കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കുള്ള നേതാവ്!!! ദി റിയല്‍ സിഎം- ക്രൈസിസ് മാനേജര്‍- പിണറായി വിജയന്‍

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിൽ ചെങ്കൊടി പാറിച്ച ഇരട്ടചങ്കൻ പിണറായി | Oneindia Malayalam

കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ കര്‍ഷകത്തൊഴിലാളിയായ മുണ്ടയില്‍ കോരന്റേയും കല്യാണിയുടേയും പതിനാലാമത്തെ മകന്‍. പതിനൊന്ന് കുട്ടികള്‍ മരിച്ചുപോയപ്പോള്‍ അവശേഷിച്ച മൂന്ന് പേരിലെ ഏറ്റവും ഇളയവന്‍... കെ വിജയന്‍ എന്നാണ് പേര്.

കെ വിജയന്‍ എന്ന പേര് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകളിലെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് സംശയമാണ്. പക്ഷേ, പിണറായി എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ആ സ്ഥലനാമത്തേക്കാള്‍ അധികം പിണറായി വിജയന്‍ എന്ന സിപിഎം നേതാവിനെ ആണ് ഓര്‍മിപ്പിക്കുക.

ഒരാള്‍ ബിജെപിയിലെത്തി; ഓഫര്‍ നല്‍കി തിരിച്ചെത്തിച്ചു; സുധാകരനെ ഉന്നമിട്ട് മുഖ്യമന്ത്രിഒരാള്‍ ബിജെപിയിലെത്തി; ഓഫര്‍ നല്‍കി തിരിച്ചെത്തിച്ചു; സുധാകരനെ ഉന്നമിട്ട് മുഖ്യമന്ത്രി

സമൂഹത്തിന്റെ താഴേ തട്ടില്‍ നിന്ന് വളര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയും ആയി മാറി പിണറായി വിജയന്‍. ഇന്ന് ഇന്ത്യാ മഹാരാജ്യത്തിന് അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പിണറായി വിജയന്‍ തന്നെ.

Pinarayi Vijayan

ഇരട്ടച്ചങ്കനായ നേതാവ് എന്നാണ് പാര്‍ട്ടി അണികള്‍ പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പില്‍ വരുത്താനും ഉള്ള നിശ്ചയദാര്‍ഢ്യം തന്നെയാണ് അങ്ങനെയൊരു പേരിന് പിണറായി വിജയനെ അര്‍ഹനാക്കിയത്. പുതിയ കാലത്ത്, രാജ്യമെമ്പാടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കടുത്ത വെല്ലുവിളി നേരിട്ടപ്പോള്‍ കേരളത്തില്‍ പാര്‍ട്ടിയെ ഉയര്‍ത്തിപ്പിടിച്ചത് പിണറായി വിജയന്റെ നേതൃപാടവവും സംഘാടന മികവും കൊണ്ടായിരുന്നു.

പിണറായിയിലെ ശാരദാവിലാസം എല്‍പി സ്‌കൂളിലും പിന്നെ പെരളശ്ശേരി ഹൈ സ്‌കൂളിലും അതിന് ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും പഠിച്ച ആ പഴയ വിജയനല്ല ഇപ്പോഴത്തെ പിണറായി വിജയന്‍. പഴയ കെഎസ്എഫിന്റേയും കെഎസ് വൈഎഫിന്റേയും അനിഷേധ്യ നേതാവില്‍ നിന്ന് തുടങ്ങി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയിലേക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയിലേക്കും ഒടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്കും ഉള്ള ആ യാത്ര അത്ര സുഖകരം ഒന്നും ആയിരുന്നില്ല.

1970 ല്‍ ആയിരുന്നു പിണറായി വിജയന്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കൂത്തുപറമ്പില്‍ പിഎസ്പി സ്ഥാനാര്‍ത്ഥി തായത്ത് രാഘവനെ 743 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി നിയമസഭയില്‍ എത്തി. തുടര്‍ന്ന് എംഎല്‍എ ആയിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസവും കൊടിയ പോലീസ് മര്‍ദ്ദനവും ഏറ്റുവാങ്ങി പിണറായി വിജയന്‍. രക്തം പുരണ്ട വസ്ത്രങ്ങളുമായി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ ലോകത്തോട് വിളിച്ചോതുന്നതായിരുന്നു.

പിന്നീട് 1977 ലും 1991 ലും കൂത്തുപറമ്പില്‍ നിന്ന് തന്നെ പിണറായി വിജയന്‍ നിയമസഭയില്‍ എത്തി. 1996 ല്‍ പയ്യന്നൂര്‍ മണ്ഡലം ആയിരുന്നു തിരഞ്ഞെടുത്തത്. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയും ആയി. കേരളം കണ്ട ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായാണ് പിണറായി വിജയനെ അന്ന് വിശേഷിപ്പിച്ചത്. വൈദ്യുത മേഖലയില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചതും പിണറായി വിജയന്‍ തന്നെ ആയിരുന്നു.

Pinarayi Vijayan1

എന്നാല്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ പിണറായി വിജയനെ ഏറ്റവും അധികം വേട്ടയാടിയതും ആ കാലയളവ് തന്നെ ആയിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. പന്നിയാര്‍-ചെങ്കുളം-പള്ളിവാസല്‍ പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഉണ്ടാക്കിയ കരാറിന്റെ പേരില്‍ ആയിരുന്നു അത്. ലാവലിന്‍ കേസ് എന്ന് വിളിക്കപ്പെട്ട ആ കേസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നും ആരോപണമുയര്‍ന്നു. ഒടുവില്‍ സിബിഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചെങ്കിലും ലാവലിന്‍ കേസ് ഡെമോക്ലിസിന്റെ വാള് പോലെ ഇപ്പോഴും പിണറായി വിജയന്റെ തലയ്ക്ക് മുകളില്‍ നില്‍ക്കുകയാണ്.

വിഎസ് അച്യുതാന്ദന്‍ സിപിഎമ്മിന്റെ സംഘടനാസംവിധാനങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കിയിരുന്ന കാലത്ത് വിഎസിന്റെ വലംകൈ ആയിരുന്നു പിണറായി വിജയന്‍. വിഎസിന് വേണ്ടി പാര്‍ട്ടിയിലെ വെട്ടിനിരത്തലുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും പിണറായി വിജയന്‍ ആയിരുന്നു എന്നൊരു ആരോപണം ഉണ്ട്. 1998 ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയത് പോലും വിഎസ് അച്യുതാനന്ദന്റെ നീക്കം ആയിരുന്നു എന്നാണ് പ്രചരിക്കുന്ന കഥകള്‍.

2002 ല്‍ പിണറായി വിജയനെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുത്തു. അതിന് ശേഷം കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു സിപിഎമ്മില്‍ കണ്ടത്. പ്രത്യയശാസ്ത്ര കടുംപിടിത്തവുമായി വിഎസും പ്രായോഗിക രാഷ്ട്രീയവുമായി പിണറായി വിജയനും നേര്‍ക്കുനേര്‍ നിന്നു. നയപരമായ പല തീരുമാനങ്ങളും വിഭാഗീതയുടെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള്‍ ഒന്നടങ്കം പിണറായി വിജയനെ വേട്ടയാടുന്നതും അതിനിടെ കണ്ടു.

പിണറായി വിജയന്റേതായിരുന്നു മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പ്രയോഗം. മാതൃഭൂമി പത്രാധിപരെ, എടോ ഗോപാലകൃഷ്ണാ എന്ന് പ്രസംഗ വേദിയില്‍ വിളിച്ച് പിണറായി വിവാദം സൃഷ്ടിച്ചു. ഇതിന് പിറകെ ആയിരുന്നു നികൃഷ്ട ജീവി പ്രയോഗം. ഇതെല്ലാം പിണറായി വിജയന് നിര്‍മിച്ചു നല്‍കിയത് ഒരു നെഗറ്റീവ് പ്രതിച്ഛായ ആയിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകളില്‍ വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോഴും പിണറായി വിജയന്‍ തന്നെ ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ പിണറായി വിജയന്‍ നടത്തിയ 'പരനാറി' പരാമര്‍ശം കൊല്ലത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് പോലും വഴിവച്ചു എന്നാണ് ആരോപണം.

Pinarayi Vijayan2

എന്തായാലും സിപിഎമ്മിലെ വിഭാഗീയത പൂര്‍ണമായും അവസാനിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ 2015 ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് നിന്ന് മുപ്പത്തിയാറായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും സംസ്ഥാന മുഖ്യമന്ത്രിയാവുകയും ചെയ്തു.

മുഖ്യമന്ത്രി കസേരയിലും പിണറായി വിജയന്‍ വിമര്‍ശനങ്ങള്‍ ഏറെ നേരിട്ടു. മന്ത്രിസഭ രൂപീകരിച്ച് അധികകാലം തികയും മുമ്പ് വലംകൈ ആയിരുന്നു ഇപി ജയരാജന് ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു. തുടരെ തുടരെ എന്ന വണ്ണം എന്‍സിപിയുടെ രണ്ട് മന്ത്രിമാര്‍ക്കും രാജിവയ്‌ക്കേണ്ടി വന്നത് പിണറായി വിജയനെ പ്രതിരോധത്തിലാക്കിയിരുന്നു. ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും പിന്നീട് ഓഖി ഫണ്ട് വകമാറ്റിയെന്നും ഉള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നു.

എന്നാല്‍, കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ തന്നെ നിന്ന് നയിച്ചു. സിഎം എന്നത് ചീഫ് മിനിസ്റ്റര്‍ മാത്രമല്ല ക്രൈസിസ് മാനേജര്‍ കൂടി ആണെന്ന് പിണറായി വിജയന്‍ തെളിയിച്ചു. അതിനും മുമ്പ് നിപ്പ വൈറസ് ബാധയെ സംസ്ഥാനം നേരിട്ട രീതിയും ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പ്രളയദുരിതത്തില്‍ നിന്ന് കരകയറുകയായിരുന്നു കേരളം പിന്നീട് കണ്ടത് ശബരിമല സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ ഉള്ള സമരങ്ങളെ ആയിരുന്നു. സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ വിധി നടപ്പിലാക്കാനുള്ള തീരുമാനം പിണറായി വിജയനെ സംഘപരിവാര്‍ സംഘടനകളുടെ ശത്രുപക്ഷത്ത് നിര്‍ത്തി. വിധി നടപ്പിലാക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്സും പ്രതിസ്ഥാനത്ത് നിര്‍ത്തിയത് പിണറായി വിജയനെ തന്നെ ആയിരുന്നു.

എന്നാല്‍ ഈ പ്രതിസന്ധികളേയും പിണറായി വിജയന്‍ സുഗമമായി നേരിട്ടു. ഒരു നവോത്ഥാന നായകന്റെ പരിവേഷം പാര്‍ട്ടി അണികള്‍ക്കിടയിലും മറ്റ് പുരോഗമന പ്രസ്ഥാനങ്ങള്‍ക്കിടയലും പിണറായി വിജയന് ലഭിച്ചുകഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. വിഭാഗീതയുടെ പേരില്‍ ഒരുകാലത്ത് പിണറായി വിജയനെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇരയാക്കിയവര്‍ പോലും ഇന്ന് അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി.

ഇതിനിടയിലും ആഭ്യന്തര മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

English summary
Pinarayi Vijayan is the most powerful CPM leader in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X