കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള പാഠാവലി: സുരുഷു, അമിട്ട് ഷാജി; ഹിന്ദി പാഠാവലി: അച്ഛേ ദിന്‍

  • By Neethu B
Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

കേരളത്തിലെ കുട്ടികള്‍ക്ക് ഇതുവരെ പാഠപുസ്തകമെന്നും മുഴുവന്‍ കിട്ടിയിട്ടില്ല. എന്നാലും ഫേസ്ബുക്കിലെ കുട്ടികള്‍ക്ക് ഹിന്ദിയിലും മലയാളത്തിലും ഒക്കെ അത്യാവശ്യം ട്യൂഷനൊക്കെ കിട്ടിയ ഒരു ആഴ്ചയാണ് കടന്നു പോയത്.

അമിട്ട് ഷാജി, ഡംഭുമാമന്‍, സുരുഷു, വിഷകല ടീച്ചര്‍ തുടങ്ങിയ തരള മനോഹര പദാവലികളായിരുന്നു മലയാളത്തില്‍ തിളങ്ങി നിന്നത്. അച്ഛേ ദിന്‍ എന്ന ഹിന്ദി വാക്കിനെ ആസ്പദമാക്കിയുള്ളതായിരുന്നു ഹിന്ദിയിലെ പാഠഭാഗം.

k-surendran-gensc-bjp-big

കേരളം എന്ന 'ഠ'വട്ടത്തില്‍ - എന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല, കാരണം കേരളം വട്ടത്തിലല്ലല്ലോ, പടവലങ്ങ പോലെ നീണ്ടല്ലേ കിടക്കുന്നത്- കിടന്ന് സാദാ ഫേസ്ബുക്ക് തൊഴിലാളികളോട് തായംകളിയ്‌ക്കേണ്ടവരായിരുന്നില്ല ഇവിടെത്തെ അധ്യാപകര്‍. കേന്ദ്രത്തില്‍ മഹാഭൂരിപക്ഷത്തോടെ അധികാരത്തിലിരിയ്ക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് ഒരാള്‍. പണ്ട് കുറേ കാലം കേന്ദ്രത്തില്‍ അധികാരത്തിലിരിയ്ക്കുകയും ഇപ്പോള്‍ കേരളമടക്കമുള്ള ചെറിയ ചില നാട്ടുരാജ്യങ്ങളില്‍ മാത്രം അധികാരത്തില്‍ ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എയാണ് രണ്ടാമന്‍.

അച്ഛേ ദിന്‍ എത്താന്‍ ഒരിത്തിരി- വെറും 25 വര്‍ഷം- കാത്തിരിയ്‌ക്കേണ്ടി വരും എന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതിനാണ് ബല്‍റാം ഫേസ്ബുക്കിലെത്തി ചീത്തപറച്ചില്‍ തുടങ്ങിയത്. അമിട്ട് ഷാജി, ഡംഭുമാമന്‍ എന്നൊക്കെ പറഞ്ഞാല്‍ പിന്നെ അത് കെ സുരേന്ദ്രന് സഹിയ്ക്കാന്‍ പറ്റുമോ...?

vtbalram-ksurendran

പണ്ട് പിണറായി 'എടോ ഗോപാലകൃഷ്ണാ' എന്ന് വിളിച്ച സ്റ്റൈലില്‍ 'ബലരാമാാാ' എന്ന് നീട്ടിവിളിച്ച്, ഹിന്ദി അറിയില്ലെങ്കില്‍ ട്യൂഷന് പോകണം എന്നൊക്കെ പറഞ്ഞ് സുരേന്ദ്രന്‍ പോസ്റ്റിട്ടു. സ്വന്തം വാളില്‍ മറുപടി പറയാതെ സുരേന്ദ്രന്റെ പോസ്റ്റിന്റെ ചുവട്ടില്‍ തന്നെ പോയി ബല്‍റാം മറുപണി കൊടുത്തു. സുരുഷുവിന് ഇപ്പോള്‍ കൈരേഖായുദ്ധമൊന്നും ഇല്ലേന്ന് ചോദിച്ചായിരുന്നു ആ 'പണി' അവസാനിപ്പിച്ചത്. ഒടുവില്‍കൂട്ടിക്കിഴിച്ച് നോക്കിയപ്പോള്‍ 'ലൈക്ക്' കച്ചോടത്തില്‍ പോസ്റ്റ് മൊതലാളിയേക്കാള്‍ ലാഭം വെറും കമന്റ് ഇട്ടവന്.

ഇതോടുകൂടി കമന്റ് പരിപാടിയേക്കാള്‍ മൈലേജ് തന്റെ പോസ്റ്റിന് കിട്ടും എന്ന് മനസ്സിലാക്കിയിട്ടോ മറ്റോ ബലരാമന്‍ പിന്നെ തന്റെ സ്വന്തം 'വാളില്‍' തന്നെയാണ് തുടര്‍ മറുപടികള്‍ കൊടുത്തത്. തൃത്താലയില്‍ മത്സരിക്കാനുള്ള വെല്ലുവിളിയും, വേണേല്‍ പുതുപ്പള്ളിയിലും മത്സരിയ്ക്കുമെന്ന് മറുപടിയും ഒക്കെ കൂടി ആയപ്പോള്‍ ആകെമൊത്തംടോട്ടല്‍ ആവേശത്തിരയിളക്കം തന്നെ.

ഈ വിഷയത്തില്‍ വലിയ റോളൊന്നും ഇല്ലെങ്കിലും സഖാക്കന്‍മാരെല്ലാം ബല്‍റാമിന്റെ പിറകില്‍ പിന്തുണ ചേര്‍ത്ത് നിന്നപ്പോള്‍ സംഘിയാദികള്‍ക്ക് വീണ്ടും പ്രശ്‌നം തുടങ്ങി. എന്തായാലും വലിയ പരിക്കുകളില്ലാതെ രണ്ട് പേരും യുദ്ധം അവസാനിപ്പിച്ചു.

vt-balram-3

രാഷ്ട്രീയ നേതാക്കള്‍ക്ക് പറ്റിയ ഭാഷയിലാണോ രണ്ട് പേരും ഫേസ്ബുക്കില്‍ കിടന്ന് ഗ്വാഗ്വാ വിളിച്ചതെന്നായി പിന്നെ ചര്‍ച്ച. എന്തായാലും യുദ്ധം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വളരെ മാന്യമായി 'പ്രിയപ്പെട്ട ബല്‍റാം', 'പ്രിയപ്പെട്ട കെ സുരേന്ദ്രന്‍' എന്നിങ്ങനെയൊക്കെ വിളിച്ചാണ് രണ്ട് പേരും എഴുത്ത് പരിപാടികള്‍ അവസാനിപ്പിച്ചത്.

നാട്ടുകാരും അണികളും സംസ്‌കാരവും കേരല പാഠാവലിയും ഹിന്ദി പാഠാവലിയും പഠിച്ചോ എന്നറിയില്ല, രണ്ട് നേതാക്കളും ഏതാണ്ട് എല്ലാം പഠിച്ച മട്ടുണ്ട്. അടുത്ത പരീക്ഷയില്‍രണ്ട് പേര്‍ക്കും വിജയാശംസകള്‍ നേരുന്നു.

English summary
K Surendran- VT Balram Facebook war: a political satire Vedivazhiapdu by Binu Phalgunan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X