• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാമേശ്വരം, ധനുഷ്കോടി.. രാമൻ പോയ വഴിയേ ഒരു യാത്ര... ലിഡിയ ജോയ് എഴുതുന്ന യാത്രാവിവരണം

  • By Muralidharan

ലിഡിയ ജോയ്

ഇൻഫർമേഷൻ ടെക്നോളജിയിൽ പ്രോജക്റ്റ്‌ മാനേജറായി ജോലി ചെയ്യുന്ന ലിഡിയയുടെ ഇഷ്ടങ്ങളിൽ യാത്രകളും ഫോട്ടോഗ്രാഫിയും ബ്ലോഗിങ്ങും ഉൾപ്പെടുന്നു. #MeOnRoad എന്ന കോളത്തിലൂടെ ലിഡിയ അവരുടെ യാത്രാ കുറിപ്പുകൾ പങ്ക്‌ വയ്ക്കുന്നു..

"രാമേശ്വരത്ത് നിങ്ങൾ എന്ത് കാണാനാണ് വന്നത്?" ഏതോ ഒരു ആങ്കിളിൽ തമിഴ് നടൻ മുരളിയുടെ ഛായയും നിറവുമുള്ള ഡ്രൈവർ കം ഗൈഡ് കണ്ണദാസൻ ചോദിച്ചപ്പൊൾ നീയുൾപ്പടെ രാമേശ്വരത്ത് കാണാൻ ഭംഗിയും കഥയുമുള്ള എല്ലാം എന്ന് പറയാനാണ് തോന്നിയത്.. "ചോദിക്കാൻ കാരണം, രാമേശ്വരത്ത് രണ്ട് തരം യാത്രക്കാരാണ് എത്തുക, ആദ്യ കൂട്ടർ, രാമപാദങ്ങളെ പിന്തുടർന്ന് രാമനാഥ ക്ഷേത്രത്തിലെ ഇരുപത്തിയൊന്ന് നീരുറവകളിൽ സ്നാനം ചെയ്ത് പാപമുക്തി നേടി വൈകുണ്ഠം പൂകാൻ കൊതിക്കുന്നവർ, ചാർത്ഥാം യാത്രയുടെ തുടർച്ചയായി രാമേശ്വരത്ത് എത്തിച്ചേരുന്നവർ.

വജ്രമൂക്കുത്തിയും കാപ്സിയൻ ഒട്ടകങ്ങളും - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ യാത്രാവിവരണം (ഭാഗം 4)

അടുത്ത കൂട്ടർ ഐതീഹ്യങ്ങളുടെ കടുംവർണ്ണങ്ങളിൽ വിശ്വാസമില്ലാത്ത, പ്രകൃതി ഈ ദ്വീപിൽ ഒരുക്കുന്ന വിസ്മയങ്ങൾ കാണാനെത്തുന്നവർ, അവർ ഏച്ചു കെട്ടിയ പല കഥകളും വിശ്വസിക്കുകയോ ശ്രദ്ധിക്കുകയോ ഇല്ല." തനിക്കറിയാവുന്ന എല്ലാ കഥകളും മടുക്കാതെ പറയാമെന്ന ഉറപ്പിന്മേൽ ഞങ്ങൾ യാത്ര തുടങ്ങി. വിയർപ്പൂറി കൂടുന്ന വെയിലുണ്ടെങ്കിലും കടൽക്കാറ്റ് അടിക്കുന്നത് കാരണം ഒട്ടും ചൂട് തോന്നിയില്ല, മഴ മേഘങ്ങൾ മാനത്ത് ഉരുണ്ട് മറിയുന്നുണ്ടായിരുന്നു.

കലാം മന്ദിർ

കലാം മന്ദിർ

ആദ്യം തന്നെ ഇന്ത്യയുടെ മിസൈൽമാൻ ഉറങ്ങുന്ന കലാം സ്മാരക മന്ദിരത്തിലേയ്ക്കാണ് പോയത്, രാമേശ്വരം ധനുഷ്കോടി റോഡിൽ പെയ്കരുമ്പ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ്, ഡി ആർ ഡി ഓ യുടെ മേൽനോട്ടത്തിൽ ഈ സ്മാരക മന്ദിരം പണി തീർത്തിരിക്കുന്നത്, 27 ജുലായ് 2017- ന് പ്രധാനമന്ത്രി നരേന്ദ്ര മോധി ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അടഞ്ഞ് കിടക്കുന്ന ചിത്രപണികളുള്ള ഭീമാകാരൻ വാതിലിന് മുന്നിൽ അവിടെയുറങ്ങുന്ന മനുഷ്യനെ ഓർത്തിട്ടെന്ന പോലെ ഊർജ്ജത്തോടെ ത്രിവർണ്ണ പതാക പാറുന്നു. ഫോട്ടോഗ്രാഫിയും ചെരുപ്പും നിഷിദ്ധമാണ് ഇവിടെ, ഡി എസ് എൽ ആർ ക്യാമറകളും ആഹാരവസ്തുക്കളും അകത്ത് കയറ്റാൻ അനുവദിക്കയില്ല, വണ്ടിയിലോ മറ്റൊ വച്ചിട്ട് വന്നാൽ ഉഗ്രപരിശോധനകളും തിരിച്ചുപോക്കും ഒഴിവാക്കാം.

ചെരുപ്പഴിച്ച് വച്ച് കടന്ന് ചെല്ലുന്ന വിശാലമായ തളത്തിൽ കലാമിന്റെ ജീവിതകാലത്ത് എടുത്ത ചിത്രങ്ങൾ കിട്ടിയ അവാർഡുകൾ പ്രസിദ്ധരായ പല ചിത്രകാരന്മാരും വരച്ച കലാമിന്റെ രേഖാ ചിത്രങ്ങൾ തുടങ്ങി അദ്ദേഹം ഉപയോഗിച്ചിരുന്ന ചായകോപ്പയും പ്ളേറ്റും ഷില്ലോങ്ങിലേയ്ക്കുള്ള അവസാനത്തെ യാത്രയിൽ പായ്ക്ക് ചെയ്തിരുന്ന വസ്ത്രങ്ങളും പുസ്തകങ്ങളും ഒക്കെ പ്രദർശനത്തിന് വച്ചിരിക്കുന്നു. ഒരു സമാധി സ്ഥലമാണെന്ന വസ്തുത അറിയാതെ/ഓർക്കാതെ എത്തുന്ന കാഴ്ചക്കാരും ഒച്ചയുയർത്തി അവരെ നിയന്ത്രിക്കുന്ന മേൽനോട്ടക്കാരും മനോഹരമായ ആ സ്ഥലത്തിന്റെ സ്വച്ഛന്ദമായ അന്തരീക്ഷം ഇല്ലാണ്ടാക്കുന്നു. പുറത്തെ പുൽമൈതാനി അഗ്നിമിസൈലിന്റെ ശില്പവും മറ്റു ചില മനോഹരമായ ഇൻസ്റ്റലേഷൻസുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

രാമ തീർത്ഥം

രാമ തീർത്ഥം

തിരക്കും കൂടും മുന്നേ അവിടെ നിന്ന് ഇറങ്ങി, അടുത്ത ലക്ഷ്യം ഏകാന്ത രാമർ ക്ഷേത്രമായിരുന്നു, ഐതീഹ്യമനുസരിച്ച് രാമനെ സഹായിക്കാൻ എത്തിയ വാനരസേനയ്ക്ക് ദാഹിച്ചപ്പൊൾ രാമൻ തന്റെ കാൽനഖം കൊണ്ട് നിലത്തൊരു കുഴിയുണ്ടാക്കുകയും അതിൽ നിന്നുണ്ടായ ഉറവ ഇന്നും വറ്റാതെ ഈ ക്ഷേത്രത്തിനുള്ളിലെ കിണറ്റിൽ കാണുകയും ചെയ്യുന്നുവെന്നാണ്. കിണറ്റിനുള്ളിലെ വെള്ളം ഒരു ചെമ്പ് കലത്തിൽ കോരി വച്ചിരുന്നത് കുടിച്ച് നോക്കിയതിൽ ഉപ്പ് രസം തോന്നാതിരുന്നത് കൗതുകമായി. ക്ഷേത്ര മാതൃകയും രീതികളും വടക്കൊട്ടുള്ള ക്ഷേത്രങ്ങളോടാണ് കൂടുതൽ സാദൃശ്യം തോന്നിയത്.

അടുത്ത ലക്ഷ്യം വില്ലൂണ്ടി തീർത്ഥം ആയിരുന്നു, കടലിലേയ്ക്ക് ഇറങ്ങി നിൽക്കുന്ന ഒരു പാലത്തിന്റെ അറ്റത്ത് ഒരു കിണർ, കണ്ണദാസിന്റെ ചെറുപ്പത്തിൽ അത് ഒരു ഗ്ളാസ് ഇറങ്ങിപോവാൻ വിസ്തീർണ്ണം മാത്രമുള്ള കുഴിയായിരുന്നു പോലും, ലങ്കയിൽ നിന്ന് തിരിച്ചെത്തിയ സീതാദേവിക്ക് ദാഹിക്കവെ രാമൻ കടലിൽ അമ്പെയ്ത് കുത്തിയ കുഴിയിൽ നിറഞ്ഞ ശുദ്ധജലമാണ് ഈ തീർത്ഥം എന്നാണ് ഐതീഹ്യം, ആ വെള്ളമൊന്ന് രുചിച്ച് നോക്കണമെന്നുണ്ടായിരുന്നു, പക്ഷേ കയറും തൊട്ടിയും മാറ്റിവച്ചിരിക്കുന്നു, എത്ര ആലോചിച്ചിട്ടും കടൽ വെള്ളത്തിന് നടുക്കുള്ള ഈ കുഴിയിലെ വെള്ളമെങ്ങനെ ഉപ്പ് രസമില്ലാത്തതാവും എന്നതിന് ഉത്തരം കിട്ടിയില്ല. മനുഷ്യന്റെ സങ്കല്പങ്ങൾക്ക് നിറങ്ങൾ ചാർത്തുന്നതും പ്രകൃതിക്ക് ഏറ്റവും ഇഷ്ടമുള്ള വിനോദമാണല്ലോ.

വിലൂണ്ടി തീർത്ഥം

വിലൂണ്ടി തീർത്ഥം

കടൽക്കാറ്റ് വിയർപ്പിനും ചൂടിനും ഒരു ആശ്വാസം തന്നുവെങ്കിലും ഈ കാറ്റിനർത്ഥം ഇനിയും പെയ്യാനിടയില്ലാത്ത മഴയാണെന്നായിരുന്നു കണ്ണദാസിന്റെ വിലാപം, പല വർഷങ്ങളായി കുറഞ്ഞ് വരുന്ന മഴ ഓരോ വർഷവും രാമേശ്വരത്തെ മരുഭൂമിയാക്കുകയാണ് എന്ന് പറയുന്ന ഈ ചെറുപ്പക്കാരൻ ബി.ടെക്ക് കഴിഞ്ഞ് എട്ടുവർഷത്തോളം ദുബായിൽ പോയി ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്ത് തിരിച്ചു വന്നതാണെന്നറിഞ്ഞപ്പൊൾ കലാമിന്റെ ആ നാട്ടുകാരനോട് ഒരു ബഹുമാനം തോന്നി, നിയോഗങ്ങൾ ഓരോരുത്തർക്കും ഓരോന്നാണല്ലോ..

വില്ലൂണ്ടി തീർത്ഥത്തിലെ ജലമെങ്ങനെ ഉപ്പ് രസമില്ലാത്തതാവും എന്നതിന് സർക്കാരിന്റെ പൈപ്പ് വെള്ളം സ്വപ്നം മാത്രമായിരിക്കുന്ന പല ഭാഗങ്ങളും ഈ ദ്വീപിലുണ്ടെന്നും, ചിരട്ടക്കരിയും, മണലും, കരിങ്കല്ലിന്റെ അരിപ്പകളും കൊണ്ട് ഇവിടെയുണ്ടാക്കുന്ന കിണറുകളെപറ്റിയും, ശർക്കരയും ചുണ്ണാമ്പും കൊണ്ട് കടൽ വെള്ളത്തിനെ കുടിക്കാൻ പരുവമാക്കിയെടുക്കുന്ന നാടൻ രീതിയെപറ്റിയും കണ്ണദാസൻ പറഞ്ഞു തന്നു, അർദ്ധവിശ്വാസിയായ എനിക്ക് സ്വന്തം വീട്ടിലെ മൺകുടത്തിൽ നിന്ന് എടുത്ത് തന്ന തണുത്ത വെള്ളത്തിന്റെ തണുപ്പും നേർത്ത ഉപ്പും മധുരരസവും മതിയായിരുന്നു ഏത് പ്രതികൂലാവസ്ഥയിലും ജീവിക്കാൻ തയ്യാറാവുന്ന മനുഷ്യന്റെ കഴിവോർത്ത് വിശ്വാസിയാവാൻ.

സീതാ തീർത്ഥം

സീതാ തീർത്ഥം

അടുത്ത ലക്ഷ്യം സീതാ തീർത്ഥം ആയിരുന്നു, ലങ്കയിൽ നിന്നെത്തിയ ദേവി താമസിച്ചിരുന്ന പർണ്ണശാലയിവിടെ ആയിരുന്നു പോലും, സീതയുടെ കണ്ണീര് വീണിട്ടാവാം ഈ തീർത്ഥത്തിൽ മാത്രം ഇപ്പൊഴും നിറയെ വെള്ളം. രാമനാഥ ക്ഷേത്രത്തിന്റെ ഒരു ചെറുപതിപ്പ് പോലെ സ്തൂഭങ്ങളുമായാണ് ഈ ക്ഷേത്രം ഉണ്ടാക്കിയിരിക്കുന്നത്. ചെരുപ്പൂരിയിട്ട് പഴുത്ത ചരലിൽ കൂടി നടന്ന കാലുകളെ നോക്കി ദുഃഖിച്ച് നിൽക്കുമ്പോൾ വടക്കേയിന്ത്യയിൽ നിന്ന് വന്ന ഒരു കൂട്ടം വയോധികരായ സ്ത്രീ-പുരുഷ സംഘം നഗ്നപാദരായി എന്നെ കടന്ന് പോയി, നരയും ചുളിവും വീണ അവരുടെ കാലുകളെ സംരക്ഷിക്കുന്നത് ഭക്തിയുടെ കവചമാണെന്ന് തോന്നി, വിശ്വാസങ്ങൾക്ക് മലകളെയും മാറ്റാൻ കഴിവുണ്ടെന്നല്ലേ..

സീതാതീർത്ഥത്തിൽ നിന്ന് പോയത് ലക്ഷ്മണതീർത്ഥത്തിലേയ്ക്കാണ്. ഇവിടെയുള്ള ലക്ഷ്മണ ക്ഷേത്രത്തിൽ ഒരു വലിയ ഇലഞ്ഞിമരത്തിന് ചുവട്ടിൽ നാഗദേവതാ പ്രതിഷ്ഠയുണ്ട്, കാളിയനും തക്ഷനും മുതൽ പേരറിവുള്ള നാഗങ്ങളുടെയൊക്കെ കൽപ്രതിമകൾ അവിടെ വച്ചിട്ടുണ്ട്. ഐതീഹ്യമനുസരിച്ച് ഒരിക്കൽ മാത്രമേ ലക്ഷ്മണൻ രാമനെ എതിർത്ത് സംസാരിച്ചിട്ടുള്ളൂ, അത് സീതാ ദേവിയുടെ അഗ്നിപ്രവേശനം ആവശ്യപ്പെട്ടപ്പോഴായിരുന്നു,, ശിക്ഷയായി കിട്ടിയത് നാഗ കോപമായിരുന്നു പോലും, ഇലഞ്ഞിത്തറയിലെ നാഗപ്രതിഷ്ഠകൾ കാരണം ഈ ക്ഷേത്രം സർപ്പദോഷ നിവാരണത്തിന് പേര് കേട്ടതാണെന്ന്.

തങ്കച്ചി മഠം

തങ്കച്ചി മഠം

ലക്ഷ്മണതീർത്ഥം കണ്ടിറങ്ങി പോരും വഴിയാണ് കണ്ണദാസൻ അക്കാ തങ്കച്ചി മഠങ്ങളെ പറ്റിയുള്ള കഥ പറഞ്ഞത്. രാമനഗര രാജാവായിരുന്ന രഘുനാഥ സേതുപതിയുടെ രണ്ട് പെണ്മക്കളെ അനന്തിരവനായ ഒരേ ആൾക്ക് കല്യാണം കഴിച്ച് കൊടുത്തു പോലും, പക്ഷേ സാമ്പത്തിക ക്രമക്കേടുകൾ കാട്ടിയ ഈ അനന്തിരവനെ രാജാവ് തലയറുത്തു, വിധവകളായ പെൺമക്കൾ പക്ഷേ രാജകൊട്ടാരത്തിലേയ്ക്ക് തിരിച്ച് പോവാതെ അവിടെ തന്നെ നിന്നു, ആ സ്ഥലങ്ങൾ പിന്നീട് അക്കാ മഠമെന്നും തങ്കച്ചി മഠമെന്നും അറിയപ്പെട്ടു, മധുരയിലെ അതിസൗര്യഭമുള്ള പ്രശസ്തമായ മുല്ലപ്പൂക്കളുടെ തൈകൾ തങ്കച്ചിമഠത്തിലെ പ്രശസ്തമായ മുല്ലപ്പൂ നഴ്സറികളിൽ നിന്നുമാണ് കൊണ്ട് പോവുന്നത്.

ലക്ഷമണതീർത്ഥത്തിൽ നിന്ന് പോയത് രാമപാദം കാണാൻ ആണ്. രാമനാഥ ക്ഷേത്രമൊഴികെ മറ്റു ക്ഷേത്രങ്ങൾക്കൊന്നും തമിഴ് നിർമ്മാണരീതിയല്ലല്ലോ എന്ന സംശയത്തിന് അല്പ കാലം മുൻപ് വരെയും ആരും നോക്കാത്ത ഐതീഹ്യങ്ങളുടെ പിൻബലം മാത്രമുള്ള ചെറിയ കോവിലുകൾ ആയിരുന്നു ഇവയൊക്കെയെന്നും കുറച്ച് കാലമായതേയുള്ളൂ ഇവയെ സമിതികൾ ഏറ്റെടുത്ത് പുനഃനിർമ്മിച്ചതെന്നും പൂജാവിധികളുമായി സജീവമാക്കിയതെന്നും കണ്ണദാസൻ ഓർത്തെടുത്തു, ഭക്തിമാർഗ്ഗം ധനമാർഗ്ഗം കൂടിയാക്കിയതും ഈ തലമുറ തന്നെയാണല്ലോ.

രാമപാദ ക്ഷേത്രം

രാമപാദ ക്ഷേത്രം

ഒരു കുന്നിന്റെ മുകളിലായാണ് രാമപാദം ഉള്ള ക്ഷേത്രം, സീതയെ ലങ്കയിലേയ്ക്ക് തട്ടികൊണ്ട് പോയെന്നറിഞ്ഞ രാമൻ ലങ്കയിലേയ്ക്ക് പോവാനുള്ള വഴി തിരഞ്ഞ് കയറി നിന്നതാണ് പോലും ഇതിന്റെ മുകളിൽ, നല്ല തെളിഞ്ഞ ദിവസം ഇവിടെനിന്ന് നോക്കിയാൽ 35 കിലോമീറ്റർ ദൂരത്തിൽ ശ്രീലങ്കയിലെ തലൈമണ്ണാർ തുരുത്ത് കാണാം, വീശിയടിക്കുന്ന കാറ്റിൽ മരുഭൂമിയിലെന്ന പോലെ പൊടിക്കാറ്റ് ഉയർന്ന് പൊങ്ങുന്ന കാഴ്ച അല്പം ദൂരത്തായി കാണാമായിരുന്നു. ആ കുന്നിന് കാവലായി ചുവട്ടിൽ തന്നെയുള്ള ഒരു മുറിയിൽ സാക്ഷി ഹനുമാൻ കാത്തിരിക്കുന്നു.

അഞ്ചുമുഖമുള്ള ഹനുമാൻ ക്ഷേത്രത്തിലാണ് രാമസേതു പണിയാൻ ഉപയോഗിച്ച ഒഴുകുന്ന കല്ലുകൾ പ്രദർശിപ്പിച്ചിരിക്കുന്നത്, കാത്സ്യം ഡിപ്പോസിറ്റുകളായ പവിഴപുറ്റുകളാണ് ഈ കല്ലുകൾ, ഒരു വമ്പൻ ക്ഷേത്രം നിർമ്മിക്കാനുള്ള ധനശേഖരണവും അവിടെ നടക്കുന്നുണ്ട്, വരണ്ടുണങ്ങിയ രാമതീർത്ഥം ഇതിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു.

കലാമിന്റെ ജന്മവീട്

കലാമിന്റെ ജന്മവീട്

രാമതീർത്ഥവും കണ്ട് തിരിച്ച് പോവുന്ന വഴിയാണ് അബ്ദുൾ കലാമിന്റെ ജന്മവീട് കണ്ടത്, ഒരു സാധാരണ തമിഴ് ശൈലിയിൽ പണിത മെലിഞ്ഞ മൂന്ന് നില കെട്ടിടം, ഇടുങ്ങിയ കോവണി കയറി ഒന്നാം നിലയിൽ എത്തിയപ്പൊൾ അവിടെ കലാമിന്റെ പുസ്തകങ്ങളുടെ ഒരു വൻശേഖരം തന്നെ അടുക്കിവച്ചിരിക്കുന്നു. കലാമിന്റെ കവിതകളും വാക്കുകളും മനോഹരമായി അവിടെ പ്രദർശിപ്പിച്ചിരുന്നു. ഭാരത് രത്ന ഉൾപ്പെടയുള്ള കീർത്തി മുദ്രകളും അവിടെ പ്രദർശിപ്പിച്ചിരുന്നു. അതേ കൗതുകത്തോടെ രണ്ടാം നിലയിലേയ്ക്ക് കയറിയപ്പൊൾ അവിടെ കണ്ടത് ചൈനീസ് ഐറ്റങ്ങളും ബാഗുകളും മറ്റുമായി ടൂറിസ്റ്റുകാരെ ആകർഷിക്കാൻ ഒരുക്കിയ ഒരു ഷോപ്പാണ്, കലാമിന്റെ പ്രതിച്ഛായയിൽ ഒരു കാർമേഘം പോലെ ആ കട മനസ്സിൽ നിന്നു.

കോദണ്ഡരാമർ ക്ഷേത്രം

കോദണ്ഡരാമർ ക്ഷേത്രം

രാമതീർത്ഥവും കണ്ട് ധനുഷ്കോടി പോവുന്ന വഴിക്കാണ് കോദണ്ഡരാമ ക്ഷേത്രത്തിലേയ്ക്കാണ്. രാവണനുമായി പിണങ്ങിപ്പിരിഞ്ഞ് വന്ന വിഭീഷണനെ ഇവിടെ വച്ചാണ് രാമൻ ലങ്കയുടെ രാജാവായി അഭിക്ഷേകം ചെയ്തത്. വിഭീഷണാഭിഷേകത്തിന്റെ കഥകൾ ചിത്രങ്ങളായി ചുവരിൽ വരച്ചു വച്ചിട്ടുണ്ട്, ബംഗാൾ ഉൾക്കടൽ കയറിക്കിടക്കുന്ന ചതുപ്പ് നിലങ്ങൾക്കിടയിലാണ് ഈ ക്ഷേത്രം. വെയിൽ തിളച്ചു നിന്ന രാമേശ്വരത്തെ ഉച്ചച്ചൂടിൽ സൂര്യൻ പടിഞ്ഞാറ് തിരിഞ്ഞത് പോലും അറിഞ്ഞില്ല, കാറ്റിന് ശക്തി കൂടുന്തോറും ധനുഷ്കോടിയിലേയ്ക്ക് തിരിക്കാൻ കണ്ണദാസൻ തിരക്ക് കൂട്ടുകയായിരുന്നു, അതിന്റെ കാരണം മനസ്സിലായത് അവിടെ ചെന്നപ്പോഴാണ്.

മല്ലികൈ മാനഗരിയും നായ്ക്കർ കൊട്ടാരവും.. മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ.. (മധുര യാത്രാവിവരണം ഭാഗം 1)

ഒറ്റമുലച്ചി എരിച്ച നാട്ടിൽ മൂന്ന് മുലച്ചി രാജ്ഞി - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ.. (ഭാഗം 2)

കന്യകയായി കടല് കാക്കുന്ന പെണ്ണിന്റെ നാട്, കന്യാകുമാരി മുനമ്പിൽ മുഖം കറുപ്പിച്ച് സൂര്യൻ... (ഭാഗം 3)

വജ്രമൂക്കുത്തിയും കാപ്സിയൻ ഒട്ടകങ്ങളും - മുത്തശ്ശിക്കഥകളുറങ്ങുന്ന നഗരങ്ങൾ യാത്രാവിവരണം (ഭാഗം 4)

English summary
Lidya Joy writes about Rameshwaram - Dhanushkoti road trip. Part 5.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more