• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കടലുറഞ്ഞ തീരത്തും തലതല്ലി നിന്ന മുറ്റത്തും ഒരു വൈകുന്നേരം - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ

  • By Muralidharan

ലിഡിയ ജോയ്

ഇൻഫർമേഷൻ ടെക്നോളജിയിൽ പ്രോജക്റ്റ്‌ മാനേജറായി ജോലി ചെയ്യുന്ന ലിഡിയയുടെ ഇഷ്ടങ്ങളിൽ യാത്രകളും ഫോട്ടോഗ്രാഫിയും ബ്ലോഗിങ്ങും ഉൾപ്പെടുന്നു. #MeOnRoad എന്ന കോളത്തിലൂടെ ലിഡിയ അവരുടെ യാത്രാ കുറിപ്പുകൾ പങ്ക്‌ വയ്ക്കുന്നു..

സിന്ദ്ബാദിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്ന കുട്ടിയുടെ ആകാംഷയോടെയാണ് ഞാൻ മുനിസ്വാമിയുടെ മുന്നിലിരുന്നത്. ഇടിഞ്ഞ് കിടക്കുന്ന പള്ളിയുടെ മുന്നിൽ ഏതോ കഥയിൽ നിന്നിറങ്ങി വന്ന ഒരു അവധൂതനെ പോലെയാണ് അയാളിരുന്നത്, ഉപ്പുകാറ്റേറ്റ് മഞ്ഞപ്പ് പടർന്ന താടിരോമങ്ങൾ ചുറ്റിവീശുന്ന കാറ്റിൽ പലവശത്തേയ്ക്കും പറക്കുന്നു. ഇരുണ്ട് മെലിഞ്ഞ ശരീരത്തിൽ ഉറച്ച് നിൽക്കുന്ന പേശികൾ ഊർജ്ജ്വസ്വലമായ ഒരു യൗവ്വനത്തിന്റെ ഓർമ്മക്കുറിപ്പ് പോലെ. പ്രായത്തിന്റെ ബലഹീനത ഒട്ടുമേശാത്ത ആഴമുള്ള സ്വരവും തിളങ്ങുന്ന കണ്ണുകളും, അത്രയും മതിയായിരുന്നു അയാളിൽ ഒരു കഥ തേടാൻ.

മുനിസ്വാമിയുടെ ബാല്യത്തിന്റെ ഓർമ്മകളിൽ കൊടും ചൂടിലും എല്ലാ തീരദേശ തമിഴ് ഗ്രാമങ്ങളെ പോലെയും വർണ്ണശബളമായിരുന്നു ധനുഷ്കോടിയും, ഇന്ത്യയും സിലോണും തമ്മിലുള്ള കടൽവ്യാപാരങ്ങളാൽ ശബ്ദമുഖരിതമായ തുറമുഖവും തീവണ്ടി സ്റ്റേഷനും കസ്റ്റംസ് ഓഫീസും ചരക്ക് സൂക്ഷിപ്പ് കേന്ദ്രങ്ങളും ഒരു വശത്തെങ്കിൽ മുക്കുവ ജൈത്രയാത്രകളുടെ പാട്ടുയരുന്ന കുടിലുകളും ആശുപതിയും സ്കൂളും അടക്കം സ്വദേശികൾക്കും സന്ദർശകർക്കും നിറയെ കാഴ്ചകൾ പകരുന്ന ഇടമായിരുന്നുവത്രെ ധനുഷ്കോടി.

ഒരു പതിനൊന്ന് വയസ്സുകാരന്റെ കൗതുകങ്ങളുടെ ലോകത്തേയ്ക്കായിരുന്നു ഇരുപത് അടി പൊക്കമുള്ള ഒരു രാക്ഷസത്തിരമാല അലറിക്കുതിച്ച് കയറിയത്. 1964 ഡിസംബർ 22 രാത്രി 11 മണി കഴിഞ്ഞ സമയത്ത്, രണ്ട് ദിവസം മുന്നേ ആ തിലമാലകൾ സിലോൺ (ഇന്നത്തെ ശ്രീലങ്കൻ) കടപ്പുറങ്ങളെ തരിശു നിലങ്ങളാക്കിയിരുന്നുവെങ്കിൽ വാർത്താവിനിമയ ലഭ്യതകളുടെ കുറവ് മൂലം തിരകൾ തീരത്തെന്നുന്നത് വരെ ആ ദുരന്തത്തിന്റെ കാഠിന്യം ആരുമറിഞ്ഞില്ല. സിലോണിലും പാമ്പൻ ദ്വീപിലുമായി രണ്ടായിരത്തിന് മേലെ ആളുകൾ കൊല്ലപ്പെട്ട,, മധുര- ധനുഷ്കോടി ട്രെയിൻ നമ്പർ 653 ലെ ഇരുന്നൂറോളം യാത്രക്കാരെ കടലിന്റെ അടിയിലേയ്ക്കെടുത്തു കൊണ്ട് പോയ ആ ദുരന്തത്തിന്റെ നിഴലുകൾ ഇന്നും ഇവരുടെ ജീവിതത്തിൽ നിന്ന് പോയിട്ടില്ലെന്ന് കാണാം.

ധനുഷ്കോടിയെ പ്രേതഗ്രാമമാക്കി മാറ്റിയ രാക്ഷസത്തിരമാലകളെ പറ്റി, തകർന്ന് പോയ പാമ്പൻ റെയിൽപാളം മൂന്ന് മാസത്തെ എസ്റ്റിമേറ്റ് ഇട്ട് നാല്പത്തഞ്ച് ദിവസത്തെ രെക്കോർഡ് വേഗതയിൽ തീർത്ത ഇ. ശ്രീധരൻ എന്ന വ്യക്തിത്വത്തെ പറ്റി ഒക്കെ കേട്ടറിഞ്ഞിരുന്നു, പക്ഷേ കടലിന്റെ മുഖം തെളിയുന്നതും കറുക്കുന്നതും നോക്കി ഒരു നൂലിൽ കെട്ടിയ പട്ടം പോലെ ജീവിതത്തെ പാറാൻ വിടുന്ന ഇവരുടെ കണ്ണുകളിൽ നാളയെ പറ്റി നാമൊക്കെ കാണുന്ന പോലെ, സ്വപ്നങ്ങളുടെ മഹാസൗധങ്ങൾ ഇല്ലെന്ന് തോന്നി. ഒരേ സമയം സങ്കടവും അസൂയയും തോന്നുന്ന ജീവിതങ്ങൾ.

ജീവവാസയോഗ്യമല്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഈ തീരത്ത് കെട്ടിടം പണികളോ മറ്റു ബിസിനസുകളോ ഒന്നും നടത്താൻ അനുമതിയില്ല പോലും. സൈക്ളോൺ അവശിഷ്ടങ്ങൾ കാണാൻ വരുന്ന യാത്രികർക്ക് കഥകൾ പറഞ്ഞും ചിപ്പികളും മുത്തുകളും കൊണ്ടുണ്ടാക്കിയ വസ്തുക്കൾ വിറ്റുമാണ് ഇവിടെയുള്ള നൂറിൽ താഴെ വരുന്ന ജനസംഖ്യയുടെ ജീവിതം. മുത്തുസ്വാമിയുടെ ഓർമ്മകളിൽ അച്ഛനമ്മമാരും സഹോദരങ്ങളും ഒന്നും അധികമില്ല, നീളത്തിൽ കെട്ടിമറച്ച പുനരധിവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ് പോയ ബാല്യവും ഉയിരുറച്ചപ്പോൾ മുതൽ മീൻപിടിക്കാനും നീന്താനും തുടങ്ങിയ കടലും മാത്രം. ബന്ധങ്ങളുടെ കുരുക്കുകളിൽ പിടഞ്ഞ് തീരുന്ന ജീവിതങ്ങൾ മാത്രം കണ്ട് നരച്ച് കണ്ണിൽ അതൊരു അത്ഭുതമായി, താൻ മാത്രമായിരുന്നില്ല, അന്ന് കടൽ മിച്ചം വച്ചവരൊക്കെ അനാഥരായിരുന്നു എന്ന് ഭാവഭേദമില്ലാതെ പറയുമ്പോൾ ജീവിതത്തിന്റെ മറ്റൊരു തീരം കണ്ടത് പോലെ...

ഇരുപത്തി എട്ടാമത്തെ വയസ്സിൽ ഒരു അന്താരാഷ്ട്ര സംഘടന സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ശ്രീലങ്കയുടെ മുനമ്പായ തലൈമണ്ണാറിൽ നിന്ന് ധനുഷ്കോടീ വരെ 35 കിലോമീറ്റർ നീന്തിയതിന് കിട്ടിയ പ്രശസ്തിപത്രം, അന്നത്തെ പത്രവാർത്ത, ധനുഷ്കോടി സൈക്ളോൺ അതിജീവിച്ചവരുമായി നടത്തിയ വാർത്താകോളത്തിന്റെ പേപ്പർ ക്ളിപ്പുകൾ അങ്ങനെ ചരിത്രം ബ്ളാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അയാളുടെ കയ്യിലെ പേപ്പറുകളിൽ നിറഞ്ഞു നിന്നു. നാല്പത് വയസ്സടുത്തെത്തിയപ്പൊഴോ മറ്റോ മുട്ടറ്റം വച്ച് നഷ്ടപെട്ട കാലുഴിഞ്ഞ് അയാൾ കാറ്റുയരുന്ന പൊടി നോക്കിയിരുന്നു. പാമ്പൻ ദ്വീപിനെ തകർത്ത് മുന്നേറിയ സൈക്ളോൺ തിരകൾ രാമേശ്വരം തീരത്ത് മണ്ഡപം സൈഡിലും പരക്കെ നാശനഷ്ടം വിതച്ചിരുന്നു. വാമൊഴികളിലൂടെയും പല കുറിപ്പുകളിലും കണ്ട ഒരു വാർത്തയായിരുന്നു രക്ഷപെട്ടവരിൽ ഭൂരിഭാഗവും രാമേശ്വരത്തെ രാമനാഥ ക്ഷേത്രത്തിൽ അഭയം പ്രാപിച്ചവരായിരുന്നു. എന്നത്.

2013 ലെ ഹിമപാതത്തിൽ കേദാർനാഥ് വിശദീകരിക്കാനാവാത്ത ഒരു അവശേഷിപ്പ് പോലെ നിന്ന കേദാർനാഥ് ക്ഷേത്രത്തിന്റെ ദൃശ്യം മനസ്സിൽ നിന്നത് കൊണ്ടാവാം രാമനാഥ ക്ഷേത്രത്തിന്റെ നടയിൽ തലതല്ലി നിന്ന തിരകളുടെ കഥ വിശ്വസിക്കാൻ തോന്നിയത്. ഐതീഹ്യങ്ങളുടെ മഹാകുടീരത്തിലേയ്ക്ക് നടക്കുമ്പോൾ കഥകളുടെ പരമേശ്വരനെ കാണാനാവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. കൈലാസപ്രാപ്തിക്ക് വേണ്ടിയുള്ള കാശി-രാമേശ്വരം യാത്രയുടെ പൂർണ്ണ പരിസമാപ്തി ധനുഷ്കോടിയിലെ സേതു തീർത്ഥത്തിൽ മുങ്ങിക്കുളിച്ച് രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട രാമനാഥ ലിംഗത്തെ വണങ്ങി വന്നാലെ ആവൂ എന്ന് പറയപ്പെടുന്നു. ലങ്കയിലേയ്ക്കുള്ള സേതുബന്ധനത്തിന് അമ്പിനാൽ സ്ഥാനം കാണിച്ചതിനാലാണ് ഈ സ്ഥലം ധനുഷ്കോടി എന്ന് അറിയപ്പെടുന്നതും, അതല്ല, രാവണവധത്തിന് ശേഷം ലങ്കയെ വേർതിരിക്കാൻ വിഭീഷണന്റെ അഭ്യർത്ഥന പ്രകാരം അമ്പെയ്ത് സേതു മുറിച്ചതിനാലാണ് ആ പേര് കിട്ടിയതതെന്നും രണ്ട് അഭിപ്രായമുണ്ട്.

രാവണനെ വധിച്ചതിന്റെ ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവലിംഗപൂജ നടത്തി തർപ്പണം ചെയ്യാൻ സമയം നിശ്ചയിച്ച് ഹനുമാനെ കൈലാസത്തിലേയ്ക്ക് അയച്ചെങ്കിലും ഹനുമാൻ താമസിക്കയാൽ സീത തന്റെ കയ്യാലുണ്ടാക്കിയ ശിവലിംഗത്തിൽ പൂജ ചെയ്തു തർപ്പണം ചെയ്യുകയും അത് കണ്ടെത്തിയ ഹനുമാൻ തന്നെ അവഗണിച്ചതിലുള്ള കോപത്തിൽ ആ ശിവലിംഗം അടർത്തിമാറ്റാൻ ശ്രമിച്ചെങ്കിലും ചെയ്യാനാവാതെ നിരാശനാവുകയും ചെയ്തത്രെ, ഹനുമാന്റെ മനോദുഃഖം മാറ്റാൻ രാമൻ, ഹനുമാൻ കൈലാസത്തിൽ നിന്ന് കൊണ്ട് വന്ന ലിംഗത്തിലാവണം ആദ്യപൂജയെന്നും പിന്നെ വേണം മുഖ്യപ്രതിഷ്ഠയിൽ പൂജയെന്നും നിർദ്ദേശിച്ചത്രെ, ഇന്നും അങ്ങനെ തുടർന്നു.

ഇന്ത്യയിലെ നാലതിരിലുള്ള പുണ്യസ്ഥലങ്ങളായ വടക്ക് ബദ്രിനാഥും കിഴക്ക് പുരി ജഗന്നാഥനും പടിഞ്ഞാഋ ദ്വാരകയും പടിഞ്ഞാറ് രാമനാഥരേയും കണ്ട് വരുന്ന ചതുർദ്ധാം യാത്ര ഹിന്ദു വിശ്വാസങ്ങളിലെ പ്രശസ്തിപെറ്റ ഒന്നാണ്. ഇതിൽ രാമേശ്വരം രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗം എന്നതിനാൽ വൈഷ്ണവർക്കും ശിവനാണ് പ്രധാനപ്രതിഷ്ഠ എന്നതിനാൽ ശൈവർക്കും ഒരേപോലെ വിശേഷ സ്ഥലമാണ്. മൂന്ന് പ്രാകാരങ്ങളിലായി കിഴക്ക് പടിഞ്ഞാറ് 865 അടി നീളവും തെക്ക് വടക്ക് 657 അടി അകലവും ഉള്ള ഈ ബ്രഹത്ത് ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഒരു ക്ഷേത്രമായി പണിതത് ബി.സി 12-ആം നൂറ്റാണ്ടിൽ ലങ്കാ അധിപതിയായ പരാക്രമബാഹു എന്ന രാജാവ് പണികഴിപ്പിച്ചതാണ് എന്ന് രേഖകൾ പറയുന്നു, രണ്ടാം പ്രാകാരം 15-ആം നൂറ്റാണ്ടിൽ രാമേശ്വരം ഭരിച്ചിരുന്ന തിരുമലൈ സേതുപതി കെട്ടിയതാണെണും, ലോകപ്രശസ്തമായ ആയിരം കാൽ മണ്ഡപം ഉൾപ്പെട്ട മൂന്നാം പ്രാകാരം 18-ആം നൂറ്റാണ്ടിൽ മുത്തുരാമലിംഗ സേതുപതിയാൽ കെട്ടപ്പെട്ടതാണെന്നും ചരിത്രം രേഖപ്പെടുത്തുന്നു.

ഹിന്ദുമത ശൈവവിശ്വാസത്തിലെ പ്രധാനപൂജാ പീഠങ്ങളായ പന്ത്രണ്ട്ജ്യോതിർലിംഗങ്ങളിൽ ഒന്ന് രാമേശ്വരത്താണ്. വിഭീഷൺ പ്രതിഷ്ഠിച്ച ഈ ലിംഗത്തിന്റെ പിന്നിൽ കർപ്പൂര ദീപം തെളിക്കുമ്പോൾ ഒരു ദീപനാളം പോലെ അത് മുൻപകുതിയിൽ പ്രതിഫലിക്കുന്നത് ഭക്തമനസ്സുകളിൽ ഒരു അത്ഭുതകാഴ്ചയാണ്. ജ്യോതിർലിംഗം പോലെ തന്നെ പ്രശസ്തമാണ് രാമനാഥ ക്ഷേത്രത്തിലെ സ്ഫടികലിംഗവും. ഭാരതപര്യടനം നടത്തിയ ശങ്കരാചാര്യരാൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്ന ഈ ലിംഗത്തിൽ എന്നും അതിരാവിലെ അഞ്ച് മണിക്ക് പൂജ ചെയ്യപ്പെടുന്നു, രാമേശ്വരം തീർത്ഥയാത്ര ചെയ്യുന്ന ഭക്തർ ഈ പൂജ കണ്ടതിന് ശേഷം ക്ഷേത്രത്തിന്റെ പുറം മണ്ഡപത്തിൽ ഒരുക്കിയിരിക്കുന്ന 22 തീർത്ഥങ്ങളിൽ ധാരകുളിച്ചതിന് ശേഷം പ്രധാനപ്രതിഷ്ടയ്ക്ക് നടക്കുന്ന പൂജയും കണ്ട് തങ്ങളുടെ പാപനിവൃത്തി വരുത്തുന്നു.

രാമനാഥ ക്ഷേത്രത്തിലെ പ്രധാന ആകർഷണം മൂന്നാം പ്രാകാരത്തിലെ പടുകൂറ്റൻ തൂണുകൾ നിറഞ്ഞ ചൊങ്കട്ടാൻ മണ്ഡപം ആണ്, തിടമ്പേറ്റിയ രണ്ടാനകൾക്ക് ഒരേസമയം കടന്ന് പോവാൻ തക്ക വീതിയും ഉയരവുമുള്ള ഈ മണ്ഡപത്തിലെ കടുംചായം പൂശിയ തൂണുകൾ ശരിക്കും സ്ഥലജലവിഭ്രാന്തി സൃഷ്ടിക്കുന്ന പോലെ തോന്നി. മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇവിടെ കണ്ട ഒരു പ്രത്യേകത പ്രതിഷ്ഠകളും മറ്റു ശില്പങ്ങളും ഒക്കെ തന്നെ പൂർണ്ണകായ ശില്പങ്ങളാണ്, സേതുപതി മണ്ഡപത്തിൽ ഭാസ്കര സേതുപതി മുതൽ രാമേശ്വരം ഭരിച്ചിരുന്ന പല നാടുവാഴികളുടെയും പൂർണ്ണകായ ശില്പങ്ങൾ ഉണ്ട്.

പൂർണ്ണകായ രൂപങ്ങൾ നിറഞ്ഞ അഷ്ടലക്ഷി മണ്ഡപവും അഷ്ടഗൗരി മണ്ഡപവും മഹാനന്തി പ്രതിമയും കണ്ടിറങ്ങുമ്പോൾ സൂര്യൻ അസ്തമിച്ച് ഏറെ നേരം ആയിരുന്നു. ക്ഷേത്രത്തിന് പുറത്ത് മറ്റേതൊരു ക്ഷേത്ര നഗരിയേയും പോലെ മുല്ലയും കനകാംബരവും നിറഞ്ഞ മുടിപിന്നലുകളും തിളങ്ങുന്ന പട്ടും അണിഞ്ഞ സുന്ദരികളുടെ ക്ഷേത്രപ്രവേശന കാഴ്ചകൾ. രാമേശ്വരത്ത് നിന്ന് തിരിച്ചു പോരുമ്പോഴും ഒരിക്കലെന്നോ അലറിവിളിച്ചതിന്റെ പശ്ചാത്താപത്തിലോ മറ്റോ ആഴത്തിലിറങ്ങി കിടക്കുന്ന, മനസ്സ് നിറയെ കിടങ്ങുകൾ സൂക്ഷിക്കുന്ന പച്ചക്കടലായിരുന്നു മനസ്സിൽ മായാതെ നിന്നത്.. ഒരിക്കൽ നിന്റെയുള്ളിലേയ്ക്ക് ഊളിയിടണം ഒരു മീനിനെ പോലെ.

(അവസാനിച്ചു)

English summary
Lidiya Joy writes about Bangalore - Madurai - Dhanushkoti road trip, part 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more