• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തടവറയില്‍ നിന്നൊരു എഴുത്തുകാരി... ലോകമേ കാണൂ, ലിസിയുടെ ജീവിതം

ഷോഷാങ്ക് റിഡംപ്ഷന്‍ എന്നൊരു സിനിമയുണ്ട്. മോര്‍ഗാന്‍ ഫ്രീമാനും ടിം റോബിന്‍സും തകര്‍ത്തഭിനയിച്ച ചിത്രം. ചെയ്യാത്ത തെറ്റിന് ജയില്‍ ശിക്ഷ അനുഭവിയ്‌ക്കേണ്ടി വന്ന ആന്‍ഡി എന്ന ബാങ്കറുടെ ജീവിതമാണത്. ഒടുവില്‍ വളരെ വിദഗ്ധമായി ജയില്‍ ചാടി ആന്‍ഡി രക്ഷപ്പെടുന്നതാണ് കഥ.

ഇത് അങ്ങനെ ഒരു കഥയല്ല. ജീവിയ്ക്കുന്ന യാഥാര്‍ത്ഥ്യമാണ്. തടവറകള്‍ നിങ്ങളുടെ തലച്ചോറുകള്‍ക്ക് വിലങ്ങിടുന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ വേണ്ടി മാത്രമാണ് ഷോഷാങ്ക് റിഡംപ്ഷനെ കുറിച്ച് പറഞ്ഞത്.

കണ്ണൂര്‍ വനിത ജയിലില്‍ ഒരു തടവുപുള്ളിയുണ്ട്. പേര് ലിസി. വയനാട് സുല്‍ത്താന്‍ ബത്തേരിയ്ക്കടുത്ത് ചുള്ളിയോട് സ്വദേശിനി. അനേകം തടവുപുള്ളികളുള്ള ഒരു ജയിലില്‍ എന്താണ് ലിസിയ്ക്ക് മാത്രമുള്ള പ്രത്യേകത എന്നാവും ചിന്തിയ്ക്കുന്നത്.

അതെ ലിസിയ്ക്ക് പ്രത്യേകതയുണ്ട്. ലിസിയുടെ ജീവിതം ഒരു പുസ്കമാവുകയാണ്. അതില്‍ അവളെഴുതിയ കഥകളും കവിതകളും ഉണ്ടാകും- 'കുറ്റവാളിയില്‍ നിന്ന് എഴുത്തുകാരിയിലേയ്ക്ക്'

മയക്കുമരുന്ന് കേസിലാണ് ലിസി ജയിലഴിയ്ക്കുള്ളിലാകുന്നത്. ഒന്നല്ല, രണ്ട് കേസുകള്‍. അതും വലിയ ഇടവേളയില്ലാതെ. രണ്ട് കേസിലും ആയി തടവറയ്ക്കുള്ളില്‍ കഴിയേണ്ടത് നീണ്ട 25 വര്‍ഷങ്ങളാണ്. നിവൃത്തികേടിന്റെ അവസ്ഥകളില്‍ സഹായവുമായെത്തുന്നവര്‍ വഞ്ചകരായി മാറുമ്പോള്‍ വിധിയെ പഴിയ്ക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ.

പ്രണയ വിവാഹമായിരുന്നു ലിസിയുടേത്. ഭര്‍ത്താവ് ശശി പാലക്കാട് സ്വദേശി. വീട്ടുകാരെ എതിര്‍ത്ത് ഭര്‍ത്താവിനൊപ്പം ജീവിയ്ക്കാനിറങ്ങി. പക്ഷേ അവിടേയും വിധി അവര്‍ക്കെതിരായിരുന്നു. ഭര്‍ത്താവിന്റെ അകാലചരമം....

Lissy and Subin

വീണ്ടും വയനാട്ടിലെ വീട്ടിലേയ്‌ക്കെത്തി ലിസിയുടെ ജീവിതം. അനിയത്തി പൊള്ളലേറ്റ് ആശുപത്രിയിലായ സമയത്തായിരുന്നു മയക്കുമരുന്ന് കേസില്‍ പെടുന്നത്. പണത്തിന് അത്യാവശ്യം വന്നപ്പോള്‍ ഒരു സുഹൃത്ത് ചെയ്ത ഉപകാരം പക്ഷേ ലിസിയുടെ ജീവിതം തന്നെയാണ് മാറ്റിമറിച്ചത്. ഒരു സാധനം എറണാകുളത്ത് എത്തിയ്ക്കണം എന്നാണത്രെ ലിസിയോട് ആവശ്യപ്പെട്ടത്. പണവും വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ എറണാകുളത്ത് വണ്ടിയിറങ്ങിയ ലിസിയെ കാത്തുനിന്നത് പോലീസ് ആയിരുന്നു. അപ്പോഴാണ് അവര്‍ പോലും ആ സത്യം അറിയുന്നത്.

ഷോഷാങ്ക് റിഡംപ്ഷനിലെ ആന്‍ഡിയെ പോലെ തന്നെ ആയിരിയ്ക്കണം ലിസിയുടേയും അവസ്ഥ. നിയമത്തിന് മുന്നില്‍ ലിസി കുറ്റക്കാരിയാണ്. പക്ഷേ ലിസിയുടെ മനസ്സാക്ഷിയ്ക്ക് മുന്നില്‍ അങ്ങനെയല്ല.

ചെറുപ്പത്തില്‍ തന്നെ എഴുതുമായിരുന്നു എന്നാണ് ലിസി പറയുന്നത്. എന്നാല്‍ പിന്നീട് ആ ശീലം നഷ്ടപ്പെട്ടു. ഒടുവില്‍ ജയിലിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ലിസി വീണ്ടും എഴുത്തിന്റെ ലോകത്തെത്തുന്നത്. ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെഎന്‍ ശോഭനയായിരുന്നു പ്രചോദനം.

ഇപ്പോള്‍ ലിസിയ്ക്ക് ഏറെ സമ്മാനങ്ങളൊക്കെ കിട്ടിത്തുടങ്ങിയിരിയ്ക്കുന്നു. പൂര്‍ണ പബ്ലിക്കേഷന്‍സ് നടത്തിയ കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി.

ഒരുപക്ഷേ, ലിസിയെ ആരും അറിയാതെ പോകുമായിരുന്നു, സുബിന്‍ മാനന്തവാടി എന്ന വ്യക്തി അവരെ കുറിച്ച് അറിഞ്ഞില്ലായിരുന്നെങ്കില്‍. മാധ്യമപ്രവര്‍ത്തകനായിരുന്നു സുബിന്‍. ഇപ്പോള്‍ കോകോപില്ലി പബ്ലിക് റിലേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍. ഒരു പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ ജയിലുകള്‍ സന്ദര്‍ശിയ്ക്കുന്നതിനിടെയാണ് കണ്ണൂര്‍ വനിത ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ ശോഭന. ലിസി എന്ന എഴുത്തുകാരിയെ കുറിച്ച് പറയുന്നത്.

സുബിന്‍ തന്നെയാണ് ലിസിയുടെ ജീവിതത്തെ നമുക്ക് മുന്നില്‍ അവതരിപ്പിയ്ക്കുന്നത്. പുസ്തകത്തില്‍ അവളുടെ ജയിലനുഭവങ്ങളുണ്ട്, ജീവിതമുണ്ട്, ലിസി എഴുതിയ 14 കവിതകളുണ്ട്, എട്ട് കഥകളുണ്ട്.... പൂര്‍ണ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. ഒരു ജയില്‍പ്പുള്ളിയുടെ അമ്മ എന്ന് തന്റെ അമ്മ വിളിയ്ക്കപ്പെടുന്നതിലാണ് ലിസിയ്ക്ക് ഏറെ ദു:ഖം. ജയില്‍പ്പുള്ളിയുടെ അമ്മയില്‍ നിന്ന് അവര്‍ എഴുത്തുകാരിയുടെ അമ്മയായി മാറട്ടെ....

English summary
Lissy is a convict in a Drug Case and an inmate of Kannur women's Jail. But now Poorna Publications is going to publish her short stories and Poems.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X