കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുസ്തകങ്ങൾക്കൊപ്പം ഇനി കൈക്കോട്ടും കരുതണം; ഹരിത വിപ്ലവത്തിനൊരുങ്ങി ചെന്നൈയിലെ സ്കൂളുകൾ

  • By Desk
Google Oneindia Malayalam News

ചെന്നൈ: കൃഷി നഷ്ടമാണ് എന്ന് ചിന്തിച്ച് തുടങ്ങുന്നവർക്ക് മാതൃകയാവുകയാണ് ചെന്നൈയിലെ ഈ സ്കൂളുകൾ. കർഷക ആത്മഹത്യയും കർഷക പ്രക്ഷോഭങ്ങളും രാജ്യത്ത് സ്ഥിര വാർത്തയാകുമ്പോൾ കൃഷിയിൽ നിന്ന് അകന്നുതുടങ്ങിയ ഒരു തലമുറയെ മടക്കികൊണ്ടുവരുകയാണ് ഇവിടെ ചിലർ

ചെന്നൈയിൽ നിന്നാണ് മാതൃകാപരമായ ഈ വാർത്ത വരുന്നത്. ചെന്നൈ കോർപ്പറേഷന് കീഴിലുള്ള നൂറ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് പഠനത്തോടൊപ്പം കൃഷിപ്പണിയും പഠിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.

സ്വാശ്രയ സംഘങ്ങൾ

സ്വാശ്രയ സംഘങ്ങൾ

ടെറസ് കൃഷിയിൽ പ്രാവീണ്യം നേടിയ ചെന്നൈയിലെ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങളാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിശീലനം നൽകുന്നത്. ദേശീയ ഹരിത സേനയിലും പരിസ്ഥിതി ക്ലബ്ബുകളിലും അംഗങ്ങളായ നാൽപ്പത് വിദ്യാർത്ഥികൾക്കാണ് തുടക്കത്തിൽ പരിശീലനം ലഭിക്കുക. 25 തരത്തിലുള്ള വിത്തുകളും ഇവ നടാൻ ആവശ്യമായ ചട്ടികളുമാണ് വിദ്യാർത്ഥികൾക്ക് നൽകുക. സ്കൂളിന്റെ ടെറസിലോ സ്കൂൾ വളപ്പിലെ തുറസായ സ്ഥലത്തോ കുട്ടികൾക്ക് കൃഷി തുടങ്ങാനുള്ള അവസരമൊരുക്കിയിട്ടുണ്ടെന്ന് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥയായ മഹേശ്വരി രവികുമാർ പറഞ്ഞു.

കൃഷിയെ അറിയാൻ

കൃഷിയെ അറിയാൻ

ഓരോ സ്കൂളിലും പദ്ധതി ഏകോപിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ കൃഷി ചെയ്ത് വിളയിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാമെന്നാണ് കരുതുന്നത്. വിളവ് കൂടുന്നതിന് അനുസരിച്ച് ചെറിയ രീതിയിൽ വിൽപ്പനയും തുടങ്ങും. കുട്ടികൾക്കായി ഒരു സ്റ്റുഡന്റ് ബസാർ തുടങ്ങാനും പദ്ധതിയുണ്ട്. കച്ചവടത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയുമൊക്കെ ബാലപാഠങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ ഇത് ഉപകാരപ്പെടുമെന്നും മഹേശ്വരി പറഞ്ഞു.

മാലിന്യം വളമാകും

മാലിന്യം വളമാകും

കോർപ്പറേഷൻ നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിൽ നിന്നുണ്ടാക്കുന്ന കംപോസ്റ്റാണ് സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ വളമായി ഉപയോഗിക്കുക. കൃഷിയിൽ നിന്നും വരുമാനം ലഭിച്ചുതുടങ്ങിയാൽ സ്കൂളിൽ ഒരു കംപോസ്റ്റ് പദ്ധതി ആലോചനയിലുണ്ട്. വരും വർഷങ്ങളിൽ പച്ചക്കറി തോട്ടം വ്യാപിപ്പിക്കാനും ശാസ്ത്രീയമായ രീതിയിൽ കുട്ടികളെ കൃഷിപ്പണികളിൽ പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മഹേശ്വരി പറഞ്ഞു.

സ്ഥല പരിമിതി

സ്ഥല പരിമിതി

ചെന്നൈയിലെ മിക്ക സ്കൂളുകളിലും സ്ഥലപരിമിതിയുണ്ട്. സ്ഥലത്തിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിലാണ് നൂറ് സ്കൂളുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. എൽപി, യുപി വിഭാഗത്തിലുള്ള സ്കൂളുകളാണ് പദ്ധതിയിലേക്ക് കൂടുതൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മാലിന്യനിർമാർജ്ജനം എങ്ങനെ ഫലപ്രദമായ രീതിയിൽ സാധ്യമാക്കാമെന്ന് കുട്ടികൾക്ക് പഠിക്കാൻ അവസരം ലഭിക്കുന്നു. ഇതവരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കും. നഗരങ്ങളിലെ സ്ത്രീകൾക്കായുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് സ്വശ്രയസംഘങ്ങളിലെ അംഗങ്ങൾക്ക് പരിശീലനം ലഭിച്ചത്. മുൻപ് പലയിടങ്ങളിലും പരീക്ഷിച്ച് വിജയിച്ച ശേഷമാണ് സ്കൂളുകളിൽ നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് പദ്ധതി കോർഡിനേറ്റർ സ്നേഹലത പറഞ്ഞു.

കൃഷിയിലേക്ക് തിരിയാൻ

കൃഷിയിലേക്ക് തിരിയാൻ

കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ പുതിയ തലമുറയെ കൃഷിയിലേക്ക് അടുപ്പിക്കാനുള്ള നീക്കങ്ങൾ പ്രോഹത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ജലദൗർലഭ്യം, വരൾച്ച, പണനഷ്ടം അങ്ങനെ പലവിധ കാരണങ്ങൾകൊണ്ട് കൃഷി ഉപേക്ഷിച്ച് ഗ്രാമത്തിൽ ഉള്ളവർ പോലും ചെറിയ ജോലികൾ തേടി നഗരങ്ങളിലേക്ക് ചേക്കേറുന്ന അവസ്ഥയാണ് നിലവിലുള്ളത്. പാരമ്പര്യ രീതിയിൽ നിന്നും മാറി ശാസ്ത്രീയമായ രീതിയിൽ കൃഷി ഇറക്കുകയാണ് ഇതിന് പരിഹാരമെന്നാണ് കരുതുന്നത്. ചെറുപ്പത്തിൽ തന്നെ ഇതിനുള്ള പരിശീലനം ലഭിച്ചാൽ മറ്റേതു ജോലിയേയും പോലും കാർഷിക ജോലികളും മികവോടെ ചെയ്യാൻ കഴിയും. കൃഷിയെ അടുത്തറിയാൻ അവസരം നൽകുകയാണ് അതിന്റെ ആദ്യ പടിയെന്നും ഇതാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നവർ പറയുന്നത്.

English summary
chennai schools promote farming by teaching students to grow vegetables
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X