കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് കറുത്ത മുത്തിനെ സമ്മാനിച്ച പൂളക്കാക്ക ഓര്‍മയായി, പൂളക്കാക്കയുടെ ഓർമയിൽ വിജയനും ഷറഫലിയും

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇന്ത്യയ്ക്ക് ഐ എം വിജയൻ എന്ന കറുത്ത മുത്തിനെ സമ്മാനിക്കാനും വളര്‍ത്തിയെടുക്കാനും കാരണക്കാരായവരില്‍ ഒരാളായ മലബാറുകാരുടെ പ്രിയപ്പെട്ട പൂളക്കാക്ക എന്ന ഉത്തന്‍കടവളത്ത് അബ്ദുറഹ്മാന്‍ (86) നിര്യാതനായി. കാശ്മീര്‍ ക്ലബ്ബ് കിളിനക്കോട് എന്ന സെവന്‍സ് ഫുട്ബാള്‍ ടീമിന്റെ ഉടമയായിരുന്നു അബ്ദുറഹ്മാന്‍. പൂളകാക്ക എന്ന നാലക്ഷരനാമം മലബാറിലെ പന്തുകളി പ്രേമികളുടെ മനസ്സില്‍ കല്ലില്‍ കൊത്തിവെച്ച പോലെയാണ്.

മരച്ചീനി വ്യാപാരിയായിരുന്ന അബ്ദുറഹ്മാന്‍ വ്യാപാരാവശ്യാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്നതിനിടെ നല്ല കളിക്കാരെ കണ്ട് വച്ച് തന്റെ ക്ളബ്ബിലേക്കെത്തിച്ചു. ഒരിക്കല്‍ തൃശൂര്‍ മുനിസിപ്പല്‍ മൈതാനത്ത് നിന്ന് അദ്ദേഹം തന്റെ ടീമിലേക്കെത്തിച്ച കറുത്ത് മെലിഞ്ഞ പയ്യന്‍ പിന്നീട്കേരളത്തിന്റെ അഭിമാനതാരമായി. ഐ.എം. വിജയന്‍. യു.ഷറഫലി, സി. ജാബിര്‍ എന്നിവരെല്ലാം തുടക്കക്കാലത്ത് അബ്ദുറഹ്മാന്റെ ക്ലബ്ബിലൂടെ പയറ്റിത്തെളിഞ്ഞവരാണ്.

ഐ.എം വിജയനെ കണ്ടെത്തിയത്

ഐ.എം വിജയനെ കണ്ടെത്തിയത്

ഒരിക്കല്‍ തൃശൂരില്‍ കപ്പക്കച്ചവടത്തിനെത്തിയപ്പോള്‍ മുനിസിപ്പല്‍ മൈതാനത്ത് ആകര്‍ഷകമായി കളിക്കുന്ന കറുത്ത് മെലിഞ്ഞ പയ്യനെ കണ്ടു. ആ പയ്യന്റെ ചന്തമുള്ള കളി പൂളകാക്കക്ക് നന്നായി ഇഷ്ടപ്പെട്ടു. ആ പയ്യനെ തന്റെ ടീമില്‍ കളിക്കാന്‍ കൊണ്ടുവന്നു. കൊലുന്നനേയുള്ള പയ്യനെ കണ്ട് ഗ്യാലറിയിലുള്ളവര്‍ പൂള കാക്കയെ കളിയാക്കി. റഫറി ടച്ചിംഗ് വിസില്‍ മുഴക്കി, കളി തുടങ്ങി. കറുത്ത പയ്യന്‍ എതിര്‍ പോസ്റ്റില്‍ ഗോള്‍ മഴ വര്‍ഷിച്ചു. അതോടെ ഗ്യാലിക്ക് ബോധ്യമായി; പൂള കാക്ക കൊണ്ടുവന്നത് പുലിയേയാണന്ന്.ആ പുലിയാണ് പില്‍കാലത്ത് ഇന്ത്യന്‍ ഫുട്ബാളിന്റെ കറുത്തമുത്ത് ഐ.എം.വിജയനായത്. സംസ്ഥാന - ദേശീയ-അന്തര്‍ ദേശീയ രംഗത്തെത്ത മിടുക്കരായ കളിക്കാരെ സെവന്‍സില്‍ പരീക്ഷിച്ച ടീം ഉടമയാണ് പൂളകാക്ക.

ഇതിനു പുറമെ പൂളക്കാക്ക കണ്ടെത്തിയ കളിക്കാര്‍ നിരവധിയാണ്. തന്റെ ടീമിനു വേണ്ടി വിയര്‍പ്പൊഴുക്കിക്കളിച്ച സ്വദേശികളായ ആ കളിക്കാരുമായെല്ലാം പൂളകാക്കക്ക് ഹൃദയബന്ധമുണ്ട്. തന്റെ രോഗവിവരമറിഞ്ഞ് പഴയ കളിക്കാരില്‍ പലരും പൂളകാക്കയെ സന്ദര്‍ശിക്കാറുണ്ട്. മുന്‍ ഇന്ത്യന്‍ താരം സി. ജാബിര്‍(കേരള പോലീസ് ) പൂളകാക്കയുടെ വീട് ഇടക്കിടെ സന്ദര്‍ശിച്ചിരുന്നു. ജാബിറിന്റെ അകാലത്തിലുള്ള വേര്‍പാട് പൂളകാക്കക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ജാബിറിനെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം പൂള കാക്കയുടെ കണ്ണുകളില്‍ നിന്നും നനവ് പൊടിയുമായിരുന്നു.

വോളിബോളിൽ തുടങ്ങിയ കമ്പം

വോളിബോളിൽ തുടങ്ങിയ കമ്പം

പതിറ്റാണ്ടുകള്‍ക്ക് മുമ്പെ വയനാട്ടില്‍ നാടന്‍ പണിയെടുത്തു കഴിയവെ വോളിബോളിനോട് തോന്നിയ കമ്പം തുടര്‍ന്ന് കാല്‍പന്തുകളിയിലേക്ക് വഴിമാറുകയായിരുന്നു. കച്ചവടത്തിനായി കേരളത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുന്നതിനിടെ നല്ല കളിക്കാരെ കണ്ടെത്തിയാണ് അദേഹം കാശ്മീര്‍ ക്ലബ്ബ് രൂപപ്പെടുത്തിയത്. കൊയ്‌തൊഴിഞ്ഞ പാടങ്ങളിലും, പൊടി പറത്തുന്ന മൈതാനങ്ങളിലും അരങ്ങു തകര്‍ത്തിരുന്ന സെവന്‍സ് മാമാങ്കങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു കാക്ക നിരവധി പ്രമുഖ കളിക്കാരെയും കണ്ടെത്തി.

കേരളത്തിലെ അറിയപ്പെടുന്ന ഫിറ്റ് വെല്‍ കോഴിക്കോട്, എടപ്പള്ളി യൂത്ത് സ് കൊച്ചി, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, മെഡിഗാഡ് അരീക്കോട്, ജിംഖാന തൃശൂര്‍, അല്‍ മദീന ചെര്‍പുളശ്ശേരി തുടങ്ങിയ ടീമുകളുമായി വിവിധ മത്സരങ്ങളില്‍ ഏറ്റുമുട്ടി വിജയിച്ച കാശ്മീര്‍ ക്ലബ്ബ് കിളി നക്കോടിന് ഉടമയെ നഷ്ടമായതിനൊപ്പം മലബാറിലെ കാല്‍പന്തുകളി പ്രേമികളുടെ പ്രിയപ്പെട്ട പുളക്കാക്ക ഓര്‍മയായി.

ശത്രുക്കള്‍ മൈതാനങ്ങളില്‍ മാത്രം

ശത്രുക്കള്‍ മൈതാനങ്ങളില്‍ മാത്രം

കളിക്കളത്തില്‍ പൂള കാക്കയുടെ ബദ്ധവൈരികളായിരുന്ന സൂപ്പര്‍ സ്റ്റുഡിയോ ,ബ്ലാക്ക് ആന്റ് വൈറ്റ്, അല്‍ മദീന തുടങ്ങിയ പ്രബല ടീമുകളെക്കുറിച്ച് ചോദിക്കുമ്പോള്‍ ശത്രുക്കള്‍ മൈതാനങ്ങളില്‍ മാത്രമായിരുന്നുവെന്നും മൈതാനത്തിനു പുറത്ത് ആ ടീമുകളും അവയുടെ കളിക്കാരും മാനേജ്‌മെന്റും തന്റെ മിത്രങ്ങളായിരുന്നുവെന്നും ഉറക്കെ ചിരിച്ചു കൊണ്ട് പൂളകാക്ക പറയുമായിരുന്നു. കളിക്കുമുമ്പ് എതിര്‍ ടീമിലെ പല കളിക്കാരും തന്നെ വന്നു കണ്ട് കുശലാന്വേഷണം നടത്തിയിരുന്നതുതന്നെ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ഉത്തമ തെളിവാണന്നാണ് പൂളകാക്കയുടെ ഭാഷ്യം.

മലപ്പുറം ജില്ലയില്‍ മരിച്ചീനി തേടിപോകാത്ത സ്ഥലമില്ല

മലപ്പുറം ജില്ലയില്‍ മരിച്ചീനി തേടിപോകാത്ത സ്ഥലമില്ല

മലപ്പുറം ജില്ലയില്‍ മരിച്ചീനി തേടി പൂളകാക്ക എത്താത്ത പ്രദേശങ്ങളുണ്ടാവില്ല. ചിലയിടങ്ങളില്‍ നിന്ന് കര്‍ഷകരില്‍ നിന്നും നേരിട്ടാണ് പൂള വാങ്ങിയിരുന്നതെങ്കില്‍ മറ്റു ചിലേടത്ത് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയും നടത്തിയിരുന്നു. വേങ്ങര ടൗണിലെ അദ്ദേഹത്തിന്റെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നും ദിവസേന ടണ്‍കണക്കിന് കപ്പയാണ് ജില്ലക്കും സംസ്ഥാനത്തിനും പുറത്തേക്ക് കയറ്റി അയച്ചിരുന്നത്. മരച്ചീനിക്കച്ചവടത്തില്‍ നിന്നും ലഭിച്ചിരുന്ന വരുമാനമെല്ലാം ഫുട്ബാളിനു വേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്.

മിടുക്കരായ താരങ്ങളെ അവര്‍ ആവശ്യപ്പെടുന്ന പണം നല്‍കി തന്റെ ടീമിന്റെ ജഴ്‌സിയണിയിപ്പിക്കാന്‍ പൂളകാക്കക്ക് പിശുക്ക് ഒട്ടുമില്ലായിരുന്നു. ഫുട്ബാള്‍ താങ്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയില്ലേ എന്ന ചോദ്യത്തിന് പന്തുകളി കൊണ്ട് താന്‍ സാമ്പത്തികമായി തളര്‍ന്നിട്ടുമില്ല, വളര്‍ന്നിട്ടുമില്ലെന്നായിരുന്നു അയാളുടെ മറുപടി. ''താനൊരു കളിക്കാരനോ കോച്ചോ റഫറിയോ അല്ല, വെറുമൊരു ടീം ഉടമസ്ഥന്‍. എന്നിട്ടും കളി പ്രേമികള്‍ ഒരു മികച്ച കളിക്കാരനെ പോലെ എന്നെ സ്‌നേഹിച്ചു. പൂള കാക്ക എന്ന പേരില്‍ കായികലോകം എന്നെ തിരിച്ചറിയുന്നത് ഫുട്ബാള്‍ എന്ന കളി എനിക്കു തന്ന ഏറ്റവും വലിയ അംഗീകാരമാണെന്നാണ് പൂളക്കാക്കയുടെ ഭാഷ്യം.

ആദ്യകാലങ്ങളില്‍ പ്രോത്സാഹിപ്പിച്ചു: ഐ.എം വിജയന്‍

ആദ്യകാലങ്ങളില്‍ പ്രോത്സാഹിപ്പിച്ചു: ഐ.എം വിജയന്‍

തന്റെ ആദ്യകാലങ്ങളില്‍ പൂളക്കാക്ക എന്ന ഉത്തന്‍കടവളത്ത് അബ്ദുറഹ്മാന്റെ(86) പ്രോത്സാഹനം ലഭിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ടീമിന് വേണ്ടി കളിച്ചിരുന്നുവെന്നും ഐ.എം വിജയന്‍ പറഞ്ഞു. കൂടുതല്‍ കാലം അദ്ദേഹത്തോടൊപ്പം ഉണ്ടായിട്ടില്ല. പിന്നീട് ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ പിന്നീട് അദ്ദേഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയില്ലെന്നും ഐ.എം വിജയന്‍ പറഞ്ഞു.

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തീരാനഷ്ടം: യു. ഷറഫലി

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തീരാനഷ്ടം: യു. ഷറഫലി

പൂളക്കാക്ക എന്ന ഉത്തന്‍കടവളത്ത് അബ്ദുറഹ്മാന്റെ(86) മരണം കേരളത്തിലെ ഫുട്‌ബോള്‍ പ്രമികള്‍ക്ക്തന്നെ തീരാനഷ്ടമാണെന്നു മൂന്‍ഇന്ത്യന്‍താരം യു.ഷറഫലി. താനും തുടക്കക്കാലത്ത് ഇവരുടെ ക്ലബ്ബിനുവേണ്ടിപലതവണ കളിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരുപാട്കളിക്കാര്‍ക്ക് തുടക്കക്കാലത്ത് കളിച്ചുവളരാനും പ്രോത്സാഹനം നല്‍കാനും ഇദ്ദേഹം നേതൃത്വം നല്‍കിയ കാശ്മീര്‍ ക്ലബ്ബ് കിളിനക്കോട് എന്ന സെവന്‍സ് ഫുട്ബാള്‍ ടീം കാരണമായിട്ടുണ്ട്.

ഇദ്ദേഹത്തെ പോലുള്ള കറകളഞ്ഞ ഫുട്‌ബോള്‍ പ്രേമികളാണു ഫുട്‌ബോളിനെ ഈ രീതിയിലെങ്കിലും വളര്‍ത്താന്‍ മലപ്പുറത്ത് സാഹചര്യമുണ്ടാക്കിയത്. ലാഭംപ്രതീക്ഷിച്ചല്ല ഇദ്ദേഹത്തെ പോലുള്ള ഫുട്‌ബോള്‍ മത്സരങ്ങളും ടീമിനെയും സജ്ജമാക്കാന്‍ ഇറങ്ങിയതെന്നും ആദ്യകാലങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഫുട്‌ബോളിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും യു. ഷറഫലി പറഞ്ഞു.

പ്രമേഹം മൂര്‍ഛിച്ചതോടെ് വലതുകാല്‍ മുട്ടിനു താഴെ മുറിച്ചു

പ്രമേഹം മൂര്‍ഛിച്ചതോടെ് വലതുകാല്‍ മുട്ടിനു താഴെ മുറിച്ചു

ഒന്നര വര്‍ഷം മുമ്പ് പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കാലിലെ മുറിവ് ഭേദമാകാത്തതിനാലാണ് വലതുകാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു.. അതോടെ ഫുട്ബാളുമായുള്ള തന്റെ ബന്ധം അറ്റുപോയി. കാശ്മീര്‍ ക്ലബ്ബ് ഇപ്പോള്‍ നാട്ടിലെ ഫുട്ബാള്‍ കമ്പക്കാര്‍ നടത്തി കൊണ്ടു പോകുകയാണ്. . കഴിഞ്ഞ വര്‍ഷം ഹജജ് നിര്‍വഹിക്കാന്‍ മക്കയില്‍ പോകാനുള്ള ഭാഗ്യം പൂളകാക്കക്കുണ്ടായി. നാട്ടില്‍ നിന്ന് മരുമകളും ജിദ്ദയില്‍ നിന്ന് മകനും സഹായത്തിനുണ്ടായതിനാല്‍ ഹജജ് സുഗമമായി നിര്‍വഹിക്കാനായി.

കദിയുമ്മയാണ് പൂള കാക്കയുടെ ഭാര്യ. മക്കള്‍: ഇബ്രാഹിം (ജിദ്ദ), മൊയ്തീന്‍ (അബുദബി) ,സൈതു, അബ്ദുല്‍റഊഫ്, ഖദീജ. പിതാവിന്റെ വേങ്ങരയിലെ പൂളക്കച്ചവടം ഇപ്പോള്‍ നടത്തുന്നത് ഇളയ മകന്‍ റഊഫാണ്.

English summary
Malappuram Local News: Uthankadavath Abdu Rahman aka poolakakka passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X