കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തും സംഭവിക്കാം, ആരും ജയിക്കാം.. തൃശ്ശൂരിൽ പോരാട്ടപ്പൂരം; 3 മുന്നണികൾക്കും പ്രതീക്ഷകളുടെ കുടമാറ്റം

  • By ബി. ആനന്ദ്
Google Oneindia Malayalam News

പൂരങ്ങളുടെ നാട്ടില്‍ പോരാട്ടപ്പൂരമാണ്. വലതുപക്ഷ സ്വഭാവമുള്ളതെന്ന പ്രതീതി പ്രകടിപ്പിക്കുന്ന മണ്ഡലത്തിന്റെ മനസ്സിലെപ്പോഴും ചാഞ്ചാട്ടം ദൃശ്യം.ഒരു മുന്നണിക്കും സുരക്ഷിതമല്ല പൂരങ്ങളുടെ മണ്ണ്. വലതുപക്ഷ മണ്ഡലമാണെന്ന ധാരണ പടര്‍ത്തുമ്പോഴും കോണ്‍ഗ്രസിനൊപ്പം നിന്നതിനേക്കാള്‍ മറുചേരിയെ പാര്‍ലമെന്റിലേക്ക് വിജയിപ്പിച്ച ചരിത്രമാണ് തൃശൂരിന് പറയാനുള്ളത്. 1951 മുതല്‍ ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളുടെ കണക്ക് നോക്കിയാല്‍ ആറു വട്ടം മാത്രമാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ജയിച്ചു കയറാനായത്.

<strong>ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ? വൺഇന്ത്യ സ്പെഷൽ വിശകലനം!!</strong>ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ? വൺഇന്ത്യ സ്പെഷൽ വിശകലനം!!

മണ്ഡലത്തിലെ 16 തെരഞ്ഞെടുപ്പുകളില്‍ രണ്ടു തവണ ഒഴികെ മറ്റെല്ലാ പ്രാവശ്യവും കോണ്‍ഗ്രസും സിപിഐയും തമ്മിലായിരുന്നു മത്സരം. ഇതില്‍ എട്ടു തവണയും വിജയിച്ചത് സിപിഐ തന്നെ. വി.വി. രാഘവനേയും സി.കെ. ചന്ദ്രപ്പനേയും കെ. എ. രാജനേയും പോലുള്ള പ്രഗത്ഭ സിപിഐ നേതാക്കള്‍ പല കാലങ്ങളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയിലെ രാജാജി മാത്യു തോമസും കോണ്‍ഗ്രസിലെ യുവനേതാവ് ടി.എന്‍. പ്രതാപനും ബിജെപി സ്ഥാനാര്‍ഥിയായി രാജ്യസഭാംഗവും എംപിയുമായ സുരേഷ് ഗോപിയുമാണ് ഏറ്റുമുട്ടുന്നത്.

തൃശൂരിന്റെ രാഷ്ട്രീയചരിത്രം

തൃശൂരിന്റെ രാഷ്ട്രീയചരിത്രം

ഗ്രൂപ്പ് പോര് എന്നും വിടാതെ പിന്‍തുടരുന്ന മണ്ഡലത്തില്‍ സാക്ഷാല്‍ കെ.കരുണാകരനും അദ്ദേഹത്തിന്റെ മകന്‍ കെ.മുരളീധരനും തൊട്ടടുത്ത മത്സരങ്ങളില്‍ കടപുഴകി വീണിട്ടുണ്ടെന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടുകളില്‍ ഒന്ന്. 1996ല്‍ വി.വി. രാഘവന്‍ കെ. കരുണാകരനെ 1480 വോട്ടുകള്‍ക്കായി പരാജയപ്പെടുത്തിയതെങ്കില്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ മകന്‍ കെ.മുരളീധരനെ 18,409 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. വലതുപക്ഷ സ്വഭാവമുള്ള മണ്ഡലത്തിലെ ഇടതു വിജയങ്ങള്‍ സാധ്യമാക്കിയതില്‍ പ്രധാന ഘടകങ്ങളില്‍ ഒന്നും കോണ്‍ഗ്രസിനെ വിടാതെ പിന്തുടര്‍ന്ന ഉള്‍പ്പാര്‍ട്ടി പോരാണെന്നത് പകല്‍ പോലെ വ്യക്തം. പതിനാറാം ലോകസഭയില്‍ സിപിഐയുടെ ഏക അംഗത്തെ പ്രദാനം ചെയ്ത തൃശൂരിലെ പോരാട്ടം സിപിഐയെ സംബന്ധിച്ചിടത്തോളം അഭിമാന മത്സരമാണ്.

കഴിഞ്ഞ തവണ ജയദേവൻ

കഴിഞ്ഞ തവണ ജയദേവൻ

അതുപോലെ തന്നെ കത്തോലിക്ക സഭയുടെ നിലപാടും സ്വാധീനതയും ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ഗണ്യമായി സ്വാധീനിക്കുന്നു.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മുന്നണികളൊക്കെ തന്നെ ഇക്കാര്യം മനസ്സില്‍ വെയ്ക്കാറുമുണ്ട്. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, നാട്ടിക, മണലൂര്‍ എന്നി ഏഴ് മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഒഴികെയുള്ള എല്ലാ നിയമസഭ മണ്ഡലങ്ങളിലും ലീഡ് നേടിയത് ഇടതു മുന്നണിയാണ്. സിപിഐ നേതാവ് സി.എന്‍. ജയദേവന്‍ കോണ്‍ഗ്രസിലെ കെ.പി. ധനപാലനെ 38,227 വോട്ടുകള്‍ക്കാണ് അന്നു പരാജയപ്പെടുത്തിയത്. ഇത്തവണ സീറ്റ് ലഭിക്കാതെ പോയതിലുള്ള അനിഷ്ടം സിറ്റിംഗ് എംപി സി.എന്‍. ജയദേവന്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2014ലെ കണക്കുകൾ ഇങ്ങനെ

2014ലെ കണക്കുകൾ ഇങ്ങനെ

സി.എന്‍. ജയദേവന്‍ 3,89,209 വോട്ടുകള്‍ നേടിയപ്പോള്‍ കെ.പി. ധനപാലന്‍ 3,50,982 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി കെ.പി. ശ്രീശനാവട്ടെ 1,02,681 വോട്ടുകളും.ആം ആദ്മി സ്ഥാനാര്‍ഥിയായി അന്ന് മത്സര രംഗത്ത് ഇറങ്ങിയ എഴുത്തുകാരി സാറ ജോസഫ് 44,638 വോട്ടുകള്‍ നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പായപ്പോള്‍ ഏഴ് മണ്ഡലങ്ങളും എല്‍ഡിഎഫ് കൈപ്പിടിയിലൊതുക്കി. ഏഴിടത്തും കൂടി 1,22,624 വോട്ടുകളുടെ ഭൂരിപക്ഷം. ഇങ്ങനെ നോക്കിയാല്‍ മണ്ഡലത്തിലെ കണക്കുകളെല്ലാം ഇടതു മുന്നണിക്ക് ഗുണകരമാണ്. ഇക്കുറി മണ്ഡലത്തില്‍ ഒട്ടാകെ 12,93,744 വോട്ടര്‍മാരാണ് ഉള്ളത്. 6,71,984 സ്ത്രീ വോട്ടര്‍മാര്‍. 6,21,748 പരുഷവോട്ടര്‍മാരും. 12 ട്രാന്‍സ്ജന്‍ഡര്‍മാരും.

രാജാജി മാത്യു തോമസ് സ്വീകാര്യൻ

രാജാജി മാത്യു തോമസ് സ്വീകാര്യൻ

സിപിഐയുടെ സിറ്റിങ് സീറ്റായ തൃശ്ശൂരിൽ ഇത്തവണയും വിജയത്തില്‍ കുറഞ്ഞൊന്നും അവര്‍ക്ക് ചിന്തിക്കാനാവില്ല. പക്ഷെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച സമയത്ത് തന്നെ ആ പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളും മറനീക്കി പുറത്ത് വന്നിരുന്നു. അതേസമയം അഞ്ചു വര്‍ഷക്കാലം എംഎല്‍എയായി പ്രവര്‍ത്തിയ്ക്കുകയും തൃശൂരിലാകെതന്നെ വിപുലമായ ബന്ധങ്ങളുള്ള സൗമ്യനും ആകെ സമുഹത്തിന് സ്വീകാര്യനുമായ രാജാജി മാത്യു തോമസിന്റെ വിജയത്തില്‍ സിപിഐക്ക് വലിയ ആത്മവിശ്വാസമാണുള്ളത്. കത്തോലിക്ക സഭയ്ക്കടക്കം രാജാജി മാത്യു തോമസ് സ്വീകാര്യനാണെന്നും ഇടതു മുന്നണി വിലയിരുത്തുന്നു. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിയ വ്യക്തി. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം. വി.വി. രാഘവനിലൂടെ കെ. കരുണാകരനെപോലുള്ള മഹാരഥന്മാരെ പരാജയപ്പെടുത്താനായിട്ടുള്ള തങ്ങള്‍ക്ക് ഇപ്പോഴത്തെ പോര് അത്ര വലിയ വെല്ലുവിളിയൊന്നുമല്ലെന്നും അവര്‍ കരുതുന്നു.

ടി.എന്‍. പ്രതാപൻ - കോൺഗ്രസിന്റെ പ്രതീക്ഷ

ടി.എന്‍. പ്രതാപൻ - കോൺഗ്രസിന്റെ പ്രതീക്ഷ

ടി.എന്‍. പ്രതാപനെന്ന ഊര്‍ജ്വസ്വലനായ യുവ നേതാവില്‍ കോണ്‍ഗ്രസും യുഡിഎഫും വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ്. മണ്ഡലത്തില്‍ മുഖവുരയൊന്നും ആവശ്യമില്ലാത്ത വ്യക്തിത്വം. എല്ലാവര്‍ക്കും സ്വീകാര്യന്‍. 15 വര്‍ഷക്കാലം എംഎല്‍എ ആയി പ്രവര്‍ത്തിച്ചു. എ.കെ. ആന്റണി ശിഷ്യന്‍ എന്നനിലയില്‍ ആദര്‍ശ പരിവേഷം. തെരഞ്ഞെടുപ്പ് വിജയത്തിനാവശ്യമായ എല്ലാ ചേരുവകളും ഈ വ്യക്തിത്വത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. പതിവു പടലപ്പിണക്കങ്ങളൊന്നും പ്രതാപന്റെ പേര് പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിലുണ്ടായില്ല. ജില്ലയിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ വിരളമായേ ഉണ്ടായിട്ടുള്ളു. പ്രതാപിനിലൂടെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്നാണ് യുഡിഎഫിന്റെ ചിന്ത. മണ്ഡലത്തിലെ ജാതി സമവാക്യങ്ങളില്‍ മറ്റൊരു തരത്തില്‍ അനുരണനം സൃഷ്ടിക്കാന്‍ പ്രതാപനാകും.

സുരേഷ് ഗോപിക്ക് നറുക്ക്

സുരേഷ് ഗോപിക്ക് നറുക്ക്

ബിജെപി ഏറ്റവും അധികം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ബിഡിജെഎസിനു നല്‍കിയ മണ്ഡലത്തില്‍ അവരുടെ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ സാഹചര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് തുഷാറിനെ വയനാട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് സുരേഷ് ഗോപിക്ക് നറുക്ക് വീണത്. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ താരപരിവേഷം കൈമുതലായ സുരേഷ് ഗോപി ഏറ്റവും ഒടുവിലാണ് സ്ഥാനാര്‍ഥിയായെത്തിയത്. രാജാജി മാത്യു തോമസിനെ പോലുള്ളവര്‍ മൂന്നുവട്ടം പ്രചാരണം പൂര്‍ത്തിയാക്കിയപ്പോള്‍ എത്തിയ സുരേഷ് ഗോപിക്ക് ഓട്ടം പൂര്‍ത്തിയാക്കാന്‍ ഏറെ പരിശ്രമിക്കേണ്ടിവരും. എന്നാല്‍ സുരേഷ് ഗോപിയിലൂടെ ഏറെ കണക്ക് കൂട്ടുകയാണ് ബിജെപിയും എന്‍ഡിഎയും.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

വയനാട്ടിലേക്കുള്ള രാഹുലിന്റെ വരവോടെ ദേശീയ രാഷ്ട്രീയത്തെ ചുറ്റിപറ്റിയുള്ള കാറ്റ് പ്രചാരണത്തില്‍ ആഞ്ഞുവീശുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, എംപിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സമഗ്രമായ വിലയിരുത്തലും ചര്‍ച്ചകളും എല്ലായിടത്തും നടക്കുന്നുണ്ട്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍, ആലത്തൂര്‍ സ്ഥാാനാര്‍ഥിയെ കുറിച്ചുള്ള എല്‍ഡിഎഫ് കണ്‍വീനറുടെ വിവാദ പരാമര്‍ശം തുടങ്ങി നിരവധി വിഷയങ്ങള്‍ പ്രചാരണത്തിന് ആയുധമാക്കുന്നു. പ്രതിനിമിഷം നിലപാടുകള്‍ മാറുന്ന മണ്ഡലത്തില്‍ സാമുദായിക ഘടകങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചര്‍ച്ച് ബില്ല്, ന്യൂനപക്ഷ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനം തുടങ്ങിയവയും ചര്‍ച്ച ചെയ്യപ്പെടുന്നു. എല്ലാ മുന്നണികള്‍ക്കുമുണ്ട് അവരവരുടെ പ്രതീക്ഷയുടെ ഗ്രാഫുകള്‍. പ്രത്യാശയുടെ കണക്കുകള്‍. വിജയത്തെ സ്വന്തം സഞ്ചാരപഥത്തിലേക്ക് എത്തിയ്ക്കാന്‍ അവയ്ക്കാകുമോയെന്ന് കാത്തിരുന്ന് കാണാം.

Read Also: തൃശ്ശൂർ ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം...

English summary
Lok Sabha Elections 2019: Thrissur Lok Sabha constituency analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X