കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്തഭാഷ സംഗമ ഭൂമി... പക്ഷേ, ചുവപ്പാണിഷ്ടം; എകെജി മുതൽ പി കരുണാകരൻ വരെ, കടന്നപ്പള്ളിയുടെ അട്ടിമറിയും

Loksabha Election 2019, Election, kasarkode, cpm, congress, akg, ek nayanar, p karunakaran, k surendran, Delhi, BJP, ലോക്സഭ തിരഞ്ഞെടുപ്പ് 2019, തിര‍ഞ്ഞെടുപ്പ്, ദില്ലി, ബിജെപി, കാസര്‍കോട്, സിപിഎം, കോണ

Google Oneindia Malayalam News

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ലോകസഭ മണ്ഡലം ആണ് കാസര്‍കോട്. എല്ലാ കാലത്തും അവഗണനകള്‍ ഏറെ നേരിടേണ്ടി വരുന്ന സ്ഥലം. കേരളത്തേക്കാള്‍ കര്‍ണാടകത്തിന്റെ സ്വഭാവങ്ങളുടെ നാടെന്നും കാസര്‍കോടിനെ പലരും വിശേഷിപ്പിക്കാറുണ്ട്. അങ്ങനെ പറയാന്‍ ചില കാരണങ്ങളും ഉണ്ട്.

കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം അമിത് ഷാ...... ബിജെപി അധ്യക്ഷന്‍ വീണത് അഞ്ചിടത്ത്!!കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് കാരണം അമിത് ഷാ...... ബിജെപി അധ്യക്ഷന്‍ വീണത് അഞ്ചിടത്ത്!!

മലയാളം മാത്രമല്ല ഇവിടത്തെ പ്രധാന ഭാഷ. കന്നഡയും തുളുവും എല്ലാം തുല്യ പ്രാധ്യാന്യമുള്ള ഭാഷകളാണ്. കൂടാതെയാണ് മറാത്തി, ഉറുദു, കൊറഗ, ഹിന്ദുസ്ഥാനി, കൊങ്കിണി, ബ്യാരി ഭാഷകളും. കുസിരകൂട് എന്ന കന്നഡ വാക്കില്‍ നിന്നാണ് കാസര്‍കോട് എന്ന പേര് പോലും വന്നത് എന്നാണ് പലരും പറയുന്നത്. സപ്തഭാഷ സംഗമ ഭൂമി എന്ന് കൂടി വിശേഷിപ്പിക്കപ്പെടുന്നുണ്ട് കാസര്‍കോട്.

എന്തായാലും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ കാസര്‍കോടിന് നിര്‍ണായ പ്രാധാന്യം ആണുള്ളത്. കാസര്‍കോട് ജില്ല മുഴുവനും പിന്നെ കണ്ണൂര്‍ ജില്ലയുടെ ചില ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് കാസര്‍കോട് ലോക്‌സഭ മണ്ഡലം. കേരള രാഷ്ട്രീയ ചരിത്രത്തില്‍ കാസര്‍കോട് അധികവും ചുവന്ന് തന്നെയാണ് കണ്ടിട്ടുള്ളത്.

ഏഴ് മണ്ഡലങ്ങള്‍

ഏഴ് മണ്ഡലങ്ങള്‍

മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭ മണ്ഡലങ്ങള്‍ ആണ് കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഇതില്‍ കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളാണ്. കാസര്‍കോടും മഞ്ചേശ്വരവും മുസ്ലീം ലീഗ് ശക്തമായ മണ്ഡലങ്ങളും. കാഞ്ഞങ്ങാട് മണ്ഡലത്തിലും ഇടത് സാന്നിധ്യം ശക്തമാണ്.

ചുവന്നുകിടക്കുന്ന കാസര്‍കോട്

ചുവന്നുകിടക്കുന്ന കാസര്‍കോട്

1957 ല്‍ കേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം 15 ലോക്‌സഭ തിരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. അതില്‍ ആകെ മൂന്ന് തവണ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പരാജയം രുചിക്കേണ്ടി വന്നത്. ബാക്കി 12 തവണയും വിജയം കമ്യൂണിസ്റ്റുകള്‍ക്കൊപ്പം ആയിരുന്നു.

എകെജിയില്‍ നിന്ന് തുടക്കം

എകെജിയില്‍ നിന്ന് തുടക്കം

കാസര്‍കോട് മണ്ഡലത്തിന്റെ ആദ്യ എംപി എകെ ഗോപാലന്‍ ആയിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവായ അതേ എകെജി! മൂന്ന് തവണയാണ് എകെജി കാസര്‍കോട് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1957 ലും 1962 ലും അദ്ദേഹം സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എകെജി സിപിഎമ്മിനൊപ്പം ആയി. 1967ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം സിപിഎം സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ച് വിജയിച്ചത്.

നായനാരെ അട്ടിമറിച്ച കടന്നപ്പള്ളി

നായനാരെ അട്ടിമറിച്ച കടന്നപ്പള്ളി

കടന്നപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എസ് നേതാവാണ്. എന്നാല്‍ രാഷ്ട്രീയം തുടങ്ങുന്നത് കെഎസ് യുക്കാരന്‍ ആയിട്ടായിരുന്നു. 1971 ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാമചന്ദ്രനെ ആയിരുന്നു. അന്ന് കടന്നപ്പള്ളിയ്ക്ക് പ്രായം 26 വയസ്സ്. ചെങ്കോട്ടയായ കാസര്‍കോട്ടെ ഇടത് സ്ഥാനാര്‍ത്ഥി ഇകെ നായനാരും.

പക്ഷേ, അന്ന് കേരളം കണ്ട അട്ടിമറി വിജയങ്ങളില്‍ ഒന്ന് സ്വന്തമാക്കാന്‍ രാമചന്ദ്രന് സാധിച്ചു. നായനാരെ 28,404 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാമചന്ദ്രന്‍ തോല്‍പിച്ചത്. തുടര്‍ന്ന് 1977 ല്‍ നടന്ന തിരഞ്ഞെടുപ്പിലും വിജയം രാമചന്ദ്രന് ഒപ്പം തന്നെ ആയിരുന്നു.എം രാമണ്ണ പൈ ആയിരുന്നു അന്നത്തെ സിപിഎം സ്ഥാനാര്‍ത്ഥി.

കാസര്‍കോട്ടും ഒ രാജഗോപാല്‍

കാസര്‍കോട്ടും ഒ രാജഗോപാല്‍

1980 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് കാസര്‍കോടിനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. അന്നവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി തന്നെ ഉണ്ടായിരുന്നില്ല. എം രാമണ്ണ പൈ ആയിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി. അന്ന് ചരിത്രം കുറിച്ച് രണ്ടാം സ്ഥാനത്ത് എത്തിയത് ഇപ്പോഴത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ആയിരുന്നു. ജനത പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ഒ രാജഗോപാല്‍ മത്സരിച്ചത്.

ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്

ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്

1984 ല്‍ ഒരിക്കല്‍ കൂടി കാസര്‍കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചു. ഐ രാമ പൈ ആയിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിന് തൊട്ടുപിറകെ ആയിരുന്നു ആ തിരഞ്ഞെടുപ്പ്. ഇന്ദിരയോടുള്ള സഹതാപ തരംഗം തന്നെ ആയിരുന്നു അന്ന് കാസര്‍കോട് കാറ്റ് മാറി വീശാനുള്ള കാരണവും.

അപ്പോഴേക്കും ബിജെപി എന്ന രാഷ്ട്രീയ കക്ഷി രൂപീകരിക്കപ്പെട്ടിരുന്നു. ബിജെപിയുടെ സമുന്നത നേതാവ് കെജി മാരാര്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി. എന്നാല്‍ രാജഗോപാലിനെ പോലെ ഒരു തരംഗം സൃഷ്ടിക്കാന്‍ മാരാര്‍ക്ക് സാധിച്ചില്ല. എങ്കിലും 10 ശതമാനത്തിലധികം വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കി.

എട്ട് തിരഞ്ഞെടുപ്പുകള്‍... മൂന്ന് എംപി മാര്‍

എട്ട് തിരഞ്ഞെടുപ്പുകള്‍... മൂന്ന് എംപി മാര്‍

1984 ന് ശേഷം എട്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ കൂടി കടന്നുപോയി. ഇക്കാലയളവില്‍ മൂന്ന് പേരാണ് കാസര്‍കോടിന്റെ എംപിമാരായിരുന്നത്. 1989 ലും 1991 ലും രാമണ്ണ പൈ തന്നെ വിജയിച്ച് എംപിയായി. അതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ ടി ഗോവിന്ദന്‍ ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷം പി കരുണാകരന്‍ എത്തി.

കാസര്‍കോടിന്റെ എംപി

കാസര്‍കോടിന്റെ എംപി

കഴിഞ്ഞ മൂന്ന് ടേമുകളിലും കാസര്‍കോടിനെ പ്രതിനിധീകരിക്കുന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി കരുണാകരന്‍ ആണ്.

2004 ല്‍ പി കരുണാകന്റെ ഭൂരിപക്ഷം 1,08,256 ആയിരുന്നു. 2009 ല്‍ അത് 64,427 ആയി കുറഞ്ഞു. 2014 ല്‍ എത്തിയപ്പോള്‍ അത് പിന്നേയും കുറഞ്ഞു. വെറും 6,921 വോട്ടുകള്‍ക്കായിരുന്നു പി കരുണാകരന്റെ വിജയം. ടി സിദ്ദിഖ് ആയിരുന്നു 2014 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രന്‍ കൂടി എത്തിയപ്പോള്‍ മത്സരം ശരിക്കും കടുത്തു.

കെ സുരേന്ദ്രന്‍ ഇഫക്ട്

കെ സുരേന്ദ്രന്‍ ഇഫക്ട്

ഒരിക്കല്‍ ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് കാസര്‍കോട് എന്ന പ്രത്യേകതയുണ്ട്. അതിന് ശേഷം മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആണ്. 2009 ല്‍ മത്സരിക്കുമ്പോള്‍ തന്നെ സുരേന്ദ്രന്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. 2014 ല്‍ എത്തിയപ്പോള്‍ നില കൂടുതല്‍ മെച്ചപ്പെടുത്താനും സുരേന്ദ്രന് സാധിച്ചു.

അതിന് ശേഷം 2016 ല്‍ നിയമസഭ തിരഞ്ഞെടുപ്പ നടന്നപ്പോഴും സുരേന്ദ്രന്‍ കരുത്ത് തെളിയിച്ചിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ തന്നെ ആകുമോ കാസര്‍കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്ന് വ്യക്തമല്ല.

ഇനിയും ചുവക്കുമോ കാസര്‍കോട്

ഇനിയും ചുവക്കുമോ കാസര്‍കോട്

ഐക്യകേരളം രൂപീകരിച്ചതിന് ശേഷം ആകെ 13 വര്‍ഷം മാത്രമാണ് കാസര്‍കോട് മണ്ഡലത്തില്‍ ചെങ്കൊടി പാറാതിരുന്നിട്ടുള്ളൂ. ബാക്കി അര നൂറ്റാണ്ടോളം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയായി കാസര്‍കോട് നിലനിന്നു.

എന്നാല്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളുടെ കണക്കെടുത്താല്‍ സിപിഎമ്മിനെ സംബന്ധിച്ച് അത്ര പ്രതീക്ഷാ നിര്‍ഭരം അല്ല കാസര്‍കോട്. ഇത്തവണയും കാസര്‍കോട് ചുവക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

English summary
Loksabha Election 2019: History of Kasarkode Loksabha Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X