കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിവിപി യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് ബിജെപി അധ്യക്ഷനിലേക്ക്... ട്രോളുകളിലും തോല്‍വികളിലും പതറാതെ

  • By Desk
Google Oneindia Malayalam News

ഒരു ഘട്ടത്തിൽ കേരളത്തില്‍ ബിജെപിയുടെ മുഖമായി പെട്ടെന്ന് ഉയര്‍ന്നുവന്ന നേതാവാണ് കെ സുരേന്ദ്രന്‍. ഒരുപക്ഷേ, കേരളത്തില്‍ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളും കെ സുരേന്ദ്രന്‍ തന്നെ ആയിരിക്കും. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍ ജനിച്ച കെ സുരേന്ദ്രന്‍ ഗുരുവായുരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ സുരേന്ദ്രൻ, ഗുരുവായുരപ്പന്‍ കോളേജിലെ എബിവിപി യൂണിറ്റ് സെക്രട്ടറി ആയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്.

എബിവിപിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായും സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവമോര്‍ച്ചയുടെ വയനാട് ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയിരുന്നു. 2003 മുതല്‍ 2009 വരെ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനും ആയിരുന്നു.

ഈ കാലയലളവിലാണ് സുരേന്ദ്രന്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതനാകുന്നത്. അന്ന് മുതലേ ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു. ഊര്‍ജ്ജസ്വലനും കൃത്യമായ വാക്കുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള നേതാവും ആയിട്ടായിരുന്നു അന്ന് പൊതുസമൂഹത്തിന് മുന്നില്‍ സുരേന്ദ്രന്‍ അവതരിപ്പിക്കപ്പെട്ടത്. 2009 ല്‍ കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.

ചാനലുകളിലെ ചർച്ചാവേളകൾ- സോളാർ കേസ്

ചാനലുകളിലെ ചർച്ചാവേളകൾ- സോളാർ കേസ്

യുവമോർച്ചാ നേതാവായിരിക്കെ തന്നെ ചാനൽ ചർച്ചകളിൽ സജീവമായിരുന്നു സുരേന്ദ്രൻ. എന്നാൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായതിന് ശേഷം ചർച്ചകളിലെ ഇടപെടലുകൾ സുരേന്ദ്രനെ വ്യത്യസ്തനാക്കി.

സോളാര്‍ വിവാദ കാലത്താണ് കെ സുരേന്ദ്രന്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. സോളാറില്‍ നിര്‍ണായക രേഖകള്‍ തന്റെ കൈവശം ഉണ്ടെന്ന് ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി അവകാശവാദം ഉന്നയിച്ച നേതാവായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു രേഖ പോലും അദ്ദേഹം പുറത്ത് വിട്ടില്ല. ഇതോടെ ട്രോള്‍ ഗ്രൂപ്പുകളിലെ സജീവ ചര്‍ച്ചാ വിഷയം ആയി മാറി സുരേന്ദ്രന്‍.

ഉള്ളിക്കറിയും ബീഫും

ഉള്ളിക്കറിയും ബീഫും

ബീഫ് വിവാദത്തിലും സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടു. കെ സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നു എന്ന രീതിയില്‍ ഒരു ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഉള്ളിക്കറിയാണ് കഴിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് സുരേന്ദ്രന് ഒരു വിളിപ്പേരും സോഷ്യല്‍ മീഡിയ സമ്മാനിച്ചു.

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരളത്തിൽ ബിജെപിയെ ഏറെ പ്രതിരോധത്തിലാക്കിയതും ഇതേ സംഭവം തന്നെ ആയിരുന്നു. ഇപ്പോഴും കെ സുരേന്ദ്രനെതിരെ സൃഷ്ടിക്കപ്പെടുന്ന ട്രോളുകളിൽ അധികവും ഇത് പറഞ്ഞുകൊണ്ടാണ്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന പിഴവുകളും സുരേന്ദ്രനെ സോഷ്യല്‍ മീഡിയ വേട്ടയാടാനുള്ള കാരണങ്ങളില്‍ ഒന്നായി. നേരത്തെ, വിടി ബല്‍റാമിനോട് ഹിന്ദി പഠിക്കാന്‍ നിര്‍ദ്ദേശിച്ച ആളായിരുന്നു സുരേന്ദ്രന്‍.

ഈ പ്രസംഗത്തിന്റെ പേരിൽ കെ സുരേന്ദ്രൻ അത്രയേറെ ട്രോൾ പരിഹാസങ്ങൾക്ക് പാത്രമായി. എന്നാൽ അതിന് ശേഷം, അദ്ദേഹം തന്നെ മികച്ച രീതിയിൽ പല പ്രസംഗങ്ങളും ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ശബരിമലയിലെ മലക്കം മറിച്ചിൽ

ശബരിമലയിലെ മലക്കം മറിച്ചിൽ

ശബരിമല വിഷയത്തില്‍ ആയിരുന്നു സുരേന്ദ്രന്‍ പിന്നീട് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന അഭിപ്രായക്കാരന്‍ ആയിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശദമായ ഒരു ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം എഴുതിയിരുന്നു. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ സുരേന്ദ്രന്‍ മലക്കം മറിഞ്ഞു. പഴയ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഒടുക്കം സ്ത്രീ പ്രവേശനത്തിനെതിരെ സമരമുഖത്ത് ശക്തമായ നിലകൊണ്ട നേതാവായിമാറി കെ സുരേന്ദ്രൻ.

ഒടുവില്‍ നിലയ്ക്കലയില്‍ വച്ച് ഇരുമുടിക്കെട്ടുമായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആയിരുന്നു അറസ്റ്റ്. തുടര്‍ന്ന് ആഴ്ചകളോളം ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു കെ സുരേന്ദ്രന്.

കന്നടയും തുളുവും പഠിച്ച് തിരഞ്ഞെടുപ്പ് രംഗത്തേക്ക്

കന്നടയും തുളുവും പഠിച്ച് തിരഞ്ഞെടുപ്പ് രംഗത്തേക്ക്

2009 മുതല്‍ തിരഞ്ഞെടുപ്പ് രംഗത്തുള്ള ആളാണ് സുരേന്ദ്രന്‍. 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിന്നാണ് ആദ്യമായി മത്സരിച്ചത്. ഒന്നേകാല്‍ ലക്ഷത്തില്‍പരം വോട്ടുകള്‍ സ്വന്തമാക്കിയ സുരേന്ദ്രന്‍ മികച്ച മത്സരം ആണ് അന്ന് കാഴ്ചവച്ചത്. കാസര്‍കോട് മത്സരിക്കുന്നതിന് മുമ്പ് തന്നെ തുളു, കന്നഡ ഭാഷകള്‍ പഠിച്ചെടുക്കാന്‍ സുരേന്ദ്രന്‍ ശ്രമം നടത്തിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. കാസര്‍കോട്ടെ ജനങ്ങളുമായി അടുത്തിടപെഴകുന്നതിന് വേണ്ടിയായിരുന്നത്രെ ഇത്. എന്തായാലും കെ സുരേന്ദ്രന്‍ കാസര്‍കോട് ഏറെ ജനപിന്തുണയുള്ള ഒരു നേതാവ് തന്നെയാണ്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേന്ദ്രന്‍. അന്ന് 33.8 ശതമാനം വോട്ടുകള്‍ ആയിരുന്നു സുരേന്ദ്രന്‍ സ്വന്തമാക്കിയത്. സിപിഎം സ്ഥാനാര്‍ത്ഥിയെ പിന്തളളി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ഇഞ്ചോടിഞ്ച് പോരാട്ടം

ഇഞ്ചോടിഞ്ച് പോരാട്ടം

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും കാസര്‍കോട് തന്നെ ആയിരുന്നു സുരേന്ദ്രന്‍ മത്സരിച്ചത്. 2009 നേക്കാളും വോട്ട് ശതമാനം മെച്ചപെടുത്താന്‍ സുരേന്ദ്രന് സാധിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‌റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ വിവാദങ്ങളെല്ലാം കെട്ടടങ്ങുകയും ചെയ്തു.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു സുരേന്ദ്രന്റെ ഞെട്ടിപ്പിക്കുന്ന പ്രകടനം കേരളം കണ്ടത്. ആദ്യം തിരുവനന്തപുരം മണ്ഡലത്തില്‍ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആയിരുന്നു പാര്‍ട്ടി തീരുമാനം. എന്നാല്‍ മഞ്ചേശ്വരം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു സുരേന്ദ്രന്‍. ഫലം വന്നപ്പോള്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. വ്യാപകമായി നടന്ന കള്ളവോട്ടുകളുടെ പിന്‍ബലത്തിലാണ് മുസ്ലീം ലീഗിന്റെ പിബി അബ്ദുള്‍ റസാഖ് വിജയിച്ചത് എന്നായിരുന്നു സുരേന്ദ്രന്‍ ഉന്നയിച്ച ആക്ഷേപം. ഇത് സംബന്ധിച്ച് സുരേന്ദ്രന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ തുടരുകയാണ്. അതിനിടെ പിബി അബ്ദുള്‍ റസാഖ് മരണമടയുകയും ചെയ്തു.

തട്ടകം മാറിയ തിരഞ്ഞെടുപ്പുകള്‍

തട്ടകം മാറിയ തിരഞ്ഞെടുപ്പുകള്‍

കാസ‍ര്‍കോട്, മഞ്ചേശ്വരം എന്നീ സ്ഥിരം തട്ടകങ്ങള്‍ മാറി, കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പിനെ നേരിട്ട വര്‍ഷം ആയിരുന്നു 2019. ശബരിമല സമരം കെ സുരേന്ദ്രന് തെക്കന്‍ കേരളത്തിലും വലിയ സ്വാധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലില്‍ ആയിരുന്നു ഈ നീക്കം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ നിന്നായിരുന്നു സുരേന്ദ്രന്‍ ജനവിധി തേടിയത്. കോണ്‍ഗ്രസിന്റെ ആന്‍റോ ആന്‍റണിയ്ക്കും സിപിഎമ്മിന്റെ വീണ ജോര്‍ജിനും പിറകേ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അദ്ദേഹത്തിന്. എന്നാല്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകള്‍ സമാഹരിക്കാന്‍ കെ സരേന്ദ്രന് കഴിഞ്ഞു.

2019 ലെ കോന്നി ഉപതിരഞ്ഞെടുപ്പിലും ബിജെപി രംഗത്തിറക്കിയത് കെ സുരേന്ദ്രനെ ആയിരുന്നു. ഇവിടേയും മൂന്നാം സ്ഥാനം തന്നെയായിരുന്നു ജനവിധി. എന്നാല്‍ ബിജെപിയുടെ വോട്ടുകള്‍ 17 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാന്‍ കെ സുരേന്ദ്രന് സാധിച്ചു.

സംസ്ഥാന അധ്യക്ഷപദവിയിലേക്ക്

സംസ്ഥാന അധ്യക്ഷപദവിയിലേക്ക്

പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണര്‍ ആയി നിയമതിനായതിന് ശേഷം കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കെ സുരേന്ദ്രന്റെ പേര് തുടക്കം മുതലേ അധ്യക്ഷപദവിയിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളിലെ ചില അഭിപ്രായ വ്യത്യാസങ്ങളും ശക്തമായിരുന്നു.

ഒടുവില്‍ ഇപ്പോള്‍ കെ സുരേന്ദ്രനെ തന്നെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും നേരിടാന്‍ ബിജെപിയെ സജ്ജമാക്കുക എന്ന വെല്ലുവിളിയാണ് സുരേന്ദ്രന്റെ മുന്നിലുള്ളത്.

English summary
K Surendran Profile: All about K Surendran, the new BJP State President of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X