• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''കല്ല് കൊത്താനുണ്ടോ കല്ല്... അമ്മിക്കല്ല് കൊത്താനുണ്ടോ കല്ല്....'' വനജ വാസുദേവിന്റെ കുറിപ്പ്

  • By Vanaja Vasudev

വനജ വാസുദേവ്

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയരായ യുവ എഴുത്തുകാരിൽ ഒരാളാണ് വനജ വസുദേവ്.

പറങ്കിമാവിലെ ഏതേലും ചില്ലയുടെ അറ്റത്തോ താഴേത്തുണ്ടിലെ പറന്നുയരുന്ന അപ്പൂപ്പന്‍ താടിയുടെ പിന്നാലയോ കാവിനുള്ളിലെ വള്ളികളില്‍ ഊയലാടുകയോ ചെയ്യുമ്പോഴാവും തമിഴ് ചുവയുള്ള നീട്ടിയ വിളി കാതിലേക്കോടിയെത്തുക. അടുത്ത വിളിയുടെ അറ്റം പാഞ്ഞിറങ്ങി കയ്യാല ചാടി റോഡിനരുകില്‍ ചെന്ന് നോക്കും. മുഷിഞ്ഞ സാരിയല്‍പ്പം ഉയര്‍ത്തിക്കുത്തി ശരീരത്തിന് കുറുകെ തുണികൊണ്ട് കെട്ടിയ ഭാണ്ഡവും, തലയില്‍ ചെറിയൊരുസഞ്ചിയും വച്ച് വെറ്റിലക്കറ നീങ്ങിയ ചിരിയുമായി കറുത്തൊരുടല്‍ വെയിലത്ത് നടന്ന് വരുന്നുണ്ടാവും. മിക്‌സിയും ഗ്രൈന്ററും ചിന്തകളുടെ പടി കടന്ന് വരാത്ത ആ കാലത്ത് അമ്മിക്കല്ലിനും ആട്ട് കല്ലിനും അടുക്കളയിലെ പെണ്ണുങ്ങളോളം പണിയുണ്ടായിരുന്നു.

നീണ്ട് നിവര്‍ന്ന് അങ്ങനെ കിടന്ന് തുടങ്ങിയാല്‍ രാവന്തി വരെ അമ്മിക്കല്ലിന്റെ നെഞ്ചിലൂടെ പരിഭവത്തോടെ കുഴവി ഓടിക്കൊണ്ടിരിക്കും. നീട്ടിയരച്ച്, ചതച്ചെടുത്ത്, കുത്തിയുടച്ച്, അവള്‍ പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കും. എന്നും നെഞ്ചുടച്ച് പോകുന്നതിനാല്‍ അരകല്ലിന്റെ സൗന്ദര്യം പെട്ടെന്ന് ഇടിയും. അവിടവിടങ്ങളില്‍ മുഴച്ചും ചിലയിടങ്ങില്‍ അടര്‍ന്നും അവള്‍ ജീവനായി പിടയുന്ന നാളുകളിലാവും മുകളില്‍ പറഞ്ഞ വിളി ഉയര്‍ന്ന് പൊങ്ങുന്നത്. എല്ലാ ആണ്ടിലും മുറതെറ്റാതെ കല്ല് കൊത്തുന്ന നാടോടികള്‍ എത്തുമായിരുന്നു. കട്ട തമിഴ് പറഞ്ഞ് കൂട്ടത്തോടെ എത്തുന്ന ചെറുസംഘങ്ങളില്‍ ആണും പെണ്ണും കുട്ടികളും പട്ടികളും എല്ലാം കാണും.

സ്വന്തമായി ഊരോ പേരോ ഒന്നുമില്ലാത്ത ഇവര്‍ കുളിക്കുകയോ നനയ്ക്കുകയോ ചെയ്യുന്നതായി ഞങ്ങള്‍ക്ക് അറിവില്ലായിരുന്നു. തലമുടി എണ്ണ തേയ്ക്കാതെ പാറിപ്പറന്ന് ചെമ്പന്‍ നിറത്തില്‍ ഉണ്ടാവും. നന്നേ മുഷിഞ്ഞ വേഷമാവും. ശരീരത്തിന് കുറുകെ ഇറുക്കിക്കെട്ടിയ തുണിയില്‍ ചെറിയ കുഞ്ഞുങ്ങളെ ഇരുത്തിയിട്ടുണ്ടാവും. പരിഭവം ഏതുമില്ലാതെ ചെളിപുരണ്ട കുഞ്ഞുടലിലെ കാഴ്ചകള്‍ തിരയുന്ന കുഞ്ഞ്് കണ്ണുകളിലെ തിളക്കം കൗതുകത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. തുണി കൊണ്ട് താത്ക്കാലികമായി കെട്ടിയ ടെന്റുകളില്‍ ആകാശം കണ്ട്, മണ്ണിന്റെ തണുപ്പ് കൊണ്ട് ജീവിതത്തിന്റെ ഒരു ആകുലതയും അലട്ടാതെ അവര്‍ സുഖമായി ഉറങ്ങും. മഞ്ഞ് കൊണ്ട് കുളിരും. മഴ കൊണ്ട് നനയും. വെയില്‍ നക്കി ഉണക്കും.

എല്ലാ ഋതുക്കളെയും ശരീരം കൊണ്ടും മനസ്സ് കൊണ്ടും തൊട്ടറിഞ്ഞവര്‍. ആസ്വദിച്ചവര്‍. ഇടയ്ക്കിടയ്ക്ക് കണ്ണമത്ത് ചന്തയില്‍ കൂട്ടമായി വന്ന് താമസിച്ച് പോകുന്ന നാടോടികളെ (ഒട്ടര്‍ എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്) ഒരുപാട് കണ്ടിട്ടുണ്ട് ഞാന്‍.പറന്ന് പോകുന്ന കാക്കയേയും, മരം കയറി ഓടി മറയുന്ന അണ്ണാനേയും തെറ്റാലി കൊണ്ട് എയ്ത് വീഴ്ത്തുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അവയെ ചുട്ടെടുത്ത് തിന്നുന്നത് അറപ്പോടെ നോക്കി നിന്നിട്ടുണ്ട്. വൃത്തിയുടെ കാര്യത്തില്‍ ഏറെ പിന്നിലാണെങ്കിലും രുചികരമായി പാചകം ചെയ്ത് കഴിക്കാന്‍ അവര്‍ നമ്മളെക്കാളും മുന്നിലായിരുന്നു. വൈകിട്ടാകുമ്പോള്‍ ഒരുമുറി തേങ്ങയും ചെറിയൊരു പ്‌ളേറ്റുമായി കൂട്ടത്തിലെ പെണ്ണുങ്ങള്‍ അമ്മയുടെ വീട്ടിലേക്ക് വരും.

മിറ്റത്തേക്ക് അമ്മാമ്മ ഇട്ട് കൊടുക്കുന്ന ചിരവയില്‍ സാരിയൊതുക്കി ഒരു കാല്‍ നീട്ടിവച്ച് മറുകാല്‍ ചരിച്ച് പിറകിലേക്ക് വച്ച് തേങ്ങാ തിരുമ്മും. മുന്നില്‍ വീണ തേങ്ങാപ്പീരകളെ ഒരു സൈഡിലേക്ക് ഒതുക്കി, കയ്യില്‍ കരുതിയ വറ്റല്‍മുളകെടുക്കും. ചായ്പ്പിലായി പശുക്കള്‍ക്ക് കാടി തിളപ്പിക്കാന്‍ മൂന്ന് കല്ല് കൂട്ടി കൊച്ചച്ചന്‍ ഒരു അടുപ്പ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. മിക്കവാറും ആ സമയത്ത് അടുപ്പില്‍ കന്നുകാലിക്ക് കാടി തിളപ്പിച്ചതിന്റെ ശിഷ്ടമായി കെടാതെ കിടക്കുന്ന കനലുകള്‍ ഉണ്ടാവും. അതിന് മുകളിലേക്ക് മാമി കൊടുത്ത ചെറിയ ചീനിച്ചട്ടി വയ്ക്കും. അതിലേക്ക് വറ്റല്‍മുളകും മല്ലിയും ഇട്ട് ഒന്ന് ചൂടാക്കിയെടുത്തതിന് ശേഷം തേങ്ങ തിരുമ്മിയതുമായി ചേര്‍ത്ത് അരകല്ലിനടുത്തേക്ക് നടക്കും. ചിരവയുടെ അറ്റം മുതല്‍ അടുപ്പ് കല്ലിനരുകിലേക്ക് അവര്‍ക്ക് പിന്നിലായി ഞങ്ങളും നീങ്ങും.

സാരിയൊന്നുയര്‍ത്തി കുത്തി അരികെ വച്ചിരിക്കുന്ന വെള്ളം കൈക്കുമ്പിളില്‍ കോരി അരകല്ലിനേയും, കുഴവിയേയും ഒന്ന് നനച്ചെടുക്കും. ശേഷം ഒരു ഒന്നൊന്നര പ്രയോഗമാണ്. കനലിലെ ചൂടില്‍ കിടന്ന് മുഖം ചുവപ്പിച്ചിരിക്കുന്ന മല്ലിയേയും മുളകിനേയും എടുത്ത് അമ്മിക്കല്ലില്‍ വച്ച് കുഴവി കൊണ്ട് നന്നായി അരയ്ക്കും. മുളകിലേക്ക് മല്ലിയാണോ, മല്ലിയിലേക്ക് മുളകാണോ ആദ്യം അലിഞ്ഞ് ചേരുകയെന്ന് അറിയാന്‍ എന്റെ കണ്ണുകളും കുഴവിക്ക് പിറകെ പായും. തെല്ല് നേരം കഴിഞ്ഞ് ഇവ കല്ലിന്റെ ഒരു സൈഡിലേക്ക് മാറ്റിവച്ചുകഴിഞ്ഞ് തേങ്ങയിടും. നല്ല വെണ്ണ പോലെ അരച്ചെടുക്കുന്ന തേങ്ങയിലേക്ക് അരച്ച് മാറ്റി വച്ചിരിക്കുന്ന മുളകും മല്ലിയും ചേര്‍ത്ത് ഒന്നുകൂടി കൂട്ടിയരച്ചെടുത്ത് മാറ്റി അവസാനം ഇത്തിരി വെള്ളം ഒഴിച്ച് കല്ലൊന്ന് കഴുകി ആ വെള്ളം കൂടി അരപ്പിന് മീതെ വീഴ്ത്തും.

ഈ സമയമത്രയും തമിഴ് ചുവയുള്ള മലയാളത്തില്‍ വിശേഷങ്ങള്‍ പറഞ്ഞ് തരും. അവസാനം വെറ്റിലക്കറയുള്ള ഒരു ചിരി പാസ്സാക്കി \'വരട്ടെ സേച്ചി\' എന്ന് പറഞ്ഞ് പോകും. പിറ്റേന്നോ അതിന്റെ പിറ്റേന്നോ വീട്ടിലേക്കുവരുമ്പോള്‍ തേങ്ങയും മുളകും കൂടാതെ ഒരു ചെറിയ സഞ്ചി കൂടി കയ്യില്‍ കരുതിയിട്ടുണ്ടാവും. പതിവ്‌പോലെ അരച്ച് കഴിഞ്ഞ് കല്ല് കഴുകി, ഉണങ്ങിയ തുണി കൊണ്ട് നന്നായി തുടച്ചതിന് ശേഷം സഞ്ചി തുറന്ന് ഒരു ചെറിയ ചുറ്റികയും നീണ്ട് അറ്റം കൂര്‍ത്ത് കല്ലിനോട് സാമ്യമുള്ള ഒരു സാധനവും എടുക്കും. എന്നിട്ട് കല്ലിന്റെ ഒരറ്റം മുതല്‍ കൊത്തിത്തുടങ്ങും.

കൃത്യമായ ഇടവേളകളില്‍ ശക്തിയായി വീഴുന്ന കൂര്‍ത്തയറ്റം അമ്മിക്കല്ലിന്റെ വാര്‍ദ്ധക്യത്തെ ഒന്നായി തെറിപ്പിച്ച് കൊണ്ടിരിക്കും. അങ്ങനെ കൊത്തിക്കൊത്തി മറ്റേ അറ്റം വരെയെത്തും. ഇടയ്ക്ക് നടുവ് ഭാഗത്ത് എത്തുമ്പോള്‍ പൂവോ, \'ട\' അല്ലെങ്കില്‍ \'ഢ\' എന്ന അക്ഷരമോ കൊത്തിത്തരും. വേണ്ട അക്ഷരങ്ങള്‍ ഞങ്ങള്‍ മണ്ണില്‍ എഴുതി കാണിക്കും. അമ്മിയും കുഴവിയും കൊത്തിക്കഴിയുമ്പോള്‍ ചിരിച്ച് കൊണ്ട് അവര്‍ പോകും. കൂടി വന്നാല്‍ ഒരു മാസമേ അവിടെ നില്‍ക്കൂ. പിന്നീട് ചേക്കേറാന്‍ അടുത്ത ചില്ലതേടി അവരിറങ്ങും. പോകാന്‍ നേരം ഞങ്ങളോടൊക്കെ പറഞ്ഞിട്ടേ പോകൂ.തോളില്‍ പാണക്കെട്ടും, കുട്ടികളെയും ഒതുക്കി തലയിലെ തുണിക്കെട്ടില്‍ പണി സാധനങ്ങളും, കവണയും ഇട്ട്, ടാറുരുകുന്ന റോഡിലൂടെ ചെരുപ്പ് പോലും ഇടാതെ നടന്ന്, വെറ്റിലക്കറ തിങ്ങിയ പല്ലുകാട്ടി ചിരിച്ച്, ചെമ്പന്‍ മുടി കാറ്റിലുലഞ്ഞ് അവര്‍ നടന്ന് നീങ്ങും. അവരുടെ പോക്ക് കണ്ണില്‍ നിന്നും മറയും വരെ ഞങ്ങള്‍ നോക്കി നില്‍ക്കും. കാഴ്ചയില്‍നിന്ന് മറഞ്ഞാലും \'കല്ല് കൊത്താനുണ്ടോ കല്ല്...\'എന്ന വിളി കാതിലങ്ങനെ മുഴങ്ങി കേട്ട്‌കൊണ്ടേയിരിക്കും...

English summary
Kallu kothanundo kallu... vanaja Vasudev writes a nostalgic note.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more