കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടച്ചോന്റെ ചിത്രം എസ്എഫ്‌ഐക്കാര്‍ വരയ്ക്കുന്പോള്‍...ഇത് ആരുടെ പടച്ചോന്‍? ആര്‍ക്കാണ് ചൊറിയുന്നത്?

Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.

പടച്ചോന്റെ ചിത്രപ്രദര്‍ശനം എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കുന്ന എഴുത്തുകാരന്‍ പി ജിംഷാര്‍ ക്രൂരമായി അക്രമിയ്ക്കപ്പെട്ടിട്ട് ദിവസങ്ങളായി. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തുണ്ട്. എന്നാല്‍ തങ്ങള്‍ക്കിതില്‍ ഒരു പങ്കും ഇല്ലെന്ന നിലപാടിലാണ് എസ്ഡിപിഐ.

ഇസ്ലാം മതവിശ്വാസപ്രകാരം ദൈവം അരൂപിയാണ്. അങ്ങനെയുള്ള ദൈവത്തിന്റെ ചിത്രം വരയ്ക്കുക എന്ന് പറയുന്നത് പോലും മതവിരുദ്ധമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. പടച്ചോന്‍റെ ചിത്രപ്രദര്‍ശനം എന്ന ഒരു പേര് പോലും സഹിയ്ക്കുവാന്‍ കഴിയാത്തവരാണ് ജിംഷാറിനെ ആക്രമിച്ചു എന്ന് പറയുന്നത്.

ഈ സാഹചര്യത്തിലാണ് ജിംഷാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നത്. എറണാകുളം ലോ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 'പടച്ചോന്റെ ചിത്രം വരച്ചുകൊണ്ടാണ്' പ്രതിഷേധവും ജിംഷാറിനോടുള്ള ഐക്യദാര്‍ഢ്യവും പ്രകടമാക്കിയത്.

'പടച്ചവന്‍' എന്നത് ഒരു മലയാളം വാക്കാണ്. ഏതെങ്കിലും മതത്തിന്റെ മാത്രം സ്വന്തമല്ല അത്. പടച്ചത് (സൃഷ്ടിച്ചത്) ആരോ, അതാണ് പടച്ചവന്‍, അത്രമാത്രം. അപ്പോള്‍ പിന്നെ ആ പേരിന്റെ പേരില്‍ ആരെങ്കിലും തോന്നിവാസം കാണിച്ചാല്‍ അതിനെ മതത്തിന്റെ ആനുകൂല്യം നല്‍കി മാറ്റി നിര്‍ത്താനാവില്ല. ഏതെങ്കിലും മതഗ്രന്ഥത്തില്‍ പറഞ്ഞതാണെങ്കില്‍ പോലും അക്രമത്തെ അംഗീകരിയ്ക്കാന്‍ ആര്‍ക്കാണ് കഴിയുക.

jimshar

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പടച്ചവന്റെ ചിത്രം വരച്ച് പ്രതിഷേധിച്ചതിനെ ഇടതുപക്ഷത്ത് നിന്നുള്ള ചിലര്‍ പോലും എതിര്‍ക്കുന്നുണ്ട്. ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നവര്‍ എന്തിനാണ് ഇപ്പോള്‍ ചിത്രം വരയ്ക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നാണ് ചിലരുടെ ചോദ്യം. അനാവശ്യ വിവാദമുണ്ടാക്കി വിശ്വാസികളെ കൂടുതല്‍ അകറ്റുവാനാണോ എസ്എഫ്‌ഐക്കാരുടെ ശ്രമമെന്നും ഇവര്‍ ചോദിയ്ക്കുന്നു.

എന്നാല്‍ ആ ചോദ്യങ്ങള്‍ക്കപ്പുറത്തേയ്ക്ക് ലോ കോളേജിലെ എസ്എഫ്‌ഐ സമരത്തിന് ചില പ്രാധാന്യങ്ങളുണ്ടെന്ന് പറയാതിരിക്കാനാവില്ല. ദൈവം എന്നത് സെമറ്റിക് മതങ്ങളിലോ മറ്റ് മതങ്ങളിലോ എങ്ങനെ വേണമെങ്കിലും ആയിക്കോട്ടെ, അതിനപ്പുറത്തേയ്ക്കുള്ള ദൈവ ചിന്തകളെ മുഴുവന്‍ ആ മതങ്ങളുടെ അടിത്തറയില്‍ നിന്നേ കാണാന്‍ പാടുള്ള എന്ന വാദം പൊളിയ്ക്കപ്പെടേണ്ടതാണ്. ഒരു പക്ഷേ പടച്ചോന്റെ ചിത്രം വരയ്ക്കുന്നതിലൂടെ അത്തരം ചില പൊളിച്ചെഴുത്തുകള്‍ക്കാണ് എസ്എഫ്‌ഐ തുടക്കമിടുന്നത്.

jimshar-book

മതം, വിശ്വാസം, ആചാരം... പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടേതാണെങ്കില്‍ തൊടാതെ മാറി നില്‍ക്കുന്ന പ്രായോഗിക ഇടതപക്ഷ ലൈനില്‍ നിന്നുള്ള വ്യതിയാനം എസ്എഫ്‌ഐ പോലുള്ള സംഘടനകള്‍ക്ക് ഊര്‍ജ്ജം പകരും എന്ന് ഉറപ്പാണ്.

ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരയണ ഗുരുവിനോട് അന്നത്തെ സവര്‍ണര്‍ ചോദിച്ച ചോദ്യത്തിന്റെ പകര്‍പ്പ് തന്നെയാണ് ഇപ്പോള്‍ 'പടച്ചോന്റെ' കാര്യത്തിലും സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. നിങ്ങളുടെ ശിവനെയല്ല, ഈഴവ ശിവനെയാണ് താന്‍ പ്രതിഷ്ഠിച്ചത് എന്ന നാരായണഗുരുവിന്റെ വാക്കുകള്‍ കേരള നവോത്ഥാനത്തിലെ ഏറ്റവും തിളക്കമുള്ള വാക്കുകളാണ്. എന്നാല്‍, നിങ്ങളുടെ പടച്ചോനെയല്ല എന്റെ പടച്ചോനെയാണ് ഞാന്‍ വരച്ചത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇന്നത് അയാളുടെ ജീവനെടുക്കാന്‍ പോലും കാരണമാകും.

ഇത്തരത്തിലുള്ള സാമൂഹിക തിന്‍മകളെ, പ്രായോഗിക വോട്ട് രാഷ്ട്രീയത്തിന്റെ കപടമുഖങ്ങളേതുമില്ലാതെ ചെറുത്ത് തോല്‍പിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഈശ്വര വിശ്വാസികള്‍ക്ക് മാത്രമേ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാന്‍ പറ്റൂ എന്ന തരത്തിലുള്ള അബദ്ധജഡിലമായ വാദമുഖങ്ങള്‍ എസ്എഫ്ഐ സമരത്തിനെതിരെ ഇടതുമുഖങ്ങളില്‍ നിന്ന് തന്നെ കേള്‍ക്കുന്നത് നിരാശാജനകമാണ് എന്ന് പറയാതെ വയ്യ.

sfi

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന് ഷാര്‍ളി ഹെബ്ദയിലെ മാധ്യമ പ്രവര്‍ത്തകരെ കൊന്നൊടുക്കിയ സംഭവം ആരും അത്ര പെട്ടെന്ന് മറന്നുകാണില്ല. മരമണ്ടന്‍മാരായ ആ മത തീവ്രവാദികളിലേക്ക് നമ്മുടെ നാട്ടിലുള്ള ചിലര്‍ക്ക് അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്നതാണ് ജിംഷാറിന് നേര്‍ക്കുള്ള ആക്രമണം.

അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് എസ്എഫ്‌ഐ 'പടച്ചോന്റെ ചിത്രം വരച്ച്' പ്രതിഷേധിയ്ക്കുന്നത്. അരൂപിയായ പടച്ചോന് എന്താണ് രൂപം? നിയയമായ രൂപമില്ലാത്ത ഒന്നിനെ ആര്‍ക്കും ആരുടേയും ഇഷ്ടപ്രകാരം സങ്കല്‍പിയ്ക്കുകയും വരയ്ക്കുകയും ചെയ്യാം. രൂപമില്ലെന്ന് വിശ്വസിയ്ക്കുന്നവര്‍ അങ്ങനെതന്നെ വിശ്വസിയ്ക്കട്ടെ. ഇതാണെന്റെ ദൈവം എന്ന് പറഞ്ഞ് ഒരാള്‍ ഒരു ചിത്രം വരച്ചാല്‍ അവനെ ഉന്മൂലനം ചെയ്യണം എന്ന് വിശ്വസിയ്ക്കുന്ന വ്യാജ വിശ്വാസികളുടെ കാലമാണിത്. എംഎഫ് ഹുസൈനെ നാടുകടത്തിയതും ഇതോടൊപ്പം ചേര്‍ത്ത് വായിച്ചേ മതിയാകൂ.

അപ്പോള്‍ പറഞ്ഞുവന്നത് മറ്റൊന്നും അല്ല, എറണാകുളം ലോ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചെയ്തത് ധീരമായ ഒരു സമരം തന്നെ ആണ്. ബീഫ് ഫെസ്റ്റിവല്‍ നടത്തിപ്രതികരിച്ചതുപോലുള്ള അസ്സല്‍ സമരം. പലപ്പോഴും വോട്ട് രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ഷണ്ഡീകരിക്കപ്പെടുന്നത് പോലെ ഇത്തവണ സംഭവിച്ചില്ല എന്നത് ആശ്വാസകരം തന്നെയാണ്.

English summary
By conducting a protest like Padachonte Chithram Varakkal, SFI is looking forward for a more secular and peaceful society.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X