• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐ ആം നോട്ട് ജസ്റ്റ് എ നന്പര്‍- എന്തിന് വേണ്ടിയീ കാന്പയിന്‍? പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍...

  • By Desk

മലയാളി മാധ്യമ പ്രവര്‍ത്തകയായ ഷാഹിന നഫീസ ആയിരുന്നു ഇത്തരം ഒരു കാന്പയിന് തുടക്കം കുറിച്ചത്. മരിച്ചവര്‍ക്കും അഭിമാനമുണ്ട്, അവരുടെ പേരുവിവരങ്ങളോ ചിത്രങ്ങളോ പുറത്ത് വിടരുത് എന്ന സുപ്രീം കോടതിയുടെ അഭിപ്രായ പ്രകടനത്തെ തുടര്‍ന്നായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ പിന്നീട് ഇതൊരു തരംഗമായി മാറുകയായിരുന്നു. ഇതില്‍ പങ്കാളികളായ ചിലരുടെ പ്രതികരണങ്ങള്‍ തേടുകയായിരുന്നു വണ്‍ഇന്ത്യ മലയാളം.

ഇംഗ്ലീഷില്‍ ആയിരുന്നു ഷാഹിനയുടെ കുറിപ്പ്. അതിന് ഡോ ഷിംന അസീസ് തയ്യാറാക്കിയ സ്വതന്ത്ര പരിഭാഷ ഇങ്ങനെ ആണ്-

'ഞാൻ ബലാൽസംഗത്തിന്‌ ഇരയായി കൊല്ലപ്പെടുകയാണെങ്കിൽ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാൻ വെറുമൊരു നമ്പറല്ല.

കൊല്ലപ്പെട്ടാൽ പോലും റേപ്പിന്‌ ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിൻ മേൽ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട്‌ പോകുകയാണെന്ന വാർത്ത വായിച്ചു. മരണപ്പെട്ട സ്‌ത്രീക്കും അഭിമാനമുണ്ട്‌ എന്നതാണ്‌ ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം.

പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാൽ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മേൽ ഒരു കൊടുംകുറ്റവാളിയാൽ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന്‌ യാതൊരു ബന്ധവുമില്ല.

ബലാത്സംഗമെന്ന നികൃഷ്‌ട പ്രവർത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌. എന്റെ മുഖം പൊതുജനങ്ങളുടെ ഓർമ്മയിൽ നിന്നും മായ്‌ക്കാൻ ഞാൻ ഈ സമൂഹത്തെ അനുവദിക്കില്ല. ലോകത്ത്‌ ബാക്കിയുള്ള അത്തരം പുരുഷൻമാരിൽ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്‌ഥതയെങ്കിലും ബാക്കി നിർത്താതെ സോഷ്യൽ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സ്വൈര്യമായി കഴിയാൻ ഞാൻ അനുവദിക്കില്ല.

എന്റെ മരണശേഷം എന്നെ എങ്ങനെയാണ്‌ നിങ്ങൾ അഭിസംബോധന ചെയ്യാൻ പോകുന്നത്‌? എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്‌? എന്റെ മരണാനന്തരം എങ്ങനെയാണ്‌ എന്നെ നിങ്ങൾ അടയാളപ്പെടുത്താൻ പോകുന്നത്‌? ഞാൻ വെറുമൊരു സംഖ്യയാണെന്നോ? ദിനേന ബലാൽസംഗത്തിന്‌ ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്‌, ആയിരക്കണക്കിന്‌ പേരിൽ ഏതോ ഒരാൾ?

എനിക്ക്‌ സമ്മതമല്ല ! നിങ്ങളുടെ കുറ്റകൃത്യ ഡയറക്‌ടറിയിലെ മറ്റൊരു നമ്പറല്ല ഞാൻ. ഞാനിവിടെ രക്‌തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു. എനിക്ക്‌ കുടുംബമുണ്ടായിരുന്നു, സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു. നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷൻമാരാണ്‌ എന്റെ ജീവൻ പറിച്ചെറിഞ്ഞത്‌. ഈ കുറ്റകൃത്യത്തിൽ നിങ്ങളും തുല്യപങ്കാളിയാണ്‌. ഇപ്പോൾ, എന്നെ ലോകം മറക്കണമെന്ന്‌ നിങ്ങൾ ആവശ്യപ്പെടുന്നുവോ? ഞാൻ അതിനെതിരെ ശക്‌തമായി പൊരുതുക തന്നെ ചെയ്യും.

എന്റെ പേരുവിവരങ്ങൾ പുറത്ത്‌ വിടണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാൻ മറ്റൊരാളെ ഞാൻ അനുവദിക്കില്ല. എന്റെ അഭിമാനത്തെ അളക്കാനുള്ള അർഹതയും മറ്റൊരാൾക്ക്‌ ഞാൻ കൈമാറിയിട്ടില്ല. നിങ്ങളുടെ അഭിമാനത്തിന്റെ നിർവചനങ്ങൾ തുലയട്ടെ.

ഇതെന്റെ സഹോദരിമാർക്ക്‌ വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്‌. തെരുവുകളിൽ എന്റെ പേര്‌ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയർത്തുക. നമുക്ക്‌ ഏവർക്കും നീതി ലഭിക്കും വരെ... അതിനൊരു നിമിത്തമാകാൻ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും...

ഷാഹിന നഫീസ

ഷാഹിന നഫീസ

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുത് എന്ന ഒരു അഭിപ്രായ പ്രകടനം ആയിരുന്നു സുപ്രീം കോടതി നടത്തിയത്. അന്തിമ വിധി വരുന്നതിന് മുമ്പായിത്തന്നെ, അതിനെതിരെ ഇത്തരം ഒരു കാമ്പയിന്‍ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.

ജീവിച്ചിരിക്കുന്ന ഒരു ഇരയെ സംബന്ധിച്ച്, മറ്റാരുടേതിക്കാളും അവരുടെ തന്നെ സുരക്ഷ ഒരു പ്രശ്‌നമാണ്. അതോടൊപ്പം അവരുടെ ഒപ്പമുള്ളവരുടേയും സുരക്ഷ പ്രശ്‌നമാണ്. എന്നാല്‍ മരിച്ചുകഴിഞ്ഞ ഒരു സ്ത്രീയുടെ പേരും ഫോട്ടോയും കൊടുക്കരുത് എന്ന് പറയുന്നത്, ആ സ്ത്രീയെ പബ്ലിക് മെമ്മറിയില്‍ നിന്ന് മായ്ച്ച് കളയുക എന്ന ലക്ഷ്യത്തോട് കൂടിയാണെന്നേ കരുതാന്‍ കഴിയൂ. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍, കൊല്ലപ്പെട്ട് കഴിഞ്ഞാല്‍ ഈ പറയുന്ന ഒരു ന്യായങ്ങളും ബാധകമല്ലല്ലോ. കൊല്ലപ്പെട്ട് കഴിയുന്ന സ്ത്രീക്ക് പിന്നെ, ഈ പറയുന്ന സുരക്ഷയുടെയൊന്നും പ്രശ്‌നം വരുന്നില്ലല്ലോ.

ഷിംന അസീസ്

ഷിംന അസീസ്

ഞാൻ ഈ ക്യാംപെയിനിൽ പങ്കെടുത്തതിന്‌ ഒരേയൊരു കാരണമേ ഉള്ളൂ. ബലാൽസംഗത്തിന്‌ വിധേയയായ സ്‌ത്രീ ഏത്‌ പ്രായക്കാരി ആണെങ്കിലും 'ഇര' എന്നാണ്‌ വിളിക്കപ്പെടുന്നത്‌. എങ്ങനെയാണ്‌ വല്ലവരും വന്ന്‌ എന്തെങ്കിലും ചെയ്യുന്നതിന്‌ അവൾ ഇരയാകുന്നത്‌?

ബഹുമാനപ്പെട്ട നീതിപീഠം എന്തുകൊണ്ടാണ്‌ മരണാനന്തരം പോലും ഈ കുറ്റകൃത്യം അവൾക്ക്‌ 'അഭിമാനക്ഷതം' ആണെന്ന്‌ വിവക്ഷിക്കുന്നത്‌? ചെയ്യുന്നവനല്ലേ അഭിമാനത്തിന്‌ നഷ്‌ടം വരുന്നത്‌? എന്തേ നമ്മുടെ സമൂഹമനസ്‌ഥിതി ഇങ്ങനെയൊക്കെയായി പോകുന്നു? എനിക്ക്‌ പറയാതിരിക്കാൻ കഴിയുന്നില്ല, അതാണ്‌ പറഞ്ഞതും.

രശ്മി ആർ നായര്‍

രശ്മി ആർ നായര്‍

ഐഡന്റിറ്റി വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നത് മരണപ്പെട്ട ഇരയുടെ ആണ്. ജീവിച്ചിരിക്കുന്ന ഇരയ്ക്കു സാമൂഹികമായി ഒരു പുരുഷാധിപത്യ സ്ത്രീവിരുദ്ധ സമൂഹത്തിൽ നേരിടേണ്ടി വരുന്ന സാമൂഹിക വിവേചനങ്ങളുടെ പേരിലാണ് അങ്ങനെ ഒരു നിയമം നിലനിൽക്കുന്നത്. മരണപ്പെട്ട ഇരയെ സംബന്ധിച്ചു അത്തരം ഒരു വിവേചന സാധ്യത ഇല്ല. സുപ്രീം കോടതി നിലപാടിൽ മാറ്റം വരുത്തുക എന്നതിൽ ഉപരിയായി സ്ത്രീകൾക്ക് ഇതിലുള്ള പ്രതിഷേധം സുപ്രീം കോടതിയെ വരെ അറിയിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രാഥമിക ലക്ഷ്യം.

ഐഡന്റിറ്റി മറച്ചു വയ്ക്കുന്നതിന് കാരണമായി മരണപ്പെട്ട ഇരയുടെ ഏജൻസി ബന്ധുക്കൾക്ക് പകുത്തു നൽകുക എന്നത് വീണ്ടും സ്ത്രീ എന്നത് കുടുംബത്തിന്റെ "മാനം" കാക്കാനുള്ള ഉപകരണമാണ് എന്ന ബലാൽസംഗ തിയറിയിലേക്കു തന്നെയുള്ള മടക്കമാണ്.

ധ്വനി ഷൈനി

ധ്വനി ഷൈനി

കോടതി മീഡിയയ്ക്കോ മറ്റാർക്കെങ്കിലുമോ കൊടുത്ത ഓർഡറിന്റെ കാരണമെന്താണെന്ന് നമ്മൾ ചിന്തിയ്ക്കണം. നമ്മളു വളർത്തുന്ന കുഞ്ഞുങ്ങളുടെ, നമ്മുടെ പെണ്ണുങ്ങളുടെ അന്തസ്സ് ഏതേലുമൊരു കുറ്റവാളിയുടെ പ്രവൃത്തിയിൽ ഇല്ലാതാകുന്ന ഒന്നാണോ?

അല്ലെന്നു നമ്മൾ കുഞ്ഞുങ്ങളെ പഠിപ്പിയ്ക്കണം. അതു പഠിപ്പിച്ചില്ലെങ്കിൽ അനുവാദമില്ലാതെ നടക്കുന്ന ഒരുപാട് കയ്യേറ്റങ്ങൾ ആരുമറിയാതെ ഒരൊറ്റ ചങ്കിൽ കിടന്നു നീറും. ചാകാതെ പോകുന്ന പെണ്ണുങ്ങളും കുഞ്ഞുങ്ങളും ജീവിച്ചു ചാകും. മരിച്ചവർക്ക് തന്റെ പേരിലും ജീവിതത്തിലും ബന്ധിയ്ക്കപ്പെടേണ്ട നീതിയുമായി ബന്ധമില്ലാതെ പോകും. ഇടുങ്ങിയ ചിന്താഗതിയുള്ള സമൂഹത്തിന് അതിനു ചേരുന്ന വളവും വെള്ളവും കോരും നമ്മുടെ കോടതി.

അതിക്രമത്തിനിരയായ സ്ത്രീയുടെ വ്യക്തിത്വം മറച്ചു വയ്ക്കാൻ തോന്നുന്നത് അവളോടുള്ള അനുകമ്പയോ അവളുടെ അന്തസ്സിന് കൊടുക്കുന്ന വിലയോ അല്ല. മറിച്ചു ശരിതെറ്റുകളെക്കുറിച്ചുള്ള അജ്ഞതയും, സമൂഹത്തിന്റെ കുറ്റബോധവും, വികലമായ നീതിബോധവുമാണ്.

അന്‍ഷ മുനീര്‍

അന്‍ഷ മുനീര്‍

സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗീക ശാരീരിക അതിക്രമങ്ങൾ സ്ത്രീകളുടെ തന്നെയോ കുടുംബത്തിന്റെയോ അഭിമാനവുമായി കൂട്ടിക്കെട്ടി ഒളിച്ചുവെക്കുന്ന ഒരു രീതിയാണ് കാലങ്ങളായി സമൂഹത്തിലുള്ളത്. തനിക്കെതിരെ നടന്ന അക്രമത്തെ മാനക്കേട് ഭയന്ന് ഇര തന്നെ രഹസ്യമാക്കി സൂക്ഷിച്ചുകൊള്ളും എന്ന ധാരണയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നു. ഏതെങ്കിലും ഒരു കുറ്റവാളി ചെയ്യുന്ന ശരീരിക അതിക്രമം ഒരു സ്ത്രീയുടെ അന്തസ്സിനെ ബാധിക്കും എന്ന ചിന്ത തന്നെ ആണധികാര സമൂഹത്തിന്റെ നിർമ്മിതിയാണ്. ബഹുമാനപ്പെട്ട സുപ്രീം കോടതിയും ഇതേ നിലപാട് പിന്തുടരുന്നത് നിരാശയോടെയാണ് കാണുന്നത്. അതിനെതിരെയാണീ പ്രതിഷേധം.

ബലാത്സംഗം എന്നതിനെ സ്ത്രീകളുടെ അന്തസ്സിനു സംഭവിക്കുന്ന കളങ്കമായി കാണേണ്ടതില്ലെന്നും മറിച്ച് നിയമപരമായി നേരിടേണ്ട കുറ്റകൃത്യമായി മാത്രം കാണുന്നു എന്നുമുള്ള നിലപാടിന്റെ പ്രഖ്യാപനം കൂടിയാണിത്.

പ്രതിഷേധങ്ങൾ കൊണ്ടും സമരങ്ങൾ കൊണ്ടും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ടുതന്നെ കോടതിയുടെ നിലപാടിൽ മാറ്റമുണ്ടാക്കാൻ ആകും എന്നുതന്നെ പ്രതീക്ഷിക്കുന്നു. ഇത്രയധികം സ്ത്രീകൾ കാമ്പെയ്നിൽ പങ്കെടുക്കുന്നതുതന്നെ നല്ലൊരു സൂചനയാണ്.

മരിച്ചാലും കുടുംബത്തിന്റെ 'മാനം' കാക്കേണ്ടവരാണോ സ്ത്രീകൾ? #IamNOTjustAnumber- ഷാഹിന നഫീസ പറയുന്നു

പീഡിപ്പിക്കപ്പെട്ടാല്‍ സ്ത്രീയുടെ മാനം മാത്രം എങ്ങനെയാണ് ഇടിയുന്നത്? വൈറലായി #IamNOTjustAnumber

English summary
I Am not Just A number Campaign : Participants explaining their concerns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X