• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കറുത്ത ചരിത്രമുള്ള കാലാപാനി... ഭയത്തിന്റെ പ്രതിപുരുഷനായ ബാറി.. സെല്ലുലാര്‍ ജയിലിലെ പീഡനമുറകള്‍!!

  • By desk

സ്വാതന്ത്രസമരത്തിന്റെ ആവേശം തല്ലിക്കെടുത്താനായി ആസൂത്രണം ചെയ്തതായിരുന്നു ആൻഡമാനിലെ സെല്ലുലാര്‍ ജയിലിലെ പീഡനമുറകള്‍. മാനസികമായി തകര്‍ക്കുക, ഓരോ പോരാളിയെയും എന്ന സന്ദേശമായിരുന്നു ജയില്‍ മേധാവികള്‍ക്കുണ്ടായിരുന്നത്. ക്രൂരത പോലും തോറ്റുപോകുമായിരുന്നു ജയില്‍ മോധാവി ഐറിഷുകാരനായ ബാറിയുടെ മുന്നില്‍. ഭയത്തിന്റെ പ്രതിപുരുഷനായിരുന്നു ബാറി എന്നാണ് പറയപ്പെട്ടിരുന്നത്. 1909 മുതല്‍ 1931 വരെയായിരുന്നു ബാറിയുടെ സെല്ലുലാര്‍ ജയിലിലെ കാലം.

'നിങ്ങള്‍ ഇവിടെ ആയിരിക്കുമ്പോള്‍ ഞാനാണ് നിങ്ങളുടെ ദൈവം', പുതുതായി വരുന്ന രാഷ്ട്രിയതടവുകാരോട് ബാറി പറഞ്ഞിരുന്നു. .ചങ്ങലക്കിട്ട തടവുകാരെ മൃഗങ്ങളെക്കാളും മോശമായ രീതിയിലാണ് കണ്ടിരുന്നത്. തുറമുഖ നിര്‍മ്മാണം, ജയിലിന്റെയും കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിവയെല്ലാം തടവുകാരെക്കൊണ്ടു ചെയ്യിച്ചിരുന്നു. . കടുത്ത പണി, നല്ല ആഹാരമോ എന്തിന് പ്രഥമിക ആവശ്യങ്ങള്‍ക്കുപോലും നിയന്ത്രണമുണ്ടായിരുന്നു സെല്ലുലാര്‍ജയിലില്‍. കൂടുതൽ വായിക്കാം...

കാലാപാനിയിലെ പീഡനങ്ങൾ

കാലാപാനിയിലെ പീഡനങ്ങൾ

കടുത്ത വെയിലില്‍ തൊണ്ട് തല്ലി കയറാക്കണം, ഓയില്‍മില്ലില്‍ ചക്കാട്ടി എണ്ണ എടുക്കണം. കടുത്തജോലികള്‍ ചെയ്തു തളര്‍ന്നാല്‍ വിശ്രമം അനുവദിക്കില്ല. തളര്‍ച്ച കണ്ടാല്‍ അതിക്രൂരമായ പീഡനമാണ് കാത്തിരിക്കുക. നിശ്ചിതസമയത്തിനുളളില്‍ ഏതാനും തടവുകാര്‍ ചേര്‍ന്ന് ചക്കാട്ടി മുപ്പതു പൗണ്ട് വെളിച്ചെണ്ണയോ കടുകെണ്ണയോ എടുക്കണമെന്നുളള, മനുഷ്യന് അസാധ്യമായ കാര്യങ്ങളാണ് ചെയ്യിച്ചിരുന്നത്. കൈകള്‍ ചോരയില്‍ കുതിര്‍ന്ന് തളര്‍ന്നു വീണാല്‍, അല്പ്പം വെളളം ചോദിച്ചാല്‍, മാരകമായ ശിക്ഷയാണ് പിന്നാലെ എത്തുക. പ്രാഥമികകൃത്യങ്ങള്‍ നടത്താന്‍ നിശ്ചിതസമയമുണ്ട്. അല്ലാത്തപ്പോള്‍ മണിക്കുറുകളോളം മലവും മൂത്രവും പിടിച്ചു നിര്‍ത്തി വേണം കഠിനമായ പണികള്‍ ചെയ്യേണ്ടത്.

ഒരിക്കല്‍ തന്നോട് മൂന്നു ലിറ്റര്‍ എണ്ണ ഒരുദിവസം ആട്ടാന്‍ അവശ്യപ്പെട്ട ജയിലര്‍ ബാറിയോട്, ഉല്ലാസ്‌കര്‍ ദത്ത എന്ന തടവുകാരന്‍ 'കാളകള്‍ക്കുപോലും രണ്ടുലിറ്ററ കഴിയൂ' എന്ന സത്യം പറഞ്ഞതിന് അദ്ധേഹത്തെ സീലിംഗില്‍ കെട്ടിത്തൂക്കിയിട്ടു. കൈകള്‍ബന്ധിച്ച അവസ്ഥയില്‍ ഏഴുദിവസമാണ് ദത്തക്ക് നില്‍ക്കേണ്ടി വന്നത്. ഒടുവില്‍ കെട്ടഴിച്ചപ്പോള്‍ ബോധരഹിതനായി താഴെവീണ ദത്തക്ക് മനസിന്റെ സമനില നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഭ്രാന്താശുപത്രിയിലേക്ക് അദ്ധേഹത്തെ മാറ്റി. എതിര്‍പ്പുയര്‍ത്തുന്ന പലരെയും ഗൂഡമാര്‍ഗ്ഗങ്ങളിലൂടെ മാനസികരോഗികളാക്കി കൊല്ലുന്നതും ജയിലിലെ അജണ്ടയുടെ ഭാഗമായിരുന്നു.

അടിമകള്‍ക്ക് തുല്യമായ ഏകാന്തജീവിതം

അടിമകള്‍ക്ക് തുല്യമായ ഏകാന്തജീവിതം

ഇടുങ്ങിയതാണ് സെല്ലുലാര്‍ ജയിലിലെ തടവുമുറികള്‍. രാത്രികാലങ്ങളില്‍ കുടിക്കാനുളള ജലം നിറച്ച കൂജയും ഒപ്പം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുളള ഇടുങ്ങിയ പാത്രവും ഉണ്ടാകും. ഒരുവശത്ത് കുടിവെളളം മറുവശത്ത് സ്വന്തം മാലിന്യം. ഇടുങ്ങിയ പാത്രത്തില്‍ വിസര്‍ജ്ജിക്കുമ്പോള്‍ പകുതി നിലത്തു വീഴുന്ന അവസ്ഥ. എന്തൊരുദുരിതമായിരുന്നു അതെന്ന് സെല്ലുലാര്‍ ജയിലിലെ അനുഭവക്കുറിപ്പുകളില്‍ വി.ഡി. സവര്‍ക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വിസർജ്യത്തോട് ചേർന്നുറങ്ങേണ്ട അവസ്ഥ എന്നാണ് അദ്ധേഹം ആ നരകയാതനകളെപ്പറ്റി പറഞ്ഞിട്ടുളളത്.

അടിമകള്‍ക്ക് തുല്യമായ ഏകാന്തജീവിതം പലരിലും ജീവിതം മടുപ്പുളളതാക്കി. ചിലര്‍ക്ക് മാനസികവിഭ്രാന്തി ഉണ്ടായി, ചിലര്‍ ആത്മഹത്യചെയ്തു. സ്വാതന്ത്രസമരത്തിന്റെ തീച്ചുളയിലേക്ക് ജീവിതം സമര്‍പ്പിച്ച ഇന്ദുഭൂഷണ്‍ റോയി സെല്ലുലാര്‍ ജയിലിലെ നരകജീവിതം മടുത്തിട്ടാണ് ഇരുപത്തിമൂന്നാമത്തെ വയസില്‍ ആത്മഹത്യയില്‍ ആശ്വസവും അഭിമാനവും തേടിയത്. തടവറയിലെ ഇരുമ്പുവെന്റിലേഷനില്‍ ഉടുതുണിയിലാണ് അദ്ധേഹം ജീവിതം ഹോമിച്ചത്. തടവുകാര്‍ക്ക് മേല്‍ മനശാസ്ത്രപരമായ ആധിപത്യമാണ് ജയില്‍ അധികൃതര്‍ ലക്ഷ്യം വെച്ചിരുന്നത്. ജയില്‍ ബ്ലോക്കിനു പുറത്തായാണ് പണിഇടവും, മെസും, തൂക്കുമരവും എല്ലാം സജ്ജീകരിച്ചിരുന്നത്. തൂക്കിലേറ്റുന്ന തടവുകാരന്റെ നിലവിളി മെസില്‍ കേള്‍ക്കാനാവുമായിരുന്നു.

ഭയപ്പെടുത്തി തകര്‍ക്കാനുള്ള ശ്രമം

ഭയപ്പെടുത്തി തകര്‍ക്കാനുള്ള ശ്രമം

ഭക്ഷണം കഴിക്കുമ്പോള്‍, വലിയൊരു ലക്ഷ്യത്തിനായി ഒരേ മനസോടെ പ്രവര്‍ത്തിച്ചിരുന്ന സഹയാത്രികന്റെ നിലവിളി കാതില്‍ വീഴുമ്പോള്‍ ഉണ്ടാകുന്ന ഉളളുരുക്കമാണ് ജയില്‍ അധികാരികള്‍ ലക്ഷ്യമാക്കിയത്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമ്പോള്‍ പരസ്പരം ഉളളില്‍ നിന്നുണരുന്ന ഐക്യബോധം അത്രത്തോളം ശക്തമായിരുന്നു. അതായിരുന്നു അവര്‍ക്ക് ഭയപ്പെടുത്തി തകര്‍ക്കേണ്ടിയിരുന്നതും. തൂക്കിക്കൊല്ലുന്നവരുടെ മൃതദേഹം കയറഴിച്ച് കടലിലേക്ക് തളളാനുളള രീതിയിലായിരുന്നു തൂക്കുമരം തയ്യാറാക്കിയിരുന്നത്.

പോര്‍ട്ട് ബ്ലെയറിന്റെ സ്വയം പ്രഖ്യാപിതദൈവം എന്നാണ് ജയിലര്‍ ഡേവിഡ് ബെറിയെപ്പറ്റി ജയില്‍ മോചിതനായപ്പോള്‍ സവര്‍ക്കര്‍ രേഖപ്പെടുത്തിയത്. സെല്ലുലാര്‍ ജയിലില്‍ അടക്കപ്പെട്ടപ്പോള്‍ ഉണ്ടായ മാനസികാവസ്ഥ അദ്ധേഹം വിശദികരിക്കുന്നുണ്ട്- 'ജയിലിന്റെ കവാടം പിന്നില്‍ കൊട്ടിയടക്കപ്പെട്ടപ്പോള്‍ മരണത്തിന്റെ താടിയെല്ലുകള്‍ക്കിടയില്‍ പെട്ട അനുഭവമാണ് ഉണ്ടായത്. ഡേവിഡ് ബാറി കടന്നു വന്നപ്പോള്‍ സെല്ലുലാര്‍ജയിലിലെ വാര്‍ഡന്‍മാര്‍ക്കിടയില്‍ നിന്നും അടക്കിപ്പിടിച്ച ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. ഒന്നും അയാള്‍ക്കപ്പുറം ക്രൂരമായിരുന്നില്ല.

സെല്ലുലാര്‍ ജയില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്

സെല്ലുലാര്‍ ജയില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്

ഒരുഹ്യദയവും അത്രത്തോളം കഠിനവും ആയിരുന്നില്ല'. ജയിലറെക്കാണുമ്പോള്‍ എന്റെ മുഖഭാവവും ആകാംക്ഷയും എന്തെന്നറിയാന്‍ വാര്‍ഡന്മാര്‍ ആകാംക്ഷഭരിതരായിരുന്നുവെന്നും സവര്‍ക്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമൃദ്ധമായ ജീവിതമായിരുന്നു ജയില്‍ ജീവനക്കാരായ ബ്രിട്ടിഷുകാരുടേത്. റോസ്‌ഐലന്‍ഡിലെ അവരുടെ ജീവിതം സിമ്മിംഗ്പൂളും ക്ലബ്ബ്‌ഹോസും ബേക്കറിയും സര്‍വ്വ സൗകര്യങ്ങളും അടങ്ങിയതായിരുന്നു. കല്ലും കട്ടയും പുല്ലും നിറഞ്ഞ മോശം ഭക്ഷണവും പ്രഥമിക കാര്യങ്ങള്‍ക്കുളള പരിമിതികളും തടവുകാരെ നിരാഹാരസമരത്തിലെത്തിച്ചു. ഈ സമരമാണ് സെല്ലുലാര്‍ ജയിലിന്റെ അന്ത്യത്തിനു കാരണമായതും. 1930 കളില്‍ തടവുകാര്‍ തുടങ്ങിയ നിരാഹാരസമരത്തോടെ സെല്ലുലാര്‍ ജയില്‍ ശ്രദ്ധാകേന്ദ്രമായി.

ക്രമേണ നിരാഹാരസമരം കൂടുതല്‍ തടവുകാര്‍ ഏറ്റെടുക്കുകയായിരുന്നു. ഭഗതസി്ംഗിന്റെ അനുയായിയായിരുന്ന മഹാവീര്‍സിംഗ് നിരാഹാരസമരത്തിനു മുന്നിലുണ്ടായിരുന്നു. നിരാഹാരസമരം ശക്തമായതോടെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുക എന്നതായി ജയില്‍ മേധാവിയുടെ തീരുമാനം. ക്രൂരമായിരുന്നു നിരാഹാരസത്യഗ്രഹികളോട് ജയില്‍ അധികൃതര്‍ ചെയ്തകാര്യങ്ങള്‍. പിടിച്ചുകെട്ടിയിട്ട് ട്യൂബു തൊണ്ടയിലൂടെ കയറ്റി ഭക്ഷണം ഉളളിലേക്കെത്തിച്ചു. നീചമായ ചെയ്തികളില്‍ മഹാവീര്‍സിംഗിന് ജീവന്‍ നഷ്ടമായി. ശ്വാസകോശത്തില്‍ പാല്‍ കയറി ന്യുമോണിയ ബാധിച്ചായിരുന്നു ആ ജീവന്‍ നഷ്ടമായത്. മഹാവീറിനൊപ്പം തന്നെ മറ്റു രണ്ട് ധീരദേശസ്‌നേഹികളും ഇതേഅവസ്ഥയില്‍ മരണപ്പെട്ടു. മൃതദേഹം കടലില്‍ കെട്ടിത്താഴ്ക്കുകയായിരുന്നു. മരണം മറ്റുളളവര്‍ അറിയുന്നതുപോലും രണ്ടുദിവസം കഴിഞ്ഞ്.

സെല്ലുലാര്‍ജയിലിന്റെ തകർച്ച

സെല്ലുലാര്‍ജയിലിന്റെ തകർച്ച

1937-38 കാലഘട്ടത്തില്‍ സെല്ലുലാര്‍ ജയിലിലെ ക്രൂരതകള്‍ പുറത്തായതോടെ ഇന്ത്യയില്‍ അത് ചലനങ്ങള്‍ സൃഷ്ടിച്ചു. മഹാത്മാഗാന്ധിയും രവീന്ദ്രനാഥടാഗോറും രംഗത്തെത്തി. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ലോര്‍ഡ്‌ലിറ്റിന്‍ഗോ ഒടുവില്‍ ഉത്തരവിറക്കി- സെല്ലുലാര്‍ജയിയിലെ തടവുകാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നു. 1938ല്‍ അവസാനത്തെ തടവുകാരെയും നാട്ടിലേക്ക് തിരിച്ചയച്ചു. 1942-ല്‍ ആന്‍ഡമാന്‍ പ്രദേശം ജപ്പാന്‍കാരുടെ അധീനതയില്‍ ആയി. അക്കാലത്ത് സുഭാഷ്ചന്ദ്രബോസ് ഇവിടം സന്ദര്‍ശ്ശിച്ചിരുന്നു.

ജപ്പാന്‍ ആധിപത്യകാലത്ത് സെല്ലുലാര്‍ജയിലിന്റെ ഭാഗങ്ങള്‍ തകര്‍ക്കപ്പെട്ടു. ബ്രിട്ടിഷ് തടവുകാരെ പാര്‍പ്പിക്കാനുളള ഇടമായാണ് ജപ്പാന്‍ ഇവിടം അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് ബ്രിട്ടന്‍ ആന്‍ഡമന്‍ തിരിച്ചു പിടിച്ചു. സ്വാതന്ത്ര്യാനന്തരം ആന്‍ഡമന്‍ നിക്കാബര്‍ ദ്വീപസമൂഹം ഇന്‍ഡ്യയുടെ ഭാഗമായി. 1969മുതല്‍ സെല്ലുലാര്‍ ജയില്‍ ഇന്‍ഡ്യയുടെ ദേശിയസ്മാരകമാണ്. തടവുകാരെ പാര്‍പ്പിച്ചിരുന്ന ഏഴു വിംഗുകളില്‍ മൂന്നു വിംഗുകളും ടവറും മാത്രമാണ് കാലത്തെ അതിജീവിച്ചത്.ധാരാളം ആളുകള്‍ കാഴ്ചക്കാരായി ഇവിടേക്കെത്തുന്നു. സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങളും എക്‌സിബിഷന്‍ ഗ്യാലറിയും ഇവിടെ ഗ്രൗണ്ട് ഫ്‌ളാറിലാണുളളത്.

കാലാപാനിയിലെ കാഴ്ചകൾ

കാലാപാനിയിലെ കാഴ്ചകൾ

ഫസ്റ്റ്ഫ്‌ളോറില്‍ ആര്‍ട്ട്ഗ്യാലറിയും നേതാജി ഗാലറിയുമാണ് ഉളളത്. ഈ ജയിലിനു മുന്നിലായി ഒരു ആല്‍മരമുണ്ട്. ഒന്നരനൂറ്റാണ്ടുകളുടെ ത്യഗങ്ങളുടെയും ക്രൂരതകളുടെയും നേര്‍സാക്ഷിയാണ് ഈ വടവൃക്ഷം. ജയില്‍ നിര്‍മ്മാണകാലത്ത് മഴുവിനെ അതിജീവിച്ച ഈ ആലിന്റെ കാഴ്ചപ്പാടിലൂടെയാണ് സെല്ലുലാര്‍ ജയിലിന്റെ കഥപറയുന്ന ലൈറ്റ് ആന്റ് സൗണ്ട്‌ഷോ അരങ്ങേറുന്നത്.കണ്ണുനയാതെ മനസിടറാതെ ഒരു ഇന്‍ഡ്യക്കാരനും ഈ ജയിലിന്റെ കഥകേട്ടിരിക്കാനാവില്ല.

സെല്ലുലാര്‍ ജയിലിലെ കാലം തളംകെട്ടിനില്‍ക്കുന്ന തടവറകള്‍ സഹനത്തിന്റെയും ത്യാഗത്തിന്റെയും നേര്‍സാക്ഷ്യങ്ങളാണ്. ഇവിടെ നമ്മുടെ ധീരദേശാഭിമാനികള്‍ അനുഭവിച്ച വേദനകള്‍ ഓരോ മനുഷ്യന്റെയും മനസിനെ പേരിടാനാവാത്ത ഒരു വികാരത്തിലേക്കെത്തിക്കും. അമര്‍ഷമാണോ, നൊമ്പരമാണോ, നിസഹായതയാണോ, സ്വയം വിമര്‍ശനമാണോ സെല്ലുലാര്‍ ജയില്‍ കാഴ്ചക്കാരനില്‍ ഉണര്‍ത്തുന്നത് എന്നറിയാത്ത അവസ്ഥ. അത്രത്തോളം തീവ്രമാണ് ഇവിടെയെത്തുന്ന ഓരോരുത്തരിലും അനുഭവമാകുന്നത്.ആര്‍ക്കൊക്കെയോ വേണ്ടി അവര്‍ അനുഭവിച്ച കൊടും പീഡനങ്ങള്‍ ഹൃദയത്തില്‍ കുത്തിക്കയറുന്ന അവസ്ഥ. സ്വാതന്ത്രത്തിന്റെ വില എത്ര വലുതെന്ന ഓര്‍മ്മകളുണര്‍ത്താന്‍ പോരുന്ന ഒരു സ്മാരകമാകുന്നു സെല്ലുലാര്‍ ജയില്‍.

English summary
Independence day special: Andaman Cellular jail – History, facts, location etc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more