• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാടകാന്തം രാഹുൽ ഗാന്ധിയും മുരളീധരനും... വയനാട്ടിലും വടകരയും അണിയറയിൽ തീരുമാനമായത് ഇങ്ങനെയാണ്!

  • By കെ.കെ.ആദർശ്

രാഹുല്‍ വയനാട്ടിലേക്ക് വരുമോ എന്ന ചോദ്യത്തിന് അവസാനം ഉത്തരമായിരിക്കുന്നു. രാഹുല്‍ ഗാന്ധി വരുമോ ഇല്ലയോ എന്ന് വയനാട്ടുകാര്‍ മാത്രമല്ല കേരളം മുഴുക്കെ ചോദിച്ച് തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ആ പ്രഖ്യാപനമുണ്ടായത്. രാഹുലിന് വയനാട്ടിലേക്കുള്ള ക്ഷണത്തിന് തുടക്കമിട്ടത് ഉമ്മൻ ചാണ്ടിയായിരുന്നെങ്കിലും പ്രഖ്യാപനത്തിനുള്ള അവസരമൊത്ത് കിട്ടിയത് എ.കെ.ആന്റണിയ്ക്കാണ്.

കാശി പഴയ കാശിയല്ല!! വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതിയോഗി പ്രിയങ്ക ഗാന്ധിയോ? കെജ്രിവാളല്ല പ്രിയങ്ക.. ഇത്തവണ കാശിനാഥന്റെ തട്ടകത്തിൽ മത്സരം പൊടിപാറും! വൺഇന്ത്യ സ്പെഷൽ വിശകലനം!!

രാഹുല്‍ വരുന്നെന്ന വാര്‍ത്തയറിയിക്കാന്‍ ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ ആദ്യമെത്താനുള്ള മത്സരത്തിലായിരുന്നു ഗ്രൂപ്പ് നേതാക്കളെങ്കില്‍ തീരുമാനം നീണ്ടതോടെ 'എനിക്കൊന്നും ഓര്‍മയില്ലേ'യെന്ന ഭാവത്തിലേക്ക് മാറിയിരുന്നു. ഇടനെഞ്ച് തകര്‍ന്നാണെങ്കിലും മുഖത്ത് ചിരിപടര്‍ത്തി രാഹുലിനായി സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നുവെന്ന് അറിയിച്ച നിയുക്ത സ്ഥാനാര്‍ത്ഥിയും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലെത്തി ദിവസങ്ങളായപ്പോഴാണ് ആ പ്രഖ്യാപനമുണ്ടായത്...

അനിശ്ചിത്വത്തില്‍ നിര്‍ത്തി രാഹുൽ

അനിശ്ചിത്വത്തില്‍ നിര്‍ത്തി രാഹുൽ

ഇന്ത്യ ഭരിക്കാന്‍ കൊണ്ടുപിടിച്ചിറങ്ങിയ കോണ്‍ഗ്രസ്പാര്‍ട്ടിയുടെ തിരുവായയ്ക്ക് എതിര്‍വായയില്ലാത്ത നേതാവാണ് രാഹുല്‍. അതായത് ഈ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയായി അരിയിട്ട് വാഴിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാക്കി നിര്‍ത്തിയ നേതാവ്. രാഹുലിന് അതുകൊണ്ട് തന്നെ രാജ്യത്തെ ഏത് മണ്ഡലത്തില്‍നിന്ന് വേണമെങ്കിലും മത്സരിക്കാം. മറ്റുള്ളവര്‍ക്ക് മത്സരിക്കാനുള്ള സീറ്റിന് അംഗീകാരം നല്‍കുന്നത് രാഹുലാണ്. രാഹുലിന് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഏത് കൊലകൊമ്പന്‍ നേതാവാണെങ്കിലും സീറ്റ് ഒഴിഞ്ഞുകൊടുക്കുമെന്നും ഉറപ്പാണ്. എന്നിട്ടും ആഴ്ച ഒന്നിലേറെയായി യെസ്/ നോ മൊഴിയാതെ രാഹുല്‍ വയനാടിനെ അനിശ്ചിത്വത്തില്‍ നിര്‍ത്തിയതെന്താണെന്നാണ് ചോദ്യം.

ഒന്നൊന്നര ക്ഷണം

ഒന്നൊന്നര ക്ഷണം

ഇക്കഴിഞ്ഞ 23ന് രാവിലെയാണ് രാഹുലിനെ വയനാട്ടിലേക്ക് അപ്രതീക്ഷിതമായി ക്ഷണിച്ച് ഉമ്മന്‍ചാണ്ടി രംഗത്ത്‌വന്നത്. അതോടെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ചാനലുകളില്‍ ബ്രേക്കിംഗ്. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചാനല്‍പടയ്ക്ക് മുന്നിലെത്തി, ഡല്‍ഹയില്‍വച്ച് രാഹുലിനോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും അതുകൊണ്ട് തന്നെ ആദ്യം ക്ഷണിച്ചത് താനാണെന്നും വ്യക്തമാക്കി രംഗത്ത്‌വന്നു. അതോടെ രാഹുല്‍ വയനാട്ടില്‍തന്നെയെന്ന് മാലോകരെല്ലാം ഉറപ്പിക്കുകയും ചെയ്തു. ഇതോടെ ദേശീയ മാധ്യമങ്ങളിലും വയനാട് നിറഞ്ഞു.

കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി

കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി

ദേശീയ രാഷ്ട്രീയത്തില്‍ അത്രമേല്‍ സ്വാധീനമുണ്ടായിട്ടും എന്തുകൊണ്ട് കേരളത്തില്‍നിന്ന് ഒരു പ്രധാനമന്ത്രിയോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ ഉണ്ടാകുന്നില്ലെന്ന് ആവർത്തിച്ച് ചോദിക്കുന്ന ഉത്തരേന്ത്യന്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്കൊരു മറുപടിയായെന്നതില്‍ ഡൽഹിയിലെ മാധ്യമപ്രവര്‍ത്തകരും സന്തോഷിച്ചു. അതോടെ പ്രാദേശികവും ദേശീയവുമായി മാധ്യമങ്ങളെല്ലാം ഒന്നിച്ചണിചേര്‍ന്ന് രാഹുലിന്റെ വയനാടന്‍ വരവ് ആഘോഷമാക്കി. രാഹുലെത്തിയാല്‍ തങ്ങളുടെ ദുരിത ജീവിതവും ചാനലുകള്‍ നിറഞ്ഞേക്കാമെന്നും അതുവഴി രക്ഷാ മാര്‍ഗം തുറന്നേക്കുമെന്നുമൊക്കെ വയനാട്ടിലെ ആദിവാസികള്‍ അടക്കമുള്ള പട്ടിണിപാവങ്ങളും നിനച്ചു.

ഉയർന്ന് താഴ്ന്ന ആവേശ ഗ്രാഫ്

ഉയർന്ന് താഴ്ന്ന ആവേശ ഗ്രാഫ്

നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞ ക്ഷണിച്ചതോടെ അണികളും ഗ്രൂപ്പ് തിരിഞ്ഞ് തന്നെ ആവേശം വാനോളമുയര്‍ത്തി. ഉത്തരേന്ത്യയില്‍നിന്ന് രാഹുലെത്തിയാല്‍ നല്‍കാനായി കരിക്ക്‌വീഴ്ത്താന്‍ തെങ്ങില്‍ കയറുന്നവര്‍ മുതല്‍ രാഹുലിന്റെ പേര് ചേര്‍ത്ത് ചുമരെഴുതുന്നവര്‍ വരെ ചാനലുകളിൽ നിറഞ്ഞു. പാണക്കാട് കൊടപ്പനയ്ക്കല്‍ തറവാട്ടില്‍നിന്ന് അനുഗ്രഹമേറ്റുവാങ്ങി ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥി ടി. സിദ്ധിഖ് മനസിലെ ദു:ഖം മറച്ച് വെളുക്കെ ചിരിച്ച് ആവേശത്തിന് അലകള്‍ തീര്‍ക്കാൻ മുമ്പിൽ നിന്നു. വയനാടിന് പുറത്ത് അധികാരുമറിഞ്ഞിട്ടില്ലാത്ത സി.പി.ഐയുടെ സ്ഥാനാര്‍ത്ഥി സുനീറാകട്ടെ അത്ഭുതപരതന്ത്രനുമായി. രാഹുലിനെതിരേ മത്സരിച്ച മുഖ്യ സ്ഥാനാര്‍ത്ഥിയാരെന്നതിന് ചരിത്രം രേഖപ്പെടുത്തിയ പേരായി മാറുന്നതിലായിരുന്നു സുനീറിന്റെ ആവേശം.

സുനീറിന് ലോട്ടറി

സുനീറിന് ലോട്ടറി

യു.ഡി.എഫിന്റെ ഉറച്ച സീറ്റായ വയനാട്ടില്‍ നേര്‍ച്ചകോഴിയായി മാറുമെന്ന് ഉറപ്പായിട്ടും മത്സര രംഗത്തിറങ്ങിയ സുനീറിന് ഓര്‍ക്കാപ്പുറത്ത് ലഭിച്ച പ്രാധാന്യമായി രാഹുലിന്റെ വരവറിയിച്ചുള്ള കാഹളം. ആദ്യഘട്ടത്തിലെ ആവേശം രണ്ട് മൂന്ന് ദിനം കഴിഞ്ഞതോടെ ചോര്‍ന്ന് തുടങ്ങി. തീരുമാനം ഇന്നുണ്ടാകുമെന്ന് വലിയ വായില്‍ വിളിച്ചുപറഞ്ഞ ചാനല്‍ റിപ്പോര്‍ട്ടര്‍മാരും വിശകലനം എഴുതി തളര്‍ന്ന പത്ര റിപ്പോര്‍ട്ടര്‍മാരും എപ്പോഴാകും തീരുമാനമെന്നറിയാതെ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നു. രാത്രി വൈകി പുറത്തിറങ്ങുന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തപ്പിയെടുത്ത് പരിശോധിച്ചിട്ടും വയനാട് മാത്രമില്ല; ഒപ്പം തൊട്ടടുത്ത വടകരയുമില്ല. ഒരാഴ്ചയ്ക്കകം പതിനേഴ് പട്ടിക ഇറക്കി 305 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും വടകരയിലും വയനാട്ടിലും അനിശ്ചിതത്വം നീങ്ങിയില്ല. കേരളത്തില്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ നാലിന് അവസാനിക്കാനിരിക്കെയാണ് ഈ അനിശ്ചിതത്വം നീണ്ടു പോയതെന്നുമോർക്കണം.

പാളിപ്പോയ തിരക്കഥ

പാളിപ്പോയ തിരക്കഥ

ബി.ജെ.പി പിടിമുറുക്കിയതോടെ അമേഠിയില്‍ നില ഭദ്രമല്ലെന്ന തിരിച്ചറിവിലാണ് സുരക്ഷിത മണ്ഡലം തേടി രാഹുല്‍ വയനാട്ടിലേക്ക് കണ്ണ് വച്ചത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ സ്വന്തം നിലയ്ക്ക് ചാടി പിടിച്ച് വയനാട്ടിലേക്ക് വണ്ടികയറുന്നതിലെ പോരായ്മ പരിഹരിക്കാനാണ് തിരക്കഥ തയ്യാറാക്കിയത്. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഒരേ താളത്തില്‍ ഉയരണം. ആവശ്യം 'ശക്തമാണെന്ന്' സ്വയം ബോധ്യപ്പെട്ട് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനമെടുക്കും. ഈ തിരക്കഥയ്ക്കൊത്ത് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്ന് ആവശ്യമുന്നയിക്കപ്പെട്ടു. അടുത്ത ഊഴമെത്തിയതോടെ കേരളത്തില്‍നിന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ മുറവിളി ഉയര്‍ന്നതോടെ ദേശീയ തലത്തില്‍ വരെ ശ്രദ്ധയെത്തി.

അമേഠിയിൽ തോൽക്കുമെന്ന് പേടിച്ച്

അമേഠിയിൽ തോൽക്കുമെന്ന് പേടിച്ച്

അമേഠിയിൽ തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വച്ചുപിടിച്ചതെന്നായി ബി.ജെ.പി.. പരിഹാസം ചൊരിഞ്ഞ് അമേഠിയിലെ എതിർ സ്ഥാനാർത്ഥി സ്മൃതി ഇറാനിയും മാധ്യമങ്ങളിൽ നിറഞ്ഞു. ഇതോടെ കാര്യങ്ങളത്രയും കൈവിട്ടുംപോയി. തീരുമാനമെടുക്കാനാവാതെ രാഹുല്‍ ഒരാഴ്ചയായി കുഴങ്ങി. ദിവസങ്ങള്‍ നീണ്ടതോടെ ഇടതുപക്ഷവും സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങി. രാജ്യത്ത് വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ലഭിക്കുന്ന സീറ്റില്‍ മാത്രമാണ് പ്രതീക്ഷ. ശക്തി കേന്ദ്രങ്ങളായിരുന്ന ബംഗാളും ത്രിപുരയും കൈവിട്ടു. രാഹുലെത്തിയാല്‍, വിവിധ ഘടകങ്ങളാൽ, ആടി നില്‍ക്കുന്ന കേരളത്തിന്റെ കാര്യത്തിലും തീരുമാനമാകും.

തിരിച്ചടി ഇടത് പക്ഷത്തിന്

തിരിച്ചടി ഇടത് പക്ഷത്തിന്

ഇതോടെ പാര്‍ലമെന്റില്‍ നിലവിലുള്ള ഒന്‍പതെന്ന സംഖ്യപോലും തികയ്ക്കാനാവാത്ത സാഹചര്യമാകും. പ്രധാനമന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ഭീഷണി. തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പുള്ള രാഹുലാകട്ടെ പ്രതിപക്ഷ നിരയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ ഭീഷണിയില്‍ രാഹുല്‍ തളര്‍ന്നു; ഇതോടെ തീരുമാനം നീണ്ടു. എന്നാലൊടുവിൽ വയനാട്ടിൽ മത്സരിക്കാൻ രാഹുൽ തീരുമാനിച്ചതോടെ സി.പി.എമ്മാകട്ടെ മായാവതിയെ മുൻനിർത്തി കോൺഗ്രസിതര മൂന്നാം മുന്നണിക്കായുള്ള നീക്കവും തുടങ്ങി.

യു.ഡി.എഫ് ക്യാമ്പിലെ ആശങ്ക

യു.ഡി.എഫ് ക്യാമ്പിലെ ആശങ്ക

കേരളത്തിലാണെങ്കില്‍ ഓരോ ദിനം കഴിയുംതോറും യു.ഡി.എഫ് ക്യാമ്പില്‍ ആശങ്കയുടെ നിരപ്പുയരുകയായിരുന്നു. സുരക്ഷിത സീറ്റായ വയനാട് പോലും കൈവിട്ടുപോകുമോയെന്ന ആധി പെരുകി. ആവേശം വാനോളമുയര്‍ത്തിയ പ്രവര്‍ത്തകര്‍ നിരാശയിലാണ്ടു. രാഹുല്‍ വരുമെന്നറിയിക്കാന്‍ മത്സരിച്ച ഗ്രൂപ്പ് നേതാക്കളോടായി പ്രവര്‍ത്തകരുടെ ചോദ്യം. ഒന്നും ഓര്‍ക്കുന്നില്ലെന്ന മറുപടി പറഞ്ഞ് തടികേടാകാതെ ഉള്‍വലിയേണ്ട അവസ്ഥയിലായി നേതാക്കള്‍. ഇനിയേതായാലും രാഹുല്‍ വരില്ലെന്ന് ഇതിനിടെ വാർത്ത വന്നതോടെ നേരത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടിരുന്ന ടി.സിദ്ധിഖിന് പ്രതീക്ഷയുണര്‍ന്നു. എന്നാല്‍ പിറ്റേ ദിവസം ഇതേ ചാനലുകാര്‍ തന്നെ രാഹുല്‍ വന്നേക്കുമെന്ന് വാര്‍ത്തയടിച്ചതോടെ പ്രതീക്ഷയുടെ ചിറക് വീണ്ടുമറ്റു.

സിദ്ദിഖ് പിടിച്ച പുലിവാല്

സിദ്ദിഖ് പിടിച്ച പുലിവാല്

അതിനിടെ രാഹുൽ വരാൻ സാധ്യതയില്ലെന്നും താന്‍ തന്നെ മത്സരിച്ച് എം.പിയാകുമെന്നുമുള്ള മനസിലിരിപ്പ് ഒരു മാധ്യമപ്രവര്‍ത്തകനോട് തുറന്ന് പറഞ്ഞത് വാര്‍ത്തയായതോടെ വീണ്ടും പൊല്ലാപ്പായി. രാഹുല്‍ മത്സരിച്ചാലും അമേഠി നിലനിര്‍ത്തി വയനാട് ഒഴിയുമെന്നും അപ്പോള്‍ കയറി മത്സരിക്കാനുള്ള സാധ്യത മനസില്‍വച്ചുമാണ് സിദ്ധിഖിന്റെ പിൻമാറ്റം. രാഹുലിന് വേണ്ടി ഒഴിഞ്ഞുകൊടുത്ത ത്യാഗത്തിന്റെ പേരില്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയാല്‍ ഹൈക്കമാന്റ് കാര്യമായി അനുഗ്രഹിക്കുമെന്നുള്ള പ്രതീക്ഷയിലാണ് സിദ്ധിഖ്. എന്നാല്‍ പത്രവാര്‍ത്തയെങ്ങാനും എതിര്‍ഗ്രൂപ്പുകാര്‍ തര്‍ജ്ജമ ചെയ്ത് ഹൈക്കമാന്റിലെത്തിച്ചാല്‍ പണി പാളുമെന്നതിലായി സിദ്ധിഖിന്റെ ഇപ്പോഴത്തെ ആധി.

മടുപ്പിന്റെ രാഷ്ട്രീയം

മടുപ്പിന്റെ രാഷ്ട്രീയം

ഇന്നുവരും നാളെവരുമെന്നും പറഞ്ഞ് വാര്‍ത്ത തയ്യാറാക്കികൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മടുത്തു തുടങ്ങിയിരുന്നു. ഇതിനിടെ ഡല്‍ഹിയ്ക്ക് വിളിച്ച് പ്രാദേശിക നേതാക്കളോട്, രാഹുല്‍ മത്സരിക്കുമെന്ന് ഹൈക്കമാന്റ് പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു മറുചോദ്യം. അത് ശരിയാണല്ലോയെന്ന് മനസില്‍ പറഞ്ഞ് ഫോണ്‍ വച്ചപ്പോഴാണ് മുറുകിയ കരുക്കിന്റെ കരുത്ത് നേതാവ് തിരിച്ചറിഞ്ഞതെത്രേ. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ഇക്കാര്യത്തില്‍ ഒരു വിവരവുമില്ലാത്ത സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സോഴ്‌സില്‍നിന്ന് കൃത്യമായ വിവരങ്ങളും ലഭ്യമല്ലാതായി. പിന്നെയെല്ലാം വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടിലുമായി... ഈ പാട്ടത്രയും ഏറ്റു പാടി പ്രാദേശിക നേതൃത്വവും താടിയ്ക്ക് കൈയും കൊടുത്ത് ഇരുപ്പുമായി. അവസാനം രാഹുൽ വന്നതോടെയാണ് ഇവർക്കൊക്കെയും ആശ്വാസമായത്.

കുരുക്കായത് ഗ്രൂപ്പ് പോര്

കുരുക്കായത് ഗ്രൂപ്പ് പോര്

സംസ്ഥാന ഘടകങ്ങളില്‍ കരുത്താര്‍ജിച്ച് ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനായിരുന്നു രാഹുല്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചതെങ്കില്‍ ഗ്രൂപ്പുകള്‍ രാഹുലിനെ കുരുക്കിലാക്കുന്ന അവസ്ഥയിലെത്തുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് രാഹുല്‍ പറഞ്ഞ നേതാക്കളെ തന്നെ മത്സരിപ്പിച്ചാണ് ഉമ്മന്‍ചാണ്ടി പരിഹസിച്ചത്. ഒന്നുംചെയ്യാനാവാതെ രാഹുല്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക്മുന്നില്‍ വിരണ്ടു നിന്നു. ഇത്തവണയും ഗ്രൂപ്പ് വീതം വച്ച് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോഴും രാഹുലിൽ നിശബ്ദ കാഴ്ചക്കാരനായി. ഈ സാഹചര്യത്തില്‍ തന്നെയാണ് പതിയെ ക്ഷണിക്കാന്‍ പറഞ്ഞിട്ടും ഉറക്കെ അലറിവിളിച്ച് ദേശീയ ശ്രദ്ധയിലേക്ക് തന്റെ സ്ഥാനാര്‍ത്ഥിത്വം ഗ്രൂപ്പ് നേതാക്കള്‍ കൊണ്ടുവന്നതെന്നതിലെ അരിശവും രാഹുൽ ഉള്ളിലൊതുക്കുന്നത്. അതുകൊണ്ട് തന്നെ അനിശ്ചിതത്വത്തിനുള്ള മറുപടി ഗ്രൂപ്പ് നേതാക്കള്‍ തന്നെപറയട്ടെയെന്ന മട്ടിലായി രാഹുലിന്റെ നീക്കം.

കണക്കിലെ കളികൾ ഇങ്ങനെ

കണക്കിലെ കളികൾ ഇങ്ങനെ

ഗ്രൂപ്പ് വീതംവയ്പ്പിൽ നഷ്ടക്കണക്കിൽ വേവലാതിപ്പെട്ടവർ നാട്ടിലെത്തി മറു ഗ്രൂപ്പിലെ സ്ഥാനാർത്ഥിയ്ക്ക് പാര പണിയാനാണ് ആദ്യ യോഗം ചേർന്നത്. ഇതോടെ സംസ്ഥാനത്ത് ഇടക്കാലത്ത് ഒതുങ്ങിയിരുന്ന ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിൽ വീണ്ടും തലപൊക്കി രൂക്ഷമായി. എതിർ മുന്നണിയിലെ സ്ഥാനാർത്ഥിയെ ശ്രദ്ധിക്കാതെ സ്വന്തം പക്ഷത്തെ മര്യ ഗ്രൂപ്പ് സ്ഥാനാർത്ഥിയുടെ പരാജയത്തിനായി തുടക്കത്തിലേ ചരട് വലി. ഇതിനിടയിൽ രാഹുൽ വയനാട്ടിലേക്കെത്തുന്നുവെന്ന വാർത്ത പരന്നതോടെ പരസ്യ ഗ്രൂപ്പ് പോര് തെല്ലൊന്ന് ഒതുങ്ങിയിട്ടുണ്ട്. ഇനിയെങ്ങാനും രാഹുൽ വരുന്നില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിൽ ഗ്രൂപ്പ് പോര് പൂർവ്വാധികം ശക്തമാകുമെന്നതിൽ നേതാക്കൾക്കൊട്ടുമില്ലായിരുന്നു സംശയം. ചുമ്മാതല്ല ഇടതുപക്ഷം രാഹുൽ വയനാട്ടിലേക്ക് കടക്കാതിരിക്കാൻ പതിനെട്ടടവും പയറ്റിയത്..!

വേണുഗോപാലിന്റെ പ്രതികാരം

വേണുഗോപാലിന്റെ പ്രതികാരം

രാഹുലിന്റെ ഗുഡ് ബുക്കില്‍ തന്ത്രപൂര്‍വ്വം ഇടംനേടി സംഘടനാ സെക്രട്ടറിയെന്ന സുപ്രധാന ചുമതലയിലെത്തിയ കെ.സി വേണുഗോപാലിനുമിത് മധുര പ്രതികരമായി. മറ്റ് സംസ്ഥാന ഘടകങ്ങളൊക്കെയും അംഗീകരിച്ചിട്ടും സംസ്ഥാനത്തെ ഗ്രൂപ്പ് നേതാക്കള്‍ തന്നെ അവഗണിക്കുന്നതില്‍ വേണുഗോപാലിന് അരിശമേറെയുണ്ട്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒപ്പുവെയ്‌ക്കേണ്ട തന്നോട് പറയാതെ, സംസ്ഥാനത്ത് വച്ച് ഗ്രൂപ്പ് നേതാക്കള്‍ തീരുമാനത്തിലെത്തി വടകര, വയനാട് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാച്ചതിനുള്ള പ്രതികാരം കൂടിയായി ഇത്.

വയനാടിനും വടകരയ്ക്കും കയ്യാലപ്പുറത്ത്

വയനാടിനും വടകരയ്ക്കും കയ്യാലപ്പുറത്ത്

പതിനേഴ് പട്ടിക പുറത്തിറക്കി 305 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടും വയനാടിനും വടകരയ്ക്കും ഇടം നല്‍കാതെ അനിശ്ചിതത്വത്തിലാക്കി വേണുഗോപാല്‍ തന്റെ വില എത്രമേലാണെന്ന് ഗ്രൂപ്പ് നേതാക്കളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതോടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വയനാടിനൊപ്പം വടകരയും അനിശ്ചിതത്വത്തിലായി. അവസാനം രാഹുലിനെ വയനാട്ടിൽ പ്രഖ്യാപിച്ച് കഴിഞ്ഞ ശേഷമാണ് വടകരയിൽ മുരളീധരന്റെ പേരെഴുതി ചേർത്ത് പട്ടിക പുറത്തിറങ്ങിയത്. മുരളീധരന്റെ പിതാവും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനുമായ കെ.കരുണാകരനാണ് കെ.സി.വേണുഗോപാലിനെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയർത്തിയത്.

വേണുഗോപാൽ എന്ന സംഘടനാ സെക്രട്ടറി

വേണുഗോപാൽ എന്ന സംഘടനാ സെക്രട്ടറി

മുരളീധരനുമായി അക്കാലത്ത് അടുത്ത ബന്ധം പുലർത്തിയ വേണുഗോപാലിനെ ഗ്രൂപ്പിന്റെ അക്കൗണ്ടിൽ കരുണാകരൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വരെയാക്കി. രാഷ്ട്രീയ വേലിയേറ്റത്തിൽ കരുണാകരനും മുരളീധരനും കാലൊന്നിട്ടിയപ്പോഴേക്കും വേണുഗോപാൽ വളർന്നു. എം.പിയായി ഡൽഹിയിലെത്തി ഹൈക്കമാന്റിന്റെ മനം കവർന്നു. കോൺഗ്രസ് തലമുറ മാറ്റത്തിൽ രാഹുൽ ബ്രിഗേഡിൽ മുൻനിരയിലായി സ്ഥാനം. പാർലമെന്റിൽ രാഹുലിന് സമീപത്തായി ഇരിപ്പ്; ഒപ്പമായി നടപ്പ്. ഇതോടെ മറ്റ് മുതിർന്ന നേതാക്കളെ വെട്ടി സുപ്രധാന ചുമതലയായ സംഘടനാ സെക്രട്ടറി സ്ഥാനം കൈപ്പിടിയിലൊതുക്കി.

വടകരയിൽ മുരളീധരൻ

വടകരയിൽ മുരളീധരൻ

വടകരയിൽ ജയിച്ച് മുരളിധരനെങ്ങാനും രാജ്യ തലസ്ഥാനത്തെത്തിയാൽ തനിക്ക് പാരയാകുമോയെന്ന ആധി ഇപ്പഴേ പെരുകിയ അവസ്ഥയിലാണ് വേണുഗോപാൽ. നിലവിൽ രമേശ് ചെന്നിത്തല കഴിഞ്ഞാൽ ഐ ഗ്രൂപ്പിൽ രണ്ടാമനാണ് വേണുഗോപാൽ. മുരളീധരൻ ദില്ലിയിൽ പിടിമുറുക്കിയാൽ തന്റെ ഗ്രൂപ്പ് പിടിയും അഴിയുമെന്ന ആശങ്കയും വേണുഗോപാലിനുണ്ട്. അതിനൊത്ത് വടകരയിൽ അനിശ്ചിതത്വം നീളുകയും ചെയ്തു. ഇനിയെങ്ങാനും മുരളീധരൻ ജയിച്ചെത്തിയാൽ മറുതന്ത്രം രൂപപ്പെടുത്തിയ ശേഷമാണത്രേ വേണുഗോപാൽ വടകര പട്ടികയിൽപ്പെടുത്തി ഒപ്പ് വച്ചത്..!

ശബരിമല മുതൽ ഓഖി വരെ.. തിരുവനന്തപുരം ഇത്തവണ കത്തും... കരുത്തരെ കളത്തിലിറക്കി കോൺഗ്രസും ബിജെപിയും സിപിഐയും... തലസ്ഥാന നഗരിയിൽ‍ ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ? വൺഇന്ത്യ സ്പെഷൽ വിശകലനം!!

ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!! വൺഇന്ത്യ സ്പെഷൽ വിശകലനം!!

English summary
Lok Sabha Elections 2019: Why Rahul Gandhi has chosen Wayanad as the second seat?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X