• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെണ്ണൈ ദോസയും ലോനാവാലയും... മരുഭൂമിയുടെ മടിത്തട്ടിലൂടെ.. യാത്രാവിവരണം ഭാഗം 2

  • By Muralidharan

ലിഡിയ ജോയ്

ഐ ടി എഞ്ചിനീയറായി ജോലി ചെയ്യുന്ന ലിഡിയയുടെ ഇഷ്ടങ്ങളിൽ യാത്രകളും ഫോട്ടോഗ്രാഫിയും ബ്ലോഗിങ്ങും ഉൾപ്പെടുന്നു. #MeOnRoad എന്ന കോളത്തിലൂടെ ലിഡിയ അവരുടെ യാത്രാ കുറിപ്പുകൾ പങ്ക്‌ വയ്ക്കുന്നു..

കർണ്ണാടകത്തിലെ ദാവൻഗരെ എന്ന പ്രദേശത്ത് നിന്ന് പ്രസിദ്ധിയിലെത്തിയത് കൊണ്ടാണ് അധികം പുളിക്കാത്ത നേർത്ത മാവ് കോരിയൊഴിച്ചുണ്ടാക്കിയ മൊരിച്ച ദോശയും കൂടെയൊരു വലിയ സ്പൂൺ നെയ്യും ഉരുളക്കിഴങ്ങ് പുഴുങ്ങിയുടച്ച് കൂടെ തരുന്ന കൂട്ടിനും ചേർത്ത് ദാവൻഗരൈ ബെണ്ണൈ ദോസൈ എന്നൊരു ഗംഭീരൻ പേര് കൊടുത്തിരിക്കുന്നത്, കൂടെ തരുന്ന പച്ചമുളകും നിലക്കടലയും തേങ്ങയും ചെർത്തരച്ച എരിവുള്ള ചട്ണിയും ചേർന്നാൽ നാവിൽ രുചിയുടെ ഇലഞ്ഞിത്തറ മേളമാവും.

എണ്ണൂറ്റി അറുപത് കിലോമീറ്ററുകൾക്കപ്പുറം പൂനെയിലായിരുന്നു ആദ്യ ദിവസ ഹാൾറ്റ് പ്ളാൻ. ഒരു നീണ്ടയാത്രയ്ക്ക് ആവശ്യത്തിന് ഊർജ്ജം ബെണ്ണൈ ദോസൈ വഴിയാവട്ടെ എന്ന് കരുതി അതിരാവിലെ മൂന്നരമണിക്ക് തന്നെ ബാംഗളൂരിൽ നിന്ന് വണ്ടി വിട്ടു. അങ്ങനെ പ്രഭാതഭക്ഷണത്തിന് സമയം ആയപ്പോഴേയ്ക്കും ശ്രീ ഗുരു കൊട്ടൂരേശ്വര ബെണ്ണെ ദോസ എന്ന പേര് കേട്ട കടയുടെ മുന്നിൽ ഹാജരിട്ടു. കാഴ്ചയ്ക്ക് മറ്റൊരു ഉഡുപ്പി നില്പൻ ഹോട്ടൽ. പക്ഷേ ചക്കപ്പഴത്തിന് ചുറ്റും ഈച്ച പോലെ ആളുകൾ.. ദോശ തിന്ന് കഴിഞ്ഞപ്പോൾ മൂന്നരവെളുപ്പിനെഴുന്നേറ്റ് പോന്നത് നഷ്ടമായി തോന്നിയില്ല.

കർണ്ണാടകത്തിന്റെ പരുക്കൻ പ്രതലങ്ങളിലൂടെ

കർണ്ണാടകത്തിന്റെ പരുക്കൻ പ്രതലങ്ങളിലൂടെ

ബാംഗ്ലൂരിന്റെ കുളിരും തണുത്ത പച്ചപ്പും സിറ്റി അതിര് വിട്ടാൽ തന്നെ തീർന്നു.. പിന്നെ കർണ്ണാടകത്തിന്റെ പരുക്കൻ പ്രതലങ്ങൾ കാണാം. റോഡുകൾ നല്ല അവസ്ഥയിലായിരുന്നത് കൊണ്ട് യാത്ര അധികം ബുദ്ധിമുട്ടിയില്ല.. ഹുബ്ബാളിയും ബെലഗാവിയും കോലാപൂരും കടന്ന് പോവുന്ന യാത്രയിൽ കൂട്ട് ജഗ്ജീത് സിങ്ങിന്റെ ഗസൽ മുതൽ ബാഷയുടെ റാപ്പ് വരെ.. സതാര മുതൽ വിദ്ധ്യപർവ്വത നിരകളെ അടുത്ത് കണ്ട് തുടങ്ങി. പണ്ട് ഡെൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇൻഡിഗോയും കിങ്ങ്ഫിഷറും ചെലവ് കുറച്ച് ഫ്ളൈറ്റ് ഓടിച്ച് തുടങ്ങിയത്. കാത്ത്കാത്തിരുന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് സാദ്ധ്യമാക്കിയ കുറെ യാത്രകൾ ഉണ്ടായിരുന്നു കൊച്ചി വരെ.. മൂന്നേമുക്കാൽ മണിക്കൂർ കണ്ണ് ജനൽ വഴി പുറത്തേയ്ക്ക് തുറിച്ചിരിക്കും.. പഞ്ഞിമേഘങ്ങളും അതിനും മുകളിൽ പരവാതാനി വിരിച്ച പോലുള്ള പട്ടുമേഘങ്ങളും, ഇടയ്ക്കിടയ്ക്ക് കാണുന്ന ഭൂമിയും ഒക്കെ, ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ആദ്യത്തെ സമ്മാനപെട്ടി കിട്ടുന്ന കുട്ടിയുടെ അതേ കൗതുകമാണ് ആ കാഴ്ചകൾക്ക്..

ഇന്ത്യയുടെ രണ്ട് മുഖങ്ങൾ

ഇന്ത്യയുടെ രണ്ട് മുഖങ്ങൾ

അന്ന് ശ്രദ്ധിച്ചിരുന്ന ഇന്ത്യൻ ഭൂപ്രകൃതിയുടെ വ്യത്യാസമായിരുന്നു, വിന്ധ്യ പർവ്വതത്തിന്റെ അപ്പുറത്തും ഇപ്പുറത്തും ഇന്ത്യയ്ക്ക് രണ്ട് മുഖങ്ങളാണെന്നത്.. നരച്ച തിരിച്ചറിയാനാവാത്ത വടക്കൻ ചതുരങ്ങൾ കടന്ന് വിന്ധ്യ പർവ്വതത്തിന് മുകളിലെത്തുമ്പോൾ താഴെ ആരോ അളന്ന് രാകി മുറിച്ചെടുത്ത പോലത്തെ തട്ടുപാറകൾ, ചെങ്കല്ലിന്റെ നിറവും പറ്റെ വളർന്ന പച്ചപ്പില്ലാത്ത ചെടികളും കാടിന്റെ ഒരു വിദൂരഛായ പോലും ഇല്ലാത്തവ. പലതും മൊട്ടക്കുന്നുകൾ പോലെയാണ് തോന്നുക.. കുറെചെമ്പൻ നിറമുള്ള കല്ലുകളും കുറച്ച് പച്ച കല്ലുകളും കുട്ടിയുണ്ടാക്കിയ കല്ലുമാല പോലെ അതങ്ങനെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിരന്ന്... അതിനിപ്പുറമുള്ള ഭൂമിയിൽ പതുക്കെ പതുക്കെ പച്ചപ്പ് കൂടി കൂടി വരും, കൊച്ചിയെത്തുമ്പോഴെയ്ക്കും പച്ചപ്പിന്റെ ഒരു വെൽവെറ്റ് പുതപ്പ് പുതച്ച സുന്ദരി ഭൂമിയെ കാണുമ്പോ തൊണ്ടയിലൊക്കെ ഒരു തടസ്സം വന്ന് നിൽക്കും..

ലോനാവാല, മുംബൈ എക്സ്പ്രസ് ഹൈവേ

ലോനാവാല, മുംബൈ എക്സ്പ്രസ് ഹൈവേ

ആ വിന്ധ്യപർവ്വത നിരകളെ തൊട്ടും തലോടിയുമാണ് ഇന്നത്തെ ഈ യാത്ര, അങ്ങനെ അർദ്ധരാതിയോടെ പന്ത്രണ്ട് മണിക്കൂറിലേറെ ഡ്രൈവ് ചെയ്ത് പൂനെയിലെത്തുമ്പോൾ അത്യാവശ്യ കാര്യങ്ങളെങ്കിലും തീർക്കാൻ കണ്ണിന്റെ ഷട്ടർ വലിച്ച് ഉയർത്തിവയ്ക്കാനായിരുന്നു പാട്. അടുത്ത ദിവസത്തെ പ്ളാനിൽ പതിനൊന്ന് മണിക്കൂർ നിണ്ട യാത്രയായിരുന്നത് കൊണ്ട് അതിരാവിലെ തന്നെ യാത്ര തുടങ്ങേണ്ടി വന്നു. പേര് കേട്ട ലോനാവാലയും മുംബൈ എക്സ്പ്രസ് ഹൈവേയും മറ്റുമായിരുന്നു ഇടനിലങ്ങൾ.. മുംബൈ എക്സ്പ്രസ്സ് ഹൈവേ, ഇന്ത്യയിലെ മനോഹരമായ റൈഡുകളിൽ സ്ഥലം പിടിച്ച ഒന്നാണ്.. അതിലെ തുരങ്കങ്ങളും തട്ടുതട്ടായുള്ള പാറക്കൂട്ടങ്ങളും ഒരു ദൃശ്യവിരുന്ന് തന്നെയാണ്..

വ്യത്യസ്തമായ കാഴ്ചകൾ

വ്യത്യസ്തമായ കാഴ്ചകൾ

മനോഹരമായ ഇന്ത്യയിലെ പത്ത് റോഡുകളിൽ രണ്ടാമത്തേത് മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേയാണ്. വിന്ധ്യപർവ്വത നിരകളെ വളഞ്ഞ് പുളഞ്ഞ് പോവുന്ന വീഥികളും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന തുരങ്കങ്ങളും അതി മനോഹരമായ താഴ്‌വരകളും യാത്ര അതിമനോഹരമാക്കുന്നു. ഇടവിടാതെയുള്ള ട്രാഫിക്കും ഇടയ്ക്കിടെയുള്ള അപകടങ്ങളും മാത്രമാണ് ആ യാത്രയിലെ അല്പമെങ്കിലും മടുപ്പ് തോന്നിക്കുന്ന ഘടകങ്ങൾ. ഇരുവശവും നോക്കാതെ വീശിവളച്ചെടുത്ത ഒരു ട്രക്ക് തലയറുത്ത് കളഞ്ഞ കബന്ധം പോലെ കിടക്കുന്ന കാഴ്ച നടുക്കമുണ്ടാക്കി, അതിന്റെ ക്യാബിൻ ഭാഗം തെറിച്ച് കുറേ ദൂരെ കിടപ്പുണ്ടായിരുന്നു. മുകളറ്റം വെട്ടിമാറ്റിയ പോലത്തെ പീഠഭൂമിയുടെ മുകളറ്റങ്ങൾ തൊട്ടടുത്ത് കണ്ടപ്പോൾ കണ്ണിന് കണ്ട് ശീലമുള്ള സഹ്യന്റെ നിരകളെക്കാൾ എത്ര വ്യത്യസ്തമാണ് അവയെന്ന് അത്ഭുതം തോന്നി. ഒട്ടും മരങ്ങൾ ഇല്ലാത്ത സ്ളേറ്റ് പോലെയുള്ള കല്ലുകൾ. പലതും പകുതിയെ ഉള്ളൂ, മനുഷ്യന്റെ തീരാത്ത ആർത്തിക്ക് മുന്നിൽ അവ തലകുനിച്ച് കീഴടങ്ങുകയുകയാണ്

മുംബൈ നഗരത്തിന്റെ തിരക്ക്

മുംബൈ നഗരത്തിന്റെ തിരക്ക്

ഹൈവേയിൽ നിന്നിറങ്ങിയത് മുംബൈയുടെ കുപ്രസിദ്ധമായ തിരക്കിലേയ്ക്കാണ്. മുംബൈ ട്രാഫിക്ക് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നഗരത്തിരക്കിൽ പെടുന്നത് ഒഴിവാക്കാനായില്ല. മുംബൈ എന്ന മഹാനഗരത്തിനെ ആഗ്രഹം തീരെ നടന്ന് കാണാൻ ഒരിക്കലും ആയിട്ടില്ല, എത്രയെത്ര കഥകളിൽ എത്രയെത്ര അതിജീവനങ്ങളിൽ കഥാപാത്രമാണ് ഈ നഗരം. നാഗരികതയുടെ എല്ലാ ചേരുവകളും ഒരേ നിരത്തിന്റെ ഇരുവശങ്ങളായി കാണാം എന്നതാണ് മുംബൈയുടെ പ്രത്യേകത. സങ്കൽപ്പിക്കാനാവാത്ത വിധം ഭൂമിയോട് പറ്റിച്ചേർന്ന് കിടക്കുന്ന കൂരകളും അംബരചുംബികളായ ഫ്ളാറ്റുകൾ ഒരേ ഫ്രെയിമിൽ എത്തുന്ന കാഴ്ച. മുംബൈയിലെ പ്രസിദ്ധമായ ചാറ്റുകൾ രുചിച്ചു നോക്കണം എന്ന് ആഗ്രഹിച്ചുവെങ്കിലും രാത്രിക്ക് മുന്നേ കടന്ന് പോവേണ്ട ദൂരത്തെ കുറിച്ചുള്ള ചിന്ത റൊഡ് സൈഡിലെ കടയിൽ നിന്ന് കിട്ടിയ തെല്പയും മറ്റും കൊണ്ട് ആ ആഗ്രഹത്തെ അണയിട്ട് നിർത്താൻ നിർബദ്ധിതരാക്കി.

വിചിത്രമായ ജീവിതം, കാഴ്ചകളും....

വിചിത്രമായ ജീവിതം, കാഴ്ചകളും....

സൂറത്ത് ഒഴിവാക്കി വാപി, നവ്സാരി വഴി വഡൊദര കൂടി രാപക്ഷികൾ ചേക്കേറിയതിനും ഒത്തിരി സമയം കഴിഞ്ഞ് ഞങ്ങളും രണ്ടാം ദിവസത്തിന്റെ അന്ത്യം കുറിക്കാൻ അഹമ്മദാബാദിലെത്തി.. അല്പം ഭക്ഷണം, ഉറക്കം, മനസ്സിൽ പ്രാഥമിക ആവശ്യങ്ങൾ മാത്രം. രാജസ്ഥാനിലെ ആദ്യത്തെ പോയിന്റ് മൗണ്ട് അബുവായിരുന്നു.. മരുഭൂമിയിലെ ഹിൽസ്റ്റേഷൻ.. ഒരു മൈലിൽ മൂന്ന് ഹിൽസ്റ്റേഷനുള്ള എന്റെ ജന്മനാട്ടിൽ നിന്ന് ഈ ദൂരമത്രയും താണ്ടി വംഗനാട്ടിലെ ഒരേയൊരു ഹിൽസ്റ്റേഷൻ കാണാൻ ഞാൻ.. ജീവിതം എത്ര വിചിത്രമാണ് അല്ലേ.. യാത്രകളോളം മനുഷ്യനെ ചിന്തിപ്പിക്കുന്ന, നമ്മുടെ പ്രയോരിറ്റികളെ ചോദ്യം ചെയ്യുന്ന മറ്റൊരു അവസ്ഥയും ഇല്ലെന്ന് തന്നെ പറയാം..

കമ്പിളിയുടുപ്പുകൾ വെറുതെയാകുമോ?

കമ്പിളിയുടുപ്പുകൾ വെറുതെയാകുമോ?

യാത്ര തുടങ്ങി രണ്ട് ദിവസമായിട്ടും പൊരിയുന്ന വെയിൽ ചൂടല്ലാതെ തണുപ്പിന്റെ ഒരു ചെറു കാറ്റ് പോലും ഇല്ല, ഗുജറാത്തിലെ വരണ്ട മണ്ണും പൊടിയും കാറ്റുമടിച്ച് രാജസ്ഥാനിലേയ്ക്ക് കടക്കുമ്പോൾ മാത്രമാണ് രണ്ട് ദിവസം മുഴുസമയ യാത്ര മാത്രം ആയിരുന്നു അവിടെവരെ എത്തിച്ചേരാൻ എന്നോർത്തത്. ഡിസംബറായിട്ടും തണുപ്പിന്റെ ഒരു ചെറുകാറ്റ് പോലും കിട്ടിയില്ല, കെട്ടിപെരുക്കിയ കമ്പിളിയുടുപ്പുകൾ വെറുതെയാവുമോ എന്നൊരു പരാതി എല്ലാരുടെയും മനസ്സിൽ ഉണ്ടായിരുന്നു. ദൈവം അത് കേട്ടുവെന്ന് അധികം താമസിക്കാതെ തന്നെ മൗണ്ട് അബുവേയിലേയ്ക്കുള്ള കയറ്റം കയറാൻ തുടങ്ങിയതും ഞങ്ങൾക്ക് മനസ്സിലായി.

മരുഭൂമിയുടെ മടിത്തട്ടിലൂടെ ഒരു രാജസ്ഥാൻ യാത്രയുടെ തുടക്കം (ഭാഗം 1).. ലിഡിയ ജോയ് എഴുതുന്നു!

കറുത്ത പൂച്ച കുറുകെ ചാടിയാൽ കാര്യതടസ്സം!! കറുത്ത പൂച്ചയും മന്ത്രവാദയും തമ്മിൽ അഭേദ്യ ബന്ധം!

ട്രാക്കില്‍ കിടന്ന് പാട്ട്‌ കേട്ടു, അപകടം അറിഞ്ഞില്ല, ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് സംഭവിച്ചത്

English summary
#MeOnRoad: Lidya Joy writes about Bangalore - Rajasthan trip. Part 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more