കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിർന്നവർക്ക് 'കുഞ്ഞുമാണി', ബാക്കിയെല്ലാവർക്കും 'മാണിസാർ'! 'അധ്വാനവർഗ്ഗത്തിന്റെ സൂര്യൻ' അസ്തമിച്ചു

Google Oneindia Malayalam News

കോട്ടയം: അദ്ധ്വാന വര്‍ഗ്ഗത്തിന്റെ സൂര്യന്‍ എന്ന് കെഎം മാണി വിശേഷിപ്പിക്കപ്പെട്ടത്, അദ്ദേഹം ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടില്ല. കാള്‍ മാര്‍ക്‌സിന്റെ വര്‍ഗ്ഗ സിദ്ധാന്തത്തിന് ബദലായി അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം മുന്നോട്ട് വച്ചിനാലാണ്. തരം പോലെ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പവും കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പവും നിന്ന ആളായിരുന്നു അദ്ദേഹം എങ്കിലും കേരള രാഷ്ട്രീയത്തില്‍ കെഎം മാണി എന്ന പേര് ഒരിക്കലും മാറ്റി വയ്ക്കാന്‍ ആകാത്തതാണ്.

ജീവിച്ചിരിക്കവേ തന്നെ ജീവചരിത്രം എഴുതപ്പെടുകയും അത് സ്വന്തം സാന്നിധ്യത്തില്‍ പ്രകാശിതമാകുന്നത് കാണുകയും ചെയ്ത അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെഎം മാണി. ഒരിട, കേരള രാഷ്ട്രീയം മുഴുവന്‍ പാലായിലെ കരിങ്കോഴക്കല്‍ വീട്ടിലേക്ക് ഉറ്റുനോക്കിയിരുന്നു. പാലായിലെ ആ വീട്ടില്‍ നിന്ന് തൊമ്മന്‍ മാണിയുടേയും ഏലിയാമ്മയുടേയും മകന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമോ എന്നായിരുന്നു അക്കാലത്തെ പ്രധാന ചര്‍ച്ചാ വിഷയം. കപ്പിനും ചുണ്ടിനും ഇടയില്‍ വച്ച് കെഎം മാണിയ്ക്ക് നഷ്ടപ്പെട്ടുപോയതും ഇതേ മുഖ്യമന്ത്രി കസേരയാണ്. ഒരിക്കലല്ല, പല തവണ.

Recommended Video

cmsvideo
കേരള രാഷ്ട്രീയത്തിലെ അതികായന് വിട | News Of The Day | Oneindia Malayalam

വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും എല്ലാം കെഎം മാണിയ്ക്ക് പങ്കുണ്ട്. അല്ലെങ്കില്‍, അതിലെല്ലാം പ്രധാന പങ്കുവഹിച്ചത് കെഎം മാണി ആയിരുന്നു. വര്‍ഷങ്ങളായി സിഒപിഡി എന്ന ശ്വാസകോശ രോഗവുമായി മല്ലിട്ട കെഎം മാണി ഇപ്പോള്‍ ഓര്‍മയായിരിക്കുന്നു. കെഎം മാണിയുടെ രാഷ്ട്രീയ, വ്യക്തി ജീവിതങ്ങളിലൂടെ....

തൊമ്മന്‍ മാണി മകന്‍ മാണി

തൊമ്മന്‍ മാണി മകന്‍ മാണി

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയിൽ 1933 ജനുവരി 30 ന് ആയിരുന്നു കെഎം മാണിയുടെ ജനനം. കര്‍ഷകരായിരുന്ന കരിങ്കോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടേയും ഏലിയാമ്മയുടേയും മകന്‍. പഠനകാലത്ത് രാഷ്ട്രീയവുമായി അത്ര ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ജീവിതം തന്നെ രാഷ്ട്രീയമായി മാറുകയായിരുന്നു.

വക്കീല്‍ മാണി

വക്കീല്‍ മാണി

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ട്രിച്ചിയിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. അതിന് ശേഷം കെഎം മാണി അഡ്വ കെഎം മാണിയായി കുറച്ച് കാലം ജോലി ചെയ്തു. ഹൈക്കോടതി ജഡ്ജി ആയിരുന്ന പി ഗോവിന്ദ മേനോന്റെ കീഴില്‍ കോഴിക്കോട് ആയിരുന്നു അഭിഭാഷക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. 1955 ല്‍ ആയിരുന്നു ഇത്.

നാട്ടിലെത്തിയപ്പോള്‍ രാഷ്ട്രീയം

നാട്ടിലെത്തിയപ്പോള്‍ രാഷ്ട്രീയം

കോഴിക്കോട്ടെ അഭിഭാഷക ജീവിതം അവസാനിപ്പിച്ച് അധികം വൈകാതെ കെഎം മാണി സ്വദേശമായ കോട്ടയത്തേക്ക് തിരിച്ചു. അവിടെ അഭിഭാഷകവൃത്തിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും തുടങ്ങി. പിന്നീടിങ്ങോട്ട് മാണിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മികച്ച അഭിഭാഷകന്‍ എന്ന് പേരെടുത്ത കാലത്ത് തന്നെ ആയിരുന്നു അദ്ദേഹം ആ പണി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെ തുടക്കം....

കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെ തുടക്കം....

കോണ്‍ഗ്രസില്‍ നിന്ന് തന്നെ ആയിരുന്നു കെഎം മാണിയുടെ തുടക്കം. വളരെ പെട്ടെന്ന് തന്നെ കോട്ടയത്തെ മികച്ച നേതാക്കളില്‍ ഒരാളായി മാണി വളര്‍ന്നു. 1959 ല്‍ കെപിസിസി അംഗമായി. 1960 എത്തിയപ്പോഴേക്കും ഡിസിസി ജനറല്‍ സെക്രട്ടറിയായി. 1964 വരെ കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിയായി തുടരുകയും ചെയ്തു.

അപ്പോഴും മുതിര്‍ന്ന നേതാവ് കെഎം ജോര്‍ജ്ജിന്റെ ഗുഡ്ബുക്കില്‍ കെഎം മാണി ഇടം പിടിച്ചിരുന്നു. പക്ഷേ, കോണ്‍ഗ്രസ് പിളര്‍ത്തി കെഎം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ കെഎം മാണി ഉടനെ കൂടെ പോയില്ല. അതൊരു തന്ത്രം ആയിരുന്നു.

കേരള കോണ്‍ഗ്രസ്സിലേക്ക്

കേരള കോണ്‍ഗ്രസ്സിലേക്ക്

ഒടുവില്‍ കെഎം മാണി കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ്സിലേക്ക് തന്നെ എത്തി. 1965 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാല നിയോജക മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു മാണി. അന്ന് മുതല്‍ ഇന്നുവരെ പാലായില്‍ മാണിസാറിന് തോല്‍വി എന്തെന്ന് അറിയേണ്ടി വന്നിട്ടില്ല. പാല മറ്റൊരു എംഎല്‍എയേയും കണ്ടിട്ടില്ല.

കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് കെഎം മാണിയ്ക്ക് ഗുണമായോ ദോഷമായോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ട വിഷയം ആണ്. അദ്ദേഹം അതിനെ എങ്ങനെ കണ്ടു എന്നതും പ്രധാനം തന്നെ.

മുഖ്യമന്ത്രിയാകേണ്ടിയിരുന്ന ആള്‍

മുഖ്യമന്ത്രിയാകേണ്ടിയിരുന്ന ആള്‍

1965 ലെ തിരഞ്ഞെപ്പില്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് പിന്‍മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ നിന്ന് മത്സരിക്കാന്‍ കെഎം മാണിയ്ക്ക് ഒരു ഓഫര്‍ ഉണ്ടായിരുന്നത്രെ. അന്ന് കെഎം മാണി കോണ്‍ഗ്രസ്സിലേക്ക് തിരിച്ച് വന്നിരുന്നെങ്കില്‍ അദ്ദേഹം എത്രയോ മുമ്പ് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി ആയേനെ എന്ന് കരുതുന്നവരും കുറവല്ല.

കേരള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രതാപകാലത്തും കെഎം മാണിയ്ക്ക് മുന്നില്‍ മുഖ്യമന്ത്രി കസേരയുടെ അവസരങ്ങള്‍ തുറന്ന് കിട്ടിയിരുന്നു. പക്ഷേ, അപ്പോഴെല്ലാം നിര്‍ഭാഗ്യം ഒരു നിഴല്‍ പോലെ അദ്ദേഹത്തിനൊപ്പം ഉണ്ടായി. ഏറ്റവും ഒടുവില്‍ സോളാര്‍ വിവാദ കാലത്തും കെഎം മാണിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു. യുഡിഎഫ് മാത്രമല്ല, ഒരു ഘട്ടത്തില്‍ എല്‍ഡിഎഫ് പോലും ഇത് ചര്‍ച്ച ചെയ്തിരുന്നു എന്നാണ് പറയപ്പെടുന്നത്.

റെക്കോര്‍ഡുകളുടെ മാണിസാര്‍

റെക്കോര്‍ഡുകളുടെ മാണിസാര്‍

റെക്കോര്‍ഡുകളുടെ ഒരു ജാഥ തന്നെയാണ് കെഎം മാണിയുടെ പിറകില്‍ ഉള്ളത്. തിരഞ്ഞെടുപ്പ് വിജയങ്ങളുടെ എണ്ണം മുതല്‍ മന്ത്രി കസേരയില്‍ ഇരുന്ന കാലയളവ് വരെ അത് നീളും.

ഏറ്റവും കൂടുതല്‍ തവണ ഒരേ മണ്ഡലത്തെ തന്നെ പ്രതിനിധീകരിച്ച എംഎല്‍എ എന്ന റെക്കോര്‍ഡ് കെഎം മാണിയുടെ പേരിലാണ്. 1965 മുതല്‍ ഇങ്ങോട്ട് പാലാ മണ്ഡലത്തില്‍ കെഎം മാണി മാത്രമേ ജയിച്ചിട്ടുള്ളൂ.

ഏറ്റവും കൂടുതല്‍ കാലം മന്ത്രിക്കസേരയില്‍ ഇരുന്ന മലയാളി ആരെന്ന് ചോദിച്ചാല്‍ ഉത്തരം കെഎം മാണി എന്ന് മാത്രമാണ്. ബേബി ജോണിന്റെ റെക്കോര്‍ഡാണ് മാണി തകര്‍ത്തത്.

ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായ വ്യക്തിയെന്ന് റെക്കോര്‍ഡും മാണിയുടെ പേരില്‍ തന്നെ. പത്ത് മന്ത്രിസഭകളില്‍ അദ്ദേഹം അംഗമായിട്ടുണ്ട്.

ഏറ്റവും അധികം തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കെഎം മാണി തന്നെ. 11 തവണ. 1977 ല്‍ രാജി വയ്ക്കുകയും പിന്നീട് അതേ മന്ത്രിസഭയില്‍ തന്നെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഏറ്റവും അധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോര്‍ഡും കെഎം മാണിയ്ക്ക് സ്വന്തം. 12 തവണ ബജറ്റ് അവതരിപ്പിച്ചു.

പാര്‍ട്ടി പിളര്‍ത്തിയ മാണി

പാര്‍ട്ടി പിളര്‍ത്തിയ മാണി

കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളായിരുന്നു കെഎം ജോര്‍ജ്ജ് ആര്‍ ബാലകൃഷ്ണ പിള്ളയും. കെഎം ജോര്‍ജ്ജിന്റെ മരണ ശേഷം പാര്‍ട്ടിയുടെ ആധിപത്യം തന്നിലെത്തും എന്നായിരുന്നു ബാലകൃഷ്ണ പിള്ളയുടെ ധാരണ. എന്നാല്‍ കെഎം മാണിയും യുവ നേതാവായ പിജെ ജോസഫും ചേര്‍ന്ന് പാര്‍ട്ടി പിടിച്ചടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവില്‍ ബാലകൃഷ്ണ കേരള കോണ്‍ഗ്രസ് ബി രൂപീകരിച്ച് പുറത്ത് പോയി.

അന്ന് പുറത്ത് പോയത് പിള്ള ആയിരുന്നെങ്കിലും, ആ പിളര്‍പ്പിന് വഴിവച്ചത് കെഎം മാണിയായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് കേരള കോണ്‍ഗ്രസ് നേരിട്ടത് പലവിധ പിളര്‍പ്പുകളെ ആയിരുന്നു. അങ്ങനെയാണ് പിളരും തോറും വളരുകയും വളരും തോറും പിളരുകും ചെയ്യുന്ന പാര്‍ട്ടി എന്ന് കേരള കോണ്‍ഗ്രസ് അറിയപ്പെട്ടത്. അങ്ങനെ കേരള കോ്ണ്‍ഗ്രസിന്റെ മാണി ഗ്രൂപ്പ് ആയ കേരള കോണ്‍ഗ്രസ് എമ്മും രൂപീകൃതമായി.

ഭാഗ്യം തുണച്ചത് സിഎച്ചിനെ

ഭാഗ്യം തുണച്ചത് സിഎച്ചിനെ

1979 ല്‍ ആയിരുന്നു കെഎം മാണിയ്ക്ക് ആദ്യമായി മുഖ്യമന്ത്രി പദത്തിലേക്ക് എത്താന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന പികെ വാസുദേവന്‍ നായരുടെ രാജിയെ തുടര്‍ന്നായിരുന്നു ഇത്. പക്ഷേ, അപ്പോള്‍ ഭാഗ്യം തുണച്ചത് മുസ്ലീം ലീഗിന്റെ സിഎച്ച് മുഹമ്മദ് കോയയെ ആയിരുന്നു.

രണ്ട് മാസത്തിന് ശേഷം കെഎം മാണി തന്റെ പിന്തുണ പിന്‍വലിച്ചു. സിഎച്ചിന് രാജിവയ്‌ക്കേണ്ടി വന്നു. അപ്പോഴും കെഎം മാണിയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള സാധ്യത ബാക്കിയുണ്ടായിരുന്നു. പക്ഷേ, കോണ്‍ഗ്രസ്സില്‍ മാണി മുഖ്യമന്ത്രിയാകുന്നത് താല്‍പര്യമില്ലാത്ത വലിയൊരു വിഭാഗം ഉണ്ടായിരുന്നു. അത്തരക്കാരുടെ ഇടപെടലുകള്‍ക്കൊടുവില്‍ അന്ന് നിയമസഭ തന്നെ പിരിച്ചുവിടുകയായിരുന്നു.

ലയനങ്ങളും പിളര്‍പ്പുകളും

ലയനങ്ങളും പിളര്‍പ്പുകളും

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പുകള്‍ക്കൊപ്പം തന്നെ ലയനങ്ങളും ഇടയ്ക്കിടെ നടന്നു. ഒടുവില്‍ ഏറ്റവും ശക്തമായ കേരള കോണ്‍ഗ്രസ് ആയി മാണി ഗ്രൂപ്പ് തന്നെ നിലകൊണ്ടു. ലയനങ്ങള്‍ മിക്കവയും മാണി ഗ്രൂപ്പിലേക്കുള്ള തിരിച്ചുവരവായിരുന്നു. ഒരു വേള പാര്‍ട്ടിയുടെ എല്ലാ ഗ്രൂപ്പ് നേതാക്കളും മന്ത്രിമാരായിരുന്ന കാലവും ഉണ്ടായി.

ഏറ്റവും ഒടുവില്‍ പിജെ ജോസഫ് ഗ്രൂപ്പും പിസി ജോര്‍ജ്ജ് ഗ്രൂപ്പും ആയിരുന്നു മാണിഗ്രൂപ്പില്‍ ലയിച്ചത്. മാണിയെ പാലാ മെമ്പര്‍ എന്ന് മാത്രം വിളിച്ചുപോന്നിരുന്ന പിസി ജോര്‍ജ്ജ് മാണി സാര്‍ എന്ന് വിളിക്കുന്നതും കേരളം കണ്ടു. പക്ഷേ, ഈ മധുവിധു അധികകാലം നീണ്ടു നിന്നില്ല. ജോര്‍ജ്ജ് വീണ്ടും കേരള കോണ്‍ഗ്രസ് എം വിട്ട് പോയി.

പുത്ര സ്‌നേഹം

പുത്ര സ്‌നേഹം

കെഎം മാണി പാര്‍ട്ടിയ്ക്കുള്ളില്‍ ഏറ്റവും അധികം ആക്ഷേപം കേട്ടത് പുത്ര സ്‌നേഹത്തിന്റെ പേരില്‍ ആയിരിക്കും. ജോസ് മാണിയ്ക്ക് പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കിയതുമുതല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് നല്‍കിയതും ഒടുവില്‍ കിട്ടിയ രാജ്യസഭ സീറ്റിലേക്ക് ജോസ് കെ മാണിയെ തന്നെ പരിഗണിച്ചതും വരെ ആക്ഷേപങ്ങള്‍ പലതാണ്.

ബാര്‍ കോഴ

ബാര്‍ കോഴ

കെഎം മാണി എന്ന രാഷ്ട്രീയ ചാണക്യന്റെ ജീവിതത്തിലെ മായാത്ത കറയാണ് ബാര്‍ കോഴ വിവാദം. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന കെഎം മാണി ബാര്‍ ലൈസന്‍സ് അനുവദിച്ചുകിട്ടാന് അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു ബാര്‍ ഉടമയായ ബിജു രമേശിന്റെ ആരോപണം.

യുഡിഎഫ് സര്‍ക്കാരിനെ ഇളക്കിമറിച്ച ആരോപണം ആയിരുന്നു ഇത്. ഒടുവില്‍ അന്ന് കെഎം മാണിയ്ക്ക് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു പോലും അന്ന് കടുത്ത ആരോപണം നേരിട്ടിരുന്നെങ്കിലും ബാബുവിന്റെ രാജിക്കത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചില്ല.

മുന്നണി വിടലും തിരിച്ചുവരവും

മുന്നണി വിടലും തിരിച്ചുവരവും

ബാര്‍ കോഴ കേസില്‍ രാജിവയ്‌ക്കേണ്ടി വന്നത് കെഎം മാണിയ്ക്ക് വലിയ ക്ഷീണം ആയിരുന്നു സമ്മാനിച്ചത്. ഈ വിവാദങ്ങള്‍ക്കൊടുവില്‍ അദ്ദേഹവും പാര്‍ട്ടിയും യുഡിഎഫ് വിടുകയും ചെയ്തു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കേരള കോണ്‍ഗ്രസ് എം എംഎല്‍എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരുന്നു. ഒരു മുന്നണിയിലും ഇല്ലാതെ കെഎം മാണി ഇരുന്ന അപൂര്‍വ്വ കാലഘട്ടം ആയിരുന്നു അത്.

എന്നാല്‍ അധികം വൈകാതെ മുന്നണി ചര്‍ച്ചകള്‍ ശക്തമായി. വിട്ടുവീഴ്ചയുടെ ഭാഗമായി ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായി. ജോസ് കെ മാണി രാജ്യസഭ എംപിയായി. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചെത്തുകയും ചെയ്തു.

ബിജെപി വിവാദം

ബിജെപി വിവാദം

സോളാര്‍ വിവാദ കാലത്ത് തന്നെ കെഎം മാണിയുടെ ബിജെപി ബാന്ധവത്തെ കുറിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.കെഎം മാണിയുടെ ജീവചരിതരം പ്രകാശം ചെയ്യാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ക്ഷണിച്ചതും വലിയ വിവാദമായി.

യുഡിഎഫ് വിട്ട് കെഎം മാണി എന്‍ഡിഎയിലേക്ക് പോയേക്കും എന്നായിരുന്നു ഊഹാപോഹങ്ങള്‍. ജോസ് കെ മാണിയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു എന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല.

മുഖ്യമന്ത്രിയാകാതെ

മുഖ്യമന്ത്രിയാകാതെ

പ്രാദേശിക പാര്‍ട്ടികളില്‍ ഒതുങ്ങിപ്പോയതുകൊണ്ട് മാത്രം വലിയ പദവികള്‍ അന്യമായ നേതാക്കന്‍മാര്‍ അനവധിയുണ്ട്. കേരളത്തില്‍ നിന്ന്, ബേബി ജോണിനെ പോലെ അത്തരമൊരു നേതാവാണ് കെഎം മാണി.

മുഖ്യമന്ത്രി പദത്തിന് അര്‍ഹനാണന്ന് ഇടത് വലത് മുന്നണികള്‍ പലപ്പോഴായി പറഞ്ഞ ആളാണ് കെഎം മാണി. പക്ഷേ, മരണം വരെ അത് അദ്ദേഹത്തിന് ലഭ്യമായില്ല. ഇനി കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയുടെ ഭാവിയും വലിയ ചോദ്യ ചിഹ്നമാണ്.

English summary
KM Mani no more... the dramatic life of a Political Leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X