• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടിയേരിയുടെ അവധി സിപിഎമ്മിന് ഗുണം; പക്ഷേ, എ വിജയരാഘവന്‍... ഒരുകാലത്തെ ആവേശം, ഇപ്പോഴോ...?

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ്. മകന്‍ ബിനീഷിന്റെ വിവാദത്തിനൊപ്പം ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിയാകുമ്പോള്‍ ഈ നിര്‍ണായക ഘട്ടത്തില്‍ സിപിഎമ്മിനെ മുന്നോട്ട് നയിക്കുക എന്നത് കോടിയേരി ബാലകൃഷ്ണനെ സംബന്ധിച്ച് ക്ലേശകരമാണ്.

കൊടിയേരി മാറിനിന്നാൽ എന്താ... കരുത്തിന് കുറവില്ലാതെ സിപിഎം; ലാവലിന്‍ കാലം കടന്ന പാര്‍ട്ടി

ബിനീഷ് വിവാദങ്ങള്‍, കോടിയേരിയുടെ അവധിയോടെ അല്‍പമെങ്കിലും അടങ്ങുമെന്നതില്‍ സിപിഎമ്മിന് ആശ്വസിക്കാം. തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍, ഈ അവധി പോലും ഒരു ന്യായീകരണവും ആവും. എന്നാല്‍, എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ആയ എ വിജയരാഘവന്‍ സെക്രട്ടറിയുടെ ചുമതലയില്‍ എത്തുന്നത് പാര്‍ട്ടിയ്ക്ക് ഗുണകരമാകുമോ എന്ന സംശയം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഒരുകാലഘട്ടത്തിലെ ആവേശമായിരുന്ന വിജയരാഘവന്‍, അടുത്തകാലത്തായി സിപിഎമ്മിനുണ്ടാക്കിയ ചീത്തപ്പേര് ചെറുതായിരുന്നില്ല. പരിശോധിക്കാം...

തീപ്പൊരി നേതാവ്, ആവേശം

തീപ്പൊരി നേതാവ്, ആവേശം

എണ്‍പതുകളില്‍ കേരളം കണ്ട മികച്ച വിദ്യാര്‍ത്ഥി- യുവനേതാക്കളില്‍ ഒരാളായിരുന്നു എ വിജയരാഘവന്‍. എസ്എഫ്‌ഐയിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധിച്ച നേതാവ്. ഇസ്ലാമിക് ഹിസ്റ്ററിയില്‍ റാങ്ക് നേടി പഠിക്കുക, പോരാടുക എന്ന എസ്എഫ്‌ഐ മുദ്രാവാക്യത്തെ അരക്കിട്ടുറപ്പിച്ച നേതാവായിരുന്നു അദ്ദേഹം.

അഖിലേന്ത്യാ പ്രസിഡന്റ് ആയി റെക്കോര്‍ഡും

അഖിലേന്ത്യാ പ്രസിഡന്റ് ആയി റെക്കോര്‍ഡും

രണ്ട് തവണ തുടര്‍ച്ചയായി എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എ വിജയരാഘവന്‍. 1986 ലെ വിജയവാഡ സമ്മേളനത്തിലും പിന്നീട് 1989 കൊല്‍ക്കത്ത സമ്മേളനത്തിലും 1993 തിരുവനന്തപുരം സമ്മേളനത്തിലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ഏഴ് വര്‍ഷം എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവിയില്‍ ഇരുന്ന ഒരേയൊരാളാണ് വിജയരാഘവന്‍.

വിഎസ് വിജയരാഘവനെ അട്ടിമറിച്ച യുവതുര്‍ക്കി

വിഎസ് വിജയരാഘവനെ അട്ടിമറിച്ച യുവതുര്‍ക്കി

എസ്എഫ്‌ഐ ദേശീയ അധ്യക്ഷനായിരിക്കെയാണ് 1989 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയരാഘവന്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിലെ അതികായനായ സിറ്റിംങ് എംപി വിഎസ് വിജയരാഘവനെതിരെ ആയിരുന്നു പോരാട്ടം. ആ പോരാട്ടത്തില്‍ യുവതുര്‍ക്കിയായി എ വിജയരാഘവന്‍ ജയിച്ചുകയറുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ പിന്നെ ഭാഗ്യം കനിഞ്ഞില്ല

തിരഞ്ഞെടുപ്പില്‍ പിന്നെ ഭാഗ്യം കനിഞ്ഞില്ല

കന്നി പോരാട്ടത്തില്‍ വന്‍ വിജയം നേടിയെങ്കിലും പിന്നീട്, എ വിജയരാഘവനെ ഒരു തിരഞ്ഞെടുപ്പും തുണച്ചിട്ടില്ല. 1991 ല്‍ പാലക്കാട് വീണ്ടും മത്സരിച്ചെങ്കിലും വിഎസ് വിജയരാഘവനോട് തോറ്റു. പിന്നീട് 2014 ല്‍ കോഴിക്കോട് മണ്ഡലത്തില്‍ എംകെ രാഘവനോടും പരാജയപ്പെടാനിയിരുന്നു വിധി. എങ്കിലും ഒരുതവണ രാജ്യസഭ എംപിയായിട്ടുണ്ട് എ വിജയരാഘവന്‍.

പാര്‍ട്ടിയിലെ മുന്നേറ്റം

പാര്‍ട്ടിയിലെ മുന്നേറ്റം

എസ്എഫ്‌ഐയില്‍ നിന്ന് ഉയര്‍ന്നുവന്ന എ വിജയരാഘവന്‍ പിന്നീട് കര്‍ഷകത്തൊഴിലാളി യൂണിയനിലൂടെ ആയിരുന്നു വളര്‍ച്ച. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറിയായി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. പാര്‍ട്ടിയിലെ നിര്‍ണായക സാന്നിധ്യമായ എ വിജയരാഘവനാണ് ഇപ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് കണ്‍വീനറും.

ഇടിഞ്ഞുതാഴുന്ന ഗ്രാഫ്

ഇടിഞ്ഞുതാഴുന്ന ഗ്രാഫ്

ഒരുകാലത്ത് ആവേശമായിരുന്ന എ വിജയരാഘവന്റെ ജനസമ്മതിയുടെ ഗ്രാഫ് പിന്നീട് ഇടിഞ്ഞുതാഴുന്നതാണ് കേരളം കണ്ടത്. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക എന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്തം എ വിജയരാഘവന്‍ മറന്നുപോകുന്ന കാഴ്ച പലതവണ കേരളം കണ്ടു. അത് സിപിഎമ്മിനെ വലിയതോതില്‍ പ്രതിരോധത്തിലാക്കുകയും ചെയ്തു.

അലിയെ പുകച്ച് പുറത്തുചാടിച്ചു

അലിയെ പുകച്ച് പുറത്തുചാടിച്ചു

മഞ്ഞളാംകുഴി അലിയെ സിപിഎം പക്ഷത്ത് നിന്ന് പുകച്ച് പുറത്തുചാടിച്ചതിലും എ വിജയരാഘവന്റെ പ്രസംഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അന്ന് കേരളത്തിലെ സിപിഎം വിഭാഗീയതയുടെ കൂത്തരങ്ങായിരുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അതിന്റെ ചുവട് പിടിച്ചായിരുന്നു അലിയ്‌ക്കെതിരെയുള്ള നീക്കങ്ങളും.

രമ്യ ഹരിദാസിനെ ജയിപ്പിച്ചു!

രമ്യ ഹരിദാസിനെ ജയിപ്പിച്ചു!

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചതും എ വിജയരാഘവന്‍ ആയിരുന്നു എന്ന് പറയാം. സ്ത്രീ വിരുദ്ധവും അശ്ലീലച്ചുവയുള്ളതും ആയ വിജയരാഘവന്റെ പരാമര്‍ശങ്ങള്‍, കേരളം മുഴുവന്‍ ഇടതുപക്ഷത്തിന് ആ തിരഞ്ഞെടുപ്പില്‍ വലിയ ഡാമേജ് ഉണ്ടാക്കി.

മാണിയുടെ കാര്യം

മാണിയുടെ കാര്യം

ഏറ്റവും ഒടുവില്‍ കെഎം മാണിയേയും ബാര്‍ കോഴയേയും കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും സിപിഎമ്മിന് ഉണ്ടാക്കിയത് ചെറിയ നഷ്ടങ്ങളല്ല. ഒരുകാലത്തെ സിപിഎം- ഇടതുമുന്നണി സമരങ്ങളെ മുഴുവന്‍ തള്ളിപ്പറയുന്നത് പോലെ ആയിരുന്നു വിജയരാഘവന്റെ ആ അഭിമുഖം ആഘോഷിക്കപ്പെട്ടത്. വളച്ചൊടിക്കപ്പെട്ടതായിരുന്നു ആ അഭിമുഖത്തിലെ വാക്കുകൾ എന്ന് വിജയരാഘവൻ പിന്നീട് പറയുകയുണ്ടായി.

ഇതാണ് തുടരുന്നതെങ്കില്‍

ഇതാണ് തുടരുന്നതെങ്കില്‍

എണ്‍പതുകളിലെ ആ പഴയ വിജയരാഘവന്‍ അല്ലാതെ, അടുത്തിടെ കണ്ടുപരിചയിച്ച എ വിജയരാഘവന്‍ ആണ് സിപിമ്മിന്റെ സെക്രട്ടിയുടെ ചുമതലയില്‍ വിരാജിക്കുന്നത് എങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ നിയമസഭ തിരഞ്ഞെടുപ്പ് വരെ സിപിഎമ്മിനെ അവതാളത്തിലാക്കാന്‍ എ വിജയരാഘവന് നിഷ്പ്രയാസം സാധിക്കും. പാര്‍ട്ടിയെ സെക്രട്ടറിയുടെ ചുമതലയുള്ള വിജയരാഘവന്‍ നിയന്ത്രിക്കുമോ അതോ പാര്‍ട്ടി വിജയരാഘവനെ നിയന്ത്രിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English summary
Kodiyeri on leave may help CPM to tackle some allegations, but the Secretary in Charge A Vijayaraghavan is controversial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X