കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയെ സ്വന്തമാക്കുന്ന സംഘപരിവാർ,മോഹൻ ഭാഗവതിന്റെ 'ഗാന്ധി സ്തുതി'യുമായി കുട പിടിച്ച് മാതൃഭൂമി!

Google Oneindia Malayalam News

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എടുത്ത് പറയാവുന്ന പങ്ക് സംഘപരിവാറിന് അവകാശപ്പെടാനില്ല. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിലില്‍ നിന്ന് രക്ഷപ്പെട്ട സവര്‍ക്കറുടെ ചരിത്രം ആര്‍എസ്എസിനെ പിന്തുടരുന്നുണ്ട് താനും. ആ ക്ഷീണം തീർക്കാൻ ഇന്ന് ചരിത്ര പുരുഷന്മാരെയടക്കം സ്വന്തം അക്കൗണ്ടിലേക്ക് ചേര്‍ത്ത് ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിന്റെ ഉമ്മറത്ത് കസേരയിട്ട് ഇരിപ്പുറപ്പിക്കുകയാണ് സംഘപരിവാര്‍. ചരിത്രം മായ്ച്ച് കളയുകയും തിരുത്തി എഴുതുകയും ചെയ്യുക എന്നുളള തിരക്കിട്ട പണിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ബിജെപിയും ആര്‍എസ്എസും.

ഗാന്ധി വധത്തിന് ശേഷം ആര്‍എസ്എസിനെ നിരോധിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സംഘപരിവാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. അടുത്തത് രാഷ്ട്രപിതാവാണോ എന്ന് സംശയിക്കണം. ഗാന്ധിക്ക് ആര്‍എസിഎസിനോട് പ്രത്യേക മമതയുണ്ടായിരുന്നു എന്ന് ചാനൽ ചർച്ചകളിലടക്കം ബിജെപി നേതാക്കള്‍ നിരന്തരം വാദിക്കാറുണ്ട്. അതിനിടെ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം രാജ്യം ആഘോഷിക്കുമ്പോള്‍ ഗാന്ധി വധം വീണ്ടും ചര്‍ച്ചയാവുകയാണ്.

ഗാന്ധി ഘാതകനായ മുന്‍ ആര്‍എസ്എസുകാരനും ഹിന്ദു മഹാസഭ നേതാവുമായ ഗോഡ്‌സെയെ ആരാധിക്കുന്നവര്‍ ഇന്ന് അധികാര സ്ഥാനങ്ങളിലടക്കമുണ്ട്. ആ ബലത്തിൽ ഗാന്ധി വധത്തിന്റെ പേരിൽ തങ്ങൾക്ക് നേരെ ഉയർന്ന ആക്ഷേപങ്ങൾ കഴുകിക്കളയാന്‍ നിരന്തര പരിശ്രമം നടത്തുകയാണ് ബിജെപിയും ആര്‍എസ്എസും. ആ ശ്രമത്തിന് മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമിയും കുടപിടിക്കുകയാണ് എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഗാന്ധി ജയന്തി ദിവസം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ലേഖനം മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത് വന്‍ ചര്‍ച്ചയാവുകയാണ്.

ആർഎസ്എസ് തലവന്റെ ലേഖനം

ആർഎസ്എസ് തലവന്റെ ലേഖനം

'മഹാത്മാ ഗാന്ധിയുടെ ജീവിത വീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടിലാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ ലേഖനം. 'ഗാന്ധിജിയുടെ ജീവിതത്തിലെ ഉല്‍കൃഷ്ണ ഗുണങ്ങളെ സ്വന്തം ജീവിതത്തിലും സ്വായത്തമാക്കി ഗാന്ധിയുടെ ദൗത്യം മുന്നോട്ട് കൊണ്ട് പോകണം' എന്നാണ് ലേഖനത്തില്‍ പറയുന്നത്. ഒപ്പം ഗാന്ധിക്ക് സംഘപരിവാറിനോട് മികച്ച ബന്ധമുണ്ടായിരുന്നു എന്ന സ്ഥാപിക്കാനും ലേഖനത്തില്‍ ശ്രമിക്കുന്നുണ്ട്. ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാര്‍ ഗാന്ധിജിയെ പുണ്യ പുരുഷനെന്ന് വിശേഷിപ്പിച്ചതിനെ കുറിച്ചും ഗാന്ധി ദില്ലിയിലെ സംഘശാഖ സന്ദര്‍ശിച്ചതിനെ കുറിച്ചും ലേഖനത്തില്‍ പറയുന്നു.

ഗാന്ധിയും സംഘപരിവാറും

ഗാന്ധിയും സംഘപരിവാറും

ആര്‍എസ്എസ് സ്വയം സേവകരുടെ അച്ചടക്കത്തെ കുറിച്ചും ജാതി-ഉപജാതി ചിന്തകളുടെ അഭാവത്തെ കുറിച്ചും ഗാന്ധി അന്ന് സന്തോഷം പങ്കുവെച്ചു എന്നും മോഹന്‍ ഭാഗവതിന്റെ ലേഖനത്തില്‍ അവകാശപ്പെടുന്നു. ഗാന്ധിയുടെ ജീവിത വീക്ഷണങ്ങള്‍ അഹിംസയുടേയും മതസൗഹാര്‍ദ്ദത്തിന്റേയുമടക്കം മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്നതാണ്. ആര്‍എസ്എസ് മുന്നോട്ട് വെയ്ക്കുന്ന ഹിന്ദുരാഷ്ട്രം അടക്കമുളള ആശയങ്ങളുമായി തീര്‍ത്തും യോജിച്ച് പോകാത്തവ എന്ന് തന്നെ പറയേണ്ടി വരും. അങ്ങനെ വരുമ്പോൾ ഗാന്ധിയുടെ ജീവിത വീക്ഷണങ്ങൾ പിന്തുടരണം എന്ന് ആർഎസ്എസ് നേതാവ് പറയുന്നത് തന്നെ പരിഹാസ്യമാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

മാതൃഭൂമിക്കെതിരെ വിമർശനം

മാതൃഭൂമിക്കെതിരെ വിമർശനം

ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമിക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഗാന്ധി ഘാതകനായ ഗോഡ്‌സെയെ തളളിപ്പറയാന്‍ വിമ്മിഷ്ടപ്പെടുന്നവരാണ് ഇന്നും സംഘപരിവാര്‍. ഗോഡ്‌സെയ്ക്ക് ക്ഷേത്രം വരെയുളള രാജ്യമാണ് ബിജെപി ഭരിക്കുന്ന ഇന്ത്യ. ഗോഡ്‌സെയെ ദേശസ്‌നേഹി എന്ന് വിശേഷിപ്പിച്ച പ്രഗ്യ സിംഗ് ടാക്കൂര്‍ ഇന്ന് ബിജെപിയുടെ എംപിയാണ്. പ്രഗ്യയെ പിന്തുണച്ച് രംഗത്ത് വന്നത് മോദി മന്ത്രിസഭയിലെ അംഗമായിരുന്ന ആനന്ദ് കുമാര്‍ ഹെഗ്‌ഡേ അടക്കമുളള നേതാക്കളാണ്.

ഗോഡ്സെയെ ആരാധിക്കുന്നവർ

ഗോഡ്സെയെ ആരാധിക്കുന്നവർ

''ഗോഡ്‌സെ ഒരാളെ മാത്രമേ കൊന്നുളളൂ, കസബ് 74 പേരെയും രാജീവ് ഗാന്ധി 17,000 പേരെയും കൊന്നു'' എന്ന് പറഞ്ഞ നളിന്‍ കുമാര്‍ കട്ടീലാണ് കര്‍ണാടകത്തില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍. ഇതേ ഇന്ത്യയിലാണ് ഗാന്ധിയുടെ 71ാം രക്തസാക്ഷി ദിനത്തിൽ ഹിന്ദു മഹാസഭ നേതാക്കള്‍ ഗാന്ധി ചിത്രത്തിന് നേരെ വീണ്ടും നിറയൊഴിച്ച് പ്രതീകാത്മക കൊലപാതകം നടത്തിയത്. ബിജെപിക്കും മോദിക്കുമെതിരെ സംസാരിക്കുന്നവര്‍ പോലും രാജ്യദ്രോഹികളാകുന്ന കാലത്ത്, ഗാന്ധിവധം പുനരാവിഷ്‌കരിച്ചവര്‍ക്ക് പക്ഷെ ഒന്നും തന്നെ സംഭവിച്ചില്ല.

ഞെട്ടിക്കുന്നു മാതൃഭൂമി

ഞെട്ടിക്കുന്നു മാതൃഭൂമി

ഗാന്ധിയെ കൊന്ന ഗോഡ്സെ ആർഎസ്എസുകാരനല്ല എന്നാണ് സംഘപരിവാർ അവകാശപ്പെടുന്നത്. ഗോഡ്സെയ്ക്ക് ആർഎസ്എസുമായുളള ബന്ധം സഹോദരൻ ഗോപാൽ ഗോഡ്സെ അടക്കമുളളവർ പിൽക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. 'ഗാന്ധി വധവും ആർഎസ്എസും' എന്നത് ഇന്നും തർക്കവിഷയവുമാണ്. ഇത്തരം നിരവധി വിഷയങ്ങൾ കണ്‍മുന്നില്‍ നില്‍ക്കേയാണ് ആര്‍എസ്എസ് നേതാവിന്റെ 'ഗാന്ധി സ്തുതി' പ്രസിദ്ധീകരിച്ച് മാതൃഭൂമി ഞെട്ടിക്കുന്നത്. ഗാന്ധിജിയുടെ രക്തം പുരണ്ട മണ്ണ് സൂക്ഷിച്ചിരിക്കുന്ന പത്രമാണ് മാതൃഭൂമി. ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ സന്ദര്‍ശിച്ച ഏക മാധ്യമ സ്ഥാപനം. ഗാന്ധിയുമായി അഭൂതപൂര്‍വമായ ബന്ധം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്ന പത്രം. അതേ പത്രം ഗാന്ധി വധത്തിന്റെ പേരില്‍ ഇപ്പോഴും നിഴലില്‍ നില്‍ക്കുന്ന സംഘടനയെ വെള്ളപൂശാനുളള ശ്രമങ്ങൾക്ക് ചൂട്ട് പിടിക്കുന്നത് അത്ഭുതത്തോടെ വേണം നോക്കിക്കാണാന്‍.

ബിജെപിയോട് പ്രത്യേക ചായ്വോ?

ബിജെപിയോട് പ്രത്യേക ചായ്വോ?

നെഹ്രുവിനെ 'വെറും കോണ്‍ഗ്രസുകാര'നാക്കി എഴുതിത്തളളുന്ന ബിജെപിക്ക് ഗാന്ധിയെ അതുപോലെ തിരസ്‌ക്കരിക്കാനാവില്ല. അത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് ഗാന്ധിയെ ആഘോഷിക്കാന്‍ സംഘപരിവാറും മുന്നിട്ടിറങ്ങുന്നത്. അതിന് മാതൃഭൂമി പോലെ സ്വാതന്ത്ര സമര ചരിത്രത്തിലടക്കം നിര്‍ണായക പങ്കുളള പത്രം കുടപിടിക്കുകയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. സമീപകാലത്തായി വാര്‍ത്തകളില്‍ പ്രത്യക്ഷമായ ബിജെപി ചായ്വ് കാണിക്കുന്നുണ്ട് എന്ന വിമര്‍ശനം നേരിടുന്നുണ്ട് മാതൃഭൂമി. എസ് ഹരീഷിന്റെ നോവലായ 'മീശ' സംഘപരിവാര്‍ സമ്മർദ്ദത്തിന് വഴങ്ങി പിന്‍വലിച്ചത് പോലുളള സംഭവങ്ങള്‍ മാതൃഭൂമിക്കെതിരെ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

English summary
Mathrubhumi daily published article on Gandhi written by RSS chief Mohan Bhagwat on Gandhi Jayanthi Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X