കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുവര്‍ണാവസരം!!! ഇത് മുതലാക്കുമോ ശ്രീധരന്‍ പിള്ള? കേരളത്തില്‍ ബിജെപിയുടെ കിങ്മേക്കര്‍ ആകുമോ

Google Oneindia Malayalam News

Recommended Video

cmsvideo
പിള്ള കേരളത്തിൽ താമര വിരിയിക്കുമോ? | Oneindia Malayalam

കേരളത്തില്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി അതിന്റെ ഏറ്റവും നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെ ആണ് കടന്നുപോകുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍, ഒരു സീറ്റ് പോലും കേരളത്തില്‍ ബിജെപിയ്ക്ക് കിട്ടിയില്ല.

ഇത്തവണ ഏത് വിധേനയും കേരളത്തില്‍ ഒരു ലോക്‌സഭ സീറ്റെങ്കിലും സ്വന്തമാക്കണം എന്നുറപ്പിച്ചാണ് പിഎസ് ശ്രീധരന്‍ പിള്ളയെ കേരളത്തിലെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിക്കുന്നത്. കുമ്മനം രാജശേഖരന്‍ ഉണ്ടാക്കിയ മൈലേജ് കൂടുതല്‍ മെച്ചപ്പെടുത്താനും തിരഞ്ഞെടുപ്പില്‍ ഫലവത്താക്കാനും ആണ് ശ്രീധരന്‍ പിള്ളയെ ഈ ചുമതല ഏല്‍പിച്ചിരിക്കുന്നത്.

വെറും ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല ശ്രീധരന്‍ പിള്ള. കേരളത്തിലെ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാളാണ്. വാഗ്മിയും എഴുത്തുകാരനും ആണ്. ഇരുപത്തിയഞ്ചോളം പുസ്തകങ്ങള്‍ ഇക്കാലയളവില്‍ ശ്രീധരന്‍ പിള്ള എഴുതിയിട്ടുണ്ട്.

Sreedharan Pillai

ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആകുന്നത്. ഇതിന് മുമ്പ് 2003 മുതല്‍ 2006 വരെ ആയിരുന്നു അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്.

ബിജെപിയുടെ ജനകീയ മുഖങ്ങളില്‍ ഒന്നായിരുന്നു ശ്രീധരന്‍ പിള്ള. ആര്‍എസ്എസിന്റെ തീവ്ര നിലപാടുകള്‍ ഇല്ലാത്ത, മൃദുഹിന്ദുത്വ വാദി എന്നായിരുന്നു പലരും അദ്ദേഹത്തെ വിലയിരുത്തിയിരുന്നത്. എന്നാല്‍ രണ്ടാമതും സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റെടുത്തതിന് പിറകേ, അത്തരത്തിലുള്ള വിലയിരുത്തലുകളും മാറിമറിഞ്ഞു.

ശബരിമല വിഷയത്തില്‍ ശ്രീധരന്‍ പിള്ളയുടെ നിലപാടുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ ആദ്യ ഘട്ടത്തില്‍ സ്വാഗതം ചെയ്ത ശ്രീധരന്‍ പിള്ള പിന്നീട് പലതവണ നിലപാടുകള്‍ മാറ്റുന്ന കാഴ്ചയാണ് കണ്ടത്. സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആണ് തങ്ങളുടെ സമരം എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞില്ല. വിധി നടപ്പിലാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ആണ് സമരം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

Sreedharan Pillai1

അതിനിടയ്ക്ക് ശബരിമല വിഷയം ഒരു സുവര്‍ണാവസരം ആണെന്ന അദ്ദേഹത്തിന്റെ പ്രസംഗവും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ വിശ്വാസികള്‍ക്കിടയിലും എതിര്‍പ്പുകള്‍ ഉയര്‍ന്നു. ശബരിമല നട അടയ്ക്കുന്നത് സംബന്ധിച്ച് തന്ത്രി ഉപദേശം ആരാഞ്ഞു എന്ന വെളിപ്പെടുത്തലും വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. എന്നാല്‍ ഇക്കാര്യത്തിലും അദ്ദേഹം തന്റെ പ്രസംഗത്തിലെ വാചകങ്ങളില്‍ ഉറച്ച് നിന്നില്ല. ഇതിനിടെ പലപ്പോഴായി വര്‍ഗ്ഗീയപരമായ പരാമര്‍ശങ്ങളും ശ്രീധരന്‍ പിള്ളയുടെ ഭാഗത്ത് നിന്നുണ്ടായി.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ശ്രീധരന്‍ പിള്ള. ഇപ്പോള്‍ പ്രവര്‍ത്തന മേഖല കോഴിക്കോട് ആണെങ്കിലും ശ്രീധരന്‍ പിള്ളയുടെ ജന്മദേശം ആലപ്പുഴയിലെ വെണ്‍മണിയാണ്. 2016 ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ശ്രീധരന്‍ പിള്ളയ്ക്ക് സാധിക്കുകയും ചെയ്തു. 42,682 വോട്ടുകളാണ് ശ്രീധരന്‍ പിള്ള സ്വന്തമാക്കിയത്. രണ്ടാമതെത്തിയ പിസി വിഷ്ണുനാഥിനേക്കാള്‍ രണ്ടായിരത്തില്‍ പരം വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

Sreedharan Pillai2

എന്നാല്‍ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായി. ഉപതിരഞ്ഞെടുലും ശ്രീധരന്‍ പിള്ളയെ തന്നെ ആയിരുന്നു പാര്‍ട്ടി നിയോഗിച്ചത്. ചെങ്ങന്നൂരില്‍ അദ്ദേഹം ജയിക്കുമെന്ന ഒരു പ്രതീക്ഷ സംസ്ഥാന തലത്തില്‍ സൃഷ്ടിക്കുന്നതിലും ബിജെപി വിജയിച്ചിരുന്നു. എന്നാല്‍ 2016 ല്‍ കിട്ടിയ വോട്ടുകളേക്കാള്‍ കുറവായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ളയ്ക്ക് കിട്ടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന സജി ചെറിയാന്‍ ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തു.

എന്തായാലും ഈ ലോക്‌സഭ തിരഞ്ഞെടുപ്പായിരിക്കും പിഎസ് ശ്രീധരന്‍ പിള്ളയുടെ ബിജെപിയിലെ ഭാവി നിര്‍ണയിക്കുക എന്ന് ഉറപ്പാണ്. ഇത്തവണ കേരളത്തില്‍ സാന്നിധ്യം തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു മുതല്‍ക്കൂട്ടാവും. അല്ലെങ്കില്‍, അത് വലിയ തിരിച്ചടിയാകും അദ്ദേഹത്തിന് നല്‍കുക.

English summary
PS Sreedharan Pillai is the BJP State President of Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X