കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പ്വൊളിയാണ് ബ്രോ...!!! ഫ്രീക്കന്‍മാരേക്കാള്‍ ഫ്രീക്ക്! കണ്ടാല്‍ അറിയാം സത്യം....

  • By Desk
Google Oneindia Malayalam News

ലോകത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം ആണ് ഇന്ത്യക്ക്. അധികം കഴിയും മുമ്പ് തന്നെ ചൈനയെ വെട്ടിച്ച് അക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വലിപ്പത്തിന്‌റെ കാര്യത്തില്‍ ആണെങ്കില്‍ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും നമ്മള്‍ തന്നെ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടേത്. വലിയൊരു പാരമ്പര്യവും നമുക്ക് അവകാശപ്പെടാനുണ്ട്. പക്ഷേ, പുതുതലമുറയില്‍ എത്ര പേര്‍ക്ക് ഇതൊക്ക അറിയും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

മേല്‍പറഞ്ഞ കാര്യങ്ങള്‍ അറിയുന്നവര്‍ക്ക് പോലും അറിയാത്ത കുറേ പ്രത്യേകതകള്‍ ഇന്ത്യക്കുണ്ട്. അതില്‍ ചിലത് കണ്ടാല്‍ ഫ്രീക്കന്‍മാര്‍ പോലും ഫ്രീക്ക് ആയിപ്പോകും.

നീന്തിക്കളിക്കും പോസ്റ്റ് ഓഫീസ്

നീന്തിക്കളിക്കും പോസ്റ്റ് ഓഫീസ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാല്‍ ശൃംഖലയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ തപാല്‍ സേവനങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഉണ്ട് തപാല്‍ സേവനങ്ങള്‍. അതില്‍ ചിലവ നമ്മുടേതിനേക്കാള്‍ മികച്ചവയും ആണ്.

എന്നാല്‍ ഇന്ത്യയെ വ്യത്യസ്തമാക്കുന്ന മറ്റൊന്നുണ്ട്. അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു പോസ്റ്റ് ഓഫീസ് ആണ്. ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ആണ് ഇത്തരം ഒരു പോസ്റ്റ് ഓഫീസ് ഉള്ളത്. 2011 ല്‍ ആയിരുന്നു ഇത് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ ആകെയുള്ള 1,55,015 പോസ്റ്റ് ഓഫീസുകളില്‍ ഒന്നുമാത്രമാണ് ഇങ്ങനെയുള്ളത്. കത്തെഴുത്ത് കുറഞ്ഞെങ്കിലും ഇന്ത്യയിലെ പോസ്റ്റല്‍ മേഖല ഇപ്പോഴും സജീവം തന്നെയാണ്. പോസ്റ്റ് ഓഫീസ് ബാങ്കിങ് അടക്കമുള്ള വ്യത്യസ്ത നയങ്ങളുമായി ഇന്ത്യന്‍ തപാല്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

കുംഭമേളയും ബഹിരാകാശവും

കുംഭമേളയും ബഹിരാകാശവും

ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ ഭൂമിയില്‍ ഒറ്റ നോട്ടത്തില്‍ കാണാവുന്ന മനുഷ്യനിര്‍മിത വസ്തു ഏതാണ് ? ചൈനയിലെ വന്‍മതില്‍ എന്നായിരിക്കും അതിന്റെ ഉത്തരം. വേനലായാലും മഴയായാലും ആ വന്‍മതില്‍ അവിടെ തന്നെ കാണും .

ബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ കാണാവുന്ന ഒരു കാര്യം ഇന്ത്യയിലും ഉണ്ട്. അത് മഹാകുംഭമേള ആണത്രെ! 2011 ലെ മഹാകുംഭമേളയെ കുറിച്ചാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് വന്നത്. അന്ന് ഏഴര കോടിയോളം തീര്‍ത്ഥാടകര്‍ ആണ് കുംഭമേളയില്‍ പങ്കെടുത്തത്. ഇത്രയും അധികം ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടിയാല്‍ പിന്നെ ബഹിരാകാശത്ത് നിന്ന് കണ്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

അമ്പതിനായിരം ആഫ്രിക്കന്‍ ആനകളുടെ ഭാരം!

അമ്പതിനായിരം ആഫ്രിക്കന്‍ ആനകളുടെ ഭാരം!

ഒരു ആഫ്രിക്കന്‍ ആനയ്ക്ക് എന്ത് മാത്രം ഭാരം ഉണ്ടാകും? ശരാശരി ആറായിരം കിലോഗ്രാം ഉണ്ടാകും. അങ്ങനെയുള്ള അമ്പതിനായിരം ആനകളുടെ ഭാരം എന്ന് കേട്ടാല്‍ ആരായാലും ഒന്ന് മൂക്കത്ത് വിരല്‍ വച്ച് പോകും. എന്തായാലും പറയാന്‍ പോകുന്നത് ഒരു ആനക്കഥയല്ല, മുംബൈയിലെ ബാന്ദ്ര വോര്‍ളി സീലിങ്ക് പാലത്തിനെ കുറിച്ചാണ്.

രണ്ടരക്കോടി മനുഷ്യ മണിക്കൂറുകള്‍ ചെലവിട്ടാണ് ഈ പാലം നിര്‍മിച്ചിച്ചിരിക്കുന്നത്. ഇതിന് ഉപയോഗിച്ചിരിക്കുന്ന ഉരുക്കു കമ്പികളുടെ നീളം എന്ന് പറഞ്ഞാല്‍ ഭൂമിയുടെ ചുറ്റളവിനോളം വരും. ഭാരത്തിന്റെ കാര്യമാണ് അതില്‍ മറ്റൊരു പ്രധാനപ്പെട്ട സംഗതി. അമ്പതിനായിരം ആഫ്രിക്കന്‍ ആനകളുടെ തൂക്കം വരും. ആധുനിക ഇന്ത്യയിലെ ഏറ്റവും മികച്ച നിര്‍മാണ വൈദഗ്ധ്യത്തിന്റെ ഉദാഹരണം കൂടിയാണ് ഈ പാലം.

മലമുകളില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം

മലമുകളില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം

ഒട്ടുമിക്ക കളിസ്ഥലങ്ങളും ആളുകള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍ ആകും ഉണ്ടാവുക. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങള്‍ എല്ലാം നഗരമധ്യങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അങ്ങനെ അല്ലാത്ത സ്റ്റേഡിയങ്ങളും ഉണ്ട് കേട്ടോ....

ഹിമാചല്‍ പ്രദേശിലെ ചൈല്‍ ക്രിക്കറ്റ് ഗ്രൗണ്ട് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് ഗ്രൗണ്ട് ആണ്. സമുദ്ര നിരപ്പില്‍ നിന്നും 2,444 മീറ്റര്‍ ഉയരത്തില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യം കിട്ടുന്നതിനും ഏറെ മുമ്പേ, 1893 ല്‍ ആണ് ഈ ഗ്രൗണ്ട് നിര്‍മിച്ചത്. ചൈല്‍ മിലിട്ടറി സ്‌കൂളിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

കേരളത്തില്‍ വയനാട്ടില്‍ സ്ഥിതി ചെയ്യുന്ന കൃഷ്ണഗിരി സ്‌റ്റേഡിയവും ഏതാണ്ട് ഇതുപോലെ തന്നെ ആണ്. സമുദ്ര നിരപ്പില്‍ നിന്ന് 2100 അടി ഉയരത്തില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഷാംമ്പുവിന് പിന്നിലും

ഷാംമ്പുവിന് പിന്നിലും

കുളിക്കാന്‍ ഷാംമ്പു ഇല്ലാതെ പറ്റില്ല എന്ന സ്ഥിതിയാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക്. പരസ്യങ്ങളില്‍ സംഗതി നിറഞ്ഞുതുടങ്ങിയതോടെ ആണ് ഇത്തരം ഒരു ശീലം തന്നെ തുടങ്ങുന്നത്. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ആണ് ഷാംമ്പു ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

എന്നാല്‍ ഷാംമ്പുവിന്റെ തുടക്കവും ഇന്ത്യയില്‍ നിന്ന് തന്നെ ആയിരുന്നു. അത് ഇപ്പോള്‍ കാണുന്നതുപോലെ ആയിരുന്നില്ല എന്ന് മാത്രം. ആയുര്‍വേദ പച്ചമരുന്നുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. നമ്മള്‍ മലയാളികള്‍ ഉപയോഗിച്ചിരുന്ന താളിയൊക്കെ ഇതിന്റെ പഴയ രൂപം ആണ്. ഷാംമ്പുവിന് ആ പേര് കിട്ടിയത് പോലും ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നായിരുന്നു. ചമ്പു എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് ഷാംമ്പു ഉണ്ടായത്. മസ്സാജ് ചെയ്യുക എന്നാണ് ഇതിന്റെ അര്‍ത്ഥം .

കബഡി കബഡി കബഡി...

കബഡി കബഡി കബഡി...

ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയണ്. ഒരുകാലത്ത് ഇന്ത്യക്കാര്‍ ഹോക്കിയുടെ തലതൊട്ടപ്പന്‍ ആയിരുന്നു. അതൊക്കെ പഴയകാലം. ഇപ്പോള്‍ ക്രിക്കറ്റിന് ആണ് രാജ്യത്ത് ഡിമാന്റ്. എന്നാല്‍ ക്രിക്കറ്റും ഹോക്കിയും മാത്രമല്ല രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ കായിക ഇനങ്ങള്‍.

ഒരുകാലത്ത് ഏത് ഗ്രാമത്തിലും സജീവമായിരുന്ന കബഡിക്ക് പക്ഷേ, അത്ര പ്രാധാന്യം ഒന്നും രാജ്യവും അധികാരികളും നല്‍കിയിരുന്നില്ല. എന്നാല്‍ ഇതുവരെ നടന്ന എല്ലാ കബഡി ലോകകപ്പുകളും സ്വന്തമാക്കിയ ടീം ആണ് ഇന്ത്യ. 2004 ല്‍ ആയിരുന്നു ആദ്യ കബഡി ലോകകപ്പ് തുടങ്ങിയത്. അന്ന് ഇറാന്‍ ആയിരുന്നു ഇന്ത്യയുടെ എതിരാളി. തുടര്‍ന്നിങ്ങോട്ട് നടന്ന മൂന്ന് ലോകകപ്പുകളിലും അങ്ങനെ തന്നെ.

ചന്ദ്രനിലെ വെള്ളം

ചന്ദ്രനിലെ വെള്ളം

ചന്ദ്രനും ചൊവ്വയും എല്ലാം ഇന്ത്യന്‍ ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നവരാണ്. ജ്യോതിഷവും ജ്യോതിശാസ്ത്രവും തമ്മില്‍ അജഗജാന്തര വ്യത്യാസം ഉണ്ടെങ്കിലും പലര്‍ക്കും അതിനെ കുറിച്ച് ഒരു ധാരണയില്ല എന്നതാണ് സത്യം.

ചന്ദ്രനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതി ഏറെ അഭിമാനാര്‍ഹമായ ഒന്നാണ്. ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയത് നീല്‍ ആംസ്‌ട്രോങും എഡ്വിന്‍ ആല്‍ഡ്രിനും ആയിരിക്കും. എന്നാല്‍ ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത് ഇന്ത്യയുടെ ചാന്ദ്രയാന്‍ ഒന്നാം ദൗത്യം ആയിരുന്നു. അമേരിക്കയും റഷ്യയും അപ്രമാദിത്തം കാണിച്ചിരുന്ന ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ഒരുപാട് ഉയര്‍ത്തിയ സംഭവം തന്നെ ആയിരുന്നു അത്.

അബ്ദുള്‍ കലാമും സ്വിറ്റ്‌സര്‍ലാന്‍ഡും

അബ്ദുള്‍ കലാമും സ്വിറ്റ്‌സര്‍ലാന്‍ഡും

ജനങ്ങള്‍ ഏറ്റവും അധികം സന്തോഷത്തോടെ ജീവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. സാമ്പത്തികമായും സാമൂഹ്യമായും ശാസ്ത്രീയ രംഗത്തും എല്ലാം ഏത് രാഷ്ട്രത്തിനോടും കിടപിടിക്കുന്ന രാജ്യം.

അങ്ങനെയുള്ള സ്വിറ്റ്‌സര്‍ലാന്‍ഡും നമ്മുടെ എപിജെ അബ്ദുള്‍ കലാമും തമ്മില്‍ എന്താണ് ബന്ധം? സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ശാസ്ത്ര ദിനം തന്നെ അബ്ദുള്‍കലാമുമായി ബന്ധപ്പെട്ടിരിക്കുന്നു. 2006 മെയ് 26 ന് ആയിരുന്നു ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന എപിജെ അബ്ദുള്‍ കലാം സ്വിറ്റ്‌സര്‍ലാന്‍ഡ് സന്ദര്‍ശിച്ചത്. ഈ ദിനം ആണ് അവര്‍ പന്നീട് ദേശീയ ശാസ്ത്ര ദിനം ആയി ആചരിക്കാന്‍ തുടങ്ങിയത്.

ഇതേ അബ്ദുള്‍ കലാം പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയും ആയി. ഇദ്ദേഹത്തോട് അമേരിക്കക്കാര്‍ ചെയ്ത കാര്യവും നമുക്ക് അത്ര പെട്ടെന്ന് മറക്കാന്‍ പറ്റില്ല.

ശമ്പളം വേണ്ടാത്തവര്‍...

ശമ്പളം വേണ്ടാത്തവര്‍...

ഡോ രാജേന്ദ്ര പ്രസാദ് ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി. അന്ന് മാസം 10,000 രൂപയായിരുന്നു രാഷ്ട്രപതിയുടെ ശമ്പളം. കാലം 1947 ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം.

എന്നാല്‍ തനിക്ക് ജീവിക്കാന്‍ ഇത്രയും പണം ഒന്നും വേണ്ടെന്ന് പറഞ്ഞ ആളായിരുന്നു രാജേന്ദ്ര പ്രസാദ്. ശമ്പളത്തിന്റെ അമ്പത് ശതമാനം മാത്രം ആയിരുന്നു അദ്ദേഹം കൈപ്പറ്റിയിരുന്നത്. 12 വര്‍ഷത്തോളം അദ്ദേഹം രാഷ്ട്രപതിയായി തുടര്‍ന്നു. ഈ കാലയളവില്‍ മൊത്തത്തില്‍ അദ്ദേഹം സ്വീകരിച്ചത് വെറും 25 ശതമാനം ശമ്പളം മാത്രമായിരുന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ കാര്യത്തിലും ഉണ്ട് ഇത്തരം ചില പ്രത്യേകതകള്‍. അദ്ദേഹം ആദ്യമായി കേന്ദ്ര ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത് നരസിംഹറാവു സര്‍ക്കാരിന്റെ കാലത്തായിരുന്നു. അന്ന് ഒരു രൂപ മാത്രം ആയിരുന്നു മന്‍മോഹന്‍ സിങ് ശമ്പളം ആയി കൈപ്പറ്റിയിരുന്നത്.

സൈക്കിളില്‍ പോയ റോക്കറ്റ്

സൈക്കിളില്‍ പോയ റോക്കറ്റ്

അമേരിക്കയേയോ റഷ്യയേയോ പോലെ ആയിരുന്നില്ല ഇന്ത്യ. സ്വാതന്ത്ര്യം കിട്ടിയ ആദ്യനാളുകളില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മറ്റ് പല കാര്യങ്ങളേക്കാളും പ്രാധാന്യം പട്ടിണി മാറ്റലും അടിസ്ഥാന വികസനവും ഒക്കെ ആയിരുന്നു. എങ്കിലും ജവഹര്‍ലാല്‍ നെഹ്‌റു എന്ന ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രിയുടെ കീഴില്‍ രാജ്യം വന്‍ മുന്നേറ്റം തന്നെ സ്വന്തമാക്കി.

രാജ്യത്ത് ആദ്യത്തെ റോക്കറ്റ് പരീക്ഷണം നടക്കുന്നത് തിരുവനന്തപുരത്തെ തുമ്പയിലുള്ള വിക്ഷേപണ തറയില്‍ നിന്നായിരുന്നു. ഇന്ന് കാണുന്നത് പോലെ ഉള്ള ഭീമാകാരന്‍ റോക്കറ്റ് ഒന്നും ആയിരുന്നില്ല അന്ന് ഇന്ത്യ വിക്ഷേപിച്ചത്. ഒരു കുഞ്ഞു റോക്കറ്റ്. അത് വിക്ഷേപണ തറയില്‍ എത്തിക്കാന്‍ അന്ന് അത്യന്താധുനിക സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു സൈക്കിളില്‍ ആയിരുന്നു റോക്കറ്റ് കൊണ്ടുപോയത്. സൈക്കിളിന്റെ ക്യാരിയറില്‍ റോക്കറ്റും വച്ച് ഒരാള്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ട് പോവുന്ന ആ ചിത്രം ഇപ്പോഴും ആരുടേയും ശ്രദ്ധയാകര്‍ഷിക്കും.

സുഖവാസം ആനകള്‍ക്കും

സുഖവാസം ആനകള്‍ക്കും

സുഖവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക എന്നത് മനുഷ്യര്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും അതെല്ലാം സാധ്യമായിക്കൊള്ളണം എന്നില്ല. മനുഷ്യര്‍ക്ക് പറ്റാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മൃഗങ്ങള്‍ക്ക് പറ്റുമോ?

എന്നാല്‍ പറ്റും എന്ന് തന്നെ പറയേണ്ടിവരും. കേരളത്തില്‍ പുന്നത്തൂര്‍ കോട്ടയിലുള്ള ആനപരിപാല കേന്ദ്രം ഇത്തരം ഒന്നാണ്. ആനകള്‍ക്ക് മാത്രമേ ഇവിടെ സുഖചികിത്സ ലഭിക്കുകയുള്ളൂ കേട്ടോ. .. പക്ഷേ, നാട്ടാനകള്‍ക്ക് കൊടുക്കുന്ന ഈ സുഖചികിത്സയൊന്നും അവയുടെ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത് .

ഇംഗ്ലീഷില്‍ അമേരിക്കയെ വെല്ലുമോ?

ഇംഗ്ലീഷില്‍ അമേരിക്കയെ വെല്ലുമോ?

തികച്ചും വ്യത്യസ്തമായ ഭൂമിശാസ്ത്രവും സാംസ്‌കാരിക, ഭാഷാ പൈതൃകങ്ങളും ഒക്കെയുള്ള രാജ്യമാണ് നമ്മുടേത്. പക്ഷേ, എവിടെ പോയാലും സംസാരിക്കാന്‍ പറ്റുന്ന ഒരു ഏക ഭാഷ നമുക്കില്ല. അക്കാര്യത്തില്‍ ആശ്രയിക്കാന്‍ പറ്റുന്നത് ഒരുപരിധിവരെ ഇംഗ്ലീഷിനെ ആണ്. കുറേയൊക്കെ ഹിന്ദിയും.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ ഒന്നാണ് ഇംഗ്ലീഷ് . ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്കാണ് . എന്നാല്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ് എന്ന് എത്ര പേര്‍ക്ക് അറിയാം .

English summary
Interesting Facts On India That You Had No Idea About.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X