• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗെയ്ല്‍ പുനര്‍ജനിക്കണമോ? ഇന്ത്യയുടെ ആരോഗ്യം വീണ്ടെടുക്കാന്‍... അവലോകനം

നല്ല ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. ഇന്ത്യ പോലെ ജനസംഖ്യയില്‍ വളരെ മുന്നിലുള്ള ഒരു രാജ്യത്ത് ചെലവിനും വരവിനുമുള്ള വഴി ഈ ജനങ്ങള്‍ തന്നെയാണ്. ആരോഗ്യമില്ലാത്ത ഒരു വലിയ ജനക്കൂട്ടം ഉണ്ടായതു കൊണ്ട് യാതൊരു കാര്യവുമില്ലെന്ന് മാത്രമല്ല, അത് രാജ്യപുരോഗതിക്ക് തടസവുമാകും. ഇക്കാര്യം മനസിലാക്കിയതു കൊണ്ടുതന്നെയാകണം, രാഷ്ട്ര ശില്‍പ്പികള്‍ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ഭരണഘടനയില്‍ നിര്‍ദേശിച്ചത്. ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടതും പരിപാലിക്കേണ്ടതും ജനങ്ങള്‍ക്ക് ഗുണമാകുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. എന്നാല്‍ ഇത് കൃത്യമായി കാലാകാലങ്ങളില്‍ പാലിക്കപ്പെടാതെ പോയപ്പോഴാണ് പല പ്രതിസന്ധികളും രാജ്യം നേരിട്ടത്. പോഷകാഹാരം ഉറപ്പാക്കുക, ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക, ആരോഗ്യ സംരക്ഷണം നല്‍കുക എന്നിവയെല്ലാം ഭരണകര്‍ത്താക്കളുടെ പ്രാഥമിക ബാധ്യതകളാണ്.

വ്യാവസായിക വല്‍ക്കരണമാണ് രാജ്യപുരോഗതിക്ക് വഴിയൊരുക്കുക എന്ന നിലപാടിന് പിന്തുണ ഏറിയ കാലത്ത് വ്യവസായ സംരഭങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാരുകള്‍ അമിതമായ പ്രാധാന്യം നല്‍കി. ഇതോടൊപ്പം പ്രാധാന്യം ഒട്ടും കുറയാതെ പരിഗണിക്കേണ്ടതായിരുന്നു ആരോഗ്യ, വിദ്യാഭ്യാസ രംഗം. ഇവ രണ്ടും കാര്യമായി പരിഗണിക്കാതെ ഒരു പ്രബല ജനസമൂഹത്തെ എങ്ങനെ വാര്‍ത്തെടുക്കും. കാര്‍ഷിക മേഖല നികുതി വ്യവസ്ഥയ്ക്ക് അപ്പുറത്തായതോടെ ജനക്ഷേമ മേഖലയിലെ ചെലവഴിക്കല്‍ സര്‍ക്കാരുകള്‍ കുറയ്ക്കുകയാണ് ചെയ്തത്. ഇതാണ് ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച കുറയാന്‍ പ്രധാനമായ ഒരു കാരണം. ബിസിനസ് കണ്ണോടെ ഭരണാധികാരികള്‍ രാജ്യസേവനത്തെ കണ്ടതാണ് ഒരു പ്രശ്‌നമെന്ന് പറയാം. സ്വാതന്ത്ര്യത്തിന് ശേഷം ആരോഗ്യമേഖലയ്ക്ക് എത്ര പണം മാറ്റിവച്ചു എന്ന് പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.

ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് നമ്മുടെ രാജ്യം നീക്കിവച്ചിരുന്നത് എന്ന് പറയുമ്പോള്‍ ഈ രംഗം നേരിട്ട അവഗണന ബോധ്യപ്പെടും. 2008നും 2015നുമിടയില്‍ ജിഡിപിയുടെ 1.3 ശതമാനം ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കാന്‍ തുടങ്ങി. 2016-17 കാലത്ത് 1.4 ശതമാനമായി വര്‍ധിച്ചു. ലോക ശരാശരി 6 ശതമാനമാണ് എന്നോര്‍ക്കണം. 2017ല്‍ തയ്യാറാക്കിയ ദേശീയ ആരോഗ്യ നയം ശുപാര്‍ശ ചെയ്യുന്നത്, 2025 ആകുമ്പോഴേക്കും ആരോഗ്യമേഖലയ്ക്ക് നീക്കി വയ്ക്കുന്ന തുക ജിഡിപിയുടെ 2.5 ശതമാനമായി ഉയര്‍ത്തണം എന്നാണ്.

ഇന്ത്യന്‍ സാമ്പത്തിക രംഗം അതിവേ വളര്‍ച്ച ആരംഭിക്കുന്നത് 1980കളിലാണ്. നഗരമേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ കാതലായ മാറ്റം സംഭവിച്ചുതുടങ്ങി. എന്നാല്‍ ഇതോടൊപ്പം വളര്‍ന്നുവന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മറ്റും സ്വകാര്യമേഖലയിലാണ് വളര്‍ന്നത് എന്നത് മറ്റൊരു കാര്യം. ഇതോടെ വന്‍കിട കമ്പനികള്‍ ആരോഗ്യ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് വലിയ ആശുപത്രികള്‍ നിര്‍മിച്ചു. സാധാരണക്കാരന് എത്തിപ്പിടിക്കാന്‍ പോലും പറ്റാത്തവയായിരുന്നു ഇവിടെയുള്ള ചികില്‍സകള്‍. സ്വകാര്യമേഖലയ്ക്ക് പശ്ചാത്തല സൗകര്യം ഒരുക്കുന്ന ഒരു വീട്ടുകാരന്റെ റോളിലേക്ക് സര്‍ക്കാര്‍ മാറിനിന്നു. രാജ്യത്തെ നഗരമേഖലയിലെ 70 ശതമാനം പേരും ഗ്രാമീണമേഖലയിലെ 63 ശതമാനം പേരും സ്വകാര്യമേഖലയെ ആശ്രയിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍.

നിപ്പയും കൊറോണയും പോലുള്ള മഹാമാരികള്‍ സമൂഹത്തെ പിടികൂടുമ്പോള്‍ സ്വകാര്യമേഖലയുടെ ഇടപെടല്‍ തീരെ കുറയുന്നതാണ് കാഴ്ച. എന്നാല്‍ ശക്തമായ പൊതു ആരോഗ്യ മേഖല സജ്ജമാണെങ്കില്‍ മാത്രമേ ഇത് മറികടക്കാന്‍ സാധ്യമാകൂ. പ്രതിസന്ധി കനത്ത വേളയില്‍ സ്വകാര്യ മേഖലയിലെ സൗകര്യങ്ങള്‍ അധികാരപൂര്‍വം ഉപയോഗിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നത് ശരിയാണ്. പല സംസ്ഥാനങ്ങളിലും ഈ അധികാരം സര്‍ക്കാരുകള്‍ ഉപയോഗിക്കുകയും ചെയ്തു.

cmsvideo
  Oxford Covid 19 Vaccine Could Be Announced Tomorrow | Oneindia Malayalam

  കൊറോണയെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ ആണ് മാര്‍ഗം എന്ന് കരുതുന്നത് പൂര്‍ണമായും ശരിയാകില്ല. കാരണം ലോക്ക് ഡൗണ്‍ പിന്‍വലിച്ച വേളയില്‍ ഇന്ത്യയില്‍ കൊറോണ അതിവേഗം വ്യാപിക്കുന്നതാണ് കണ്ടത്. രാജ്യം എക്കാലത്തും പൂര്‍ണമായി അടച്ചിടാന്‍ സാധിക്കില്ലല്ലോ. അതേസമയം, പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ നമ്മുടെ ആരോഗ്യ മേഖലയെയും ജനങ്ങളെയും പ്രാപ്തരാക്കുകയാണ് ഏക പോംവഴി. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 15000 കോടി രൂപ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കൊറോണയുടെ പശ്ചാത്തലത്തിലാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ സൗകര്യം അപര്യാപ്തമാണ് എന്ന് അധികാരികള്‍ക്ക് തോന്നാന്‍ കൊറോണ പോലുള്ള മഹാ വിപത്ത് വരേണ്ടി വന്നു. ഇനിയെങ്കിലും കാര്യമായ നയം മാറ്റം ആരോഗ്യമേഖലയില്‍ നടപ്പാക്കാന്‍ രാജ്യത്തിന് സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് തീര്‍ച്ചയാണ്...

  ആരായിരുന്നു ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗെയില്‍...

  ലോകാരോഗ്യ സംഘടന 2020നെ ആതുരസേവകരുടെ വര്‍ഷം ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ആധുനിക നഴ്‌സിങ് ശാസ്ത്രത്തിന് അടിത്തറ പാകിയ വ്യക്തിയെന്ന് കണക്കാക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗെയിലിന്റെ 200ാം ജന്മവാര്‍ഷികത്തിലാണ് ഈ ആചരണം. 1820ല്‍ ഇറ്റലിയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച നൈറ്റിങ്‌ഗെയില്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് താമസം മാറി. ആതുരസേവനമായിരുന്നു അവര്‍ക്ക് ഏറെ താല്‍പ്പര്യമുള്ള മേഖല. വീട്ടുകാര്‍ വിസമ്മതിച്ചെങ്കിലും നൈറ്റിങ്‌ഗെയില്‍ പിന്നീട് ശോഭിച്ചത് ഇതേ മേഖലയിലാണെന്നത് ചരിത്രം. ജര്‍മനിയിലെ ആശുപത്രിയില്‍ ഔദ്യോഗിക ജീവിതം തുടങ്ങിയ ഇവര്‍ പിന്നീട് ലണ്ടനിലെ ജീവകാരുണ്യ സ്ഥാപനത്തിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. ജോര്‍ദാന്‍ നദിയോട് ചേര്‍ന്ന വിശുദ്ധ ഭൂമി കീഴടക്കാന്‍ റഷ്യ നടത്തിയ നീക്കമാണ് ക്രിമിയന്‍ യുദ്ധത്തില്‍ കലാശിച്ചത്. യുദ്ധത്തില്‍ മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ യുദ്ധാനന്തര കാരണങ്ങളാല്‍ മരിച്ചു. പരിക്കേറ്റ് ചികില്‍സ കിട്ടാതെയും പകര്‍ച്ച വ്യാധികള്‍ ബാധിച്ചും മരണ വക്കിലെത്തിയ ഈ ജനതയുടെ മുമ്പിലേക്ക് നൈറ്റിങ്‌ഗെയിലും സംഘവുമെത്തി. ഇവിടെയുള്ള സാഹചര്യം വിലയിരുത്തി ഇവര്‍ ബ്രിട്ടീഷ് ഭരണകൂടത്തെ അറിയിച്ചതോടെയാണ് ആതുര സേവനത്തിലേക്ക് അന്നത്തെ വന്‍കിട ശക്തികളുടെ ശ്രദ്ധ പതിഞ്ഞത്. പിന്നീടാണ് നഴ്‌സിങ് മേഖല കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് ഉയരാന്‍ തുടങ്ങിയത്. കോഴ്‌സുകളും പഠന സ്ഥാപനങ്ങളും വളര്‍ന്നുവന്നു. മികച്ച എഴുത്തുകാരി കൂടിയായിരുന്ന ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗെയില്‍ 200ലധികം പുസ്‌കങ്ങള്‍ രചിച്ചിട്ടുണ്ട്. 1910ലാണ് മരിച്ചത്. ഒട്ടേറെ സിനിമകള്‍ ഇവരുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുണ്ട്.

  English summary
  Indian Health care sector after Independence- Analysis
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X