കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്സവം ലാസ്യം, ഉത്സവം കഴിഞ്ഞാല്‍ ആലസ്യം... ആളൊഴിഞ്ഞ പൂരപ്പറമ്പിനെ ഇഷ്ടപ്പെടുന്ന പ്രവാസിയുടെ കുറിപ്പ്

  • By വിനോദ് കാർത്തിക
Google Oneindia Malayalam News

നിറഞ്ഞു തുളുമ്പി ഒഴുകുന്ന നീർ ചാലുകൾ അതിർവരമ്പിടുന്ന പാടശേഖരങ്ങൾ കുംഭ മാസ ചൂടിന് മുൻപ് കൊയ്തൊഴിയുമായിരുന്നു. ഉത്സവ കൊടിയേറിയാൽ പിന്നെ അത് ഇറങ്ങാതെ വീടുകൾ ഓല മേയാൻ പാടില്ലെന്നാണ് വിശ്വാസം. അങ്ങനെയുള്ള ഓല മേയലിൽ വീടൊക്കെ വൃത്തിയാക്കുമ്പോഴാണ് പഴയ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും തിരികെ തേടിയെത്തുന്നത്. താഴെ നിൽക്കുന്നവർ മെടഞ്ഞ ഓലകൾ തുമ്പ് കോർത്ത് മുകളിലേയ്ക്ക് എറിയുന്നതും മുകളിൽ ഇരുന്നവർ അത് പിടിച്ചെടുത്ത് നിരയായി അടുക്കി കെട്ടുന്നതും ഇന്ന് അന്യം നിന്ന കാഴ്ചകളാണ്. കോണ്ക്രീറ്റ് ടെറസ്സിൽ നിന്നും വലിച്ചെടുത്ത ചൂട് താഴേയ്ക്ക് വീശി തരുന്ന ഫാനിന്റെ കീഴിൽ വിയർത്തു കുളിച്ചു കിടന്നപ്പോഴാണ് ആ ഓല മേഞ്ഞ വീടിന്റെ കുളിർമയും പട്ടിക കൊണ്ട് ഗുണന ചിഹ്നം അടിച്ച ഇറയത്ത് കൂടി കടന്നു വന്നിരുന്ന കാറ്റിന്റെ സുഖവും കാലഘട്ടത്തിന്റെ കവർന്നെടുക്കലുകൾ നൽകിയ നഷ്ടങ്ങൾ ഓർത്ത് പോയത്

കുരുത്തോല കൊണ്ടലങ്കരിച്ച പാട്ട്പുരയിൽ നിന്നും കൈ മണിയുടെ താളത്തോടെ പാട്ടുയരുന്നതോടെ ഉത്സവത്തിനു തുടക്കമാകും. നാടും നഗരവും ഉണരും, കൈവഴികളും ഇടവഴികളും ഇടത്തോടുകളും പുല്ലും നാമ്പും പുൽകൊടിയും ആലസ്യം വിട്ട് പരിലസിക്കും. കൊയ്തൊഴിഞ്ഞ പാടങ്ങളിലെ ചെളിയുടെ ചൂരു പോകാത്ത മണ് തറകളിലേയ്ക്ക് കുംഭ ചൂട് പരന്നൊഴുകും. കൊറ്റിയും പ്രാവും പുളവനും ചേരയും ഒക്കെ തെക്കേ തൊടിയിലെ ഓല കീറുകൾക്കിടയിലും മൂവാണ്ടൻ മാവിലും ഇടം പിടിക്കും. വയറൊഴിഞ്ഞ ആലസ്യത്തിൽ കിടക്കുന്ന പാടങ്ങളിൽ നിന്നു തോടുകളിലേയ്ക്ക് ഊളിയിടുന്ന വരാലുകൾ ചെറുമന്മാരുടെ ഒറ്റാലിൽ കുടുങ്ങി തുമ്പ് കെട്ടിയ ഈർക്കിൽ കുരുക്കുകളിൽ തൂങ്ങിയാടും.ഇത്തിരി വെള്ളത്തിൽ പരൽമീനുകളും മാനത്ത് കണ്ണികളും മിന്നി മറയും.

pooram

ഉത്സവ കൊടിയേറ്റം ആകുന്നതോടെ വല്യ ലോറികളിൽ നിറഞ്ഞു വരുന്ന മുളയുടെ തോട്ടകളും കുട്ടകളും മുറങ്ങളും ചിരട്ട തവികളും മണ്ണിന്റെ നിറമുള്ള കൂജകളും പാടങ്ങളിൽ രാവും പകലും സമൃദ്ധമായി വിറ്റഴിയും. ഇളം കാറ്റിൽ ആലില സംഗീതം പൊഴിക്കുന്ന ആൽമരത്തിൻറെ കീഴിലും പാല ചുവട്ടിലും ആയി പുരുഷാരം നിറയും.സ്ത്രീകൾ കുടുക്ക പൊട്ടിച്ചു സമ്പാദ്യം കൊണ്ട് കൺ മഷിയും വളയും പൊട്ടും ചാന്തും കണ്ണാടിയും വാങ്ങി കലപില കൂട്ടി കറങ്ങി നടക്കും. ഓല നാമ്പ് കൊണ്ടു ചേർത്ത് കെട്ടിയ മുറുക്കു കുട്ടകൾ കാലിയാക്കിയും ജനം പരന്നൊഴുകും.

പൊടി പാറുന്ന വയലുകൾ താണ്ടി വീടുകളിലേക്ക് ആന പുറത്ത് ചെണ്ടയുടെ അകമ്പടിയോടെ തിടമ്പേറിയെത്തുമ്പോൾ നിലവിളക്ക് കൊളുത്തി നിറപറയും അടയും പഴവും നേദിച്ചു ഒരു പിടി നെല്ലിൽ തെച്ചി പൂവും ചേർത്തു വിതറി അനുഗ്രഹം ഏറ്റുവാങ്ങി ഗ്രാമം വിശുദ്ധമാകും. കടലയും കപ്പലണ്ടിയും കൊറിച്ചു ഇഞ്ചി മുട്ടായിയും നുണഞ്ഞു കുരുമുളകും കരിപ്പൊട്ടിയും ചുക്കും ഇട്ട കാപ്പിയും കുടിച്ചു തറയില് വിരിച്ച പായിലും പേപ്പറിലും ഇരുന്നും കിടന്നും നാടകവും കണ്ടു പകുതി ഉറക്കം തൂങ്ങിയും ഉണർന്നും നേരം വെളുക്കുവോളം ഗ്രാമം ഉത്സവ തിമിർപ്പിലായിരിക്കും. കഥകളിയുടെ താളവും ഇടയ്ക്ക് ഉയരുന്ന അലർച്ചയും പലരുടെയും ഉറക്കത്തിനു ഭംഗം ഉണ്ടാക്കും.. എരിഞ്ഞു തീരുന്ന മാന്റിൽ വെളിച്ചത്തിൽ ഈന്തപ്പഴവും പൊരിയും കടലയും ഒക്കെ വിറ്റു പെറുക്കാൻ സ്ഥിരം കച്ചവടക്കാർ അന്യദേശങ്ങളിൽ നിന്നും വന്നിരുന്നു.

തെല്ല് പേടിയോടെ ആനയെ തളയ്ക്കുന്നിടങ്ങളിലും ചെണ്ടക്കാരുടെ ഇടയിലും ചുറ്റി കറങ്ങി ഞാൻ അടങ്ങുന്ന കുട്ടിപട്ടാളങ്ങൾ ഉണ്ടാകും.ബലൂൻ വില്പനക്കാരന്റെ അടുക്കൽ വിവിധ കളിപ്പാട്ടങ്ങൾക്ക് വേണ്ടി വില പേശിയും തൊട്ട് നോക്കിയും മതി മറന്നു നടക്കും. കരിമ്പിൻ തുണ്ട് കടിച്ചു കവിളും നാക്കും മുറിഞ്ഞു നീറ്റലിൽ നാക്ക് കൊണ്ട് നനച്ചും ഇനി നടക്കാൻ കഴിയില്ല. കൈതക്കാട്ടിലും പൊന്തക്കാടിൻ മറവിലും വാറ്റ് ചാരായത്തിന്റെയും ബീഡി പുകയുടെയും മിശ്ര ഗന്ധം ഉയരുന്നുണ്ടാകും. ആനക്കാരും കച്ചവടക്കാരും ഒക്കെ ആലസ്യം അകറ്റുന്നത് ഇവിടെയാകണം. രാത്രിയിൽ ദൂരയായി മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കുലുക്കി കുത്തും വെട്ടി മലത്തും ഉണ്ടായിരിക്കും.

kollam

ഉത്സവത്തിന്റെ അവസാന ദിനങ്ങളിലേയ്ക്ക് എത്തുമ്പോൾ അമ്മയും സംഘവും അടുക്കളയുടെ ഇടനാഴികളിൽ ഉരലും ഉലക്കയും അമ്മിയും കൊണ്ട് നാദ വിസ്മയങ്ങൾ തീർക്കും. ഉച്ചയ്ക്ക് വിളമ്പിയെത്തുമ്പോഴേക്കും റോഡുകൾ നിറഞ്ഞു ആളുകൾ ഒഴുകി തുടങ്ങും. സൈക്കിളുകൾ തുടരെ ബെല്ലടിച്ചു രണ്ടും മൂന്നും പേരൊക്കെയായി ഇറക്കം വിട്ട് പാഞ്ഞു പോകും. ഇളകിയാടുന്ന ആൽമര ചുവട്ടിൽ ഇപ്പോഴും ഗതകാല സ്മരണകൾ അയവിറക്കി വർഷങ്ങളായി നില കൊള്ളുന്ന കളിതട്ടിൽ മിഴാവിൽ കൊട്ടി ഓട്ടൻ തുള്ളൽ ആടി തുടങ്ങും.

പടിഞ്ഞാറ് നിന്നു അടിക്കുന്ന ഇളം വെയിലുകൾ തട്ടി തെറിക്കുന്ന തൊങ്ങലുകൾ ചാർത്തിയ എടുപ്പ് കുതിരകൾ നാലു കരക്കാരും മത്സര ബുദ്ധിയോടെ തോളത്തും കൈകളിലും ഇട്ട് അമ്മാനമാടും.ചാഞ്ഞു പോകുമ്പോൾ ആയം പിടിക്കുന്ന കയറുകളിൽ തൂങ്ങാൻ നമ്മളും കൂടും. ഇരുകരകളിലും തിങ്ങി കൂടുന്ന പുരുഷാരത്തിന്റെ ആർപ്പ് വിളികളും ഉയരും. താലപ്പൊലിയുടെ അകമ്പടിയോടെ തീവെട്ടി പ്രഭകളിൽ കുളിച്ചു തിടമ്പ് ഏറിയ ദേവി വലം വച്ചെത്തി അകത്തേയ്ക്ക് എഴുന്നെള്ളുന്നു. പാലമര ചുവട്ടിൽ കുമ്പളങ്ങ വെട്ടി ഭസ്മവും സിന്ദൂരവും ചാർത്തി കുരുതികളം നിറച്ചു നട അടച്ചു കൊടിയിറങ്ങുന്നു

ഗ്രാമത്തിന്റെ ഐശ്വര്യവും കാവലും ദേവിയെന്നാണ് നാട്ടിന്പുറത്തിന്റെ വിശ്വാസം. ജന്മാന്തരങ്ങളിൽ പൂർവികർ ചെയ്തു പോന്നത്, ഇന്നും തുടരുന്നത് വരും തലമുറയ്ക്ക് കൈ മാറുന്നതും ഒക്കെ സംസ്കൃതിയുടെയും അതി ജീവനത്തിന്റെ വേലിയേറ്റങ്ങളും ഓർമപ്പെടുത്തുന്നതാണ്. താളപ്പിഴകളും കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളും ഉൾക്കൊണ്ട് കാർഷിക പാരമ്പര്യത്തിന്റെ മഹത്വവും ഉയർത്തി ഉത്സവങ്ങളിൽ തെയ്യവും തിറയും ആനയും വെടിക്കെട്ടും പൂരവും വേലയും വെളിച്ചപ്പാടും ഇനിയും ആടി ഉറയ്ക്കട്ടെ.

ഇന്നലെ വരെ ലാസ്യമായിരുന്നെങ്കിൽ പിറ്റേ ദിവസം ആലസ്യമാണ്, ആളൊഴിഞ്ഞ പൂരപറമ്പിന്റെ അലസത. ആലിലകൾ പോലും മൗനമാണ്,കച്ചവടക്കാർ ഒന്നോന്നായി തിരികെ മടങ്ങുന്നു,കരിമ്പിൻ തുണ്ടും ഓലയും ചേർത്തു പിടിച്ചു ആനകൾ ഇടറോഡുകൾ കടന്നു മെയിൻ റോഡിലേക്ക് അടുത്ത ഉത്സവ പറമ്പ് ലക്ഷ്യമാക്കി അലസമായി നടന്നു നീങ്ങുന്നു. ഇനിയും എത്താൻ കഴിയുമെന്ന പ്രതീക്ഷയോടെ കൊടിമരം വണങ്ങി ചെണ്ടക്കാരും വാദ്യക്കാരും മടങ്ങും. എങ്കിലും നരച്ച ചിത്രം പോലെ കിടക്കുന്ന പൂരപറമ്പിന്റെ അലസതയാണെനിക്ക് ഏറെയിഷ്ടം.

English summary
Kollam Parippalli native writes about Pooram from Ajman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X