കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ക്ക് പത്രവും ചാനലും ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് പോസ്റ്ററുണ്ട്...

Google Oneindia Malayalam News

എന്‍ പത്മനാഭന്‍

''മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ പിരിച്ചു വിട്ട നടപടി അങ്ങേയറ്റം അപലപനീയമാണ്. വിവിധ ബഹുജനസംഘടനകളുടെ പിന്തുണയോടെ മാതൃഭൂമിക്കെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും''

മാതൃഭൂമിക്കെതിരേയുള്ള സമരം ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്താകെയുള്ള പണിയെടുക്കുന്നവരുടെ പ്രശ്‌നമാണിത്. തൊഴിലാളികള്‍ കോര്‍പ്പറേറ്റ് ആജ്ഞയ്ക്ക് വഴങ്ങി ജീവിക്കേണ്ട അടിമകളാണെന്ന പുതിയ വാണിജ്യ സങ്കല്‍പ്പത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാന്‍.. മാതൃഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട നാരായണന്‍ ഒരു പ്രതീകം മാത്രമാണ്. മുതലാളിക്ക് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍, എത്ര അപകടകരമായ തൊഴില്‍ സാഹചര്യത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്ന് തൊഴിലാളിക്ക് ബോധ്യപ്പെടാന്‍. അതുകൊണ്ടു തന്നെ ഇതു പത്രത്തിനെതിരേയുള്ള സമരമല്ല, ഇതു തൊഴിലാളിയുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ്.

വാസ്തവത്തില്‍ തൊഴിലാളി സമരങ്ങളെ കുറിച്ച് മോശമായ ചിത്രം രൂപപ്പെടുത്തിയെടുത്തതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ഇന്നു കാലം കണക്കു ചോദിക്കുകയാണെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. പത്രപ്രവര്‍ത്തകനും ഒരു തൊഴിലാളിയാണ്. കെയുഡബ്ല്യുജെ എന്നത് ഒരു തൊഴിലാളി യൂനിയനാണ്. ഈ ബോധത്തില്‍ നിന്നു കൊണ്ടു തന്നെയാണ് മാതൃഭൂമി സമരം സംഘടന ഏറ്റെടുത്തിട്ടുള്ളത്. അന്യായമായി പിരിച്ചു വിട്ട മാനേജ്‌മെന്റ് നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുക തന്നെ ചെയ്യും. ഇതിന്റെ ആദ്യപടിയാണ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന മാതൃഭൂമി ഓഫിസ് മാര്‍ച്ച്.

Mathrubhumi Office March

മാതൃഭൂമിയിലെ 95 ശതമാനം ജീവനക്കാരും സംഘടനയ്‌ക്കൊപ്പമാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരാണ്. പണ്ട് നാലപ്പാടിന് പിന്തുണ നല്‍കിയവരെ മാനേജ്‌മെന്റ് പീഡിപ്പിച്ചതിന് സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. സംഘടനാപ്രവര്‍ത്തനം നടത്തുന്നവരെ അന്യായമായി സ്ഥലം മാറ്റുകയോ പുറത്താക്കുകയോ ചെയ്യുകയെന്ന ഹീനമായ തന്ത്രമാണ് സോഷ്യലിസ്റ്റ് നേതാവെന്ന് നടിക്കുന്ന വീരേന്ദ്രകുമാറിന്റെ പത്രം സ്വീകരിക്കുന്നത്.

ഇനിയും ഒട്ടേറെ പേരെ മാനേജ്‌മെന്റ് ചുണ്ണാമ്പ് തൊട്ടുവെച്ചിട്ടുണ്ട്. പക്ഷേ, ഇനി ഒരു നാരായണനും കൂടി ഉണ്ടാകാന്‍ സംഘടന അനുവദിക്കില്ല. ഈ നാരായണനോട് കൂടി ഇതു തീരണം. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള തൊഴിലാളി സംഘടനകളുടെ മുഴുവന്‍ പിന്തുണയോടു കൂടിയാണ് തിങ്കളാഴ്ച മാതൃഭൂമിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുമായി സഹകരിച്ചാണ് കെയുഡബ്ല്യുജെ പ്രവര്‍ത്തിക്കുന്നത്. നാരായണന്റെ കാര്യത്തിലും കൊല്ലത്തെ ഉണ്ണിത്താന്റെ കാര്യത്തിലും മനുഷ്യത്വപരമായ സമീപനം വേണമെന്ന് സംഘടന നിരവധി തവണ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതാണ്.

പത്രവും ചാനലും ഉപയോഗിച്ച് പ്രക്ഷോഭത്തെ മൂടിവെയ്ക്കാമെന്നു കരുതുന്നവരെ നിങ്ങള്‍ക്ക് തെറ്റി, ഞങ്ങള്‍ക്ക് പോസ്റ്ററുകള്‍ മതി. നാടു നീളെ പോസ്റ്ററൊട്ടിക്കും. ഈ നെറികേടിന്റെ കഥ നാട്ടുകാരെ അറിയിക്കും. അവര്‍ തീരുമാനിക്കട്ടെ ആരുടെ ഭാഗത്താണ് ന്യായമെന്ന്.

വാല്‍ക്കഷണം: വിമര്‍ശകരോട് ഒന്നേ പറയാനുള്ളൂ, കെയുഡബ്ല്യുജെയുടെ ഭാഗത്ത് നിന്ന് യാതൊരു വിധ വീഴ്ചയും ഉണ്ടായിട്ടില്ല. സംസ്ഥാന കമ്മിറ്റിയിലെ ഒന്നോ രണ്ടോ അംഗങ്ങളൊഴികെ ബാക്കിയെല്ലാവര്‍ക്കും ഇക്കാര്യം അറിയാം. കെയുഡബ്ല്യുജെ സെക്രട്ടറിയെന്നത് ഗ്ലാമര്‍ പോസ്‌റ്റൊന്നുമല്ല. ഭാരവാഹിയെന്ന നിലയില്‍ മൊത്തം മാധ്യമ സ്ഥാപനങ്ങളുടെയും കണ്ണിലെ കരടാണ്. ലോസ് ഓഫ് പെയിലാണ് പലപ്പോഴും സംഘടനാ കാര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്. സംഘടനയെ കൂടുതല്‍ ട്രേഡ് യൂനിയന്‍ സ്വഭാവത്തിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം. നാരായണന്‍ വിഷയത്തില്‍ യൂനിയന്‍ ഒറ്റക്കെട്ടാണ്. ഒന്നിച്ചു പോരാടുകയും ചെയ്യും. മറിച്ച് പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യവും അവര്‍ക്കു പിറകില്‍ ആരാണെന്ന സത്യവും എല്ലാവര്‍ക്കുമറിയാം.

English summary
Labour problem in Mathrubhumi Newspaper, Kerala working Journalist Union(KUWJ) General Secretary N Padmnabhan writes about it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X