• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അമേഠിയിൽ തോൽവി ഉറപ്പായത് കൊണ്ടാണോ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയത്? ഇതാണ് ആ കണക്കുകൾ, കാണൂ!!

  • By കെ.കെ. ആദർശ്

അമേഠിയിൽ തോൽവി ഉറപ്പായതിനാലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്നാണ് ബി.ജെ.പിയുടെ വിമർശനം. ഓടിയെത്തിയ വയനാട്ടിൽ രാഹുലിനെ വരവേൽക്കുന്നത് മുസ്ലീം ലീഗാണെന്നതും ബി.ജെ.പി ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കുന്നു. ഇതു വഴി കോൺഗ്രസിനെ ''ആന്റി ഹിന്ദു പാർട്ടി'' (ഹിന്ദുത്വ വിരുദ്ധ പാർട്ടി)യായി ചിത്രീകരിക്കാനാണ് ബി.ജെ.പി നീക്കം. ഇതിനായി തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

ഒളിച്ചുകളിച്ച് രാഹുൽ... സിദ്ദിഖ് പിടിച്ച പുലിവാല്.. മലക്കംമറിഞ്ഞ് ഉമ്മൻചാണ്ടി... ചരട് വലിച്ച് കെസി വേണുഗോപാൽ.. അരങ്ങ് തകർത്ത് കോൺഗ്രസിലെ ഗ്രൂപ്പ് നാടകം... നാടകാന്തം രാഹുൽ ഗാന്ധി... വയനാട്ടിലും വടകരയും അണിയറയിൽ തീരുമാനമായത് ഇങ്ങനെയാണ്!!

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വയെ മൃദു ഹിന്ദുത്വയിലൂടെ പ്രതിരോധിക്കാനാണ് രാഹുൽ തയ്യാറായത്. രാഹുൽ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ തന്ത്രം ആദ്യമായി പരീക്ഷിച്ചത്. തീവ്രഹിന്ദുത്വ യുടെ ഈറ്റില്ലത്തിൽ ബി.ജെ.പിയെ വിറപ്പിക്കാനും അധികാരത്തിനടുത്തു വരെയെത്താനും ഇതുവഴി കോൺഗ്രസിന് സാധിച്ചു.

എന്തുകൊണ്ട് രാഹുൽ വയനാട്ടിൽ?

എന്തുകൊണ്ട് രാഹുൽ വയനാട്ടിൽ?

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യ പ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഡ് സംസ്ഥാനങ്ങളിലും ഇതേ തന്ത്രം തന്നെയാണ് കോൺഗ്രസ് പയറ്റിയത്. ഫലം - മൂന്ന് സംസ്ഥാനങ്ങളിലും ഭരണത്തിൽ നിന്ന് ബി.ജെ.പി പുറത്തായി; കോൺഗ്രസ് അധികാരത്തിലേറി. അടിത്തറ തകർന്ന കോൺഗ്രസിന് ആത്മവിശ്വാസമേകുന്ന വിജയമായിത്. ഇതേ തന്ത്രം പയറ്റി പരമാവധി സീറ്റ് നേടി ജെ.ഡി.എസുമായി ചേർന്ന് കർണാടകയിൽ അധികാരം നിലനിർത്തിയത് രാഹുലിനും കരുത്തായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നു കൂടി മത്സരിക്കാൻ രാഹുൽ തീരുമാനിച്ചതിന് ഈ വിജയവും ഘടകമായി.

അമേഠിയിലെ വെല്ലുവിളി

അമേഠിയിലെ വെല്ലുവിളി

അതിനെല്ലാമപ്പുറത്ത് അമേഠിയിലെ പരാജയഭീതി തന്നെയാണ് രാഹുലിനെ മറ്റൊരു സുരക്ഷിത സീറ്റിലേക്ക് കണ്ണെറിയുന്നതിന് പ്രേരിപ്പിച്ചതെന്നും വ്യക്തം. എക്കാലത്തും കോൺഗ്രസിനെ പിന്തുണച്ച അമേഠിയിൽ നിന്ന് ലഭിക്കുന്ന സൂചനകൾ രാഹുലിന് പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല. മണ്ഡലത്തിൽ ശക്തമായ സ്വാധീനല്ലാതിരുന്ന ബി.ജെ.പി കരുത്താർജിച്ചു. രാഹുലിനെ വീഴ്ത്താൻ അമേഠിയിൽ സംഘപരിവാർ കാലേക്കൂട്ടി പണിക്കിറങ്ങി. മറ്റിടങ്ങളിൽ അടിത്തറ തകർന്ന കോൺഗ്രസ് അമേഠിയിലും കിതച്ച് തുടങ്ങി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കുറിച്ചിടുന്നതും രാഹുലിനും കോൺഗ്രസിനും ആശങ്കയുടെ ഉയർന്ന ഗ്രാഫ് തന്നെ...

അഞ്ചിടത്തും തോറ്റ് കോൺഗ്രസ്

അഞ്ചിടത്തും തോറ്റ് കോൺഗ്രസ്

തിലോയ്, അമേഠി, സലോൺ, ജഗ്ദിഷ് പൂർ, ഗൗരി ഗഞ്ച് എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് അമേഠി ലോക്സഭാ മണ്ഡലം. കോൺഗ്രസിനെ എന്നും പുണർന്നിരുന്ന ഈ മണ്ഡലങ്ങളെല്ലാം 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പൂർണമായും കൈവിട്ടു. ഇതോടെയാണ് രാഹുലും കോൺഗ്രസും അപകടം മണത്തത്. അതിൽ പിന്നെ സുരക്ഷിതമണ്ഡലം തേടിയായി യാത്ര. ആറ് മാസത്തോളമായി വയനാട്ടിലെ കണക്കിലായി ശ്രദ്ധ. ഒടുവിൽ ഏറെ അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപനം. അഞ്ചിൽ അമേഠി നിയമസഭാ മണ്ഡലത്തിലാണ് 2017 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റത്. ഇവിടെ നാലാം സ്ഥാനം കൊണ്ട് കോൺഗ്രസിന് തൃപ്തിപ്പെടേണ്ടി വന്നു.

ബിജെപി ജയിച്ചു, കോൺഗ്രസ് അഞ്ചാമത്

ബിജെപി ജയിച്ചു, കോൺഗ്രസ് അഞ്ചാമത്

ഈ മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പിയുടെ ഗരിമ സിംഗ് 64,226 വോട്ടാണ് നേടിയത്. രണ്ടാമതെത്തിയ സമാജ് വാദി പാർട്ടിയുടെ (എസ്.പി) ഗായത്രി പ്രസാദ് 59,161 വോട്ട് നേടി രണ്ടാമതും 30,175 വോട്ട് നേടി ബഹുജൻ സമാജ് വാദി പാർട്ടിയുടെ (ബി.എസ്.പി) രാംജി മൂന്നാമതുമെത്തിയപ്പോൾ അതിനും പിന്നിലായാണ് കോൺഗ്രസ് സ്ഥാനാർത്ഥി അമീത്ത സിംഗിന് 20, 291 വോട്ടുമായി എത്താൻ സാധിച്ചുള്ളൂ. നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട അമീത്ത സിംഗാകട്ടെ മുതിർന്ന കോൺഗ്രസ് നേതാവും നെഹ്റു കുടുംബത്തിന്റെ അടുപ്പക്കാരനുമായ സഞ്ജയ് സിംഗിന്റെ ഭാര്യയാണെന്നോർക്കണം. മാത്രമല്ല; രണ്ട് തവണ അമേഠിയെ പ്രതിനിധീകരിച്ച് അമീത്ത നിയമസഭയിലെത്തിയിട്ടുമുണ്ട്‌.

മുന്നേറി ബി.ജെ.പി

മുന്നേറി ബി.ജെ.പി

തിലോയിലാകട്ടെ 96, 119 വോട്ട് നേടി ബി.ജെ.പിയുടെ മായങ്കേശ്വർ സിംഗ് വിജയിച്ചപ്പോൾ ബി.എസ്.പിയുടെ മുഹമ്മദ് സൗദാണ് 52,072 വോട്ട് നേടി രണ്ടാമതെത്തിയത്. അതായത് 2017 ലെ തെരഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന അഞ്ച് നിയമസഭാ സീറ്റുകളിലും ദയനീയ പരാജയമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേ സമയം ഈ മണ്ഡലങ്ങളിലത്രയും ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവയ്ക്കുകയും ചെയ്തു. മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസിന് രണ്ടാംസ്ഥാനത്തെത്താൻ സാധിച്ചത്. ഒരിടത്തും മൂന്നും മറ്റൊരിടത്ത് നാലും സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. എസ്.പിയുമായി സഖ്യമുണ്ടാക്കി മത്സര രംഗത്തിറങ്ങിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ ദയനീയ പ്രകടനമെന്നും ഓർക്കണം.

ചരിത്രം കോൺഗ്രസിനൊപ്പം

ചരിത്രം കോൺഗ്രസിനൊപ്പം

ഈ ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ അമേഠിയിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലെങ്കിലും എസ്.പി - ബി.എസ്.പി മഹാ സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തിയിട്ടുമില്ല. അമേഠിയിലെ ഈ രാഷ്ട്രീയ സാഹചര്യം രാഹുലിന് വലിയ വെല്ലുവിളി തന്നെയാണ്. 1967 മുതല്‍ 2019 വരെയുള്ള അമേഠി മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുള്ളൂ. 1977 മുതല്‍ 80 വരെയുള്ള കാലഘട്ടത്തില്‍ ജനതാപാര്‍ട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിംഗും 1998- 99 വരെയുള്ള ഒരു വര്‍ഷക്കാലം കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി ബി.ജെ.പിയിലെത്തിയ ഡോ. സഞ്ജയ് സിംഗും. ഇതിനിടയിലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് അമേഠി.

സോണിയയുടെ വിജയപാത

സോണിയയുടെ വിജയപാത

1999 മുതല്‍ 2004 വരെ സോണിയാഗാന്ധിയാണ് അമേഠിയെ പ്രതിനിധീകരിച്ചത്. തുടര്‍ന്ന് അവര്‍ റായ്ബലേറിയിലേക്ക് മാറിയതോടെ 2004 മുതല്‍ 2014 വരെ രാഹുല്‍ അല്ലാതെ മറ്റൊരാളില്ലായിരുന്നു അമേഠിയെ പ്രതിനിധികരിക്കാന്‍. ഇതിനിടെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് രാഹുല്‍ തുടര്‍ച്ചയായി അമേഠിയില്‍ നിന്ന് വിജയിച്ചത്. 1999 ലെ തെരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് 418,960 വോട്ടാണ് അമേഠിയില്‍നിന്ന് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി സജ്ഞയ് സിംഗ് 118,948 വോട്ടും നേടി- ഭൂരിപക്ഷം 300,012. 2004ലെ കന്നി മത്സരത്തില്‍ രാഹുല്‍ ഗാന്ധി 3,90,179 വോട്ടാണ് നേടിയത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ചന്ദ്രപ്രകാശ് മിശ്രയെക്കാള്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷം.

ഭൂരിപക്ഷം ഉയർത്തി രാഹുൽ

ഭൂരിപക്ഷം ഉയർത്തി രാഹുൽ

എന്നാല്‍ 2009 ലെ തെരഞ്ഞെടുപ്പില്‍ 4,64,195 വോട്ടുകള്‍ നേടിയ രാഹുല്‍ ഗാന്ധി ഭൂരിപക്ഷം 3,70,198 ആയി ഉയര്‍ത്തി. 93,997 വോട്ട് നേടിയ ബി.എസ്.പിയിലെ അഷീസ് ശു€യായിരുന്നു മുഖ്യ എതിരാളി. ബി.ജെ.പിയിലെ പ്രതീപ് കുമാര്‍ സിംഗിന് 37,570 വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെ അമേഠിയുടെ രാഷ്ട്രീയ നിലപാട് മാറി. മുഖ്യ എതിരാളിയുടെ സ്ഥാനത്ത് ബി.ജെ.പിയെത്തി. രാഹുല്‍ ഗാന്ധി 408,651 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സ്മൃതി ഇറാനി മോഡി തരംഗത്തില്‍ 300,748 വോട്ടാണ് സ്വന്തമാക്കിയത്. ഇതോടെ രാഹുലിന്റെ ഭൂരിപക്ഷം 1,07,903 വോട്ട് മാത്രമായി ചുരുങ്ങി. മണ്ഡലത്തിന്റെ ചരിത്രത്തിലുടനീളം രണ്ടാം സ്ഥാനത്തായിരുന്ന ബി.എസ്.പി അത്തവണ മൂന്നാം സ്ഥാനത്തായി. ബി.എസ്.പി സ്ഥാനാര്‍ത്ഥി ധര്‍മ്മേന്ദ്ര പ്രതാപ് സിംഗിന് 57,716 വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്.

സഞ്ജയ് ഗാന്ധിക്കും കാലിടറി

സഞ്ജയ് ഗാന്ധിക്കും കാലിടറി

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ൽ നെഹ്റു-ഗാന്ധി കുടുംബത്തെ പ്രതിനിധീകരിച്ച് സഞ്ജയ് ഗാന്ധിയാണ് ആദ്യമായി അമേഠിയിൽ മത്സരിച്ചതെങ്കിലും കന്നിയങ്കത്തിൽ തന്നെ കാലിടറി. ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിംഗിനോടാണ് സഞ്ജയ് ഗാന്ധി ആദ്യമത്സരത്തിൽ മുക്കാൽ ലക്ഷത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടത്. തുടർന്ന് 1980ലെ തെരഞ്ഞെടുപ്പിൽ രവീന്ദ്ര പ്രതാപ് സിംഗിനെ 1.28 ലക്ഷം വോട്ടിന് തോൽപ്പിച്ച് അമേഠി സഞ്ജയ് ഗാന്ധി തിരിച്ച് പിടിച്ചു. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടർന്ന് 1981ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അമേഠിയിൽ കന്നിയങ്കത്തിനിറങ്ങിയ രാജീവ് ഗാന്ധി, ലോക് ദളിന്റെ ശരത് യാദവിനെ 2.37 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പാർലമെന്റിലെത്തിയത്.

മണ്ഡലം തിരിച്ചുപിടിച്ച് രാജീവ്

മണ്ഡലം തിരിച്ചുപിടിച്ച് രാജീവ്

1984, 89, 91 തെരഞ്ഞെടുപ്പുകളിലും രാജീവ് ഗാന്ധി വലിയ ഭൂരിപക്ഷത്തിൽ തന്നെ അമേഠി നിലനിർത്തി. സഞ്ജയ് ഗാന്ധി സ്വന്തമാക്കിയിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മരണശേഷം സ്വതന്ത്രയായി മത്സരത്തിനിറങ്ങിയ വിധവ മനേകാ ഗാന്ധിയെ 3.14 ലക്ഷം വോട്ടിനാണ് 1984 ൽ രാജീവ് ഗാന്ധി പരാജയപ്പെടുത്തിയത്. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം 1991 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച സതീഷ് ശർമ്മ 1996ലും വിജയ തുടർച്ച നേടി. എന്നാൽ കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ സഞ്ജയ് സിംഗിനെ 1998 ൽ ബി.ജെ.പി അമേഠി പിടിക്കാൻ നിയോഗിച്ചപ്പോൾ ശർമ പരാജയം രചിച്ചു.

മണ്ഡലം മറന്നത് വിനയായി

മണ്ഡലം മറന്നത് വിനയായി

1999 ൽ കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കിറങ്ങിയ സോണിയാ ഗാന്ധി, മൂന്ന് ലക്ഷം വോട്ടിന് സഞ്ജയ് സിംഗിനെ പരാജയപ്പെടുത്തി അമേഠിയെ വീണ്ടും കരവലയത്തിലൊതുക്കി. 2004 ലാണ് പിന്നെ സോണിയ റായ്ബലേറിയിലേക്ക് മാറി രാഹുലിന് അമേഠി നൽകിയത്. തുടർന്ന് മൂന്ന് തവണ തുടർച്ചയായി ജയിച്ചെങ്കിലും അവസാന ഘട്ടത്തിൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും നിയമസഭാ തെരഞ്ഞടുപ്പിൽ തിരിച്ചടിയേറ്റതും രാഹുലിന് തലവേദനയായി. കോൺഗ്രസ് ഉപാധ്യക്ഷനും പിന്നീട് അധ്യക്ഷനുമായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഹുൽ മണ്ഡലത്തിലേക്കെത്തുന്നത് വല്ലപ്പോഴുമായി.

രാഹുലും അമേഠിയും

രാഹുലും അമേഠിയും

2014 വിജയിച്ച ശേഷം അഞ്ച് വർഷക്കാലത്തിനിടയ്ക്ക് കേവലം 18 തവണ മാത്രമാണ് രാഹുൽ അമേഠിയിലെത്തിയത്. ഇതോടെ വികസന മുരടിപ്പിന്റെ നേർസാക്ഷ്യമായി അമേഠി. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ പ്രതാപകാലം അയവിറക്കി വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞെന്ന് വോട്ടർമാർ തന്നെ പറഞ്ഞ് തുടങ്ങിയതോടെ രാഹുലിന് നെഞ്ചിടിപ്പേറി. ഇക്കഴിഞ്ഞ ജനുവരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനെത്തിയ രാഹുലിന് വലിയ എതിർപ്പാണ് മണ്ഡലത്തിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മറുപക്ഷത്താകട്ടെ, കഴിഞ്ഞ തവണ തോൽക്കാനായി മത്സരിച്ച സ്മൃതി ഇറാനി ഇത്തവണ രണ്ടും കൽപ്പിച്ചാണ്.

പോര് മുറുക്കി സ്മൃതി

പോര് മുറുക്കി സ്മൃതി

കഴിഞ്ഞ തവണ ഹിന്ദി സീരിയൽ താരമെന്ന പരിവേഷമായിരുന്നു സ്മൃതിയ്ക്കുണ്ടായിരുന്നതെങ്കിൽ ഇന്നത് കേന്ദ്രമന്ത്രിയുടെ പത്രാസിലേക്ക് വളർന്നു. കഴിഞ്ഞ അഞ്ച് വർഷവും സ്മൃതി മണ്ഡലത്തിൽ കേന്ദ്രീകരിച്ചാണ് മത്സരിച്ചത്. രാജ്യസഭാ എം.പിയെന്ന നിലയിലുള്ള ഫണ്ട് അമേഠിയിലെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. അരുൺ ജയ്റ്റ്ലിയെ പോലുള്ള രാജ്യസഭാ എം.പി.മാരുടെ ഫണ്ട് വിഹിതവും സ്മൃതി അമേഠിയിലേക്കെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് പട നയിക്കാനെത്തി. റൈഫിൾ ഫാക്ടറിയ്ക്ക് ശിലയിട്ട് മോഡി, അമേഠിയുടെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി രാഹുലിനെ രൂക്ഷമായി വിമർശിച്ചു. ഒപ്പം വ്യവസായത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ 65.57 ഏക്കർ രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് തട്ടിയെടുത്തെന്ന് ആരോപിച്ച് കർഷക പ്രതിഷേധവും ശക്തമായി.

ജയിച്ചാൽ സ്മൃതി കേന്ദ്രമന്ത്രി

ജയിച്ചാൽ സ്മൃതി കേന്ദ്രമന്ത്രി

തോറ്റാലും ജയിച്ചാലും മോഡി സർക്കാറിന്റെ തുടർച്ചയെങ്കിൽ സ്മൃതി കേന്ദ്ര മന്ത്രിയാകുമെന്നുറപ്പാണ്. എന്നാൽ തോറ്റാൽ പിന്നെ രാഹുലില്ലാത്ത പാർലമെന്റാകും വരാനിരിക്കുന്നതെന്നത് കോൺഗ്രസിനെ ഏറെ അസ്വസ്ഥമാക്കാൻ പോന്നതായി. ഇതോടെയാണ് രാഹുലിനായി സുരക്ഷിത സീറ്റ് കണ്ടെത്താനുള്ള നീക്കം ശക്തമാക്കിയത്. വയനാടോളം പോന്ന സുരക്ഷിതത്വമുള്ള സീറ്റ് മറ്റെങ്ങും കണ്ടെത്താനുമായില്ല. അങ്ങിനെ ആഴ്ച നീണ്ട പ്രഖ്യാപനത്തിനൊടുവിൽ ആ പ്രഖ്യാപനമെത്തി. അതോടെ വയനാട് ദേശീയ ശ്രദ്ധയിലുമെത്തി. വയനാടിനെ കുറിച്ച് പഠിക്കുന്ന തിരക്കിലാണിപ്പോൾ കോൺഗ്രസ് ദേശീയ നേതാക്കൾ...

ചുരം കയറിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി

ചുരം കയറിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി

മണ്ഡലത്തില്‍ വോട്ടില്ലാത്ത രാഹുല്‍ ഗാന്ധിയാണ് വയനാട്ടിലെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥി. രാഹുലിനെതിരേ മുഖ്യ പോരാട്ടം നടത്തുന്നത് താനാണെന്ന് സ്വയം അവാശപ്പെടുന്ന ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാര്‍ വെളളാപ്പള്ളിയ്ക്കും മണ്ഡലത്തില്‍ വോട്ടില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സുനീറിനാകട്ടെ മണ്ഡലത്തിൽ വോട്ടില്ലെങ്കിലും മണ്ഡലം ഉൾപ്പെടുന്ന മലപ്പുറം ജില്ലയിലാണ് വീടെന്നെങ്കിലും പറയാം. എങ്കിലും കേരളത്തിന് ലഭിച്ച ആദ്യ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽ രാഹുൽ തന്നെയാകും പ്രധാന ചർച്ചാ വിഷയം.

വയനാടിന് ഭൂമ ശാസ്ത്ര പരമായും പ്രത്യേകതകളേറെയാണ്.

നമ്മളെ വയനാടേ...

നമ്മളെ വയനാടേ...

പപ്പുവിന്റെ സിനിമാ ഡയലോഗിലൂടെ പ്രസിദ്ധമായ താമരശേരി ചുരത്തിന് മുകളിലുള്ളതാണ് വയനാടെന്ന് കരുതിയെങ്കില്‍ തെറ്റി. ചുരത്തിന് കീഴെ ചില സമതലങ്ങളും വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട് എന്നീ മണ്ഡലങ്ങളും ചുരംകടന്നെത്തുന്ന വയനാട് ജില്ലയിലെ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങളും ചേര്‍ത്ത് രൂപീകരിക്കപ്പെട്ടതാണ് വയനാട് മണ്ഡലം. യു.ഡി.എഫിനോടുള്ള കൂറ് ആദ്യ മത്സരത്തില്‍തന്നെ കാണിച്ച മണ്ഡലമാണിത്.

മാറിമറിഞ്ഞ് ഭൂരിപക്ഷം

മാറിമറിഞ്ഞ് ഭൂരിപക്ഷം

2009 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പക്ഷത്ത്‌നിന്ന് മത്സരിച്ച് ജയിച്ച എം.ഐ ഷാനാവാസ് നേടിയ 1,53,439 വോട്ടിന്റെ ഭൂരിപക്ഷം അത്തവണ സംസ്ഥാനത്തെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമായി. എന്നാല്‍ 2014 ലെത്തിയപ്പോഴാകട്ടെ കണക്കിലെ കളികള്‍ മാറി. ഗ്രൂപ്പിസം മൂത്ത് കോണ്‍ഗ്രസ് ഒരു പരുവമായി. ഷാനവാസിനെതിരേ കോണ്‍ഗ്രസിനകത്ത് തന്നെ എതിര്‍വികാരം ശക്തമായി. ഇതോടെ 20, 870 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രം കടന്നുകൂടാനായി ഷാനവാസിന്റെ വിധി.

ലക്ഷ്യം റെക്കോർഡ് ഭൂരിപക്ഷം?

ലക്ഷ്യം റെക്കോർഡ് ഭൂരിപക്ഷം?

ഇത്തവണ യു.ഡി.എഫ് പാനലില്‍ മത്സരിക്കാനെത്തുന്ന രാഹുല്‍ ഗാന്ധിയാകട്ടെ പ്രതീക്ഷിക്കുന്നത് മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷവും.. റെക്കോര്‍ഡ് ഭൂരിപക്ഷമെന്ന ഖ്യാതി തകര്‍ന്ന് ഉരുണ്ടുവീണ് ലോക്‌സഭയിലെത്തിയ ഷാനവാസിനാകട്ടെ അഞ്ച് വര്‍ഷക്കാലം പൂര്‍ത്തിയാക്കാന്‍ വിധി അനുവദിച്ചതുമില്ല. രോഗാവസ്ഥയിലായിരുന്ന ഷാനവാസ് മരിച്ചതോടെ ഒഴിവ് വന്ന സീറ്റില്‍കൂടിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് മോഹിച്ച് ഷാനവാസിന്റെ മകള്‍ തന്നെ രംഗത്ത് വന്നിരുന്നെങ്കിലും അവസാനവാക്കായ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ മത്സരിക്കാനെത്തിയെന്നതാണ് പ്രത്യേകത.

അങ്കത്തട്ടിൽ തുഷാറും

അങ്കത്തട്ടിൽ തുഷാറും

കഴിഞ്ഞ തവണ രണ്ടാംമൂഴത്തില്‍ ഷാനവാസിനെ നേരിടാനുണ്ടായിരുന്നത് ആദര്‍ശ രാഷ്ട്രീയത്തിന്റെ പക്ഷക്കാരനായി നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന സത്യന്‍ മൊകേരി. കടുത്ത മത്സരം കാഴ്ചവച്ച സത്യന്‍ മൊകേരി സ്വന്തമാക്കിയതാകട്ടെ, 356,165 വോട്ട്. ഷാനവാസ് നേടിയത് 377, 035 വോട്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പി.ആര്‍. രശ്മിനാഥ് 80,752 വോട്ടും നേടി. ഈ വോട്ടിന്റെ ബലത്തിലാണ് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇത്തവണ രാഹുലിനോട് ഏറ്റുമുട്ടാന്‍ രണ്ടും കല്‍പ്പിച്ച് തൃശൂര്‍ ഒഴിവാക്കി ചുരം കയറിയത്. ഈഴവ വോട്ടുകള്‍ക്കൊപ്പം ബി.ജെ.പി വോട്ടുകളും ചേരുന്നതോടെ രാഹുലിനെതിരേ പരമാവധി വോട്ട്നേടലാണ് തുഷാറിന്റെ കണക്ക്കൂട്ടല്‍.

കച്ച മുറുക്കി കോൺഗ്രസ്

കച്ച മുറുക്കി കോൺഗ്രസ്

പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍, റയില്‍വേ, ബംഗ്‌ളുരു ദേശീയ പാതയിലെ രാത്രികാല യാത്രാ നിരോധനം, മെഡിക്കല്‍ കോളജ് തുടങ്ങിയവയായിരുന്നു കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും തിരിച്ചും മറിച്ചും പ്രയോഗിച്ചിരുന്നതെങ്കില്‍ ഇതെല്ലാം ഇപ്പോഴും നിലനില്‍ക്കുന്ന വിഷയങ്ങള്‍ തന്നെയാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടത്. അന്ന് സര്‍ക്കാറിനെ നിയന്ത്രിച്ചിരുന്ന രാഹുല്‍ ഗാന്ധിയാണ് ഇന്ന് വയനാട്ടില്‍തന്നെ മത്സരിക്കാനെത്തിയിരുക്കുന്നത്.

സ്റ്റാർ വാല്യു കൂടും

സ്റ്റാർ വാല്യു കൂടും

എന്നാൽ രാഹുലെത്തിയതോടെ പ്രചാരണ രീതിയും വിഷയവും മാറും. അമേഠിയും വയനാടും താരതമ്യം പഠനത്തിന് വിധേയമാക്കിയാകും ഇടത് പക്ഷം രാഹുലിനെ പ്രതിരോധത്തിലാക്കുക. അമേഠിയിലെ വികസന മുരടിപ്പ് വയനാട്ടിലെ സംവാദങ്ങളിലും വരും നാളുകളിൽ ശക്തമായുയരും. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ഇമേജിൽ പരമാവധി വോട്ടുകൾ സ്വന്തമാക്കാനാകും യു.ഡി.എഫ് തന്ത്രം. രാഹുലിന്റെ സാന്നിധ്യത്തിൽ ഗ്രൂപ്പ് പോര് മറന്ന് കോൺഗ്രസ് പാർട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമെന്നതും മറ്റ് മണ്ഡലങ്ങളിലും ചലനമുണ്ടാക്കും.

ന്യൂനപക്ഷം സ്വാധീന ഘടകം

ന്യൂനപക്ഷം സ്വാധീന ഘടകം

ക്രൈസ്തവ സഭകളുടേയും ന്യൂനപക്ഷ സമുദായങ്ങളുടേയും സ്വാധീനം നിർണ്ണായകമായ മണ്ഡലമാണ് വയനാട്. ഈ ബലത്തിൽ കൂടിയാണ് വയനാട് യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായത്. എന്നാൽ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ വയനാടിന് കീഴിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമായിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, , കൽപ്പറ്റ, തിരുവമ്പാടി എന്നീ മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പമായി. വണ്ടുരിൽ ജയിച്ചതാകട്ടെ ഇടത് സ്വതന്ത്രനും. ബത്തേരി, ഏറനാട്, വണ്ടൂര് എന്നിവയാണ് നിലവിൽ കോൺഗ്രസിനൊപ്പമുള്ള നിയമസഭാ മണ്ഡലങ്ങൾ.

കണക്കിലെ ആശങ്ക

കണക്കിലെ ആശങ്ക

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ നേടിയത് 1,07,903 വോട്ടിന്റെ ഭൂരിപക്ഷം. എന്നാൽ തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി 1,09,108 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നിലെത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് നേടിയത് 20,870 വോട്ടിന്റെ ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ 19,053 വോട്ടായി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ തന്നെയാണ് ഇരു മണ്ഡലങ്ങളിൽ ഭാഗ്യപരീക്ഷണത്തിന് രാഹുൽ തയ്യാറാകുന്നതും!!

രാഹുല്‍ ഗാന്ധിയുടെ വിവിഐപി പ്രഭയില്‍ ലോകശ്രദ്ധ ആകർഷിച്ച് വയനാട്... പിന്മാറില്ല, ദേശീയ നേതാവിന് ചെക്ക് വിളിക്കാൻ പിപി സുനീർ... തുഷാർ വെള്ളാപ്പള്ളി വൻ കോമഡിയാകുമോ?? എന്തും സംഭവിക്കും വയനാട്ടിൽ? വൺഇന്ത്യ സ്പെഷൽ വിശകലനം!!

ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ? വൺഇന്ത്യ സ്പെഷൽ വിശകലനം!!

English summary
Lok Sabha Elections 2019: Amethi Lok Sabha constituency analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more