിലനിര്‍ത്തിയത് അമിത്ഷായുടെ തന്ത്രങ്ങള്‍ തന്നെ. ഇത്തരത്തില്‍ വിവാദങ്ങളുടെ കൈപിടിച്ച് വളര്‍ന്ന രാഷ്ട്രീയ നേതാവാണ് അമിത്ഷാ. 2010 ജൂലായ് 5 ന് സി.ബി.ഐ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് ജാമ്യമനുവദിച്ച കോടതി വിലക്കിയതുമൊക്കെ അമിത് ഷായെ വിവാദപുരുഷനാക്കി.

സംശയത്തിന്റെ നിഴലിൽ

സംശയത്തിന്റെ നിഴലിൽ

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന ഷാ സംശയത്തിന്റെ നിഴലിലായ പല ഏറ്റുമുട്ടല്‍ കേസുകളും വീണ്ടും കോടതികളിലെത്തി. ഏറ്റുമുട്ടല്‍ കേസുകള്‍ വിചാരണ നടത്തിയ ജ.ലോയയുടെ മരണവുമായി ബന്ധപ്പെട്ടും ഷായ്ക്ക് നേരെ ആരോപണങ്ങളുയര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഷായുടെയും കുടുംബത്തിന്റേയും സ്വത്തില്‍ ക്രമാതീത വര്‍ധനവുണ്ടായെന്ന ആരോപണം ഗാന്ധിനഗറിലെ പത്രിക സമര്‍പ്പണത്തിന് ശേഷം കൂടുതല്‍ ശക്തമായി. എന്നാല്‍ കൂട്ടുകുടുംബ ഓഹരി വീതം വച്ച് ലഭിച്ചതോടെയാണ് വരുമാനം കൂടിയതെന്ന് തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്ന വിശദീകരണം.

കൗടില്ല്യബുദ്ധിയിലെ തന്ത്രങ്ങള്‍

കൗടില്ല്യബുദ്ധിയിലെ തന്ത്രങ്ങള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയെക്കാളേറെ ഭൂരിപക്ഷം ലഭിച്ചിട്ടും നേതാവിന് പിന്നിലൊതുങ്ങാന്‍ മാത്രം താല്‍പ്പര്യപ്പെട്ട ഷായുടെ കൗടില്യ ബുദ്ധി തന്നെയാണ് മോദിയുടെ കരുനീക്ക വിജയങ്ങള്‍ക്ക് ആധാരം. മോദിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ കൗടില്യ ബുദ്ധിയായി മാറുമ്പോഴും മോഡിയോടുള്ളത് കുടുംബ കാരണവരോടുള്ള ബഹുമാനം. കുടുംബ ജീവിതം ത്യജിച്ച് ഒറ്റയാനായ മോദിയ്ക്ക് വെട്ടൊന്ന് മുറി രണ്ടെന്നതാണ് തീരുമാനം. എന്നാല്‍ കൂട്ടുകുടുംബ സമവാക്യങ്ങള്‍ സ്വായത്തമാക്കിയ അമിത്ഷായാകട്ടെ വിട്ടുവീഴ്ചകളിലൂടെയും ഒത്തുതീര്‍പ്പിലൂടേയും ആത്യന്തിക വിജയം നേടാനാണ് താല്‍പ്പര്യപ്പെടുന്നത്. വിട്ട്‌വീഴ്ച ചെയ്ത് ഒപ്പംനിര്‍ത്താന്‍ താല്‍പ്പര്യപ്പെടുമ്പോഴും മഹാരാഷ്ട്രയില്‍ ശിവസേനയെ പാതിയും വിഴുങ്ങികഴിഞ്ഞതുപോലുള്ള ഉദാഹരണങ്ങള്‍ ഏറെയുണ്ട്.

എല്ലാത്തിനും മീതെ ഷാ

എല്ലാത്തിനും മീതെ ഷാ

കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് അമിത്ഷാ, ദില്ലിയിലെ ദീനദയാല്‍ ഉപാധ്യായ മാര്‍ഗില്‍ കോര്‍പ്പറേറ്റ് മാതൃകയില്‍ ബി.ജെ.പിയുടെ അഞ്ച് നില കൂറ്റന്‍ കേന്ദ്ര ഓഫീസ് പണിതത്. നാലാംനിലയിലെ വിശാലതയില്‍ അമിത്ഷായ്ക്ക് മാത്രമായാണ് ഓഫീസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കേന്ദ്ര ഓഫീസിലെ ഓരോ ചലനങ്ങളും നാലാംനിലയില്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് മറ്റ് ഭാരവാഹികള്‍ക്കും വ്യക്തം. ചാണക്യന്റേയും ശ്രീ ശങ്കരാചാര്യരുടേയും ജീവിത ദര്‍ശനങ്ങളോടാണ് താല്‍പ്പര്യം. നേരത്തെ സ്ഥിരം താവളമായിരുന്ന ദില്ലി ചാണക്യ പുരി കൗടില്യാ മാര്‍ഗിലെ ഗുജറാത്ത് ഭവനിലായാലും പുതിയ ഓഫീസിലായാലും ചുവരില്‍ പതിച്ചത് ഇവരുടെ പടങ്ങള്‍ തന്നെ. അമിത്ഷായുടെ മനസില്‍ രൂപപ്പെടുന്ന തന്ത്രങ്ങളും ഇവരുടെ ജീവിത ദര്‍ശനങ്ങളില്‍ അധിഷ്ഠിതം.

English summary
How Amit Shah and Narendra Modi retain complete control of the party organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X