കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള രാഷ്ട്രീയത്തിലെ സൗമ്യന്‍, എല്‍ഡിഎഫിലെ കാര്‍ക്കശ്യത്തിന്‍റെ മുഖമായി കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

Recommended Video

cmsvideo
CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ | Oneindia Malayalam

കേരള രാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യനായ രാഷ്ട്രീയ നേതാവ് ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവൂ. അത് സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. ഏത് വിഷയത്തിലും ഏറ്റവും സൗമ്യതയോടെ എന്നാല്‍ കാര്‍ക്കശ്യം വിടാതെയുള്ള അദ്ദേഹത്തിന്റെ സംസാരം ജനകീയ നേതാവെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായ കേരളത്തില്‍ ഉറപ്പിച്ച ഘടകമാണ്. സിപിഐയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ച നേതാവും, വലിയൊരു പ്രതിസന്ധിയില്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തും രക്ഷനായ നേതാവാണ് കാനം രാജേന്ദ്രന്‍. വാഴൂര്‍ മണ്ഡലത്തെ 1982, 1991 വര്‍ഷങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട് കാനം. അതിന് ശേഷം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും തൊഴിലാളി മേഖലയെ കേന്ദ്രീകരിച്ചുള്ള സംഘടനാ പ്രവര്‍ത്തനത്തനത്തിലുമാണ് കാനം കൂടുതലായും ശ്രദ്ധിച്ചത്.

1

സിപിഐ വലിയൊരു പ്രതിസന്ധി നേരിടുന്ന സമയത്താണ് കാനം സംസ്ഥാന സമിതിയുടെ തലപ്പത്തെത്തുന്നത്. തിരുവനന്തപുരത്ത് സീറ്റിനെ ചൊല്ലി ദിവാകരന്‍ അടക്കുള്ള നേതാക്കള്‍ വിവാദത്തില്‍ ചാടിയ സമയത്ത് പ്രതിരോധത്തിലായിരുന്നു സിപിഐ. ഇടതുപക്ഷത്തെ ദുര്‍ബലമാക്കുന്ന ഘടകം കൂടിയായിരുന്നു ഇത്. എന്നാല്‍ കാനത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം വലിയ മത്സരത്തിനാണ് തിരികൊളുത്തിയത്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ഡി രാജ, ഗുരുദാസ് ദാസ് ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ഒടുവില്‍ പ്രതിസന്ധികളെ ഇല്ലാതാക്കിയത്. മത്സരരംഗത്തുണ്ടായിരുന്നു കെഇ ഇസ്മായില്‍ പിന്‍മാറിയതോടെ കാനത്തിന്റെ തിരഞ്ഞെടുപ്പും എളുപ്പത്തിലാവുകയായിരുന്നു.

കാനം തൊഴിലാളി സംഘടനകള്‍ക്കിടയില്‍ ഏറ്റവും ശക്തനായ നേതാവാണ്. ഒരുപക്ഷേ സിപിഎമ്മിന് പോലും ഇത്രയധികം സ്വാധീന ശേഷിയുള്ള നേതാവ് ഉണ്ടാകുമോ എന്ന് സംശയമാണ്. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ ഭാഗമായി കാനം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ച രീതിയിലായിരുന്നു. 20ാം വയസ്സില്‍ എഐഎസ്എഫിന്റെ സെക്രട്ടറിയായും അദ്ദേഹം ഞെട്ടിച്ചിട്ടുണ്ട്. നിര്‍മാണ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ പിന്നീട് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. 25ാം വയസ്സില്‍ സംസ്ഥാന സമിതിയുടെ ഭാഗമായ നേതാവാണ് കാനം. എംഎന്‍ ഗോവിന്ദന്‍ നായര്‍, ടിവി തോമസ്, സി അച്യുതമേനോന്‍ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു കാനത്തിന്റെ വളര്‍ച്ച.

സിപിഎമ്മിന്റെ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നത് മാത്രമായി ഒതുങ്ങിയിരുന്നു ഒരു കാലത്ത് സിപിഐ. ഇതിലൂടെ നേതൃശോഷണവും പാര്‍ട്ടിക്കുണ്ടായിരുന്നു. എന്നാല്‍ കാനം വന്നതോടെ ഇത് മാറുകയാണ്. സിപിഎമ്മിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സ്വന്തം നിലപാട് തുറന്ന് പറയുന്ന കാനത്തിനോട് സിപിഎമ്മിന് കടുത്ത അമര്‍ഷവുമുണ്ട്. സിപിഐയുടെ ആദര്‍ശമുഖമായിരുന്ന സികെ ചന്ദ്രപ്പന്റെ നിലപാടുകളോട് യോജിച്ച് പോകുന്ന രീതിയാണ് കാനം സ്വീകരിച്ച് വരുന്നത്. സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ മുന്നിട്ട് നില്‍കുന്നത് സിപിഐയാണ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പോലെയാണ് കാനം സംസാരിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ക്ക് ഒടുവില്‍ പറയേണ്ടിയും വന്നിരുന്നു.

എല്‍ഡിഎഫിന് നേരിയ വ്യത്യാസത്തില്‍ അധികാരം നഷ്ടമായ അന്ന് തുടങ്ങിയതാണ് സിപിഐയുടെ പ്രതിസന്ധികള്‍. ഇത് ഇടത് മുന്നണിയെ ദുര്‍ബലമാക്കിയ ഘടകമായിരുന്നു. സിപിഐ ദുര്‍ബലമായതോടെ ഉപതിരഞ്ഞെടുപ്പുകള്‍ അടക്കം ഇടതുപക്ഷം തോല്‍ക്കുകയും ചെയ്തു. നെയ്യാറ്റിന്‍കരയിലെ തോല്‍വി താങ്ങാവുന്നതില്‍ അധികമായിരുന്നു. എന്നാല്‍ കാനത്തെ കൊണ്ടുവരുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതായിരുന്നു. എല്ലാ വിധം നേതാക്കളെയും ഒരുപോലെ കൊണ്ടുപോകുന്നതില്‍ കാനം വിജയിക്കുകയും ചെയ്തു. സി ദിവാകരനും ഇസ്മായിലും അടക്കമുള്ള പ്രശ്‌നക്കാര്‍ പാര്‍ട്ടിയില്‍ നിശ്ശബ്ദരാകുകയും ചെയ്തു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി എന്ന് തന്നെ പറയേണ്ടി വരും.

അതേസമയം തിരഞ്ഞെടുപ്പ് വിജയം ഇടത് മുന്നണിക്ക് അനിവാര്യമായ സമയത്ത് കൂടിയായിരുന്നു കാനം സിപിഐയെ നയിക്കാനെത്തിയത്. ഇതിന്റെ ഫലം നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണുകയും ചെയ്തു. മത്സരിച്ച 27 സീറ്റുകളില്‍ 19 എണ്ണം നേടി എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനും സിപിഐയ്ക്ക് സാധിച്ചു. ഇതിന് പുറമേ ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തോടെ തന്നെ അധികാരത്തിലെത്തുകയും ചെയ്തു. കോണ്‍ഗ്രസിന് വെറും 22 സീറ്റ് മാത്രമാണ് ഉള്ളതെന്നും ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. പ്രതിപക്ഷ നിരയിലെ മുഖ്യപാര്‍ട്ടിയുമായി സിപിഐക്കുള്ള വ്യത്യാസം വെറും മൂന്ന് സീറ്റ്. തിരഞ്ഞെടുപ്പ് വിജയത്തോടെ കാനം എന്ന നേതാവ് തന്റെ പ്രതിച്ഛായ ഉറപ്പിക്കുകയും ചെയ്തു. ഇന്ന് പാര്‍ട്ടിയിലും കേരള രാഷ്ട്രീയത്തിലും കാനം രാജേന്ദ്രന്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവാണ്.

English summary
kanam rajendran cpis popular face in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X