കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറക്കാനാകുമോ ആ കറുത്ത ദിനങ്ങള്‍...അടിയന്താരവസ്ഥയുടെ കറുപ്പിന് നാല്‍പത് വയസ്സ്

Google Oneindia Malayalam News

ഇന്ത്യന്‍ ജനാധിപത്യത്തെ മരവിപ്പിച്ച അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തിന് ജൂണ്‍ 26 ന് 40 വയസ്സ്. ജനാധിപത്യവാദിയും സോഷ്യലിസ്റ്റുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ മകള്‍ ഏകാധിപത്യത്തിന്റെ പടവാളെടുത്ത് , നീണ്ട 21 മാസങ്ങള്‍ കൊണ്ട് സൃഷ്ടിച്ച മുറിവുകള്‍ ഇന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നു.

അന്ന് ഭരണത്തിലോ പാര്‍ട്ടിയിലോ ഒരു സ്ഥാനവും ഇല്ലാതിരുന്ന ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയായിരുന്നു ജനാധിപത്യവിരുദ്ധമായ പല നടപടികള്‍ക്കും നേതൃത്വം നല്‍കിയത്. എല്ലാത്തിനും സഞ്ജയ്ക്ക് പിന്തുണ നല്‍കിയ ഭാര്യ മനേക ഗാന്ധി ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നതും ചിന്തിക്കേണ്ട കാര്യമാണ്.

Emergency

മരിച്ചിട്ടും എന്തിനാണ് നിങ്ങളെന്റെ മകനെ മഴയത്ത് നിര്‍ത്തിയതെന്ന ഈച്ചരവാര്യരുടെ ചോദ്യത്തിന് ഇനിയും ഉത്തരമില്ല. മരണംവരെ എല്ലാ രാത്രികളിലും മകന് വേണ്ടി ഒരു ഇല ചോറ് കാത്തുവെച്ച അമ്മയുടെ കണ്ണു നീരിന് പകരം നല്‍കാനും ഒന്നുമില്ല.

കോഴിക്കോട് റീജ്യണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെ കഥമാത്രമല്ല ഇത്. അങ്ങനെ നൂറ് കണക്കിന് ആളുകളുടെ, അച്ഛന്‍മാരുടേയും അമ്മമാരുടേും സഹോദരങ്ങളുടേയും ഭാര്യമാരുടേയും മക്കളുടേയും എല്ലാം കണ്ണുനീരും കഷ്ടപ്പാടും കാണാതെ പോയ നാളുകളായിരുന്നു അത്. അടിയന്താവസ്ഥയുടെ കൊടിയ പീഡനങ്ങളുടേ ശേഷിപ്പുകള്‍ പേറി ജീവിതം നഷ്ടമായത് ആയിരക്കണക്കിന് പേര്‍ക്കാണ്.

Emergency

സ്നേഹലത റെഡ്ഡി എന്ന ദേശീയ പുരസ്കാരം നേടിയ നടിയേയും നമുക്ക് മറക്കാനാവില്ല. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ അറസ്റ്റിലായ വിഖ്യാത നടി ജയിലില്‍ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. ജയില്‍ മോചിതയായി അഞ്ച് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും സ്നേഹലത മരിച്ചു. ജയിലിലെ ക്രൂരതകള്‍ തന്നെ ആയിരുന്നു സ്നേഹലത എന്ന അപൂര്‍വ്വ പ്രതിഭയുടെ ജീവനെടുത്തത്.

അധികാരമോഹം ഒരാളെ എത്രമാത്രം ഏകാധിപതിയാക്കും എന്നതിന്റെ തെളിവായിരുന്നു അടിയന്തരാവസ്ഥ. രാഷ്ട്രത്തിന്റെ സര്‍വ്വസൈന്യാധിപന്‍ രാഷ്ട്രീയത്തിന്റെ റബ്ബര്‍ സ്റ്റാമ്പ് ആകുന്നതും കാണിച്ചു തന്നു 1975 ലെ ജൂണ്‍ 26.

Rajan

പ്രതിച്ഛായാനഷ്ടം തന്നെയായിരുന്നു ഇന്ദിരയുടെ പ്രധാന വെല്ലുവിളി. എങ്ങും അഴിമതിയുടേയും സ്വജന പക്ഷപാതത്തിന്റെയും കഥകള്‍ മാത്രം. ബീഹാറില്‍ ഭരണത്തിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിച്ചു. അത് മറ്റ് സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. വിദ്യാര്‍ത്ഥികളും തൊഴിലാളികളും സമരത്തില്‍ അണിചേര്‍ന്നു. സമരമുഖങ്ങളില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി. പാര്‍ട്ടിക്കുള്ളില്‍ യുവ തുര്‍ക്കികള്‍ ഇന്ദിരയുടെ ഏകാധിപത്യത്തിനെതിരെ കലാപം തുടങ്ങി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. ഗുജറാത്തിലെ തോല്‍വി. എല്ലാത്തിനുമൊടുവില്‍ തിരഞ്ഞെടുപ്പ് കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധിയും.

സമനില തെറ്റാന്‍ ഇന്ദിരക്ക് ഇവയൊക്കെതന്നെ ധാരാളമായിരുന്നു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ വിദേശ ശക്തികളുണ്ടെന്നായിരുന്നു ഇന്ദിരയുടെ സംശയം. സ്വന്തം മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീന്‍ അലി അഹമ്മദിനോട് ആവശ്യപ്പെടുകയായിരുന്നു. ഒരു വിനീതവിധേയനെപ്പോലെ അദ്ദേഹം അത് നിര്‍വ്വഹിക്കുകയും ചെയ്തു.

Sanjay Gandhi

പാര്‍ട്ടിക്കുള്ളിലെ അനുചരവൃന്ദവും മകന്‍ സഞ്ജയ് ഗാന്ധിയും ഇന്ദിരയെ പലകാര്യങ്ങളിലും തെറ്റിദ്ധരിപ്പിക്കുയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. എങ്കിലും ഇന്ത്യയുടെ ഉരുക്കുവനിത അടിയന്തരാവസ്ഥ എന്ന ഇരുണ്ട ദിനങ്ങളിലേക്ക് രാജ്യത്തെ തള്ളിവിട്ടത് രാഷ്ട്രീയ പാപ്പരത്തം തന്നെയെന്നാണ് വിലയിരുത്തല്‍.

'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അടിയന്താരവസ്ഥയെ പിന്‍പറ്റി ഏകാധിപത്യത്തിന്റെ ഗുണഭോക്താക്കളായി. പോലീസിലേയും ഉദ്യോഗസ്ഥരിലേയും ഇഷ്ടക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പേക്കൂത്ത് നടത്തി. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ ജയിലിലായി. പ്രതിഷേധക്കാരെ തിരഞ്ഞുപിടിച്ച് ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കി. മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തി. സാധാരണ പൗരന്റെ മൗലികാവകാശങ്ങളും അതിന് വേണ്ടിയുള്ള സമരവുമെല്ലാം ജലരേഖയായി.

മാര്‍ച്ച് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 1977 ജനവരി 23 ന് ഇന്ദിര രാഷ്ട്രീയ തടവുകാരെ സ്വതന്ത്രരാക്കി. 1977 മാര്‍ച്ച് 23 ന് ഔദ്യോഗികമായി അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാഷ്ട്രം തനിക്കൊപ്പമെന്ന് തോന്നലില്‍ ആയിരുന്നു ഇന്ദിര അപ്പോള്‍. അല്ലെങ്കില്‍, കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമെന്ന് കൂടെയുള്ളവര്‍ ഇന്ദിരയെ ധരിപ്പിച്ചു. ഫലം... ഇന്ദിരയും സഞ്ജയും കൂട്ടാളികളും തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റു വാങ്ങി.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നിലം പറ്റി. ജനത പാര്‍ട്ടി 298 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സിന് നേടാനായത് 153 സീറ്റുകള്‍ മാത്രം. മോറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ കൂട്ടുകക്ഷി ഭരണം നിലവില്‍ വന്നു.സത്യത്തില്‍ ഈ ഭരണമാറ്റം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അടിയന്തരാവസ്ഥ കാലത്ത് പീഡനമേറ്റവര്‍ക്ക് നീതിനല്‍കാന്‍ മൊറാര്‍ജി സര്‍ക്കാരിനും ആയില്ല. കേസുകള്‍ പലതും തെളിവുകളുടെ അഭാവത്തില്‍ തള്ളിപ്പോയി. ഭരണം മാറിയെങ്കിലും പോലീസും ഉദ്യോഗസ്ഥരും ഒക്കെ മനസ്സുകൊണ്ട് ഇന്ദിരക്കൊപ്പമായിരുന്നോ എന്ന സംശയത്തിന് ഇടനല്‍കുന്നതായിരുന്നു ഇത്.

പക്ഷേ ഒരു കാര്യം കണ്ടില്ലെന്ന് നടിക്കനാവില്ല. 'നാവടക്കൂ, പണിയെടുക്കൂ' എന്ന മുദ്രാവാക്യം തൊഴില്‍ മേഖലയില്‍ മികച്ച അച്ചടക്കം കൊണ്ടുവന്നു. ഭീതിയുടെ പുതപ്പിനടിയിലെങ്കിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് അടിയന്തരാവസ്ഥ പുത്തന്‍ ഉണര്‍വ്വ് നല്‍കി. വിനോബ ഭാവെയും മദര്‍ തെരേസയും ഖുശ്വന്ത് സിങും ജെ.ആര്‍.ഡി. ടാറ്റയും അടിയന്തരാവസ്ഥയെ പിന്തുണച്ചു. അച്ചടക്കത്തിന്റെ സമയം എന്നായിരുന്നു വിനോബ ഭാവെ അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചത്.

അടിയന്തരാവസ്ഥകാലത്തെ പീഡനങ്ങള്‍ അന്വേഷിച്ച ഷാ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1,10,806 പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണകൂടാതെ തടങ്കലില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദില്ലിയില്‍ ഒന്നര ലക്ഷത്തോളം കുടിലുകള്‍ ഇടിച്ചു നിരത്തി. കണക്കില്‍ പെടുന്നതും പെടാത്തതുമായി ദശലക്ഷങ്ങള്‍ ഷണ്ഡീകരിക്കപ്പെട്ടു. നീതി നിഷേധിക്കപ്പെട്ട ഇവരുടെ ശാപം ഇപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തെ വെറുതെവിട്ടിട്ടില്ല. ഒറ്റക്കും തെറ്റക്കുമായി അടിയന്തരാവസ്ഥയുടെ അലയൊലികള്‍ ഇപ്പോഴും ഉണ്ട്. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെ ഭരണകൂടങ്ങള്‍ തന്നെ പീഡകരാകുന്ന വൈരുദ്ധ്യം.

English summary
June 26 will mark the 40th anniversary of the imposition of Emergency in the country, a period which various scholars have variously referred to as 'dark days in Indian democracy' and 'dictatorship'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X