കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോറി മേരി മിച്ചല്‍, അഭിസാരികമാരെ ബലാത്സംഗം ചെയ്യുന്നത് 'തെഫ്റ്റ് ഓഫ് സര്‍വ്വീസ്' അല്ല!

  • By Muralikrishna Maaloth
Google Oneindia Malayalam News

മുരളീകൃഷ്ണ മാലോത്ത്

അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ തൊടുന്നതും, അശ്ലീല പ്രയോഗങ്ങള്‍ കൊണ്ട് അവളുടെ മേല്‍ അതിക്രമിച്ച് കയറുന്നതും ബലാത്സംഗം തന്നെയാണ്. അഭിസാരികമാരെ ബലാത്സംഗം ചെയ്യുന്നത് വെറും തെഫ്റ്റ് ഓഫ് സര്‍വ്വീസ് മാത്രമാകുന്ന കഥാപരിസരങ്ങളെക്കുറിച്ചാണ് ഇത്തവണ 'കുലുക്കി സര്‍ബത്ത്' പറയുന്നത്.

ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുന്ന കാലത്താണ്, ഇത്തിരി വശപ്പിശക് കാട്ടിയതിന് സ്‌കൂളില്‍ നിന്നും പുറത്താക്കിയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍. എന്നെക്കാള്‍ കുറച്ചിളപ്പമായ ഒരു കുട്ടി. ക്രിക്കറ്റ് കളിക്കിടയിലും ക്ലബ്ബിലെ കൊച്ചുവർത്തമാനത്തിനിടയിലും മറ്റുമുള്ള ആണിടങ്ങളില്‍ അക്കാലത്ത് സ്ഥിരമായി രസച്ചടരട് കോര്‍ത്തിരുന്നത് ഈ കുട്ടിയുടെ പേരായിരുന്നു. ഈ കുട്ടി കേള്‍ക്കെ തന്നെ ചെറിയ ചെറിയ അശ്ലീലങ്ങള്‍ പറയാനും കൈമുദ്രകള്‍ കാട്ടാനും ആളുകള്‍ ധൈര്യം കാട്ടിയിരുന്നു എന്നാണ് ഓര്‍മ.

ഒരിക്കല്‍ ഒറ്റയ്ക്ക് അടുത്ത് കിട്ടിയപ്പോള്‍ ഞാനും പറഞ്ഞിട്ടുണ്ട് ഈ കുട്ടിയോട് ഒരു അശ്ലീലം. അക്കാലത്ത് സ്ഥിരമായി വായിച്ചിരുന്ന മ പ്രസിദ്ധീകരണങ്ങളിൽ നിന്നും കിട്ടിയ, നിരുപദ്രവപരമെന്ന് എനിക്ക് തോന്നിയ ആ പ്രയോഗം പക്ഷേ ആ കുട്ടിയെ ഒരുപാട് വേദനിപ്പിച്ചു എന്ന് പിന്നീട് ഞാനറിഞ്ഞു. വകയില്‍ എന്റെയൊരു സഹോദരിയോട് ആ കുട്ടി പറഞ്ഞത് - ഞാന്‍ ഏട്ടനെപോലെ കരുതിയ ഒരാളില്‍ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല എന്നാണ്.

column

'അവളോ എന്നെ ഏട്ടനെന്നോ, ജീവിതം പോയല്ലോ' എന്ന് അന്ന് തമാശ പറഞ്ഞ് ചേച്ചിയുടെ അടുത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും ആ സംഭവം വലിയൊരു ഷോക്കായിപ്പോയി. ഒരാളുടെ അടുത്ത് ഇടപഴകി എന്ന് കരുതി ഒരു പെണ്‍കുട്ടി എല്ലാവരുടെയും അടുത്ത് അത് ചെയ്യണമെന്നില്ല എന്ന് പറയാതെ പറഞ്ഞ് നടന്നപോകുകയായിരുന്നു അവള്‍. പിന്നീട് കോളേജില്‍ സമാനമായ പഴികേട്ട രണ്ട് പെണ്‍സുഹൃത്തുക്കളോട് മാന്യമായിമാത്രം ഇടപെടാനും അവരുടെ ഭാഗം ചേരാനും ഈ സംഭവം സഹായിച്ചത് ചില്ലറയൊന്നുമല്ല.

കാര്യം ലിംഗസമത്വത്തിന് വേണ്ടി വെള്ളം കോരുന്നവരാണെങ്കിലും പൊതു ഇടങ്ങളില്‍ ഇടപെടുന്ന സ്ത്രീകളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പലതും നമുക്കുണ്ട്. 'സിനിമാക്കാരെല്ലാം പെഴയാണ്' എന്ന പഴയ പറച്ചില്‍ മുതല്‍ സിനിമാ നടിമാര്‍ വിവാഹിതരാകുമ്പോള്‍ പൊതുസ്വത്ത് സ്വകാര്യവല്‍ക്കരിച്ചു എന്നും വിവാഹമോചിതരാകുമ്പോള്‍ സ്വകാര്യസ്വത്ത് പബ്ലിക്കിന് വിട്ടുനല്‍കി എന്നും മറ്റുമുള്ള ന്യൂ ജെനറേഷന്‍ പ്രയോഗങ്ങള്‍ വരെ ഇതിന്റെ പ്രതിഫലനങ്ങളാണ്. കിട്ടാത്ത മുന്തിരിയോടുള്ള പുളി മാത്രമല്ല, കിട്ടുന്നവനോടുള്ള കടിയും നമ്മള്‍ കരഞ്ഞുതീര്‍ക്കുന്നത് ഇത്തരത്തിലാണ്.

col

വര്‍ഷങ്ങള്‍ക്ക് മുമ്പ് രേഷ്മ എന്ന നടി അനാശാസ്യത്തിന് അറസ്റ്റിലായ വാര്‍ത്തയോര്‍ക്കുന്നോ. അന്ന് അവരെ ചോദ്യം ചെയ്യുന്ന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി രസിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു നമുക്ക്. രേഷ്മയ്ക്ക് വേണ്ടി ആക്ടിവിസ്റ്റുകള്‍ ആരും രംഗത്ത് വന്നതോര്‍ക്കുന്നില്ല. നളിനി ജമീല പുസ്തകത്തില്‍ പറഞ്ഞ ലൈംഗിക അതിക്രമങ്ങള്‍ക്ക് നേരെ ഒരു പോലീസും സ്വമേധയാ കേസെടുത്തിട്ടുമില്ല. പകരം പൊളിറ്റിക്കലി കറക്ട് എന്ന് മേനിനടിക്കുകയും വേശ്യകളുടെ ചാരിത്രപ്രസംഗം എന്ന് പുലബന്ധമില്ലാത്ത കാര്യങ്ങള്‍ക്ക് പോലും ഉദാഹരണം പറയുകയും ചെയ്തു ആത്മരതിയടഞ്ഞു നമ്മള്‍.

അമേരിക്കയില്‍ ഒരു ലൈംഗികത്തൊഴിലാളി തോക്കിന്‍ മുനയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ, തെഫ്റ്റ് ഓഫ് സര്‍വ്വീസ് എന്ന് ഒരു മാധ്യമ പ്രവര്‍ത്തക വിശേഷിപ്പിച്ചത് കണ്ട ഞെട്ടലിലാണ് ഈ എഴുത്തിന് മുതിര്‍ന്നത് തന്നെ. കോളമിസ്റ്റ് ഒരു പുരുഷനാണെങ്കില്‍ അങ്ങനെ പറഞ്ഞാല്‍ തെറ്റില്ല എന്നോ സ്ത്രീ ആയത് കൊണ്ട് അങ്ങനെ പറയാന്‍ പാടില്ല എന്നോ അല്ല പറയാന്‍ ഉദ്ദേശിച്ചത്, ഒരു സ്ത്രീയുടെ കഥാപരിസരങ്ങള്‍ ഒരു വനിതാ ജേർണലിസ്റ്റിന് പോലും അന്യവൽക്കരിക്കപ്പെട്ടുപോകുന്നല്ലോ എന്ന പ്രയാസം കൊണ്ടാണ്.

ഷിക്കാഗോ സണ്‍ടൈംസ് എന്ന പോര്‍ട്ടലിലാണ് മേരി മിച്ചല്‍ എന്ന കോളമിസ്റ്റ് അഭിസാരികകള്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അത് ബലാത്സംഗമല്ല എന്ന് എഴുതിവെച്ചത്. മറിച്ച് അവര്‍ നല്‍കുന്ന സേവനം മോഷണം പോയതായി കരുതിയാല്‍ മതി. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസിനടുത്തേക്കല്ല, സ്വന്തം ഏജന്റുമാരുടെ അടുത്തേക്കാണ് പരാതിയുമായി പോകേണ്ടത് എന്നാണ് മിച്ചലിന്റെ പക്ഷം. അഭിസാരികകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി പറയുമ്പോള്‍ യഥാര്‍ഥ ബലാത്സംഗ ഇരകളെ കളിയാക്കലാണ് പോലും. ആരാണപ്പാ ഈ യഥാർഥ ഇരകൾ. അതിനുള്ള ഉത്തരവും ഇവർ പറയുന്നുണ്ട്.

column1

തെരുവില്‍ കണ്ട ഒരു നിഷ്‌കളങ്കയായ സ്ത്രീയെ അല്ല തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് എന്ന ആശ്വാസത്തിലുണ്ട് മേരി മിച്ചലിൻറെ ഉത്തരം. എന്ന് വെച്ചാല്‍ ലൈംഗികത്തൊഴിലാളികളെ ആര്‍ക്കും തട്ടിക്കൊണ്ടുപോകാം, ബലാത്സംഗം ചെയ്യാം. ഏതാണ്ടത് തന്നെയാണല്ലോ നമ്മളും ഇവിടെ പറഞ്ഞുവെക്കുന്നത്. മോഡലുകളെ ആര്‍ക്കും തുണിയുരിക്കാം, മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കാം, സിനിമാ നടിമാരെ ആര്‍ക്കും പൊതുസ്വത്തായി പ്രഖ്യാപിക്കാം. വാ തുറന്ന് അഭിപ്രായം പറയുന്ന സ്ത്രീകളെ വഴിപിഴച്ചവളാക്കാം, ശേഷം പരാതികള്‍ പിമ്പിനോട് പറയൂ പോലീസിന്റടുത്ത് നിനക്കെന്ത് കാര്യം എന്ന് കൂടി ചോദിച്ചാല്‍ പൂര്‍ണമായി....

കുലുക്കി സര്‍ബത്ത്: കോളമിസ്റ്റുകളും അല്ലാത്തവരുമായ മേരി മിച്ചല്‍മാരോട് പറയാനുള്ളത് അഭിസാരികകളെ ബലാത്സംഗം ചെയ്യുന്നത് 'തെഫ്റ്റ് ഓഫ് സര്‍വ്വീസ്' അല്ല എന്ന് തന്നെയാണ്. അത് ബലാത്സംഗം തന്നെയാണ്. അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ തൊടുന്നതും, അശ്ലീല പ്രയോഗങ്ങള്‍ കൊണ്ട് അവളുടെ മേല്‍ അതിക്രമിച്ച് കയറുന്നതും ബലാത്സംഗം തന്നെയാണ്. അതിനെ തെഫ്റ്റ് ഓഫ് സര്‍വ്വീസ് എന്ന് നിസാരവല്‍ക്കരിക്കുന്ന ഈ ഔദ്ധത്യം പോലും ഒരു പൊട്ടൻഷ്യൽ റേപ്പിസ്റ്റിൻറേതാണ്.

English summary
Kulukki Sarbath: Muralikrishna Maaloth writes about Chicago Sun-Times columnist's comment that raping a sex worker at gunpoint was not rape, but theft of services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X