• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംഘപരിവാറിനെ പോലെ എസ്ഡിപിഐയേയും ബഹിഷ്കരിക്കണം... അല്ലെങ്കിൽ എന്ത് സംഭവിക്കും- രശ്മി രാധ എഴുതുന്നു

  • By Desk

രശ്മി രാധ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് രശ്മി. സ്ത്രീ, ദളിത്, ഇടതുപക്ഷ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ചുപോരുന്നു

ഒരു മത തീവ്രവാദ സംഘടനയ്ക്ക് കേരളത്തിലെ ഒരു ക്യാമ്പസിനുള്ളില്‍ കയറി ആസൂത്രണം ചെയ്ത ഒരു കൊലപാതകം നടത്തുവാനും അതിനെ പരസ്യമായി ന്യായീകരിക്കുവാനും ഉള്ള വിസിബിലിറ്റി ഉണ്ടായത് എങ്ങനെയാണ് എന്ന ചോദ്യം അഭിമന്യുവിന്‍റെ കൊലപാതകം ബാക്കി വയ്ക്കുന്നു . ജോസഫ് മാഷുടെ കൈവെട്ടിയത്തിനു ശേഷം കേരള സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ സ്വയം വെളിപ്പെട്ട ഈ സംഘടന എങ്ങനെയാണ് തിരികെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്.

പഴുതടച്ചുള്ള നിയമപരമായ ഒരു നിരോധനം കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദം ഇല്ലാതാക്കാം എന്ന് ഞാന്‍ കരുതുന്നില്ല . മുന്നിലും പിന്നിലും ജനാധിപത്യവും മതേതരവും ഒക്കെ ചേര്‍ത്ത് പുതിയ ഒരു ആട്ടിന്‍ തോലുമായി അവരിറങ്ങും . ഇപ്പോഴുള്ള കേഡര്‍ സിസ്റ്റം പരിക്കൊന്നും കൂടാതെ നിലനില്‍ക്കും എന്ന് മാതമല്ല പുതിയ വരവില്‍ കുറച്ചു മുസ്ലീം ചെറുപ്പക്കാരെ കൂടി വലയില്‍ വീഴ്ത്തുകയും ചെയ്യും .

ഇവരെ അവരോധിച്ചിരുത്തിയവര്‍

ഇവരെ അവരോധിച്ചിരുത്തിയവര്‍

കേരളത്തിലെ അഞ്ചു ശതമാനം പോലും മുസ്ലീങ്ങളുടെ പിന്തുണ ഇല്ലാത്ത ഈ സംഘടനയെ മുസ്ലീം സമുദായത്തിന്‍റെ മുഴുവന്‍ നാവായും വക്താക്കളായും ഭൂതകാലത്ത് അവരോധിച്ചിരുത്തിയ ഓരോരുത്തരും ഇവര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദി ആണ്. ഓര്‍ക്കണം, ഹാദിയ വിഷയം പരമാവധി വര്‍ഗീയമാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടും എണ്‍പത് ശതമാനം മുസ്ലീം വോട്ടര്‍മാര്‍ ഉള്ള മണ്ഡലത്തില്‍ പത്തു ശതമാനം വോട്ടു തികക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലെ മുസ്ലീം സമുദായം ഇവരെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്.

തീവ്ര മുസ്ലീം കൗണ്ടര്‍ പാര്‍ട്ട്

തീവ്ര മുസ്ലീം കൗണ്ടര്‍ പാര്‍ട്ട്

കേരളത്തില്‍ സംഘപരിവാറിനു അവര്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള വളര്‍ച്ച ഉണ്ടാക്കാനോ ഹൈന്ദവ തീവ്രവാദത്തിനു എളുപ്പത്തില്‍ ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ കഴിയാത്തതോ അവര്‍ക്ക് അതിനുള്ള മിഷനറികള്‍ കേരളത്തില്‍ ഇല്ല എന്നുള്ളത് കൊണ്ടല്ല. ആ വളര്‍ച്ചയെ പ്രതിരോധിച്ചു നിര്‍ത്തുന്ന മുഖ്യ ഘടകങ്ങളില്‍ ഒന്നാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വത്യസ്തമായി കേരളത്തിലെ സെക്കുലര്‍ ആയ മുസ്ലീം സമുദായം. അങ്ങനെ ഒരു മുസ്ലീം തീവ്ര കൌണ്ടര്‍ പാര്‍ട്ട് വളര്‍ത്തികൊണ്ട് വരേണ്ടത് മറ്റാരേക്കാളും സംഘപരിവാറിന്റെ ആവശ്യവും ആണ്. കേരളത്തിലെ മുസ്ലീം സമുദായം ഇത് തിരിച്ചറിയുന്നുണ്ട് എന്നതാണ് സത്യം അതുകൊണ്ട് തന്നെ അവര്‍ എസ്ഡിപിയുമായി കൃത്യമായ അകലം സൂക്ഷിക്കുന്നുണ്ട്.

അണിയുന്ന മുഖംമൂടികള്‍

അണിയുന്ന മുഖംമൂടികള്‍

അവിടെയാണ് പരിസ്ഥിതി സ്നേഹം ദളിത്‌ സ്നേഹം ജനകീയ പ്രശ്നങ്ങള്‍ എന്നിവയുടെ മുഖംമൂടി എസ്ഡിപിഐ എടുത്തണിയുന്നത്‌ . നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എഴുതിയുണ്ടാക്കിയ ഒരു മത ഗ്രന്ഥം മാത്രം സത്യമെന്ന് വിശ്വസിച്ച്, അതില്‍ പറയുന്ന ഒരു ലോകം സ്വപ്നം കണ്ട്, ഒരു സമൂഹത്തെ മുഴുവന്‍ പിന്നോട്ട് വലിക്കുന്ന തീവ്ര മത വിശ്വാസികളും അതില്‍ അധിഷ്ടിതമായ രാഷ്ട്രീയ കാര്യപരിപാടികളുടെ വക്താക്കളും ആണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍. അവര്‍ ഏതെങ്കിലും തരത്തില്‍ ഒരു പുരോഗമന മതേതര സമൂഹത്തിനു ഗുണകരമായ എന്തെങ്കിലും കാര്യം ചെയ്യും എന്ന് പ്രതീക്ഷിക്കുക വയ്യ .

അവരെ വളര്‍ത്തിയ കള്ളനാണയങ്ങള്‍

അവരെ വളര്‍ത്തിയ കള്ളനാണയങ്ങള്‍

എന്നാല്‍ ഇതൊക്കെയും അറിഞ്ഞുകൊണ്ട് സൗകര്യപൂര്‍വ്വം മറന്നുകൊണ്ട് അവരെ ദളിത്‌ സംഘടനാ വേദികളിലും പരിസ്ഥിതി പ്രവര്‍ത്തനത്തിലും ജനകീയ സമരങ്ങളിലും ആനയിച്ചിരുത്തി അവര്‍ ഒരുക്കുന്ന വേദികളില്‍ പോയി അവരെ മനുഷ്യാവകാശ സംഘടനയാക്കി വാഴ്ത്തി മുസ്ലീം സമുദായത്തിന്‍റെ മുഴുവന്‍ വക്താക്കള്‍ എന്ന പട്ടം ചാര്‍ത്തി കൊടുക്കുന്ന പോസ്റ്റ്‌ മോഡേണിസ്റ്റുകള്‍ ആണ് ഇവരെ വളര്‍ത്തുന്നതിലെ കള്ള നാണയങ്ങള്‍. അഭിമന്യുവിന്‍റെ നെഞ്ചില്‍ നിന്നും ഒഴുകിയിറങ്ങിയ ചോര ഈ പോമോ-അമാനവ ബുദ്ധിജീവികളുടെ മുഴുവന്‍ കൈകളില്‍ കഴുകി കളയാന്‍ കഴിയാത്ത വിധം പറ്റിയിട്ടുണ്ട്.

ലളിതവത്കരിക്കപ്പെടുന്ന അനീതി

ലളിതവത്കരിക്കപ്പെടുന്ന അനീതി

ആദ്യം ക്യാമ്പസ് ഫ്രണ്ട് എന്ന സംഘടന എസ്ഡിപിഐയുമായി ബന്ധമൊന്നും ഇല്ല എന്ന് പ്രസ്താവന ഇറക്കി നിഷേധിക്കുകയാണ് എസ്ഡിപിഐ നേതൃത്വം ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം കൊലപാതകത്തെ സ്വയരക്ഷ എന്ന ന്യായീകരണവുമായി എസ്ഡിപിഐ സംസ്ഥാന നേതൃത്വം തന്നെ എത്തി. യാദൃശ്ചികമായി ക്യാമ്പസില്‍ ഉണ്ടായ ഒരു സംഘര്‍ഷവും അതിനെ തുടര്‍ന്ന് ഉണ്ടായ ഒരു കൊലപാതകവും അല്ല അഭിമാന്യുവിന്റെത്. കൃത്യമായി ആസൂത്രണം ചെയ്ത്, പുറത്തുനിന്നുള്ള അക്രമി സംഘം ക്യാമ്പസില്‍ എത്തുകയും ആ ഇരുപതുകാരനെ പിറകില്‍ നിന്നും കൈകള്‍ കൂട്ടി പിടിച്ചു നെഞ്ചില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു. നൂറു മീറ്റര്‍ അകലത്തില്‍ ഉള്ള ജനറല്‍ ആശുപത്രിയില്‍ എത്തിച്ചാലും രക്ഷിക്കാന്‍ കഴിയാത്ത രീതിയില്‍ പരിശീലനം സിദ്ധിച്ച ഒരു തീവ്രവാദ സംഘത്തിനു മാത്രം കഴിയുന്ന കൊലപാതകം. അതിനെ ഒരു വിദ്യാര്‍ഥി സംഘര്‍ഷമായോ രാഷ്ട്രീയ കൊലപാതകമായോ ലളിതവല്‍ക്കരിക്കുന്നത് അനീതിയാണ്.

എതിര്‍ക്കുന്നവര്‍ക്കുള്ള ഭീഷണി

എതിര്‍ക്കുന്നവര്‍ക്കുള്ള ഭീഷണി

പോപ്പുലര്‍ ഫ്രണ്ടിനു സ്വീകാര്യതയുണ്ടാക്കാന്‍ ഭൂതകാലത്ത് തൂലികയും നാവും ചലിപ്പിച്ച പോസ്റ്റ്‌ മോഡേണിസ്റ്റുകളും പഴയ നക്സലുകളും ദളിത്‌ ബുദ്ധി ജീവികളും അമാനവരും ഒക്കെയാണ് ഈ കൊലപാതകത്തിലും അവരുടെ ന്യായീകരണം എന്ന ജോലി കൃത്യമായി ഏറ്റെടുത്തിട്ടുള്ളത്. എസ്എഫ്ഐ എന്ന സംഘടനയുടെ ജനാധിപത്യ വിരുദ്ധതയും അസഹിഷ്ണുതയുമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന രീതിയില്‍ ഉള്ള ഹീനമായ ന്യായീകരണങ്ങള്‍ ആണ് അവര്‍ ആദ്യം തന്നെ ഉന്നയിച്ചത്. ഒരു ചുവരെഴുതാന്‍ അനുവദിച്ചില്ല എന്ന "കടുത്ത ജനാധിപത്യ " വിരുദ്ധത ആണ് ഇവര്‍ കണ്ടെത്തിയ പാതകം. അതിനു ശിക്ഷ കൊലപാതകം ആണെന്നും. മറ്റൊരു തരത്തില്‍ അതൊരു പരോക്ഷ ഭീഷണി കൂടെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും തരത്തില്‍ എതിര്‍ക്കുന്നവര്‍ക്കൊക്കെയും ഇത് തന്നെയാവും മറുപടി എന്ന് കൂടിയാണ് പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു വയ്ക്കുന്നത്.

ദളിത് ബുദ്ധിജീവികളുടെ അശ്ലീല ഉപദേശങ്ങള്‍

ദളിത് ബുദ്ധിജീവികളുടെ അശ്ലീല ഉപദേശങ്ങള്‍

ഇരയാക്കപ്പെട്ട കുട്ടി ഒരു ആദിവാസി-ഭാഷാ ന്യൂനപക്ഷ-സ്വത്വം ഉള്ള ആളായിട്ട് കൂടി കേരളത്തിലെ ദളിത്‌ സംഘടനകള്‍ ഒന്നും ഈ വിഷയത്തില്‍ കാര്യമായ പ്രതിഷേധം ഉയര്‍ത്തിയതായി കണ്ടില്ല. പ്രതിഷേധം ഇല്ല എന്ന് മാത്രമല്ല ദളിത്‌ ബുദ്ധിജീവികള്‍ ഒക്കെയും എസ്എഫ്ഐയുടെ ജനാധിപത്യ വിരുദ്ധതയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഈ അവസരം വിനിയോഗിച്ചത്. പിന്നെ നേഴ്സറി സ്കൂളിലെ കുട്ടികള്‍ കുസൃതി കാട്ടുമ്പോള്‍ ആധ്യാപകര്‍ ഉപദേശിക്കുന്ന രീതിയില്‍ പോപ്പുലര്‍ ഫ്രാണ്ടിനോട് ഇനി ഇങ്ങനെ കാട്ടരുത് കേട്ടോ എന്ന അശ്ലീല ഉപദേശങ്ങളും. അംബേദ്കറെ വായിച്ചിരുന്നു എങ്കില്‍ അവനീ ഗതി വരില്ലായിരുന്നു എന്ന ഹീനമായ പരിഹാസം പോലും ഉയര്‍ത്തി വിടാന്‍ അവര്‍ക്ക് കഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘത്തെ കേരളത്തിലെ മുസ്ലീം സമുദായത്തിന്‍റെ തലതൊട്ടപ്പനായി വാഴിക്കാന്‍ ശ്രമിക്കുന്ന എല്ലാവരും ഈ തീവ്രവാദ സംഘടനയുടെ നേര്‍ക്കുള്ള വിമര്‍ശനങ്ങളെ ഇസ്ലാമോഫോബിയ ആക്കി ചിത്രീകരിക്കാനും മുസ്ലീങ്ങളുടെ നേര്‍ക്കുള്ള ആക്രമണം എന്ന് ദുര്‍വ്യാഖ്യാനം നടത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മുസ്ലീങ്ങളെ പ്രതിസന്ധിയിലാക്കുന്നില്ല

മുസ്ലീങ്ങളെ പ്രതിസന്ധിയിലാക്കുന്നില്ല

ഒരു ഭീകരവാദ സംഘടന അതിന്‍റെ പരിശീലനം സിദ്ധിച്ച തീവ്രവാദികളെ കൊണ്ട് ഒരു ക്യാമ്പസിനുള്ളില്‍ കയറി ഇരുപതുകാരനായ ഒരു എസ്എഫ്ഐ നേതാവിന്‍റെ നെഞ്ചില്‍ കുത്തി കൊന്നു എന്നത് കേരളത്തിലെ മുസ്ലീങ്ങളെ ഒരു തരത്തിലും പ്രതിസന്ധിയില്‍ ആക്കുന്ന വിഷയമല്ല. അതിനു മുസ്ലീങ്ങളോ അവരുടെ സാമുദായിക സംഘടനകളോ ആരോടെങ്കിലും മറുപടി പറയണം എന്ന് ബോധമുള്ള ആരും പറയില്ല. അങ്ങനെ ആക്കി തീര്‍ക്കേണ്ടത്, പോപ്പുലര്‍ ഫ്രണ്ടിനെ മുസ്ലീങ്ങളുടെ സംരക്ഷകര്‍ ആക്കി മാറ്റേണ്ടത് എസ്ഡിപിഐയുടെയും പിന്നെ മുകളില്‍ പറഞ്ഞ അവരുടെ കുഴലൂത്തുകാരായ പോസ്റ്റ്‌ മോഡേണ്‍ ബുദ്ധിജീവികളുടെയും പഴയ നക്സലുകളുടെയും ഒക്കെ ആവശ്യമാണു. എന്നാല്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന വിടി ബല്‍റാമിനെ പോലെയുള്ള കോണ്‍ഗ്രസ്സുകാര്‍ തങ്ങളുടെ തന്നെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നക മതേതര മനസുള്ള മുസ്ലീം ചെറുപ്പകാരോട് ചെയ്യുന്നത് വലിയ ക്രൂരതയാണ്. ഇത്തരം തീവ്രവാദ സംഘടനകളെ ജനാധിപത്യ പ്രസ്ഥാനമാക്കി വെള്ളപൂശി സമൂഹത്തില്‍ അവതരിപ്പിക്കുക എന്നതാണ് ഇവരൊക്കെ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ, സാമൂഹിക ബഹിഷ്കരണം

രാഷ്ട്രീയ, സാമൂഹിക ബഹിഷ്കരണം

ഇവര്‍ക്കൊക്കെയും ഏതെങ്കിലും തരത്തില്‍ ഒരു തിരിച്ചരിവുണ്ടാകും, അവര്‍ മതേതര സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയ ചേരിയെ ഒറ്റുകൊടുക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും പിന്മാറും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ഇവരെക്കൂടി ചേര്‍ത്ത് പൊതുസമൂഹത്തില്‍ തുറന്നു കാട്ടുക എന്നതാണ് പോംവഴി.

ആദ്യം സൂചിപ്പിച്ച പോലെ നിയമത്തിന്‍റെ പഴുതടച്ചുള്ള ഒരു നിരോധനം കൊണ്ട് ഈ തീവ്രവാദത്തെ മറികടക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയമായി നേരിടണം, സാമൂഹികമായ ബഹിഷ്കരണം ഉണ്ടാകണം. ജനകീയ സമര വേദികളില്‍ നിന്നും സംഘപരിവാറിനെ മാറ്റി നിര്‍ത്തുന്നത് പോലെ പോപ്പുലര്‍ ഫ്രണ്ടിനെയും ബഹിഷ്കരിക്കണം . പോപ്പുലര്‍ ഫ്രണ്ട് വേദികളില്‍ പോകില്ല അവര്‍ക്ക് സ്വീകാര്യത ഉണ്ടാകുന്ന പ്രസ്താവനകള്‍ നല്‍കില്ല എന്ന് ജനാധിപത്യ മതേതര ബോധമുള്ള ഓരോ സാംസ്കാരിക പ്രവര്‍ത്തകരും സ്വയം തീരുമാനിക്കണം. ദളിത്‌ സംഘടനകള്‍ ഇവരില്‍ നിന്നും അകലം പാലിക്കണം ദളിത്‌ ന്യൂനപക്ഷ ഐക്യം അഞ്ചു ശതമാനം മുസ്ലീങ്ങളുടെ പോലും പിന്തുണ ഇല്ലാത്ത ഒരു തീവ്രവാദ സംഘടനയില്‍ കൂടി സാധ്യമാകും എന്ന് മിനിമം രാഷ്ട്രീയ ബോധമുള്ള ആരും കരുതില്ല. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തില്‍ നിന്നും ഈ ഭീകരവാദ സംഘടനയെ തുടച്ചെറിയും വരെ ഇവരെ നിതാന്ത ജാഗ്രതയോടെ രാഷ്ട്രീയമായി നേരിടണം.

English summary
Like Sangh Parivar, SDPI should be ousted from publice space, Resmi R Nair writes in her column
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X