• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കരുണാകരനെ വെല്ലും രാഷ്ട്രീയ ചാണക്യൻ, ഈ ചാണ്ടിച്ചായന്‍... ജനപ്രിയനാം പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്

cmsvideo
  കേരളത്തിന്റെ വികസന നായകനായ ഉമ്മൻ ചാണ്ടി | Oneindia Malayalam

  കേരളത്തിലെ ഏറ്റവും ജനപ്രിയനായ കോണ്‍ഗ്രസ് നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ... അത് ഉമ്മന്‍ ചാണ്ടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുഞ്ഞൂഞ്ഞ് എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ഒരേയൊരു ഉമ്മന്‍ ചാണ്ടി.

  ആള്‍ക്കൂട്ടത്തിന് നടുവിലല്ലാതെ കാണാന്‍ സാധിക്കാത്ത രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ ബുദ്ധിയില്‍ കരുണാകരനെ പോലും മറികടക്കുന്ന ചാണക്യന്‍. ഏത് പ്രതിസന്ധിയേയും നയം കൊണ്ട് മറികടക്കുന്ന തന്ത്രജ്ഞന്‍.

  സിപിഎമ്മിന് പരാജയ ഭീതി.. തിരഞ്ഞെടുപ്പിൽ കോലീബി സഖ്യമെന്ന ആരോപണം തളളി ഉമ്മൻ ചാണ്ടി!

  എകെ ആന്റണിയുടെ സമകാലീനനാണ് ഉമ്മന്‍ ചാണ്ടി. കെഎസ് യുവിലൂടെ തന്നെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. എകെ ആന്റണിയ്ക്ക് ശേഷം കെഎസ് യു സംസ്ഥാന അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ആയി നിയമിതനായതും ഉമ്മന്‍ ചാണ്ടി തന്നെ. കെഎസ് യുവിന്റെ ഒരണ സമരത്തിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം.

  ഒരു കാലത്ത് ആന്റണിയുടെ തണലില്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടി. എ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്. ഇന്ദിരയോട് പിണങ്ങി ആന്റണി പാര്‍ട്ടി വിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയും കൂടെ പോയി. ഒടുവില്‍ ആന്റണിയ്‌ക്കൊപ്പം തിരിച്ചെത്തുകയും ചെയ്തു.

  മുപ്പത്തി നാലാം വയസ്സില്‍ സംസ്ഥാന മന്ത്രിയായ ആളാണ് ഉമ്മന്‍ ചാണ്ടി. 1970 ല്‍ ആണ് പുതുപ്പള്ളിയില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്നിങ്ങോട്ട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയില്‍ വിജയം നേടിയതും ഉമ്മന്‍ ചാണ്ടി തന്നെ.

  1977 ലെ കരുണാകരന്‍ മന്ത്രിസഭയിലും തുടര്‍ന്ന് അതേ വര്‍ഷം തന്നെ നിലവില്‍ വന്ന എകെ ആന്റണി മന്ത്രിസഭയിലും തൊഴില്‍ മന്ത്രിയായിരുന്നു. 1981 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു. പിന്നീട് 1991 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി. എന്നാല്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ കരുണാകരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ധനമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞു ഉമ്മന്‍ ചാണ്ടി.

  2004 ലെ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നേടാന്‍ ആയിരുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി രാജിവയ്‌ക്കേണ്ടി വന്നു. പിന്നീട് നറുക്ക് വീണത് ഉമ്മന്‍ ചാണ്ടിയ്ക്കായിരുന്നു. ആന്റണിയ്ക്ക് അന്ന് രാജിവയ്‌ക്കേണ്ടി വന്നതിന് പിന്നില്‍ പോലും ഉമ്മന്‍ ചാണ്ടിയാണെന്ന രീതിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

  പതിവ് മുഖ്യമന്ത്രിമാരില്‍ നിന്ന് വേറിട്ട ഒരു മുഖ്യമന്ത്രിയെ ആയിരുന്നു 2004 മുതല്‍ 2006 വരെയുള്ള ആ ചുരുങ്ങിയ കാലഘട്ടത്തില്‍ കേരളം കണ്ടത്. പൊതുജനങ്ങളെ നേരിട്ട് സമീപിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്കയാത്ര ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്മതിയുടെ ഗ്രാഫ് കുത്തനെ ഉയരുന്നതും ഇക്കാലത്ത് തന്നെ ആയിരുന്നു.

  പക്ഷേ, തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നണി പരാജയപ്പെട്ടു. ഉമ്മന്‍ ചാണ്ടി അങ്ങനെ ആദ്യമായി നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 2011 ലെ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിയെ തന്നെ തേടിയെത്തി.

  ആദ്യമായി മുഖ്യമന്ത്രി കസേരയില്‍ അഞ്ച് വര്‍ഷം തികച്ചെങ്കിലും 2011 മുതല്‍ 2016 വരെയുള്ള കാലഘട്ടം ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് പ്രസന്ധിയുടെ കാലഘട്ടം ആയിരുന്നു. അത്രയേറെ അഴിമതി ആരോപണങ്ങള്‍ ആയിരുന്നു മന്ത്രിസഭയ്‌ക്കെതിരെ ഉയര്‍ന്നത്. പാറ്റൂര്‍ ഫ്‌ലാറ്റ് വിവാദവും ബാര്‍ കോഴ വിവാദവും എല്ലാം ഉമ്മന്‍ ചാണ്ടിയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി.

  പക്ഷേ, ഉമ്മന്‍ ചാണ്ടിയെ ഏറ്റവും അധികം വേട്ടയാടിയത് സോളാര്‍ വിവാദം ആയിരുന്നു. അമ്പു കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്ന് പറയുമ്പോലെ സോളാര്‍ അമ്പുകള്‍ മന്ത്രിസഭയിലെ ഒട്ടുമിക്ക എ ഗ്രൂപ്പ് അംഗങ്ങളുടേയും മേല്‍ പതിച്ചു. സരിത എസ് നായരുടെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണനുമായി ആലുവ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടി മുക്കാല്‍ മണിക്കൂറോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചത് എന്തെന്ന ചോദ്യം കേരളമെമ്പാടും ഇടതുപക്ഷം ഉയര്‍ത്തി. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സരിത എസ് നായര്‍ ലൈംഗികാരോപണവും ഉന്നയിച്ചു.

  ഉമ്മന്‍ ചാണ്ടി ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സിഡി ഉണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സിഡി കണ്ടെടുക്കാന്‍ നടത്തിയ യാത്രയും അതിന് മാധ്യമങ്ങളില്‍ ലഭിച്ച പ്രാധാന്യവും എല്ലാം കേരള ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. അങ്ങനെ ഒരു സിഡി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് വേറെ കാര്യം.

  മുഖ്യമന്ത്രിയായിരിക്കെ തന്നെ സോളാര്‍ കമ്മീഷന്റെ വിചാരണ നേരിടേണ്ടിയും വന്നു ഉമ്മന്‍ ചാണ്ടിയ്ക്ക്. 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ വിചാരണയായിരുന്നു അത്. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

  2016 തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മത്സരിച്ച യുഡിഎഫ് കനത്ത പരാജയം ആയിരുന്നു ഏറ്റുവാങ്ങിയത്. തുടര്‍ന്ന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃത്വസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതിനിടെ സരിതയുടെ പരാതിയില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസും രജിസ്റ്റര്‍ ചെയ്തു. ആ കേസ് ഇതുവരെ എങ്ങുമെത്തിയിട്ടും ഇല്ല.

  സംസ്ഥാന കോണ്‍ഗ്രസ്സിലും മുന്നണിയിലും ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്ന ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമതിനായ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. ആന്ധ്രയുടെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.

  English summary
  Oommen Chandy is one among the powerful leaders of Congress in Kerala with mass followers.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more