കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ... ഇന്ത്യയുടെ അതിസുന്ദര സ്വപ്‌നം! അതിനെ തുരങ്കം വയ്ക്കുന്ന ചൈന; എല്ലാത്തിനും കൂട്ട് പാകിസ്താൻ

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയുടെ സ്വപ്‌നത്തെ തുരങ്കം വയ്ക്കുന്ന ചൈന | Feature Video | Oneindia Malayalam

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ ഏറ്റവും ശക്തം ചൈനയാണ്. പിന്നെ താരതമ്യേനെ ശക്തിയുള്ള രാജ്യം പാകിസ്താനും. നിര്‍ഭാഗ്യകരം എന്ന് പറയട്ടേ... ഈ രണ്ട് രാജ്യങ്ങളുമായും ഇന്ത്യക്ക് അത്ര ഊഷ്മളമായ ബന്ധം അല്ല ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ പോയി ഊഞ്ഞാലാടിയെങ്കിലും ബന്ധങ്ങളുടെ കാര്യത്തില്‍ ഗതി പടവലങ്ങയുടെ വളർച്ച പോലെ ആണ്, അനുദിനം താഴോട്ട്.

മുമ്പ് പാകിസ്താന് അടുപ്പം കൂടുതല്‍ അമേരിക്കയുമായിട്ടായിരുന്നു. ഇന്ത്യയാണെങ്കില്‍ ചേരിചേരാ നയവുമായി പ്രത്യക്ഷത്തില്‍ ആരുമായും കൂട്ടില്ലാതേയും നിന്നു. പോകപ്പോകെ, അമേരിക്ക പാകിസ്താനുമായി അകന്നു. ഇന്ത്യയുടെ ചേരിചേരാ നയത്തില്‍ വെള്ളം ചേര്‍ക്കപ്പെടുകയും ചെയ്തു. ഒസാമ ബിന്‍ലാദനെ പാകിസ്താനില്‍ വച്ച് വധിച്ചതോടെ അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം ഏറെക്കുറെ അവസാനിക്കുകയും ചെയ്തു. അമേരിക്ക ഇന്ത്യയുമായി അടുപ്പം കൂട്ടി.

ഈ വിഷയത്തില്‍ അമേരിക്കയുടെ താത്പര്യം മറ്റൊന്നാണ്. മേഖലയില്‍ ചൈനയെ പ്രതിരോധിക്കാന്‍ ശക്തരായ പങ്കാളികളെ ആണ് അവര്‍ക്ക് ആവശ്യം. അതിന് പാകിസ്താനേക്കാള്‍ നല്ലത് ഇന്ത്യയാണെന്ന് അവര്‍ വേഗത്തില്‍ തിരിച്ചറിയുകയും ചെയ്തു. ഇതിനിടെ പാകിസ്താനും ചൈനയും തമ്മിലുള്ള അടുപ്പം കൂടി. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന സ്ഥിതി വിശേഷം ആണ് ഇപ്പോള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്നത്.

China Pakistan

ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ഇന്ത്യയുടെ ദേശീയ സുരക്ഷയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ചൈനയുടെ സൈനിക സാന്നിധ്യം കിഴക്കും വടക്കും പടിഞ്ഞാറും ഒരുപോലെ എത്തും എന്നത് മാത്രമല്ല ഇതിന് കാരണം. ഈ സാമ്പത്തി ഇടനാഴി പൂര്‍ത്തിയാകുന്നതോടെ, ഇറാനിലേക്കുള്ള ഇന്ത്യയുടെ വഴി പാകിസ്താന് പൂര്‍ണമായും അടയ്ക്കാനും സാധിക്കും. പക്ഷേ, പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം എന്നത് എക്കാലവും പ്രതിലോമകരം മാത്രമായിരിക്കും എന്ന് പറയാന്‍ ആവില്ലെന്നതും ഒരു പ്രതീക്ഷയാണ്.

ഇറാനുമായുള്ള എണ്ണ ഇടപാട് ഇന്ത്യയെ സംബന്ധിച്ച് ഏറെ ലാഭകരവും ഭാവിയില്‍ പ്രതീക്ഷ പകരുന്നതും ആണ്. ഇത് സംബന്ധിച്ച് പുരോഗമനാത്മകമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇറാനില്‍ നിന്ന് നേരിട്ട് ഇന്ധനം എത്തിക്കാന്‍ കഴിഞ്ഞാല്‍ ഈ മേഖലയില്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഭീമമായ ഇറക്കുമതി ചെലവും ഗണ്യമായി കുറയ്ക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2016 മെയ് മാസത്തില്‍ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ സന്ദര്‍ശിച്ചത്. ഇറാനിലെ ചബാഹാര്‍ തുറമുഖനിര്‍മാണത്തില്‍ ഇന്ത്യ അഞ്ഞൂറ് മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവും ആ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു. പാകിസ്താനിലെ ബലൂചിസ്താനില്‍ ചൈന നിര്‍മിക്കുന്ന ഗ്വാദര്‍ തുറമുഖത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണ് ചബാഹാര്‍ തുറമുഖം എന്നത് പകല്‍ പോലെ വ്യക്തവും ആണ്.

പാകിസ്താന്റെ സഹായം കൂടാതെ ചരക്കുനീക്കത്തിന് ഉതകുന്നതാണ് ചബാഹാര്‍ തുറമുഖം. ചബാഹാര്‍ വഴി ചരക്കുനീക്കത്തിന് ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഇറാനും തമ്മില്‍ കരാറും ഉണ്ടാക്കിയിട്ടുണ്ട്. 2017 ഒക്ടോബറില്‍ ചബാഹാര്‍ തുറമുഖം വഴി അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ് ആദ്യമായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.

India China

ദോക് ലാം വിവാദം

2017 ജൂണില്‍ ആയിരുന്നു ദോക് ലാം വിവാദത്തിന്റെ തുടക്കം. ചൈനയ്ക്കും ഭൂട്ടാനും ഇടയിലെ തര്‍ക്കപ്രദേശത്ത് ചൈന റോഡ് നിര്‍മാണം തുടങ്ങി. തര്‍ക്കപ്രദേശത്ത് തത്സ്ഥിതി തുടരണം എന്ന ധാരണയുടെ കടുത്ത ലംഘനം ആയിട്ടാണ് ഇന്ത്യ ഇതിനെ കണ്ടത്. തുടര്‍ന്ന് അതിര്‍ത്തി കടന്ന് ചെന്ന് റോഡ് നിര്‍മാണത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യന്‍ മുഖ്യഭൂമിയുമായി പകുത്തുമാറ്റുന്ന സിലിഗുരി ഇടനാഴിയിലേക്ക് തുറക്കുന്നതാണ് ദോക് ലാം പീഠഭൂമി. ഈ ഇടനാഴി തടസ്സപ്പെടുത്തുന്നത് വഴി ചൈനയ്ക്ക്, ഇന്ത്യന്‍ മുഖ്യഭൂമിയില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും എന്നതാണ് ഏറ്റവും നിര്‍ണായകമായ കാര്യം. ഒരുപക്ഷേ, ഒരു യുദ്ധത്തിലേക്ക് പോലും നയിച്ചേക്കാവുന്ന സാഹചര്യം.

എന്തായാലും 2017 ഓഗസ്റ്റ് 28 ന് ദോക് ലാം വിവാദങ്ങള്‍ താത്കാലികമായി അവസാനിച്ചു. പക്ഷേ, അതൊരു ശാശ്വത പരിഹാരം അല്ലെന്ന് ഇന്ത്യക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണ്. മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈന തയ്യാറായെങ്കിലും മേഖലയില്‍ തങ്ങള്‍ക്ക് പരമാധികാരം ഉണ്ടെന്ന് പ്രഖ്യാപിക്കാന്‍ പോലും ചൈന മുതിര്‍ന്നിരുന്നു. പ്രശ്‌ന പരിഹാരം എന്നതിനുപരി, ഒരു യുദ്ധസാഹചര്യം ഒഴിവാക്കുന്നതിനുള്ള നീക്കുപോക്കുകള്‍ മാത്രമേ ദോക് ലാം വിഷയത്തില്‍ സംഭവിച്ചിട്ടുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

എന്താണ് ഇപ്പോള്‍ ചൈനയ്ക്ക് ഇന്ത്യയോട് വലിയ എതിര്‍പ്പുണ്ടാകാന്‍ കാരണം എന്നതും നിര്‍ണായകമായ ഒരു ചോദ്യമാണ്. അതിനുള്ള ഉത്തരം തിരഞ്ഞ് പോയാല്‍ എത്തുക ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിലേക്ക് (ബിആര്‍ഐ) ആയിരിക്കും. പഴയ സില്‍ക്ക് റൂട്ടിനെ പുനരുദ്ധരിക്കാന്‍ ചൈന ആവിഷ്‌കരിച്ച പദ്ധതിയാണിത്. എന്നാല്‍ ഈ പദ്ധതി ഇന്ത്യ ബഹിഷ്‌കരിക്കുകയായിരുന്നു. ദോക് ലാം വിവാദം ഉണ്ടാകുന്നതിന് ഒരുമാസം മുമ്പായിരുന്നു 30 രാഷ്ട്ര നേതാക്കളെ ക്ഷണിച്ചുകൊണ്ട് ബിആര്‍ഐ സംബന്ധിച്ച രൂപരേഖ തയ്യാറാക്കുന്നതിന് ചൈന ഒരു ഉച്ചകോടി വിളിച്ചത്. എന്നാല്‍ ഉച്ചകോടിയ്ക്ക് ഒരു ദിവസം മുമ്പ് ഇന്ത്യ അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന സാമ്പത്തിക ഇടനാഴി ഇന്ത്യയെ സംബന്ധിച്ച് അംഗീകരിക്കാന്‍ ആകുന്നതല്ലെന്ന് കാണിച്ചായിരുന്നു ആ പിന്‍മാറ്റം.

ബിആര്‍ഐയ്ക്ക് വേണ്ടി ആരേയും തങ്ങള്‍ നിര്‍ബന്ധിക്കില്ലെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളില്‍ ഒന്നായ ഗ്ലോബല്‍ ടൈംസ് ഇതിനോട് പ്രതികരിച്ചത്. ബിആര്‍ഐയോട് ഇന്ത്യ നിസ്സഹകരിക്കുന്നത് ഖേദകരം ആണെങ്കിലും അത് ഒരു പ്രശ്‌നമേ അല്ലെന്നും ഗ്ലോബല്‍ ടൈംസിലൂടെ ചൈനയുടെ പ്രതികരണം വന്നു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് മാറ്റുന്നതിന് കാരണമാകുന്നില്ലെന്നും ആ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് ബിആര്‍ഐ എന്നത്, മറികടക്കാന്‍ ബുദ്ധിമുട്ടുള്ള ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാക് അധിനിവേശ കശ്മീരിന് സാധുത നല്‍കുന്ന ഒരു സാഹചര്യം പോലും ഇതിലൂടെ ഉണ്ടായേക്കും എന്നും ഇന്ത്യ ഭയക്കുന്നുണ്ട്.

പാക് അധീന കശ്മീര്‍ മേഖല ചൈനയുടെ സാമ്പത്തിക ഇടനാഴിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷേ, പാകിസ്താനും ഇന്ത്യയും തമ്മില്‍ ഈ വിഷയത്തില്‍ ഒരു ധാരണയിലെത്തുക എന്നത് സമീപ ഭാവിയില്‍ സാധ്യവും അല്ല.

China

കാര്യങ്ങള്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ സങ്കീര്‍ണമാണ്. വന്‍ സാമ്പത്തിക ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ച്, കൂടുതല്‍ ഗാഢമായ അന്താരാഷ്ട്ര ബന്ധങ്ങളും സപ്ലൈ ചെയ്‌നുകളും എല്ലാം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ ബിആര്‍ഐ വരുന്നതോടെ ഇന്ത്യ സാമ്പത്തികമായി ഒറ്റപ്പെടുകയാണ് ചെയ്യുക. യൂറോപ്പും ഏഷ്യയും ആയുള്ള വാണിജ്യ ബന്ധം തുടരുന്നതിനായി ചരിത്രം തിരുത്തി എഴുതുന്ന ഒന്നായിട്ടാണ് ഇന്ത്യ ഈ സില്‍ക്ക് റൂട്ടിന്റെ പുനര്‍ നിര്‍മാണത്തെ വിലയിരുത്തുന്നത്. അതും ആ പഴയ സില്‍ക്ക് റൂട്ടിലെ ഏറ്റവും നിര്‍ണായക കേന്ദ്രമായ ഇന്ത്യയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു തിരുത്തി എഴുത്ത്.

കണക്കൂകൂട്ടല്‍ തെറ്റിയ ചൈന

ചൈനയുടെ ചില ഗൂഢ തന്ത്രങ്ങളും ഇതില്‍ കാണാതിരുന്നുകൂട. റഷ്യയും മറ്റ് രാജ്യങ്ങളും ബിആര്‍ഐയില്‍ പങ്കാളികള്‍ ആകുന്നതോടെ ഇന്ത്യയ്ക്ക് വേറെ വഴിയില്ലാതാകും എന്നായിരുന്നു ചൈനയുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ കരാറിലെ വ്യവസ്ഥകള്‍ അവര്‍ക്ക് ഏകപക്ഷീയമായി തന്നെ തീരുമാനിക്കാന്‍ ആകുന്ന ഒരു സാചര്യവും ഉണ്ടാകുമായിരുന്നു. പക്ഷേ, ആ തന്ത്രം ശരിക്കും പാളിപ്പോവുകയായിരുന്നു.

തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതായി തിരിച്ചറിഞ്ഞ ഇന്ത്യ, ഉടനടി സില്‍ക്ക് റൂട്ടിന്റെ പുനരുദ്ധാരണത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. മറ്റ് രാജ്യങ്ങളെ കൂടി ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് സ്വാധീനിക്കാനും സാധിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ആണ് നിലകൊള്ളുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതില്‍ അമേരിക്കയുടെ താത്പര്യം വ്യത്യസ്തമാണെങ്കിലും, ഫലത്തില്‍ അത് ഇന്ത്യക്ക് കൂടി അനുകൂലമായി വരികയാണെന്ന് പറയാം. ഇന്ത്യയെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ചൈനയ്ക്ക് ബിആര്‍ഐയുമായി മുന്നോട്ട് പോകാന്‍ ആവില്ലെന്ന് തന്നെയാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പാകിസ്താനിലെ പ്രശ്‌നങ്ങള്‍

ചൈന ഇപ്പോള്‍ ഏറ്റവും അടുപ്പം കാണിക്കുന്നത് പാകിസ്താനോടാണ് എന്നത് വ്യക്തമാണ്. പക്ഷേ, പാകിസ്താനിലെ കാര്യങ്ങള്‍ തീരെ തൃപ്തികരമല്ലെന്നതാണ് വാസ്തവം. ഇപ്പോള്‍ തന്നെ ചൈനീസ് വൈദ്യുത കമ്പനികള്‍ക്ക് പാകിസ്താന്‍ വലിയ തുക കൊടുക്കാന്‍ ഉണ്ട്. ഇനി ബിആര്‍ഐ വരുമ്പോള്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പാകിസ്താന് നടത്തേണ്ടതായി വരും. അതിനുള്ള അസംസ്‌കൃത വസ്തുക്കളെല്ലാം തന്നെ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം ആണ് ഇപ്പോള്‍ പാകിസ്താനില്‍ ഉള്ളത്. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഇത് പാകിസ്താന് എത്രത്തോളം സാധ്യമാകും എന്നതും പ്രസക്തമായ ചോദ്യമാണ്.

India Pak

അപ്പോള്‍ പാകിസ്താന് മുന്നിലുള്ള വഴി ചൈനയില്‍ നിന്ന് വായ്പ എടുക്കുക എന്നത് മാത്രം ആയിരിക്കും. എന്നാല്‍, നിലവില്‍ ചൈനയില്‍ നിന്ന് പാകിസ്താന്‍ വാങ്ങിയ വായ്പ തന്നെ തിരിച്ചടവിന്റെ കാര്യത്തില്‍ എവിടേയും എത്തിയിട്ടില്ല. ബിആര്‍ഐയ്ക്ക് വേണ്ടി ചൈനയുടെ സഹായം തേടിയാല്‍ തന്നെ, പദ്ധതി ലാഭകരമായി അത് തിരിച്ചടയ്ക്കുക എന്നത് ഏറെ കാലദൈര്‍ഘ്യം എടുക്കുന്ന ഒന്നാകും. മറ്റൊരു സാധ്യത ഐഎംഎഫില്‍ നിന്ന് ഒരു ബെയ്ല്‍ഔട്ടിന് വേണ്ടി ശ്രമിക്കുക എന്നതാണ്. 1988 മുതല്‍ ഇതുവരെ 12 തവണയാണ് പാകിസ്താന്‍ ഐഎംഎഫില്‍ നിന്ന് ഇത്തരത്തില്‍ ബെയ്ല്‍ ഔട്ട് നേടിയിട്ടുള്ളത് എന്നത് മറ്റൊരു വാസ്തവം. അപ്പോള്‍ ഐഎംഎഫ് ഇത്തരം ഒരു നീക്കത്തെ പിന്തുണയ്ക്കാനുള്ള സാധ്യത തുലോം തുച്ഛമാണ്. അമേരിക്കയാണ് ഐഎംഎഫിന്റെ പ്രധാന ഫണ്ട് ദാതാക്കള്‍ എന്നതുകൊണ്ട് തന്നെ, ചൈനയ്ക്ക് പരോക്ഷമായെങ്കിലും ഗുണം വരുന്ന ഒരു കാര്യത്തിന് ഐഎംഎഫില്‍ നിന്ന് പാകിസ്താന് എന്തെങ്കിലും സഹായം ലഭിക്കുമോ എന്നും കണ്ടറിയേണ്ടി വരും.

ചൈനയ്ക്ക് ഒറ്റയ്ക്ക് നടക്കില്ല

എന്തായാലും ബിആര്‍ഐ പദ്ധതിയുടെ ചെലവ് മുഴുവന്‍ ഒറ്റയ്ക്ക് വഹിക്കുക എന്നത് ചൈനയെ സംബന്ധിച്ച് ഇപ്പോള്‍ പ്രാപ്യമായ ഒരു കാര്യമല്ല. രാജ്യത്തിന്റെ സമ്പദ്ഘടന വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, പങ്കാളി രാജ്യങ്ങളേയും മറ്റ് വന്‍കിട നിക്ഷേപകരേയും ഒക്കെ കൂടെ കൂട്ടി പദ്ധതി നടപ്പിലാക്കാനാണ് ചൈനയുടെ ലക്ഷ്യം.

മറ്റൊരു കാര്യവും ഇതില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. തുടക്കത്തില്‍ ചൈന കേന്ദ്രീകൃതമായിരിക്കും ബിആര്‍ഐ എങ്കിലും, പോകപ്പോകെ, അതില്‍ ചൈനീസ് അപ്രമാദിത്തം കുറയാനാണ് സാധ്യത. പക്ഷേ, അപ്പോഴും ചൈന തന്നെ ആയിരിക്കും നേതൃത്വത്തില്‍ ഉണ്ടാവുക. നിലവില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോക ക്രമത്തില്‍ നിന്ന് അല്‍പം പോലും വ്യത്യസ്തമാവില്ല ചൈനയുടെ നേതൃത്വത്തിലുള്ള പുതിയ സഖ്യം എന്നതും വാസ്തവം ആണ്.

ആത്യന്തികമായി ഇന്ത്യയ്ക്കാണ് ബിആര്‍ഐ വെല്ലുവിളി ഉയര്‍ത്തുക. പ്രത്യേകിച്ചും പാക് അധീന കശ്മീരിന്റെ കാര്യത്തില്‍. നിലവില്‍ ചൈന-പാക് സാമ്പത്തിക ഇടനാഴിയും ഈ വിഷയത്തില്‍ ഇന്ത്യ ശ്രദ്ധയോടെ നിരീക്ഷിച്ചുവരുന്ന പദ്ധതിയാണ്. ഇന്ത്യയെ ഒഴിവാക്കി ചൈനയ്ക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമോ, അതോ എല്ലാം കലങ്ങിത്തെളിഞ്ഞ് ഒരു പുതിയ ലോകക്രമം ഉണ്ടാകുമോ എന്നെല്ലാം കാലം തെളിയിക്കും.

English summary
How China tunnels in to India's idea of Kashmir on behalf of BRI and CPEC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X