കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമിയെ ഇനിയും തെറി പറയുന്നത് മതഭ്രാന്തന്‍മാര്‍ മാത്രമാണ്

Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

മാതൃഭൂമിയിലെ 'പ്രവാചകനിന്ദ' വിവാദത്തെക്കുറിച്ച് ബിനു ഫല്‍ഗുനന്‍ എഴുതുന്നു

പ്രവാചക നിന്ദ പ്രശ്‌നത്തില്‍ മാതൃഭൂമി പത്രം മാപ്പ് പറഞ്ഞുകഴിഞ്ഞു. ലോക്കല്‍ എഡിഷന്‍ എന്ന് പോലും വിളിയ്ക്കാന്‍ പറ്റാത്ത 'നഗരം' പേജില്‍, അതും കേരളത്തില്‍ രണ്ട് നഗരങ്ങളില്‍ മാത്രം പ്രസിദ്ധീകരിയ്ക്കപ്പെട്ട തെറ്റിന്റെ പേരില്‍ ഒന്നാം പേജില്‍ തന്നെ ഒരു മാപ്പപേക്ഷ. പക്ഷേ മാതൃഭൂമിയ്‌ക്കെതിരെയുള്ള ആക്രമണം ഒരു വിഭാഗം ഇപ്പോഴും അവസാനിപ്പിയ്ക്കുന്നില്ല.

പത്രത്തില്‍ വന്ന തെറ്റിന് ഓണ്‍ലൈന്‍ വഴിയും ടിവി ചാനല്‍ വഴിയും വരെ മാതൃഭൂമി മാപ്പ് പറഞ്ഞു. തെറ്റ് വരാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കി. എന്നിട്ടും എന്താണ് ചിലരുടെ ക്രോധം അവസാനിയ്ക്കാത്തത് എന്ന് അന്വേഷിയ്ക്കുക തന്നെ വേണം.

mathrubhumi

അശ്രദ്ധകൊണ്ട് സംഭവിച്ച ഒരു പിഴവ് (അത് അത്ര ചെറിയ പിഴവാണെന്ന് പറയാന്‍ കഴിയില്ല) ചിലരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പരിഹരിയ്ക്കപ്പെടേണ്ടത് തന്നെയാണ്. യഥാര്‍ത്ഥ വിശ്വാസം ഇത്തരം പരാമര്‍ശങ്ങളിലൂടെ വ്രണപ്പെടില്ലെങ്കില്‍ കൂടിയും, ദു:ഖം തോന്നിയവരുടെ വികാരത്തെ മാനിയ്ക്കുക തന്നെ വേണം. എന്നാല്‍ അത് അത്തരത്തിലുള്ള ഒരു വികാരത്തിനപ്പുറത്തേയ്ക്ക് ഒരു ഗൂഢാലോചനയായി വളരുന്നു എന്നതാണ് ഇപ്പോള്‍ മാതൃഭൂമിയുടെ കാര്യത്തില്‍ സംഭവിയ്ക്കുന്നത്.

സംഭവത്തില്‍ മാപ്പ് പറഞ്ഞതിന് ശേഷവും മാതൃഭൂമി ഓഫീസുകളിലേയ്ക്ക് നിരന്തരം ഫോണ്‍ കോളുകള്‍ എത്തുന്നു. അതില്‍ ഭൂരിപക്ഷവും അശ്ലീലവും തെറിവിളികളും ഭീഷണികളും മാത്രം നിറഞ്ഞവയായിരുന്നു. മാതൃഭൂമി ജീനക്കാര്‍ക്ക് സ്വകാര്യ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് വയ്ക്കാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായി. കൃത്യമായി തയ്യാറാക്കിയ ഒരു പദ്ധതി എന്ന മട്ടിലാണ് ഫോണ്‍ കോളുകള്‍ പ്രവഹിച്ചത്.

ഇതിനിടെ മാതൃഭൂമി ഓഫീസുകള്‍ക്ക് നേര്‍ക്ക് കായികമായ ആക്രമണങ്ങളും അരങ്ങേറി. കഴിഞ്ഞ ദിവസം പോലീസ് സംരക്ഷണത്തിലാണ് മാതൃഭൂമി ഓഫീസുകള്‍ പ്രവര്‍ത്തിച്ചത് എന്ന് കൂടി ഓര്‍ക്കണം.

mathrubhumi

സോഷ്യല്‍ മീഡിയ വഴിയാണ് മാതൃഭൂമിയ്‌ക്കെതിരെ വലിയ തോതില്‍ പ്രചാരണം നടക്കുന്നത്. പത്രത്തില്‍ അച്ചടിച്ചുവന്ന പ്രവാചക നിന്ദ എന്ന് പറയുന്ന വാക്കുകള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലും ഇസ്ലാമിക രാഷ്ട്രങ്ങളിലും പ്രചരിപ്പിയ്ക്കുന്നതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാവുന്നതാണല്ലോ? മാതൃഭൂമി പത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചേയ്ക്കുമെന്ന് പോലും വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്.

ചിലഘട്ടങ്ങളില്‍ ഫോണ്‍വഴിയുള്ള ഭീഷണികളുടെ രീതികള്‍ തന്നെ മാറുന്നുണ്ട്. പത്രത്തിലെ തെറ്റിന് കാരണക്കാരായവരുടെ കൈവെട്ടുമെന്ന് പോലും ചിലര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടത്രെ. അങ്ങനെയെങ്കില്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് ഊഹിയ്ക്കാവുന്നതേ ഉള്ളൂ. പഴയ ചോദ്യപ്പേപ്പര്‍ വിവാദവും, ജോസഫ് മാസ്റ്ററുടെ കൈവെട്ടിയതും ഒന്നും മലയാളികള്‍ മറന്നുകാണില്ല.

യഥാര്‍ത്ഥ വിശ്വാസികളുടെ ദു:ഖവും വിഷമവും പരിഹരിയ്ക്കപ്പെട്ടതിന് ശേഷവും ചിലര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയുണ്ടെന്ന് പറയേണ്ടിവരും. അതിനപ്പുറത്തേയ്ക്ക്, സാമൂഹ്യമായ വേര്‍തിരിവുകള്‍ക്ക് വേണ്ടിയുള്ള ഹീന ശ്രമങ്ങളും.

mathrubhumi

മാതൃഭൂമിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടാകാം. എന്നാല്‍ ഇത്തരം ഒരു വിഷയത്തില്‍, മാപ്പ് പറഞ്ഞതിന് ശേഷവും നടക്കുന്ന ഹിംസാത്മക നടപടികളോട് പ്രതികരിയ്‌ക്കേണ്ട ബാധ്യത സാംസ്‌കാരിക കേരളത്തിനും രാഷ്ട്രീയ കേരളത്തിനും ഉണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തിയുക്തം വാദിച്ചവരും അസഹിഷ്ണുതയ്‌ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പ്രതികരിച്ചവരും എല്ലാം ഈ വിഷയത്തില്‍ നിശബ്ദത പാലിയ്ക്കുന്നത് കാണുമ്പോഴാണ് ഭയം തോന്നുന്നത്.

കേരളത്തിലെ മറ്റ് മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയത്തില്‍ പാലിയ്ക്കുന്നത് കുറ്റകരമായ നിശബ്ദത തന്നെയാണ്. ഷാര്‍ലി ഹെബ്ദോ വിഷയത്തില്‍ പ്രതികരിച്ചവര്‍ സ്വന്തം നാട്ടിലെ സംഭവങ്ങളോട് എത്ര ലാഘവത്തോടെയാണ് പ്രതികരിയ്ക്കുന്നത് എന്നത് ദു:ഖകരം തന്നെ.

കാര്യങ്ങള്‍ ഇത്രത്തോളം വഷളായിട്ടും പൊതു സമൂഹം യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രതികരിയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ എന്തോ വലിയ പ്രശ്‌നം നമ്മുടെ സമൂഹ മനസ്സാക്ഷിയ്ക്ക് സംഭവിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. വിശ്വാസികളുടെ രോഷം ശമിച്ചതിന് ശേഷവും ചില വികാരങ്ങള്‍ ആളിക്കത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് തീവ്രവാദികള്‍ തന്നെയാണ്. അതാണ് ചെറുക്കപ്പെടേണ്ടതും.

English summary
Binu Phalgunan writes about Mathrubhumi Prophet controversy in Vedivazhipadu Column
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X