കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദാമിന്റെ മകന്‍ അബു'വായി ഗൂഡിനബലിയിലെ അബ്ദുറഹ്മാന്‍... ജനഹൃദയങ്ങളിലെ ഹാജി, കുറിപ്പ്

  • By Desk
Google Oneindia Malayalam News

ഏറെകാലം മനസില്‍ കൊണ്ടുനടന്ന ഒരാഗ്രഹം. മക്കയില്‍ ചെന്ന് ഹജ്ജ് കര്‍മം നിര്‍വഹിക്കണം. കൂലി വേല ചെയ്ത് കിട്ടുന്ന തുട്ടുകള്‍ അദ്ദേഹം സ്വരുകൂട്ടി. മഹാമാരിയായി കൊറോണവൈറസ് വ്യാപിച്ചപ്പോള്‍ തീരാദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ തന്റെ മോഹം മാറ്റിവച്ചു. ഒരായുസ് മൊത്തം അധ്വാനിച്ചുണ്ടാക്കിയ പണം തന്റെ ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എടുത്തു.

ആദാമിന്റെ മകന്‍ അബുവിന്റെ പുനരാവിഷ്‌കാരമല്ലിത്. മംഗലാപുരത്തിനടുത്ത ബന്തവാല്‍ താലൂക്കിലെ ഗൂഡിനബലിയിലുള്ള അബ്ദുറഹ്മാന്‍ എന്ന സാധാരണക്കാരന്റെ വിശാലമനസാണ്. ഗ്രാമത്തിലെ 25 കുടുംബങ്ങള്‍ക്ക് വേണ്ട അരിയും മറ്റു പലചരക്കുകളും വാങ്ങി നല്‍കി അബ്ദുറഹ്മാന്‍. സ്വന്തം നാട്ടുകാര്‍ പട്ടിണി കിടക്കുമ്പോള്‍ ഇവിടെയാണ് തനിക്ക് ഹജ്ജ് എന്ന് അബ്ദുറഹ്മാന്‍ പറയുന്നു. ഈ സംഭവം സൂചിപ്പിച്ച് പാണക്കാട് മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ....

p

മംഗലാപുരം ബന്തവാല്‍ താലൂക്കിലെ ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന ദിവസ വേതനക്കാരനായ മനുഷ്യന്‍ മനസ്സ് നിറക്കുന്ന നന്മയുടെ വസന്തമായി മാറിയിരിക്കുന്നു. വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക എന്ന ലക്ഷ്യത്തില്‍ തന്റെ ജീവിത ലക്ഷ്യം കേന്ദ്രീകരിച്ച സാത്വികനായ മനുഷ്യന്‍. അരവയര്‍ മുറുക്കിയും കഠിനാദ്ധ്വാനം ചെയ്തും ഹജ്ജ് എന്ന ചിരകാല സ്വപ്‌നത്തിനായി താന്‍ സ്വരൂപിച്ച തുകയത്രയും അശരണന്റെ ശൂന്യമായ വയറിന്റെ വിളിക്കുത്തരം നല്‍കാന്‍ ആ മഹാ മനുഷ്യന്‍ മാറ്റി വെച്ചിരിക്കുന്നു. എന്തൊരത്ഭുതമാണത്...

ഇബ്‌നു കസീര്‍ (റ) രേഖപ്പെടുത്തിയ ഒരു ചരിത്രം സാന്ദര്‍ഭികമായി ഓര്‍ത്തു പോവുന്നു.

ഇബ്‌നു മുബാറക്(റ) ഒരിക്കല്‍ തന്റെ ശിഷ്യന്മാരുമൊത്ത് വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുവാനായി യാത്ര ചെയ്യുകയാണ്. വഴിമദ്ധ്യേ അവരുടെ കൂടെയുണ്ടായിരുന്ന ഒരു പക്ഷി ചത്തുപോയി. പക്ഷിയുടെ ജഡം ഏതെങ്കിലും കുപ്പത്തൊട്ടിയില്‍ കളയാന്‍ ഇബ്‌നു മുബാറക് (റ) ശിഷ്യന്മാരോട് പറയുന്നു.അങ്ങനെ ശിഷ്യര്‍ പോയി ആളുകള്‍ പാഴ്വസ്തുക്കള്‍ ഒഴിവാക്കുന്ന ഒരിടത്ത് ആ ജീവനറ്റ പക്ഷിയേയും ഒഴിവാക്കി. ഇബ്‌നു മുബാറക് (റ) അവരെ അനുഗമിച്ചു.അനന്തരം ഒരു സ്ത്രീ വന്ന് തങ്ങള്‍ ഒഴിവാക്കിയ ചത്ത പക്ഷിയെ കുപ്പതൊട്ടിയില്‍ നിന്നുമെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു.

ഇബ്‌നു മുബാറക് (റ) അവരുടെ പിന്നാലെ ചെന്ന് അതെന്തിനാണെന്ന് അന്വേഷിച്ചു.അപ്പോഴവര്‍ പറഞ്ഞു. 'ഞാനും എന്റെ സഹോദരനുമാണിവിടെയുള്ളത്. ഞങ്ങള്‍ ധരിച്ചിരിക്കുന്ന ഈ വസ്ത്രമൊഴികെ മറ്റൊന്നും കൈവശമില്ല. ഈ കുപ്പത്തൊട്ടിയില്‍ ആരെങ്കിലും ഒഴിവാക്കുന്ന അവശിഷ്ടങ്ങളാണ് കുറേ ദിവസങ്ങളായിട്ട് ഞങ്ങളുടെ ജീവന്‍ നിലനിര്‍ത്താനുള്ള മാര്‍ഗം. മറ്റ് ഭക്ഷണങ്ങളൊന്നും ലഭിക്കാത്തത് കൊണ്ട് ഈ ജീവനറ്റ മൃഗങ്ങള്‍ ഞങ്ങള്‍ക്ക് ഹലാലാണ്.' അതു കേട്ട ഇബ്‌നു മുബാറക് (റ) തങ്ങളുടെ കയ്യില്‍ എത്ര ധനമുണ്ടെന്ന് ശിഷ്യരോട് ചോദിച്ചു. ആയിരം ദിനാര്‍ എന്ന് മറുപടി നല്‍കി.സ്വഭവനത്തിലേക്ക് തിരിച്ചു പോകാന്‍ തങ്ങള്‍ക്ക് എത്ര ദിനാര്‍ ആവശ്യം വരുമെന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. ഇരുപത് ദിനാര്‍ ആവശ്യമായി വരുമെന്ന് ശിഷ്യര്‍ പറഞ്ഞപ്പോള്‍ ബാക്കി വരുന്ന തൊള്ളായിരത്തി എണ്‍പത് ദിനാറും ആ സഹോദരിക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് ഇബ്‌നു മുബാറക് (റ) ഇപ്രകാരം പറഞ്ഞു.ഈ വര്‍ഷം നാം ഹജ്ജ് നിര്‍വ്വഹിക്കുന്നതിനെക്കാള്‍ ഉത്തമമായ പ്രവര്‍ത്തി ഇവരെ സഹായിക്കലാണ്..

കൊറോണ കാലം പ്രവചനാതീതമായ അവസ്ഥകളിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഒരു പക്ഷെ ഇത് വരെ ലോകം അഭിമുഖീകരിക്കാത്ത ഇല്ലായ്മയുടെയും വറുതിയുടെയും ദിനരാത്രങ്ങളാവാം അത്. അവിടെ, സഹജീവികളുടെ വിശപ്പടക്കലാണ് പ്രഥമ കടമയെന്ന് ഒരു വിശ്വാസിയെന്ന അര്‍ത്ഥത്തില്‍ മനസിലാക്കി നമുക്കോരോരുത്തര്‍ക്കും മാതൃക തീര്‍ത്ത ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന മനുഷ്യസ്‌നേഹിയായ ഹാജിയുടെ ഹജ്ജും അള്ളാഹു സ്വീകരിച്ച് അനുഗ്രഹിക്കുമാറാവട്ടെ..

English summary
Mangaluru man donate money to buying food for his villagers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X