കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തിലക്കാലം... പഞ്ഞക്കര്‍ക്കടകം, കള്ളക്കർക്കിടകം... കർക്കിടകത്തെക്കുറിച്ച് രസകരമായ ചില കാര്യങ്ങൾ!!

  • By Desk
Google Oneindia Malayalam News

മകരക്കൊയ്ത്തുകഴിഞ്ഞ് നിറഞ്ഞ പത്തായം കാലിയാകുന്ന കാലമായിരുന്നു കര്‍ക്കടകം. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേലയും കൂലിയുമില്ലാത്ത കാലം. അതുകൊണ്ട് പഞ്ഞക്കര്‍ക്കടകമായി. ഓര്‍ത്തിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകം എന്നും ആളുകള്‍ വിളിച്ചു. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. കര്‍ക്കടകത്തെക്കുറിച്ച് ഇനിയുമുണ്ട് രസകരമായ കാര്യങ്ങള്‍.

leaves

പത്തിലക്കാലം
താള്, തകര, ചീര, മത്തന്‍, കുമ്പളം, ചേന, ഉഴുന്ന്, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നിവയാണ് പത്തിലകള്‍. കര്‍ക്കടകത്തില്‍ പത്തില കൂട്ടണം എന്നാണ് ചൊല്ല്. ഇ ഇലകളെല്ലാം അരിഞ്ഞിട്ട് ചെറുചൂടോടെ കഴിച്ചാല്‍ പൊതുവെ പ്രതിരോധശേഷി കുറയുന്ന ഇക്കാലത്ത് പ്രതിരോധശേഷി വര്‍ധിക്കും. പത്തിലകളില്‍ ദേവന്മാര്‍ അമൃത് തളിക്കുന്ന കാലമത്രെ കര്‍ക്കടകം.

താളില
ചേമ്പ് വര്‍ഗത്തില്‍പ്പെട്ട സസ്യമാണ് താള്. തോട്ടിന്‍ വക്കത്തും ചതുപ്പുകളിലും കര്‍ക്കടകമാസത്തില്‍ താള് നന്നായി വളരുന്നു. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഇതില്‍ ധാരാളമുണ്ട്. ദഹനത്തിനും താള് നല്ലതാണ്.

തകരയില
ചെറിയ ദുര്‍ഗന്ധമുള്ള ഇലകളും മഞ്ഞപ്പൂക്കളുമായി പറമ്പിലും തൊടിയിലും ധാരാളം വളരുന്ന ഏകവര്‍ഷി ചെടിയാണ് തകര. സന്ധ്യയോടുകൂടി ഇലകള്‍ മടങ്ങുന്നത് ഇതിന്റെ ഒരു സ്വഭാവമാണ്. മലബന്ധം, ചൊറി, ചിരങ്ങ്, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം തകരയില നല്ലതാണ്. ലെഗുമിനോസ കുടുംബത്തില്‍പ്പെട്ട തകരയുടെ ശാസ്ത്രനാമം സെന്ന ടോറ.

ചേനയില
വീട്ടുവളപ്പിലെ ഒരു പ്രധാന കിഴങ്ങുവിളയാണ് ചേന. അരേസീയ കുടുംബത്തില്‍പ്പെട്ട ചേനയുടെ ശാസ്ത്രനാമം അമോര്‍ഫോഫാലസ് പെയ്‌നി ഫോളിയസ് എന്നാണ്. വാതം, അര്‍ശ്ശസ് എന്നീ രോഗങ്ങള്‍ക്ക് നല്ലതായതിനാല്‍ ചേന വൈദ്യനാണെന്നാണ് പഴമക്കാര്‍ പറയാറ്. ചേനയിലയില്‍ മാംസ്യവും ധാതുലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

മത്തനില
ഓണക്കാലത്തേക്കുള്ള മത്തന്‍ നട്ടാല്‍ കര്‍ക്കടകത്തില്‍ മത്തനില പറിക്കാം. മത്തന്റെ കുരുന്നിലയില്‍ ജീവകം എ ധാരാളമുണ്ട്. കുക്കൂര്‍ബിറ്റ മൊഷിറ്റ എന്നാണ് മത്തന്റെ ശാസ്ത്രനാമം.

pumkin

കുമ്പളത്തില
കുക്കൂര്‍ബിറ്റേസി കുടുംബത്തില്‍പ്പെട്ട കുമ്പളത്തിന്റെ ശാസ്ത്രനാമം ബെനിന്‍ കാസ ഹിസ്പീഡ എന്നാണ്. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, നാരുകള്‍ എന്നിവ ധാരാളമുള്ള കുമ്പളത്തില മലമൂത്രശോധന എളുപ്പമാക്കുന്നതിനും സഹായിക്കുന്നു.

മുള്ളന്‍ചീര
സാധാരണ ചീരയേക്കാള്‍ മുള്ളന്‍ ചീരയാണ് പത്തിലത്തോരന് നല്ലത്. ധാരാളം ഔഷധഗുണമുള്ള മുള്ളന്‍ചീര കുടല്‍ രോഗങ്ങള്‍ക്കും ത്വഗ് രോഗങ്ങള്‍ക്കും വളരെ നല്ലതാണ്.

ആനത്തൂവയില
ചൊറിയണം, ചെന്തോട്ടി, കുപ്പത്തൂവ, കൊടുത്തൂവ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ഇല നല്ലൊരിലക്കറിയാണെന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. ഇല ചൊറിച്ചിലുണ്ടാക്കുന്നതുകൊണ്ട് പലര്‍ക്കും അടുക്കാന്‍ പേടിയാണ് എന്നതാണ് സത്യം. ഇതിന്റെ ഇലകൊണ്ട് രുചികരമായ തോരനും കറിയുമൊക്കെ ഉണ്ടാക്കാം.

നെയ്യുണ്ണിയില
ഒരുകാലത്ത് തൊടികളിലും പറമ്പിലും വഴിയരികിലും ധാരാളം പടര്‍ന്നുകയറിക്കിടന്നിരുന്ന നെയ്യുണ്ണിയെ ഇന്ന് കണികാണാനില്ല. ഇതിന്റെ ഇലയുടെ ആകൃതി കൈപ്പത്തിപോലെയായതിനാല്‍ ഐവിരലിക്കോവ എന്നും വിളിക്കാറുണ്ട്. ഇതിന്റെ കുഞ്ഞു കോവയ്ക്കപോലുള്ള കായയ്ക്ക് ശിവലിംഗത്തോടു സാമ്യമുള്ളതിനാല്‍ ശിവലിംഗി എന്നാണ് സംസ്‌കൃതത്തില്‍ അറിയപ്പെടുന്നത്.

പയറില
ലെഗുമിനോസി കുടുംബത്തില്‍പ്പെട്ട പയറിന്റെ ശാസ്ത്രനാമം വിഗ്ന അംഗിക്കുലേറ്റ എന്നാണ്. പയറിനേക്കാള്‍ രുചിയാണ് കര്‍ക്കടകത്തില്‍ പയറിലയ്ക്ക്.

greengram

ഉഴുന്നില
മഴയെ ആശ്രയിച്ച് കേരളത്തിലൊട്ടാകെ ഒരുകാലത്ത് ഉഴുന്നു കൃഷിചെയ്തിരുന്നു. മൂന്നുമാസംകൊണ്ട് ഉഴുന്നു പറിക്കാന്‍ പ്രായമാകും. അതുകൊണ്ട് കര്‍ക്കടകമാകുമ്പോഴേയ്ക്ക് എല്ലാവീട്ടിലും ഉഴുന്നില തോരന്‍ വയ്ക്കാന്‍ റെഡിയാകും. പാപ്പിലോനേസി കുടുംബത്തില്‍പ്പെട്ട ഉഴുന്നിന്റെ ശാസ്ത്രനാമം ഫാസിയോളസ് മുംഗോ.

കര്‍ക്കടക കഞ്ഞി ആയോ.. ചികിത്സയ്‌ക്കൊരുങ്ങിയോ.. രാമായണം എടുക്കണ്ടേ.. മഴയുണ്ടേ വരുന്നു..!!കര്‍ക്കടക കഞ്ഞി ആയോ.. ചികിത്സയ്‌ക്കൊരുങ്ങിയോ.. രാമായണം എടുക്കണ്ടേ.. മഴയുണ്ടേ വരുന്നു..!!

English summary
Karkidakam special a spicy mix of medicinal herbs and its importance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X