കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരൻ പിള്ള കേരളത്തിന്റെ അമിത് ഷാ ആകുമോ? അച്ചന്‍മാരെത്തി... ഇനി ഖാസിമാരോ? ആ വമ്പന്‍കൂടി വന്നാൽ...

Google Oneindia Malayalam News

തിരുവനന്തപുരം: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഭരണത്തുടര്‍ച്ച എന്ന ചരിത്രം സൃഷ്ടിക്കാന്‍ കൊണ്ടുപിടിച്ചുള്ള ശ്രമമാണ് അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്നത്. ബിജെപിയുടെ ദേശീയ നേതൃത്വം ഇത്തവണ ഉറ്റുനോക്കുന്നത് കേരളത്തിലേക്ക് ആയിരിക്കും.

കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കേന്ദ്ര ഭരണം പിടിച്ചെടുത്തിട്ടും ഒരു സീറ്റ് പോലും കേരളത്തില്‍ സ്വന്തമാക്കാന്‍ ബിജെപിയ്ക്ക് ആയില്ല. അതിന്റെ കണക്ക് തീര്‍ത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നു. ഇനി വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി ശക്തി പ്രകടിപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മറ്റുപാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ ചാക്കിട്ട് പിടിച്ച് പാര്‍ട്ടി ശക്തിപ്പെടുത്തുന്ന രീതി കേരളത്തില്‍ ഇതുവരെ ബിജെപിയ്ക്ക് നടപ്പിലാക്കാന്‍ സാധിച്ചില്ല. പക്ഷേ, ഇത്തവണ ചിലരെല്ലാം അങ്ങനെ ബിജെപി പാളയത്തില്‍ എത്തിയേക്കും. അങ്ങനെയെങ്കില്‍ ശ്രീധരന്‍ പിള്ള കേരളത്തിലെ ബിജെപിയുടെ അമിത് ഷാ ആയി മാറും എന്ന് ഉറപ്പാണ്.

പാതിരിമാര്‍ എത്തി

പാതിരിമാര്‍ എത്തി

കഴിഞ്ഞ ദിവസം കോട്ടയത്ത് മൂന്ന് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ ചേര്‍ന്നു എന്നാണ് പുതിയ വാര്‍ത്ത. ആദ്യം അഞ്ച് പേര്‍ എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്ത വന്നത് എങ്കിലും പിന്നീട് ഒരു പുരോഹിതന്‍ പരസ്യമായി രംഗത്തെത്തിയതോടെ ബിജെപി തന്നെ അക്കാര്യം തിരുത്തിയിട്ടുണ്ട്. മൂന്ന് പേരുകള്‍ ഇപ്പോഴും തിരുത്താതെ കിടക്കുന്നും ഉണ്ട്.

ബിജെപിയുടെ വന്‍ വിജയം

ബിജെപിയുടെ വന്‍ വിജയം

ക്രിസ്ത്യന്‍ സമൂഹത്തില്‍ പുരോഹിതര്‍ക്ക് നിര്‍ണായക സ്വാധീനം ആണുള്ളത്. അങ്ങനെയിരിക്കെ ചില ക്രിസ്ത്യന്‍ പുരോഹിതരെയെങ്കിലും പാര്‍ട്ടി അംഗങ്ങളാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ വന്‍ വിജയമായിത്തന്നെ അതിനെ വിലയിരുത്താവുന്നതാണ്.

അടുത്തത് മുസ്ലീം നേതാക്കള്‍

അടുത്തത് മുസ്ലീം നേതാക്കള്‍

ആദ്യ ഘട്ടത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ ആണെങ്കില്‍, രണ്ടാം ഘട്ടത്തില്‍ മുസ്ലീം മതനേതാക്കളും മതപണ്ഡിതരും ആയിരിക്കും ബിജെപിയുടെ ലക്ഷ്യം. മുസ്ലീം വിരുദ്ധത എന്ന ലേബല്‍ മാറ്റാന്‍ ഇത് പാര്‍ട്ടിയെ സഹായിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ ചിലയിടങ്ങളില്‍ പാര്‍ട്ടിക്ക് മുസ്ലീം നേതാക്കളുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ കുടുംബത്തില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനും ബിജെപിയ്ക്ക് കഴിഞ്ഞിരുന്നു.

എല്ലാ വിഭാഗങ്ങളേയും

എല്ലാ വിഭാഗങ്ങളേയും

നിലവില്‍ ബിജെപിയ്ക്ക് ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ടുകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ. അതും ഒരു ചെറിയ ശതമാനം മാത്രം. എന്നാല്‍ ഇത്തവണ എല്ലാ വിഭാഗങ്ങളില്‍ നിന്നും വോട്ടുകള്‍ സമാഹരിക്കാന്‍ ആയിരിക്കും ബിജെപി പദ്ധതിയിടുക. പിഎസ് ശ്രീധരന്‍ പിള്ള എന്ന നേതാവിന്റെ പ്രതിച്ഛായയും ഇതിനായി ഉപയോഗപ്പെടുത്തും. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കാത്ത ആളാണ് ശ്രീധരന്‍ പിള്ള.

അവന്‍ വരുമോ... ആ വമ്പന്‍

അവന്‍ വരുമോ... ആ വമ്പന്‍

കേരളത്തിലെ ബിജെപിയ്ക്ക് ശക്തി പകരാന്‍ ഒരു വമ്പന്‍ വരും എന്ന് ശ്രീധരന്‍ പിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ആരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. ബിജെപിയിലേക്ക് അത്തരം ആളുകളുടെ വരവ് ഇത്തവണ ഉണ്ടാകും എന്ന സൂചനകള്‍ നേരത്തേ തന്നെ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. അങ്ങനെ ചില പ്രതീക്ഷകള്‍ ബിജെപി വച്ചുപുലര്‍ത്തുന്നും ഉണ്ട്.

മോഹന്‍ലാല്‍ ആണോ അത്?

മോഹന്‍ലാല്‍ ആണോ അത്?

ബിജെപിയില്‍ എത്താന്‍ പോകുന്ന വമ്പന്‍ ആരാണെന്ന ചോദ്യം ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. സൂപ്പര്‍ താരം മോഹന്‍ലാല്‍ ആയിരിക്കുമോ അത് എന്ന് സംശയിക്കുന്നവരും ഉണ്ട്. പരസ്യമായി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള ആളല്ല മോഹന്‍ലാല്‍. പക്ഷേ, ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് ബിജെപി കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

മോഹന്‍ലാല്‍ മത്സരിച്ചാല്‍

മോഹന്‍ലാല്‍ മത്സരിച്ചാല്‍

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിച്ചാല്‍ അത് ബിജെപിയുടെ നിര്‍ണാക വിജയം ആയിരിക്കും. ഏതെങ്കിലും ഒരു മണ്ഡലത്തില്‍ വിജയിക്കുക എന്നത് മാത്രമായിരിക്കില്ല അതുവഴി ബിജെപി ഉണ്ടാക്കുന്ന നേട്ടം. പാര്‍ട്ടിക്ക് ഒരു പൊതു സ്വീകാര്യത ഉണ്ടാക്കാനും ബിജെപിക്ക് സാധിക്കും. മറ്റ് മണ്ഡലങ്ങളിലും അതിന്റെ പ്രതിഫലനവും ഉണ്ടാകും.

 കെ സുധാകരനെ കിട്ടില്ല?

കെ സുധാകരനെ കിട്ടില്ല?

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ബിജെപിയില്‍ എത്തുമെന്ന് കുറച്ച് നാളുകളായി പ്രചാരണം നിലനില്‍ക്കുന്നുണ്ട്. സുധാകരന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും ബിജെപി കേന്ദ്രങ്ങള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് കരുതുന്നവരും ഉണ്ട്. നിലവില്‍ വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവാണ് കെ സുധാകരന്‍.

പാര്‍ട്ടി ശക്തിപ്പെടുത്താന്‍

പാര്‍ട്ടി ശക്തിപ്പെടുത്താന്‍

കേരളത്തില്‍ എല്ലായിടത്തും നിലവില്‍ ശക്തമായ സ്വാധീനം രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയ്ക്കുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നും ഇല്ല. ഈ പ്രതിസന്ധി മറികടക്കുക എന്നതാണ് പുതിയ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രധാന വെല്ലുവിളി.

അധികാര രാഷ്ട്രീയത്തിലേക്ക്

അധികാര രാഷ്ട്രീയത്തിലേക്ക്

കേരളത്തിലെ ബിജെപി ഇനി കടക്കാന്‍ പോകുന്നതും അധികാര രാഷ്ട്രീയത്തിലേക്കാണ്. വെറും ഒന്നര ശതമാനം വോട്ട് മാത്രം ഉണ്ടായ ത്രിപുരയില്‍ സംസ്ഥാന ഭരണം പിടിക്കാമെങ്കില്‍, പത്ത് ശതമാനത്തിലധികം വോട്ടുകള്‍ ഉള്ള കേരളത്തില്‍ എന്തുകൊണ്ട് അധികാരം പിടിച്ചുകൂട എന്ന ചോദ്യമാണ് ബിജെപി സ്വയം ചോദിക്കുന്നത്. കേരളത്തിലേയും ത്രിപുരയിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും, സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയുവാനും ബിജെപി തയ്യാറല്ല.

ചാണക്യ ബുദ്ധി

ചാണക്യ ബുദ്ധി

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ എത്തിച്ചതിന് പന്ന് അമിത് ഷായുടെ ചാണക്യ ബുദ്ധിയാണെന്നാണ് വിലയിരുത്തലുകള്‍. അതിന് ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ബിജെപി വലിയ വിജയങ്ങള്‍ നേടിയിരുന്നു. ഒരിക്കല്‍ രാജ്യം മുഴുവന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസിനെ വെറും മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുക്കാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ഇതെല്ലാം അമിത് ഷായുടെ തന്ത്രങ്ങളുടെ ഫലം ആണെന്നാണ് ബിജെപി തന്നെ വിലയിരുത്തുന്നത്.

കേരളത്തില്‍ ഒരു അമിത് ഷാ...

കേരളത്തില്‍ ഒരു അമിത് ഷാ...

കേരളം പിടിക്കണമെങ്കില്‍, അമിത് ഷായെ പോലെ ഒരു നേതാവ് ഇവിടേയും വേണം എന്നാണ് പല ബിജെപിക്കാരും വിശ്വസിക്കുന്നത്. തന്ത്രങ്ങള്‍ മെനഞ്ഞ് അധികാരം പിടിക്കണമെങ്കില്‍ അത മാത്രമാണ് വഴി. പുതിയ പ്രസിഡന്റ് ശ്രീധരന്‍ പിള്ള അത്തരത്തില്‍ കേരളത്തിലെ അമിത് ഷാ ആയി മാറുമോ എന്നാണ് ഇപ്പോള്‍ പലരും ചിന്തിക്കുന്നത്.

ധ്രുവീകരണം ശക്തം

ധ്രുവീകരണം ശക്തം

കേരളത്തില്‍ മുമ്പൊന്നും ഇല്ലാത്ത വണ്ണം മത ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അതെല്ലാം വോട്ടായി മാറുമോ എന്ന് ഇപ്പോഴും ബിജെപിക്ക് വലിയ വിശ്വാസം ഒന്നും ഇല്ല. കൃത്യമായ പദ്ധതികളിലൂടെ വഴി തിരിച്ചുവിട്ടാല്‍, അതെല്ലാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോഴും.

English summary
Loksabha Election 2019: Will Sreedharan Pillai become Amit Shah of Kerala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X