• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭക്തിയുടെ കനല്‍ ചൂടിലേക്ക്! കണ്ണൂരില്‍ കെട്ടിയാടുന്ന കണ്ടനാറ് കേളന്‍ തെയ്യം!

  • By Desk

ഭക്തിയും കലയും സംസ്കാരവും സമന്വയിക്കുന്ന വിസ്മയ കാഴ്ചകളുമായി ഉത്തര മലബാറിന്റെ മണ്ണിപ്പോൾ തെയ്യാട്ടങ്ങളാൽ അനുഗ്രഹിക്കപ്പെടുകയാണ്. അനുഷ്ഠാന കലയെന്നതിലുപരി ഒരുകാലഘട്ടത്തിൻറെ നേർചിത്രം കൂടിയേകുന്നുണ്ട് ഓരോ തെയ്യങ്ങളും. ജാതി-മത-സമുദായ അതിരുകൾക്ക് അതീതമായി ഓരോ നാടിനെയും തെയ്യങ്ങൾ ഒന്നിപ്പിക്കുന്നു. അതിമനോഹരവും സങ്കീർണ്ണവുമായ മുഖത്തെഴുത്തും ആടയാഭരണങ്ങളും വാദ്യമേളങ്ങളും നൃത്താദികളും തോറ്റംപാട്ടുമൊക്കെയായി ഭക്തിയും കലയും ഓരോ തെയ്യങ്ങളിലും ഒന്നിക്കുന്നു.

നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. അഞ്ഞൂറോളം തെയ്യങ്ങളുണ്ടെങ്കിലും ഇപ്പോൾ 120ഓളം തെയ്യങ്ങളോ സാധാരണയായി കണ്ടുവരുന്നൊള്ളൂ. കണ്ണുർ, കാസർഗോഡ് ജില്ലകളിലാണ് തെയ്യം ഏറെ പ്രചാരത്തിലുള്ളത്.കാവുകൾ, മുണ്ട്യകൾ, കോട്ടങ്ങൾ, കൂലോം,നടപ്പുര, കഴകം എന്നിവയാണ് പ്രധാന തെയ്യാട്ട കേന്ദ്രങ്ങൾ. വണ്ണാൻമാർ, മലയന്മാർ, അഞ്ഞൂറ്റാന്മാർ,പുലയന്മാർ, മാവിലർ, കോപ്പാളർ എന്നിവരാണ് പ്രധാനമായും തെയ്യം കെട്ടിയാടുന്നത്. വർഷങ്ങളുടെ കഠിന പരിശീലനവും സമർപ്പണവുമാണ് ഓരോ തെയ്യക്കാരനും ജന്മമേകുന്നത്. പിഴക്കാത്ത നിഷ്ഠയും വ്രതവുമായി ശരീരവും ആത്മാവിനെയും ഒരുപോലെ ശുദ്ധമാക്കിയാണ് തെയ്യക്കോലങ്ങളണിയുന്നത്. മനുഷ്യൻ ദൈവമായി മാറുന്ന വ്യത്യസ്ത കാഴ്ചകളാണ് ഓരോ തെയ്യങ്ങളും സമ്മാനിക്കുന്നത്.

ഭക്തിയുടെ കനല്‍ ചൂടിലേക്ക്

ഭക്തിയുടെ കനല്‍ ചൂടിലേക്ക്

കണ്ണൂര്‍ പഴയങ്ങാടിയിലെ ചെങ്ങല്‍ ചെങ്ങരത്തറ തറവാട്ടിലേക്ക് തിരിക്കുമ്പോൾ ബിജു പെരുവണ്ണാന്‍റെ മുഖത്ത് ഒരു തുടക്കക്കാരൻറെ വേവലാതികളില്ല. തെയ്യം കെട്ടുകയെന്നത് തൻറെ നിയോഗമാണ്. ആ നിയോഗത്തെ ഞാൻ ഭയക്കില്ല. 29 കാരനായി ബിജുവിൻറെ വാക്കുകളിലും മുഖത്തും സമർപ്പണത്തിൻറെ ആത്മവീര്യം പ്രകടമായിരുന്നു. ആദ്യമായല്ല കണ്ടനാറ് കേളൻറെ കോലം ബിജു കെട്ടിയാടുന്നത്. കഴിഞ്ഞ വർഷമായിരുന്നു തുടക്കം. ഭയപ്പാടില്ലായിരുന്നെങ്കിലും കളി തീയിലായതിനാൽ കുടുംബത്തിനും ഗുരു കാരണവൻമാർക്കും അൽപം ആന്തലുണ്ടായിരുന്നു. വിശ്വാസത്തിൻറെ ഭക്തിയുടെ കനൽ ചൂടിലേക്ക് പോകുമ്പോൾ ശരീരം പൊള്ളും. അപ്പോൾ അറിയില്ലേങ്കിലും അതിൻറെ എല്ലാ ബുദ്ധിമുട്ടുകളും തെയ്യക്കാരൻ പിന്നീട് അറിയും. പക്ഷെ ബിജുവിന് ആശങ്കളേ ഉണ്ടായിരുന്നില്ല. ഗുരുകാരണവർമാരുടെ അനുഗ്രഹത്തോടെ ആദ്യ കേളൻ കോലം ഗംഭീരമായി തന്നെ കെട്ടിയാടി. രണ്ടാംവർഷത്തിലേക്ക് കടക്കുമ്പോൾ ആശങ്കയുടെ നൂലിഴപോലുമില്ല.

വൈകീട്ടോടെ കാവിലേക്ക് കയറി.വിശ്വാസപൂർവ്വം നടയിൽ തൊഴുതി. പിന്നീട് നേരെ കാവിൻറെ ഒരറ്റത്ത് ഒരുക്കിയ അണിയറയിലേക്ക്. അണിയറ എന്നാൽ അണി മറ. തെയ്യത്തിനായുള്ള ഒരുക്കങ്ങൾക്കായുള്ള അറ. അറയിലേക്ക് കയറി.

കേളൻ ഭൂമിയിലിറങ്ങും

കേളൻ ഭൂമിയിലിറങ്ങും

പരകായ പ്രവേശനത്തിന് മനസ്സും ശരീരവുമൊരുങ്ങി. പെരുവണ്ണാൻ അണിയറയ്ക്കുള്ളിലേക്ക് കയറി. ചായില്യവും മനയോലയും കൺമഷിയും മഞ്ഞളും മുഖത്ത് ഛായക്കൂട്ടുകൾ തീർത്തു. ആദ്യം കണ്ടനാർ കേളന്റെ വെള്ളാട്ടമാണ്. തെയ്യത്തിന്റെ ബാലരൂപമാണ് വെള്ളാട്ടത്തിന് പോവുകയെന്നതിനാൽ കിരീടം മുഴുവനുണ്ടാവില്ല. പുലർച്ചെ നാലുമണി കഴിയുമ്പോഴാണ് അഗ്നി പ്രവേശം. ഇതിനായി മുഖത്തെഴുത്തിലും വ്യത്യാസമുണ്ടാവും. ചോരച്ചുവപ്പിൽ മുഖം വെട്ടിത്തിളങ്ങും. നെഞ്ചിൽ കണ്ടനാർ കേളനൊപ്പം തീയിൽ വെന്തിരുകിയ രണ്ട് ഉഗ്ര സർപ്പരൂപങ്ങളും.

ഉഗ്രരൂപി

ഉഗ്രരൂപി

തെയ്യം പ്രവേശിച്ചാൽ പിന്നെ പെരുവണ്ണാൻ എല്ലാം മറന്ന് അതിലലിയും. ചിലമ്പ് വന്നതോടെ കണ്ടനാർ കേളന്റെ ഇളക്കം തുങ്ങി. കോമരങ്ങൾ കിണ്ടിയിലേകിയ പ്രസാദം കുടിച്ചതോടെ കൊടുങ്കാറ്റുകണക്കെ കേളൻ എഴുന്നേറ്റു. കണ്ണുകളിൽ കണ്ടനാർ കേളന്റെ തിളക്കം. മുഖത്ത് പരകായ പ്രവേശനത്തിന്റെ ആവേശവും. ബീക്ക ചെണ്ടയിൽ നിന്ന് കൊളുത്തിയ മേളത്തീ പടർന്നതോടെ കറ്റച്ചൂട്ടിന്റെ വെട്ടത്തിൽ കണ്ടനാർ കേളന് വഴിതെളിയിച്ച് നാടും നാട്ടുകാരും. കേളന്റെ കാലടികൾക്കൊപ്പം ചെണ്ട മേളത്തിനും ഗാംഭീര്യം കൂടി. വെള്ളാട്ടം കഴിഞ്ഞ് ചിലമ്പഴിച്ചിട്ടും കേളൻ പെരുവണ്ണാനെ പൂർണ്ണമായും വിട്ടുപോവില്ല. മുഖത്തെ ഛായങ്ങൾ വീണുതുടങ്ങുമ്പോഴും പെരുവണ്ണാന്റെ മനസ്സ് നിറയെ പുലർച്ചെ അരങ്ങേറുന്ന പരകായ പ്രവേശനമാവും.

അഗ്നിയും തോറ്റുപോവും

അഗ്നിയും തോറ്റുപോവും

പുലർച്ചെ നാലുമണി, പെരുവണ്ണാന്റെ മുഖത്ത് ഛായച്ചുവപ്പ് നിറഞ്ഞു. നെഞ്ചിൽ ഉഗ്രരൂപിണികളായ സർപ്പങ്ങളും. അഗ്നിയെ പുൽകാനുള്ളതിനാൽ ആഭരണങ്ങുടെ വലിയ മോടിയൊന്നുമില്ല. മേലെരി നാലു കൂനയാക്കി ഇതിന് നടുവിലാണ് പീഠം സ്ഥാപിച്ചത്. കേളൻ അണിയറയിൽ നിന്ന് ഓടിച്ചെന്ന് ഇതിന് മുകളിലേക്ക് ചാടിക്കയറും. നാലുഭാഗത്തും ആളിപ്പടർന്ന തീയിൽ നിന്ന് രക്ഷനേടാൻ മരത്തിന് മുകളിൽ കയറിയെന്ന ഐതിഹ്യമാണ് ഇതിനാധാരം.

കണ്ടനാർ കേളന്റ തലയിലേക്ക് കിരീടം(മുടി) വെച്ചതോടെ തെയ്യത്തിന് ഇളക്കം തുടങ്ങി. 'ദൈവേ വരിക വേണമെന്ന' വിളിക്കൊപ്പം ഇടിയും മിന്നലും ഒന്നിച്ചിറങ്ങുന്ന പേമാരി കണക്കെ തെയ്യമൊന്നാകെ ഇളകാൻ തുടങ്ങി. ചെണ്ടമേളത്തിനൊപ്പം ആർപ്പുവിളികളും ആർത്തിരമ്പിയതോടെ പെരുവണ്ണാനെ അനുഗ്രഹിച്ച് കേളൻ ഭൂമിയിലേക്കിറങ്ങി. മുന്നിൽ സാക്ഷാൽ കണ്ടനാർ കേളൻ തന്നെ. കേളന്റെ ആവേശം കാണികൾക്കും പകർന്നതോടെ പരിസരമാകെ ഇളകി മറിഞ്ഞു. നെഞ്ചകം കീറിയുള്ള ദൈവേ വിളിയ്ക്ക് പിന്നാലെ കേളൻ ഓടിവന്ന് പീഠത്തിലേക്ക് ചാടിക്കയറി. ഒരുപാത്രം കള്ളുമോന്തിക്കുടിച്ച്, തറവാട്ടു ദൈവങ്ങളെ വണങ്ങി, കോമരങ്ങളെ ചേർത്തുപിടിച്ചു അഗ്നിയെ പുൽകാൻ കേളനൊരുങ്ങി.

വീരൻ, ശൂരൻ കണ്ടനാർ കേളൻ

വീരൻ, ശൂരൻ കണ്ടനാർ കേളൻ

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കുന്നരു എന്ന സ്ഥലത്തെ മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് കാട്ടിൽ വെച്ച് കളഞ്ഞു കിട്ടിയ കുട്ടിയാണ് കേളൻ. കേളനെ അവര്‍ സ്വന്തം മകനാക്കി വളര്‍ത്തി.കേളൻ നല്ല വീര്യവും ആരോഗ്യമുള്ളവനുമായി വളർന്നു. അമ്മയ്ക്കൊപ്പം ചേര്‍ന്ന് കേളന്‍ തങ്ങളുടെ കുന്നരുവിലെ കൃഷി സ്ഥലങ്ങൾ നല്ല വിളവെടുപ്പോടെ സമ്പൽ സമൃദ്ധമാക്കാൻ സഹായിച്ചു. ഇതിൽ സംതൃപ്തയായ ആ അമ്മ തന്റെ വയനാട്ടിലെ നാല് കാടുകൾ കൂടി ചേർന്ന സ്ഥലം കൃഷിയോഗ്യമാക്കിയെടുക്കാൻ കേളനോട് ആവശ്യപ്പെട്ടു.

അമ്മയുടെ വാക്കുകൾ കേട്ട കേളന്‍ ഉടന്‍ തന്നെ ആയുധമായ വില്ലും ശരങ്ങളും ഒപ്പം പൂമ്പുനം വെട്ടി തെളിക്കാൻ വേണ്ടിയുള്ള ഉരുക്കും ഇരുമ്പും കൊണ്ടുള്ള പണിയായുധങ്ങളുമായി വയനാട്ടിലേക്ക് യാത്ര പുറപ്പെട്ടു. വയനാട്ടിൽ എത്തിയ കേളൻ നാൽക്കാടുകളും വെട്ടിത്തെളിച്ചു. എന്നാൽ നാലാമത്തെ പൂമ്പുനത്തിനു നടുവിലുള്ള നെല്ലിമരം മാത്രം വെട്ടിയില്ല.

പൂമ്പുനം നാലും തീയിടാൻ തീരുമാനിച്ച കേളൻ ഓരോ പൂമ്പുനത്തിന്റെയും നാലു മൂലയിലും നാല് കോണിലും തീയിട്ട് അതി സാഹസികമായി അതിനു നടുവിൽ നിന്ന് പുറത്ത് ചാടി വരികയായിരുന്നു. ഇങ്ങിനെ ഒന്നും രണ്ടും കഴിഞ്ഞപ്പോൾ കേളനു അത് വളരെ ആവേശമായി തോന്നി. അതോടെ മൂന്നാം പൂമ്പുനവും കഴിഞ്ഞു.

കണ്ടനാറ് കേളന്‍

കണ്ടനാറ് കേളന്‍

ഒടുവിൽ നെല്ലിമരം നിൽക്കുന്ന നാലാമത്തെ പൂമ്പുനത്തിലും തീയിട്ട് പുറത്ത് വരാൻ ശ്രമിക്കവേ എട്ട് ദിക്കിൽ നിന്നും തീ ഒരേപോലെ ആളിപടർന്നു. തനിക്ക് പുറത്ത് ചാടാവുന്നതിലും ഉയരത്തിൽ അഗ്‌നിപടർന്നത് കണ്ട് ഭയന്ന ഇനി നെല്ലി മരം മാത്രമേ തനിക്ക് രക്ഷയുള്ളൂ എന്ന് മനസ്സിലാക്കിയ കേളൻ അതിന്റെ മുകളിലേക്ക് ചാടി കയറി. ആ സമയം നെല്ലിമരത്തിലുണ്ടായിരുന്ന കാളിയനെന്നും കരുവേലയെന്നും പേരായ രണ്ടു നാഗങ്ങളും പ്രാണ ഭയത്താൽ കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറുകയും ഇടതു മാറിലും വലതു മാറിലുമായി ആഞ്ഞു കൊത്തി. കേളനും നാഗങ്ങളും കൂടി അഗ്‌നിയിലെക്ക് വീഴുകയും അവർ ചാരമായി മാറുകയും ചെയ്തു. തന്റെ പതിവ് നായാട്ടു കഴിഞ്ഞ് ആ വഴി മടങ്ങി വരികയായിരുന്ന വയനാട്ടുകുലവൻ വഴിയിൽ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീറായി കിടക്കുന്ന കേളനെ കാണുകയും തന്റെ വില്ലുകൊണ്ട് കേളനെ തട്ടിയുണർത്തുകയും ചെയ്തത്രേ. അതോടെ ദേവന്റെ വിൽകാലു പിടിച്ചു കേളൻ മാറിൽ നാഗങ്ങളുമായി പുനർജന്മം നേടി ദൈവക്കരുവായി മാറി. ഞാൻ കണ്ടത് കൊണ്ട് ഇനി നീ ''കണ്ടനാർ കേളൻ'' എന്ന് അറിയപ്പെടും എന്ന് അനുഗ്രഹിച്ച് തന്റെ ഇടതു ഭാഗത്ത് ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കുലവൻ കൽപ്പിച്ചു നല്‍കി.

അവകാശം വണ്ണാൻ സമുദായത്തിന്

അവകാശം വണ്ണാൻ സമുദായത്തിന്

വണ്ണാൻ സമുദായക്കാർക്കാണ് ഈ തെയ്യത്തിന്റെ കോലം ധരിക്കാൻ അവകാശം. കോലത്തുനാട്ടിലെ കണ്ടനാർ കേളന്റെ ചടങ്ങുകൾ വയനാട്ടിൽ നടന്ന സംഭവങ്ങളെയാണ് അനുസ്മരിക്കുന്നത്. തെയ്യത്തിന്റെ പുറപ്പാടിനു ശേഷം മേലേരി കയ്യേൽക്കുകയും തുടർന്ന് ഓലകൊണ്ട് തീ കൂട്ടി തെയ്യം അഗ്‌നിപ്രവേശനം നടത്തുകയും ചെയ്യും. അഗ്‌നിപ്രവേശനത്തിനു ശേഷം വയനാട്ടു കുലവന്റെ ആയുധം സ്വീകരിച്ച് ദൈവമായി മാറുകയും ചെയ്യുന്നു.

English summary
kandanaru kelan theyyam in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more