കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലപ്പാൽ എന്തിന്, എങ്ങനെ പാൽ കൊടുക്കും? മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഡോ. ഷിംന അസീസ്

  • By Muralidharan
Google Oneindia Malayalam News

ഡോ. ഷിംന അസീസ്

മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍. സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഇന്‍ഫോ ക്ലിനിക്കിന്‍റെ ഭാഗം കൂടിയാണ് ഡോ ഷിംന.

''തുറിച്ച് നോക്കരുത്... ഞങ്ങള്‍ക്ക് മുലയൂട്ടണം'' എന്ന ഗൃഹലക്ഷ്മി മാഗസിന്റെ കവര്‍ സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ സംസാരവിഷയം. കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം കവറിൽ പ്രസിദ്ധീകരിച്ച ഗൃഹലക്ഷ്മി ഒരു മാറ്റത്തിന് തുടക്കം കുറിച്ചു എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. എന്നാൽ അങ്ങനെയല്ല മാർക്കറ്റിങാണ് ഗൃഹലക്ഷ്മിയുടെ ലക്ഷ്യമെന്ന് കരുതുന്നവരും കുറവല്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഗൃഹലക്ഷ്മി ഉയർത്തിയത് എന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമുണ്ടാകാനിടയില്ല. സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഡോ. ഷിംന അസീസ് വൺഇന്ത്യ മലയാളത്തിന് വേണ്ടി എഴുതുന്നു.

ചോദ്യങ്ങളുടെ ഘോഷയാത്ര

ചോദ്യങ്ങളുടെ ഘോഷയാത്ര

എംബിബിഎസ്‌ എട്ടാം സെമസ്റ്റർ പഠിക്കുമ്പോഴാണ് ആച്ചുവിന്‌ ജന്മം കൊടുക്കുന്നത്. ആച്ചു ജനിച്ച് ഇരുപത്തഞ്ചാം ദിവസം തിരിച്ച് മെഡിക്കൽ കോളേജിലേക്ക് ക്ലാസിനായി തിരിച്ചു പോകുമ്പോൾ എല്ലാവരും ചോദിച്ചിരുന്നൊരു ചോദ്യം കുട്ടിക്ക് മുല കൊടുക്കണ്ടേ എന്നാണ്. എങ്ങനെ ഇത്ര സമയം പാലുകൊടുക്കാതെ പിഞ്ചുപൈതലിനെ പിരിഞ്ഞ് നിൽക്കും? കാണുന്ന പരിചയക്കാർക്ക്‌ മുഴുവൻ ഏത് നേരം ചോദ്യങ്ങൾ ഉണ്ടായിരുന്നതും അത്‌ തന്നെയാണ്‌.

മുലകൊടുക്കൽ നീട്ടി വെക്കുമ്പോൾ, അല്ലെങ്കിൽ കുറച്ച് നേരം കുട്ടിക്ക് പാല് കൊടുക്കാതെ പിന്നെ കൊടുക്കുമ്പോൾ വയറിളക്കം ഉണ്ടാവില്ലേ, വിശന്ന് കരയില്ലേ, കുട്ടിക്ക് ഇപ്പോൾ തന്നെ പൊടിപ്പാൽ കൊടുക്കാൻ പാടുണ്ടോ? (ആറു മാസം മുലപ്പാലല്ലാതെ മോൾക്ക്‌ യാതൊന്നും കൊടുത്തിട്ടില്ല. എന്നിട്ടും പൊടിപ്പാലാകും കൊടുക്കുന്നത്‌ എന്ന ഉറപ്പിലായിരുന്നു ചുറ്റുമുള്ളവർ.) ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു. ഉത്തരം പറഞ്ഞാലും പൊതുവെ ആരും അതിൽ തൃപ്തർ ആവില്ല. അങ്ങനെ ഒക്കെ ഒരു ദുരവസ്ഥ.

എക്സ്പ്രസ്ഡ്‌ ബ്രസ്റ്റ് മിൽക്‌

എക്സ്പ്രസ്ഡ്‌ ബ്രസ്റ്റ് മിൽക്‌

അങ്ങനെ കോളേജിലേക്ക്‌ പോകുമ്പോൾ രാവിലെ പാല് പിഴിഞ്ഞെടുത്ത് വെയ്ക്കാം എന്ന് പറഞ്ഞാലും സാമ്പ്രദായിക രീതിയിൽ ചിന്തിക്കുന്ന സമൂഹത്തിന്റെ നടുവിൽ ജീവിക്കുന്നത്‌ കൊണ്ട് അതവർക്ക് ഉൾക്കൊള്ളാൻ പറ്റില്ല. അതെങ്ങനെ പറ്റും? കുപ്പിപ്പാൽ ആക്കിക്കൊടുക്കുമോ? അതിനും മാത്രം പാൽ കിട്ട്വോ? പാല്‌ കേട്‌ വരില്ലേ? വീണ്ടും ചോദ്യങ്ങൾ. പാൽ കൊടുത്താലും കുഴപ്പം കൊടുത്തില്ലെങ്കിലും കുഴപ്പം. അങ്ങനെയാണ്‌ ഒരു വർഷം പഠിച്ച് തീർത്തത്‌.

എക്സ്പ്രസ്ഡ്‌ ബ്രസ്റ്റ് മിൽക്‌ എന്ന ഏറെ സൗകര്യപ്രദവും ഫലപ്രദവുമായ ആ രീതിയെക്കുറിച്ച്‌ പറഞ്ഞാൽ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളത്‌ പോലെയാണ് സമൂഹത്തിന്റെ മനസ്ഥിതി. മുലപ്പാല് കൊടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാലുപാടും എഴുതിവയ്‌ക്കപ്പെട്ടിട്ടുണ്ട്. സംസാരിക്കുന്നുണ്ട്. ക്ലാസുകൾ ഉണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ യഥേഷ്ടം അതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വിരൽത്തുമ്പിലുണ്ട്‌. വിശ്വസനീയമായ സൈറ്റുകൾ തന്നെ ലഭ്യമാണ്‌. എന്നാൽ പോലും നമുക്ക് മുതിർന്നവർ പറയുന്നത്, മുൻതലമുറകൾ പറയുന്നത് തുടങ്ങിയവയൊക്കെയാണ് മുലയൂട്ടുന്നതിന്റെ അംഗീകരിക്കപ്പെട്ട അടിസ്ഥാന പാഠങ്ങൾ.

കുഞ്ഞിന് കൊളസ്ട്രം നിഷേധിക്കരുത്

കുഞ്ഞിന് കൊളസ്ട്രം നിഷേധിക്കരുത്

ഈ ഒരു സ്ഥിതിക്ക് തെറ്റായ ഭാഷ്യമുണ്ടെന്നൊന്നും അവകാശപ്പെടുന്നില്ല. അവർ പറയുന്നത്‌ മുഴുവൻ തെറ്റെന്ന്‌ അടച്ചാക്ഷേപിക്കുന്നുമില്ല. അവർ പകരുന്ന മുലയൂട്ടലിന്റെ ബാലപാഠങ്ങൾക്ക്‌ വലിയ പ്രസക്‌തിയുമുണ്ട്‌. പക്ഷേ, ചില കാര്യങ്ങളുണ്ട്, പാരമ്പര്യമായി പറഞ്ഞ്‌ പങ്കിട്ടു പോന്ന പല കാര്യങ്ങൾ. ജനിച്ച ഉടനെ ഉണ്ടാകുന്ന 'കൊളസ്ട്രം' എന്ന് പേരുള്ള കട്ടിയുടെ മഞ്ഞപ്പാൽ കൊടുക്കരുത് എന്ന് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്. പ്രത്യേകിച്ച്‌ പ്രസവശുശൂഷ്രക്ക്‌ സഹായത്തിന്‌ നിൽക്കുന്നവരാണിത്‌ സമൂഹത്തിൽ പരത്തിയിരുന്നത്‌. അത്‌ പോലെ കുഞ്ഞുവാവയുടെ മുലക്കണ്ണ്‌ കുളിപ്പിക്കുമ്പോൾ പിടിച്ചുടക്കണം എന്നും കേട്ടിട്ടുണ്ട്‌. ക്രൂരതയെന്നല്ലാതെ എന്ത് പറയാൻ! ഇപ്പോൾ ഇതാരെങ്കിലും പിന്തുടരുന്നുണ്ടോ എന്നൊന്നും അറിയില്ല.

കൊളസ്‌ട്രം നിഷേധിക്കുന്നത്‌ അസംബന്ധമാണ്‌. കാരണം തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷത്തിലേക്ക്, ഒരു കാലാവസ്ഥയിലേക്ക്, ഒരു വ്യവസ്ഥിതിയിലേക്ക് പിറന്ന് വീഴുന്ന കുഞ്ഞിന് ഏറ്റവും ആവശ്യമായ പ്രതിരോധ ഘടകങ്ങളായ ഇമ്യൂണോഗ്ലോബുലിനുകളും പ്രോട്ടീനും മറ്റനേകം കാര്യങ്ങളും അടങ്ങിയിട്ടുള്ള ആദ്യത്തെ മുലപ്പാലായ കൊളസ്ട്രം നിഷേധിക്കുന്നത് കുഞ്ഞിന്റെ അടിസ്ഥാനമായ ഒരു അവകാശം നിഷേധിക്കുന്ന നടപടിയാണ്‌.

കുഞ്ഞിന്റെ ആദ്യ വാക്സിൻ - മുലപ്പാൽ

കുഞ്ഞിന്റെ ആദ്യ വാക്സിൻ - മുലപ്പാൽ

മുലപ്പാലാണ് കുഞ്ഞിന്റെ ആദ്യ വാക്സിൻ. സിസേറിയൻ വഴി ജനിച്ച കുട്ടികളാണെങ്കിൽ മുലപ്പാൽ ആവശ്യത്തിന് ലഭ്യമാവാൽ ഒരൽപ്പം കൂടുതൽ സമയമെടുക്കും . എങ്കിൽ പോലും ക്ഷമയോടെ അമ്മക്ക് മാനസിക സമ്മർദ്ദമേൽക്കാത്ത രീതിയിൽ ആത്‌മവിശ്വാസത്തോടു കൂടി നിലകൊള്ളുകയാണെങ്കിൽ സമയമാവുമ്പോൾ മുലപ്പാൽ ഉണ്ടാകുന്നതായിട്ട് തന്നെയാണ് കണ്ടു വരുന്നത്. അല്ലാത്ത പക്ഷം 'പാൽ ഉണ്ടോ/ഉണ്ടാകില്ലേ' എന്ന ചോദ്യം നാലുപാടു നിന്നും വരികയും ആ ആകുലത തന്നെ മുലപ്പാലിന്റെ അളവിനെ കുറയ്ക്കുകയും ചെയ്യും. കുഞ്ഞിനെ കൃത്യമായി മുലയോട്‌ ചേർത്ത്‌ വെച്ച്‌ അമ്മയേയും കുഞ്ഞിനേയും സ്വസ്‌ഥമായി അവരുടെ ലോകത്തേക്ക്‌ വിടുക എന്നതാണ്‌ നമുക്കവർക്ക്‌ വേണ്ടി ചെയ്യാനാവുന്ന ഏറ്റവും വലിയ കാര്യം.

അമ്മ എപ്പോഴും സന്തോഷവതിയായിരിക്കണം, നന്നായി ഭക്ഷണം കഴിക്കണം എന്ന് പറയുന്നതിന്റെ അടിസ്ഥാനവും ഇത് തന്നെ ആണ്. ഭക്ഷണവും വെള്ളവും നന്നായി കഴിക്കുകയും, നന്നായി ഉറങ്ങുകയും മാനസിക സമ്മർദ്ദമില്ലാതിരിക്കുകയും ചെയ്യുന്ന ഒരു അമ്മയെ സംബന്ധിച്ചിടത്തോളം, സാധാരണ ഗതിയിൽ ആവശ്യത്തിന് പാൽ ഉണ്ടാകണ്ടതാണ്. സിസേറിയനാണെങ്കിൽ ജനിച്ച് ഒരു മണിക്കൂറിനുള്ളിലും സ്വാഭാവിക പ്രസവമാണെങ്കിൽ അര മണിക്കൂറിനുള്ളിലും കുഞ്ഞിനെ മുലയൂട്ടാം. കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് ആദ്യമായി പ്രസവിക്കുന്നവർക്കൊന്നും കൃത്യമായി കുഞ്ഞിനെ പിടിക്കാൻ പോലും അറിയണം എന്നില്ല. കുഞ്ഞിന്റെ വായയിൽ മുലക്കണ്ണ്‌ മാത്രം വെച്ച്‌ കൊടുക്കുന്ന തെറ്റായ രീതി പലപ്പോഴും കണ്ട്‌ വരാറുണ്ട്‌. മുലക്കണ്ണും അതിന്റെ ചുറ്റുമുള്ള ഏരിയോള എന്ന് പേരുള്ള കറുത്ത ഭാഗവും ചേർത്താണ് കുഞ്ഞിന്റെ വായിലേക്ക് വെയ്‌ക്കേണ്ടത്. ഒരു കാരണവശാലും കുഞ്ഞിന്‌ കിടത്തി പാൽ കൊടുക്കാൻ പാടില്ല.

മുലയൂട്ടുന്നതിന്റെ പൊസിഷൻ

മുലയൂട്ടുന്നതിന്റെ പൊസിഷൻ

പാൽ തികയുന്നില്ല, പാല്‌ കിട്ടുന്നില്ല, കുട്ടി വയറ്‌വേദനിച്ച്‌ കരയുന്നു, കുഞ്ഞ്‌ ഉറങ്ങുന്നില്ല തുടങ്ങിയ പരാതികളുടെയെല്ലാം ഉദ്‌ഭവസ്‌ഥാനം മുലയൂട്ടുന്നതിന്റെ പൊസിഷൻ ശരിയല്ലാത്തതാവാം. കിടന്ന്‌ പാൽ കൊടുക്കാൻ പാടില്ല. ഇരുന്ന്‌ പാൽ കൊടുക്കുമ്പോൾ കൃത്യമായ പൊസിഷൻ ഇതാണ്‌ - Tummy to tummy, chest to chest, chin to breast, baby to the mother and not mother to the baby. അതായത്‌, അമ്മയുടെ വയറിനോട്‌ ചേർന്ന്‌ കുഞ്ഞിന്റെ വയറ്‌, അമ്മയുടെ നെഞ്ചോട്‌ ചേർന്ന്‌ കുഞ്ഞിന്റെ നെഞ്ച്‌, കുഞ്ഞിന്റെ താടിയെല്ല്‌ അമ്മിഞ്ഞയോട്‌ ചേർന്ന്‌, അമ്മ കുഞ്ഞിലേക്ക്‌ കുനിയരുത്‌ മറിച്ച്‌ കുഞ്ഞിനെ അമ്മയോട്‌ ചേർക്കണം. കൂടാതെ മുലക്കണ്ണിന്‌ ചുറ്റുമുള്ള ഭാഗം(areola) കൂടി കുഞ്ഞിന്റെ വായിലായിരിക്കണം.

മുലക്കണ്ണിന്‌ മീതെയുള്ള (അമ്മക്ക്‌ കാണാൻ സാധിക്കുന്ന) ഏരിയോളയുടെ അൽപഭാഗം പുറത്ത്‌ കാണുന്നതിൽ തെറ്റില്ല. അത്രയും ഭാഗം കുഞ്ഞിന്റെ വായിൽ കൊള്ളുമോ എന്നല്ലേ ശങ്ക? ഒന്ന്‌ ശ്രമിച്ച്‌ നോക്കൂ, മുലയൂട്ടൽ സുഗമമാകുന്നത്‌ അനുഭവിച്ചറിയാം. ഇതാണ് ശരിയായ രീതി. ഈ രീതിയിൽ ഇരുന്ന് കൊണ്ട് മടിയിൽ തലയിണ വച്ച് അതിനു മുകളിൽ കുഞ്ഞിനെ വച്ച് സൗകര്യപ്രദമായി പാൽ കൊടുക്കാൻ സാധിക്കും. തലയിണ വച്ച് കൊടുക്കാം അതല്ലെങ്കിൽ കൈ ഒരു താങ്ങായി വച്ചു കൊണ്ട് പാൽ കൊടുക്കാം. വ്യത്യസ്ത പൊസിഷനുകൾ ഉണ്ട്. ഇങ്ങിനെ പാൽ കൊടുക്കണ്ട പൊസിഷനുകളെ സംബന്ധിച്ച ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണ്.

കിടന്ന് പാൽ കൊടുക്കരുത്

കിടന്ന് പാൽ കൊടുക്കരുത്

ഒരു കാരണവശാലും കിടന്ന് പാൽ കൊടുക്കരുത്. ഇതിന് രണ്ട് ദോഷങ്ങളൂണ്ട്. കിടന്ന് പാൽ കൊടുത്താൽ കുഞ്ഞിന്റെ ശ്വാസകോശത്തിലേക്ക്‌ പാൽ കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്‌ ജീവഹാനി പോലും സംഭവിക്കാവുന്ന അപകടമാണ്‌. അതുപോലെ പല്ല് മുളച്ച ശേഷം കുഞ്ഞിന്‌ മുലപ്പാൽ കിടന്ന് കൊടുക്കുമ്പോൾ പാലിലെ ലാക്ടോസ് പല്ലിൽ ഒട്ടിപ്പിടിച്ച് പല്ല് കേട്‌ വരാനുള്ള സാധ്യത കൂടുതലാണ്( lactation caries). മുൻവരിയിലെ മേൽപ്പല്ലുകളിലാണ്‌ ഇത്തരത്തിൽ കേട്‌ വരാനുള്ള സാധ്യത കൂടുതൽ. കുഞ്ഞിനെ 'പുഴുപ്പല്ലൻ' എന്ന്‌ വിളിപ്പിക്കുന്നത്‌ നമ്മുടെ സ്വാർത്‌ഥതയും സൗകര്യം നോക്കലും കൂടിയാകുന്നത്‌ അരോചകം തന്നെയാണ്‌.

പാലിന്റെ അളവ്‌ തികയുന്നില്ല എന്ന സംശയം കൊണ്ട് പൊടിപ്പാൽ നൽകാനുള്ള താല്പര്യം ചില രക്ഷിതാക്കൾക്കെങ്കിലുമുണ്ട്‌. കുഞ്ഞ് പാൽ കുടിച്ച ശേഷം ഒന്ന്- രണ്ട് മണിക്കൂർ നന്നായി ഉറങ്ങുകയും ദിവസവും ഏകദേശം 8-10 പ്രാവശ്യം മൂത്രം ഒഴിക്കുകയും ജനനസമയത്തെ തൂക്കത്തിന്‌ ആനുപാതികമായി ഭാരവർധനവ്‌ ഉണ്ടാകുകയും ചെയ്യുന്നുണ്ടെങ്കിൽ കുഞ്ഞിന് ആവശ്യമായ മുലപ്പാൽ എത്തുന്നുണ്ട് എന്ന് തന്നെ മനസ്സിലാക്കാം.

കുഞ്ഞിന് പൊടിപ്പാൽ കൊടുക്കാമോ?

കുഞ്ഞിന് പൊടിപ്പാൽ കൊടുക്കാമോ?

എപ്പോഴും കുഞ്ഞിന് പാൽ കൊടുക്കുന്ന പൊസിഷൻ കൃത്യമായിരിക്കണം. കൃത്യമാണെന്ന്‌ എങ്ങനെ മനസ്സിലാക്കും എന്നാണോ? കുഞ്ഞ് പാൽ ഇറക്കുന്ന ശബ്ദം നമുക്ക് കേൾക്കാൻ കഴിയും. കുഞ്ഞ്‌ പാൽ വലിച്ച്‌ കുടിക്കുന്നതിന്‌ അനുസരിച്ച്‌ പാൽ കൂടുതൽ ഉൽപാദിക്കപ്പെടും (sucking reflex). അതുപോലെ ആവശ്യത്തിന് പാൽ ഉള്ളതിന്റെ മറ്റൊരു ലക്ഷണമാണ് let down reflex. അതായത്‌, ഒരു മുലയിൽ നിന്ന് പാൽ കൊടുത്ത് കൊണ്ടിരിക്കുമ്പോൾ മറ്റേ മുലയിൽ നിന്ന് പാൽ തുള്ളിയായി പുറത്ത് വരുന്ന സ്ഥിതിവിശേഷമാണിത്.

പൊടിപ്പാൽ കൊടുക്കണ്ട അവസ്ഥ തീരുമാനിക്കുന്നത് ഡോക്ടറാണ്. ആവശ്യത്തിന് പാൽ ഇല്ല എന്ന് സംശയം തോന്നിയാൽ ഇത് ഡോക്ടറോട് വ്യക്തമാക്കുക. ഡോക്ടർ വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ, എങ്ങനെ പാൽപ്പൊടി കൊടുക്കണം, എത്ര വെള്ളത്തിൽ എത്ര പാൽപ്പൊടി കലക്കണം എന്നെല്ലാം നിർദേശിക്കും. കുഞ്ഞിന്റെ പ്രായം, ഭാരം ഒക്കെ അനുസരിച്ച് എത്ര വെള്ളത്തിൽ എത്ര പൊടി എന്നൊക്കെ കൃത്യമായി പാക്കറ്റിന്റെ മീതെ എഴുതിയിട്ടുണ്ടാവും. അതിനനുസരിച്ച് കൊടുക്കണം. അതിൽ കൂടുതൽ കട്ടിയായാൽ കുഞ്ഞിന് ദഹിക്കാൻ പ്രയാസമായിരിക്കും. കട്ടി കുറവാണെങ്കിൽ കുഞ്ഞിന് ആവശ്യത്തിന് ഭാരവർദ്ധനവ് ഉണ്ടാവില്ല. ഫോർമുല ഫീഡ്‌ നൽകുമ്പോൾ ചെറിയ തോതിൽ മലബന്ധം സ്വാഭാവികമാണ്‌. ഭയക്കേണ്ടതില്ല.

പശുവിൻ പാലും ആട്ടിൻ പാലും

പശുവിൻ പാലും ആട്ടിൻ പാലും

കുഞ്ഞിന് മുലപ്പാലല്ലാതെ ഫോർമുല ഫീഡ് കൊടുക്കണ്ട അവസ്ഥ വന്ന് കഴിഞ്ഞാൽ ഒരു കാരണവശാലും കുപ്പിപ്പാലിനെ ആശ്രയിക്കാൻ പാടില്ല. ഒരു വയസ്സ്‌ തികയും മുൻപ്‌ മൃഗപ്പാലും പൂർണമായി ഒഴിവാക്കുക. പശുവിൻ പാൽ ശരീരത്തിൽ ഇരുമ്പ് ആഗിരണം കുറച്ചും ആട്ടിൻപാൽ ഫോളിക്‌ ആസിഡ്‌ ആഗിരണം കുറച്ചും വിളർച്ചയുണ്ടാക്കും. പാൽ സ്പൂണിൽ കോരിക്കൊടുക്കുക. കൊടുക്കുന്ന പാത്രം, സ്പൂൺ എല്ലാം തന്നെ കൃത്യമായി അഞ്ച് മിനിറ്റ് വെട്ടിത്തിളക്കുന്ന വെള്ളത്തിലിട്ട്‌ അണുവിമുതമാക്കിയിട്ടുണ്ടാവണം.

അമ്മ ജോലിക്ക് പോകുന്ന അല്ലെങ്കിൽ പഠിക്കാൻ പോകുന്ന അവസ്ഥ ആണെങ്കിൽ മുലപ്പാൽ എടുക്കാൻ വേണ്ടി ബ്രസ്റ്റ് പമ്പ് ഉപയോഗിക്കുന്നവർ ആ ബ്രസ്‌റ്റ്‌ പമ്പ് പാക്കറ്റിൽ പറഞ്ഞിരിക്കുന്ന രീതിയിൽ കൃത്യമായി അണുവിമുതമാക്കിയിരിക്കണം. എന്നാൽ മാത്രമേ കുഞ്ഞിന് വേണ്ട രീതിയിൽ അണുക്കളില്ലാതെ കുഞ്ഞിന്റെ ശരീരത്തെ ബാധിക്കാത്ത രീതിയിൽ നമുക്ക് പുറമെ നിന്ന് പാൽ കൊടുക്കാൻ സാധിക്കുകയുള്ളൂ. എക്സ്പ്രസ് ചെയ്ത മുലപ്പാൽ ആറ് മണിക്കുർ വരെ അന്തരീക്ഷ ഊഷ്‌മാവിൽ കേടാവാതെ നിൽക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അത് ആവശ്യത്തിന് ഉള്ളത് മാത്രം ഒരു പാത്രത്തിലേക്ക് പകർന്ന് കുഞ്ഞിന് കോരിക്കൊടുക്കുക. അല്ലാത ഒരു പാത്രത്തിൽ നിന്ന് കൊടുത്ത് ആ പാത്രം അവിടെത്തന്നെ ബാക്കി പാൽ വെയ്‌ക്കുന്ന രീതി തെറ്റാണ്. ഫോർമുല മിൽക് ആണെങ്കിൽ ഒരു നേരത്തിന് ആവശ്യത്തിനുള്ളത് മാത്രം ഉണ്ടാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. മിക്സ് ചെയ്യുന്ന പാത്രങ്ങൾ കലക്കുന്ന പാത്രങ്ങൾ എല്ലാം തന്നെ അണുവിമുതമാനെന്ന് ഉറപ്പ് വരുത്തുക. ഒരു പ്രാവശ്യം വെള്ളവുമായി കലക്കിയ പാൽപ്പൊടി രണ്ടാമതൊരിക്കലും ഉപയോഗിക്കാൻ പാടില്ല. കൊടുത്ത് ബാക്കി വന്നത് ഉപേക്ഷിക്കുക. വില കൂടിയ പൊടിയായിരിക്കും അതു കൊണ്ട് ആവശ്യത്തിനു മാത്രം കലക്കാൻ എടുക്കുക.

മുലപ്പാൽ കൊടുക്കുന്ന കുഞ്ഞിനെ വീട്ടിലാക്കി പുറത്ത് പോയി തിരിച്ച്‌ വരുമ്പോൾ ഉള്ള പാൽ പിഴിഞ്ഞ് കളയണം എന്നൊക്കെയുള്ള അന്ധവിശ്വാസങ്ങളുണ്ട്. ആ പാൽ കൊടുത്ത് കഴിഞ്ഞാൽ കുഞ്ഞിന് വയറുവേദനയും വയറിളക്കവും ഉണ്ടാവും എന്നൊന്നുമില്ല. അമ്മ കൃത്യമായി ഭക്ഷണം കഴിക്കുക. ആവശ്യത്തിന് പ്രോട്ടീനു വൈറ്റമിനുമൊക്കെയുള്ള നല്ല ഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക. അതുവഴി പാലിന്റെ ഗുണം മെച്ചപ്പെടുത്താൻ സാധിക്കും. മാത്രമല്ല അത് കുഞ്ഞിനും അമ്മക്കും നല്ലതാണ്. പാലിന്റെ ഉൽപാദനത്തെയും ഒരു പരിധി വരെ ഇത് സഹായിക്കും എന്നതാണ്‌ സത്യം.

എത്ര വയസ്സുവരെ മുലയൂട്ടണം?

എത്ര വയസ്സുവരെ മുലയൂട്ടണം?

കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷിക്കും ഭാരവർദ്ധനവിനും കുഞ്ഞിന്റെ വിശപ്പും ദാഹവും മാറാനും ഏറ്റവും അനുയോജ്യമായ ഭക്ഷണമാണ്‌ മുലപ്പാൽ. ആറ് മാസം കുഞ്ഞിന് ഇത് മാത്രമേ നൽകേണ്ടതായുള്ളൂ. വെള്ളം പോലും കൊടുക്കേണ്ടതില്ല. കുഞ്ഞിന് മുലപ്പാൽ കൊടുക്കുമ്പോൾ ഒരു ഭാഗത്തെ പാൽ മുഴുവനും കുടിച്ചു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം മറ്റേ മുലയിൽ നിന്ന് പാൽ കൊടുക്കുക. കാരണം ഒരു വശത്ത്‌ നിന്നും ആദ്യം വരുന്ന പാൽ ദാഹമകറ്റാനുള്ളതും (foremilk) രണ്ടാമത് വരുന്ന കട്ടിയുള്ള പാൽ (hindmilk) കുഞ്ഞിന്റെ വിശപ്പകറ്റാനുള്ളതുമാണ്‌. അത് കൊണ്ട് ഓരോ തവണ പാല്‌ കൊടുക്കുമ്പോഴും രണ്ട് മുലയിൽ നിന്നും മുലയൂട്ടണമെന്ന് പണ്ടൂള്ളവർ പറയുന്നതിൽ കഴമ്പില്ല.

ഒരു മുലയിലെ പാൽ മുഴുവനായും കൊടുക്കുക. അടുത്ത തവണ കൊടുക്കുമ്പോൽ അടുത്ത മുലയിൽ നിന്നും മുഴുവനായും കൊടുക്കുക. ഇങ്ങനെ മാറി മാറി കൊടുക്കുന്നത് കാരണം കുഞ്ഞിന് കൃത്യമായി വിശപ്പും ദാഹവും അകറ്റാനും കുഞ്ഞിന്റെ ഭാരവർദ്ധനവിനും സഹായകമാവും. ആറ് മാസത്തിനു ശേഷം കുഞ്ഞിന് മുലപ്പാലല്ലാത്ത ഭക്ഷണങ്ങൾ കൊടുത്ത് തുടങ്ങുമ്പോൾ മൂന്ന് നേരം കുറുക്ക് നൽകിയാണ് നമ്മൾ ഭക്ഷണം നൽകിത്തുടങ്ങേണ്ടത്. അതിന്റെ ഇടവേളകളിൽ കൃത്യമായി മുലയൂട്ടാം. ജോലിക്ക് പോവുന്ന അമ്മയാണെങ്കിൽ രാവിലെയും വൈകിട്ടും മുഞ്ഞിന്റെ കൂടെയുള്ള സമയങ്ങളിൽ മുലയൂട്ടാം. രണ്ട് വയസ്സ് വരെയെങ്കിലും കുഞ്ഞിനെ മുലയൂട്ടിയിരിക്കണം.

അതിനു സാധിക്കാത്ത രീതിയിൽ അതിനിടയ്ക്ക് ഉണ്ടാവുന്ന അടുപ്പിച്ചുള്ള ഗർഭങ്ങൾ ആദ്യം പിറന്ന കുഞ്ഞിനും അടുപ്പിച്ച് പൂർണ്ണമായ ആരോഗ്യസ്ഥിതിയിലെത്താതെ രണ്ടാമത് ഗർഭിണിയായ അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും, അതായത് മൂന്നു പേരെയും ബാധിക്കുന്ന ഒരു ദുരന്തമാണ്. അതു കൊണ്ട് ആ ഒരു അവസ്ഥ സംജാതമാവാതെ ഇരിക്കാൻ വളരെയേറെ ശ്രദ്ധിക്കണം.

കൂടുതല്‍ വാര്‍ത്ത വായിക്കാനായി:

തിളക്കമുള്ള സാരിയും നെറ്റിയിലെ സിന്ദൂരവും ഉടയാത്ത മാറിടവും, 'ആ' മുലയൂട്ടൽ അടിച്ചേൽപ്പിക്കുന്നതെന്ത്?തിളക്കമുള്ള സാരിയും നെറ്റിയിലെ സിന്ദൂരവും ഉടയാത്ത മാറിടവും, 'ആ' മുലയൂട്ടൽ അടിച്ചേൽപ്പിക്കുന്നതെന്ത്?

 സംസ്ഥാനം ചുട്ടുപൊള്ളും; ശുദ്ധജല ക്ഷാമം നേരിടും, കർഷകരും പ്രതിസന്ധിയിൽ, ജാഗ്രത വേണമെന്ന് സർക്കാർ! സംസ്ഥാനം ചുട്ടുപൊള്ളും; ശുദ്ധജല ക്ഷാമം നേരിടും, കർഷകരും പ്രതിസന്ധിയിൽ, ജാഗ്രത വേണമെന്ന് സർക്കാർ!

 സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നു; ഗൃഹലക്ഷ്മിയുടെ ' മോഡൽ മുലയൂട്ടലിനെ' കുറിച്ച് നടി ലിസിയും... സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുന്നു; ഗൃഹലക്ഷ്മിയുടെ ' മോഡൽ മുലയൂട്ടലിനെ' കുറിച്ച് നടി ലിസിയും...

English summary
How to Breastfeed and why is breastfeeding important for the Baby? Dr. Shimna Azeez writes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X