• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

‘വെക്കടാ വെടി’

  • By desk

എം ആര്‍ ഹരി

മള്‍ട്ടി മീഡിയ കണ്ടന്റ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനാണ് എംആര്‍ ഹരി. വായനക്കാരെ തന്റെ ബാല്യകാല ഓര്‍മകളിലേക്ക് കൈപിടിച്ചു കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍

കേരളത്തില്‍ ഒരു ചര്‍ച്ച കൊടുംപിരിക്കൊണ്ടു നടക്കുകയാണ്‌. കോളേജ്‌ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളായ സ്‌ത്രീ പുരുഷന്മാര്‍ അടുത്തടുത്തിരുന്നു പഠിച്ചാല്‍ ശരിയാവുമോ? സ്‌ത്രീ പുരുഷന്‍മാര്‍ എന്നു പറഞ്ഞത്‌ അബദ്ധത്തിലല്ല. ഇവരെല്ലാം വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ പേരുള്ളവരോ, കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്‌തവരോ ഒക്കെ ആണ്‌. ഇവരെ പിന്നെ എന്തു വിളിക്കണം ?

എന്തായാലും ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ബുദ്ധിജീവിയുടെ പ്രഖ്യാപനം ഗംഭീരമായിരുന്നു. ഇവര്‍ ഒരുമിച്ചിരിക്കുന്നതിനൊന്നും അദ്ദേഹം എതിരല്ല. പക്ഷേ ഇംഗ്ലണ്ടിലെയോ, അമേരിക്കയിലെയോ പോലെ ജാരസന്തതികളെ വളര്‍ത്താനോ അംഗീകരിക്കാനോ ഉള്ള സംവിധാനം ഈ നാട്ടിലില്ല. അതുകൊണ്ടു തത്‌കാലം ഇതിനെ എതിര്‍ക്കാന്‍ നിര്‍ബന്ധിതനാവുന്നു. എനിക്കതു പുതിയ ഒരറിവായിരുന്നു. ക്ലാസ്സു മുറികളിലെ ബഞ്ചില്‍ അടുത്തടുത്തിരുന്നാല്‍ ജാരസന്തതികള്‍ ഉണ്ടാവുന്നത്ര ഉല്‌പാദന ക്ഷമതയുള്ള സ്‌ത്രീ പുരുഷന്മാരാണ്‌ നമ്മുടെ കലാലയങ്ങളിലെത്തുന്നത്‌ എന്ന്‌ ആരും ഇതുവരെ പറഞ്ഞു തന്നിരുന്നില്ല.

സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടു ഞാന്‍ ഞെട്ടിപ്പോയി. ഇങ്ങിനെയാണല്ലോ വലിയ വലിയ ആളുകളൊക്കെ ഇടയ്‌ക്കിടെ ഞെട്ടുന്നതെന്നു വിചാരിക്കുകയും ചെയ്‌തു. നമ്മുടെ റോഡുകളില്‍ പലയിടത്തും സമ്പൂര്‍ണ്ണ ശിശു നിര്‍മ്മാണ ആശുപത്രികളുടെ പരസ്യമുണ്ട്‌. ഡോക്ടര്‍മാര്‍ കയ്യിലും, തോളിലും, തലയിലുമൊക്കെ കുഞ്ഞുങ്ങളെ വച്ചു കൊണ്ടു നില്‌ക്കുന്നു. ഒറ്റ പ്രസവത്തിലുണ്ടാവുന്നവയാണ്‌ എല്ലാം. ഇനിയും എണ്ണം കൂടിയാല്‍ പാവം ഡോക്ടര്‍ കുഞ്ഞിനെ കഴുത്തില്‍ കടിച്ചു പിടിക്കേണ്ടിവരും. വിദേശിയും, സ്വദേശിയും, പിന്നെ ആസാമിയും ഒക്കെ ആയ പലതരം മൂലധനങ്ങള്‍ കൊണ്ടു പടുത്തുയര്‍ത്തുന്ന ആശുപത്രികള്‍. അതിനിടയിലാണ്‌ ക്ലാസ്സ്‌ മുറിയിലെ ഒരു ബെഞ്ചില്‍ ആണ്‍ - പെണ്‍ പെണ്‍കുട്ടികളിരുന്നാല്‍ കുഞ്ഞുങ്ങളുണ്ടാവുന്ന ചെലവു കുറഞ്ഞ സാങ്കേതിക വിദ്യ! കുട്ടികളില്ലാത്ത ദമ്പതികളെ കോളേജ്‌ ക്ലാസ്സുകളിലെ ബഞ്ചില്‍ ഇരുത്തിയാല്‍ പോരെ?. ഹൊ, ഇതെങ്ങാനും നാട്ടുകാര്‍ അറിഞ്ഞാല്‍ ഈ ആശുപത്രികളെല്ലാം പൂട്ടേണ്ടി വരും. ആശുപത്രികളും സ്വര്‍ണ്ണക്കടകളും കോഴിക്കടകളും ആശ്രയിച്ചു നില്‌ക്കുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ന്നു തരിപ്പണമാവും.

ഇരുപത്താറു വര്‍ഷത്തോളം ഞാന്‍ ഔപചാരിക വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്‌. അങ്ങിനെ സംഭവിച്ചതിനു പല കാരണങ്ങളുമുണ്ട്‌. പ്രത്യേകിച്ചു പണിയൊന്നുമില്ലായിരുന്നു. ഏതു പണി തെരഞ്ഞെ ടുക്കണമെന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനും പറ്റിയില്ല. അതു കൊണ്ടു പലതും പഠിച്ചു നോക്കി. ഒടുവില്‍ യുജിസി ഫെല്ലോഷിപ്പ്‌ ഒരു നല്ല വരുമാന മാര്‍ഗ്ഗവും വലിയ മെനക്കേടില്ലാത്ത പണിയും ആയി തോന്നി. വിവാഹ ശേഷവും തുടര്‍ന്ന അഭ്യാസം നിര്‍ത്തിയത്‌ മകള്‍ക്ക്‌ ഒരു വയസ്സു തികഞ്ഞപ്പോഴാണ്‌.

ഇക്കാലമത്രയും ഞാന്‍ പഠിച്ചത്‌ സഹവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്‌. ഞാന്‍ പഠിച്ച എല്ലാ ക്ലാസ്സുകളിലും പെണ്‍കുട്ടികളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ആദ്യത്തെ പതിനാറു വര്‍ഷവും തൊട്ടപ്പുറത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയോടു സംസാരിക്കുവാന്‍ ഞാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഞാനെന്നല്ല, എന്റെ സഹപാഠികളില്‍ മഹാഭൂരിപക്ഷവും അങ്ങിനെ തന്നെ ആയിരുന്നു. എന്നാല്‍ പ്രീഡിഗ്രി തലം മുതല്‍ ആണ്‍ പെണ്‍ വിഭാഗങ്ങള്‍ക്കിടയിലെ ലിങ്കായി നിലനിന്നിരുന്ന ചിലര്‍ ഉണ്ടായിരുന്നു. ഞങ്ങളെപ്പോലെയുള്ള ഭീരുക്കള്‍ അവരെ പുറമെ പരമാവധി അപഹസിക്കുകയും അകമെ ആരാധിക്കുകയും അസൂയപ്പെടുകയും ചെയ്‌തു.

രണ്ടു മൂന്നു വര്‍ഷം മുന്‍പ്‌ ഞാന്‍ പഠിച്ച ഹൈസ്‌കൂള്‍ ക്ലാസ്സിലെ വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികളുടെ ഒരു സംഗമം നടന്നു. സ്‌കൂള്‍ വിട്ടു മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. ആറു വര്‍ഷവും പത്തു വര്‍ഷവുമൊക്കെ ഒരേ ക്ലാസ്സിലിരുന്നു പഠിച്ച ആണ്‍-പെണ്‍ കുട്ടികള്‍ മഹാഭൂരിപക്ഷവും ആദ്യമായി പരസ്‌പരം സംസാരിക്കുന്നതപ്പോഴാണ്‌. പെണ്‍ കുട്ടികളില്‍ പലരും അമ്മൂമ്മയും, ആണ്‍ കുട്ടികളില്‍ ചിലരെങ്കിലും അപ്പൂപ്പനും ആയിക്കഴിഞ്ഞിരുന്നു.

ഇത്‌ ഒരു ക്ലാസ്സിന്റേയോ, സ്‌കൂളിന്റേയോ, പ്രദേശത്തിന്റേയോ, പ്രശ്‌നമല്ല. ഒരു പൊതു രീതി തന്നെ ആയിരുന്നു. ഒരമ്മ പെറ്റ മക്കളല്ലാത്ത ആണ്‍-പെണ്‍ കുട്ടികള്‍ ആരും തമ്മില്‍ സ്‌കൂള്‍ മതില്‍ക്കെട്ടിനുള്ളില്‍ സംസാരിക്കില്ല. ഒരുമിച്ചു കളിച്ചു വളര്‍ന്ന അയല്‍വാസികളായ ആണ്‍-പെണ്‍ കുട്ടികള്‍ പോലും സ്‌കൂള്‍ വളപ്പിനുള്ളില്‍ കടന്നാല്‍ പിന്നെ മിണ്ടില്ല. സ്വഭാവ രൂപീകരണത്തിന്റെ ആദ്യ നാളുകളില്‍ കിട്ടുന്ന ഈ പരിശീലനം, സ്‌ത്രീ പുരുഷന്മാര്‍ക്കിടയില്‍ ഒരു സ്ഥിരം മതില്‍ ഉണ്ടാക്കാന്‍ ധാരാളം മതി. അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു സ്‌ത്രീ പുരുഷന്‍മാര്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സില്‍ നിന്നും പുറത്തു വരുമ്പോള്‍ കണ്ടു മുട്ടിയെന്നിരിക്കട്ടെ. അവര്‍ ഒരുമിച്ചു നടന്നു വീട്ടിലേക്കു പോവാനോ, ഒരു വാഹനത്തില്‍ പോവാനോ തയ്യാറാവുമോ? ഒരു ഓഫീസില്‍ ജോലി ചെയ്യുന്ന രണ്ടു സ്‌ത്രീ പുരുഷന്‍മാര്‍ ഒരുമിച്ചു ബസ്‌ സ്റ്റോപ്പിലേക്ക്‌ നടക്കുവാന്‍ തയ്യാറാവുമോ ? ഒരുമിച്ച്‌ ഒരു റെസ്റ്റോറന്റില്‍ പോയി ചായകുടിക്കാന്‍ ധൈര്യപ്പെടുമോ? ഈ പ്രഹേളികയുടെ ഉത്തരമാണ്‌ നമ്മുടെ ബുദ്ധിജീവി കണ്ടു പിടിച്ചു തന്നത്‌. പൊതു വഴിയേ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ജാര സന്തതികളുടെ സംരക്ഷണത്തിനു സംവിധാനമില്ലല്ലോ.

മൂവായിരം പേര്‍ ജോലി ചെയ്യുന്ന ഒരു സോഫ്‌റ്റ്‌ വെയര്‍ കമ്പനിയുടെ മാനേജ്‌മെന്റ്‌ തലത്തില്‍ ജോലി ചെയ്യുന്ന ഒരു സ്‌നേഹിത പറഞ്ഞ കഥ ഉണ്ട്‌. ഇപ്പോള്‍ അവരുടെ താഴെയും, മുകളിലും, വശങ്ങളിലും, ധാരാളം പുരുഷന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്‌. അവരൊക്കെയായി നിരന്തരം ഇടപെടുന്നുമുണ്ട്‌. സ്‌നേഹിത രണ്ടാം ക്ലാസ്സിലോ, മൂന്നാം ക്ലാസ്സിലോ പഠിക്കുമ്പോള്‍ ഒരു സഹപാഠി സ്‌കൂളിനടുത്തുള്ള ഒരു മതിലില്‍ ചാണകം കൊണ്ട്‌ അവരുടെ പേരും, അയാളുടെ പേരും എഴുതി ഇടയ്‌ക്ക്‌ ഒരു അധിക ചിഹ്നവുമിട്ടത്രേ. ഭാഗ്യത്തിന്‌ സ്‌കൂളിലെ തന്നെ ഒരു ടീച്ചറുടെ മതിലിലാണെഴുതിയത്‌. നായകന്‍ സ്ഥിരമായി സ്ലേറ്റില്‍ തെറ്റിച്ചെഴുതുന്ന ഒരക്ഷരം പെണ്‍കുട്ടിയുടെ പേരിലുമുണ്ട്‌. അതു കൊണ്ട്‌ പ്രതി ഉടന്‍ വലയിലായി. ബുദ്ധിമതിയായ ടീച്ചര്‍ ഒരു ചകരിത്തൊണ്ട്‌ ചെത്തിക്കൊടുത്ത്‌ പാവം രണ്ടാം ക്ലാസ്സ്‌ കാമുകനെ കൊണ്ട്‌ അക്ഷരങ്ങള്‍ക്കൊപ്പം മതിലിന്റെ മറ്റു ഭാഗങ്ങളും നന്നായി ഉരച്ചു കഴുകിച്ചു. പായല്‍ മുഴുവന്‍ പോയതു കൊണ്ട്‌ ആ വര്‍ഷം മതില്‍ വെള്ള പൂശേണ്ടി വന്നില്ല. പക്ഷെ അതോടെ നിഷ്‌കളങ്കയായ രണ്ടാം ക്ലാസ്സുകാരിയുടെ അമ്മയ്‌ക്ക്‌ ആധിയായി. ‘ഇവള്‍ പേരു കേള്‍പ്പിക്കുമോ?'. അധ്യാപിക കൂടിയായ അമ്മ, അവള്‍ കഴിയുന്നതും മുഖം കീഴോട്ടു കുനിച്ചു നടന്നു കൊള്ളണം എന്നൊരു വ്യവസ്ഥ വച്ചു കര്‍ശനമായി നടപ്പിലാക്കി..

ബിരുദ പഠന കാലത്ത്‌ അവര്‍ക്ക്‌ രസികന്മാരായ കുറച്ചു സഹപാഠികളെക്കിട്ടി. നാല്‌ ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു ബഞ്ചിലായി ഇരിപ്പ്‌. അപ്പോള്‍ ആരോ ഒരു ദിവസം ഒരു തമാശ അവതരിപ്പിച്ചു. ക്ലാസ്സിലെ സീലിംഗ്‌ ഫാനിനായി ഇട്ടിരിക്കുന്ന കൊളുത്തിലൂടെ ഒരു ചൂണ്ട നൂല്‍ ഇടുക. അധ്യാപകന്റെ തലയ്‌ക്കു മുകളില്‍ വരുന്ന അറ്റത്ത്‌ ഒരു പാളയങ്കോടന്‍ പഴം കെട്ടി വെച്ചു. മറ്റേ അറ്റം വാനരസംഘത്തിന്റെ കയ്യിലാണ്‌. അധ്യാപകന്‍ ബോര്‍ഡില്‍ എഴുതാന്‍ തിരിയുമ്പോള്‍ കൊളുത്തിലിരിക്കുന്ന പഴം ഇറങ്ങി വന്ന്‌ അദ്ദേഹത്തിന്റെ തലയ്‌ക്കു മുകളില്‍ നില്‌ക്കും. എഴുത്തു നിര്‍ത്തി തിരിയുമ്പോള്‍ പഴം മുകളിലേക്കു പോവും. ഓരോരുത്തരും നിയന്ത്രണം കൈമാറി ഒടുവില്‍ നൂലിന്റെ അറ്റം സ്‌നേഹിതയുടെ കയ്യിലായി. അപ്പോള്‍ പിന്നിലിരുന്ന ഒരു വിദ്വാന്‍ കയ്യിലിരുന്ന പേനയുടെ അറ്റം കൊണ്ട്‌ നായികയുടെ വാരിയെല്ലില്‍ ഒന്ന്‌ ചൊറിഞ്ഞു. അവര്‍ മേലോട്ടു ചാടി. പഴം അധ്യാപകന്റെ തലയില്‍. അധ്യാപകന്‍ രോഷാകുലനായെങ്കിലും വകുപ്പു മേധാവി ‘നന്നായി പഠിക്കുന്ന പിള്ളേരാ, ഇതൊക്കെ ഒരു തമാശ ആയെടുത്താല്‍ പോരേ' എന്നു ചോദിച്ചു സംഭവമൊതുക്കി.

പഠനം അവസാനിക്കാറായപ്പോഴേക്കും നമ്മുടെ ഇക്കിളി വീരന്‍ കടുത്ത സാമ്പത്തിക പ്രയാസത്തിലായി. ജോലി തേടി നാടു വിടാന്‍ പോലും കാശില്ല. സ്‌നേഹിത അച്ഛനോടു വളരെ രഹസ്യമായി വിവരം പറഞ്ഞിട്ട്‌ സാമാന്യം വലിയ ഒരു സ്വര്‍ണ്ണമാല ഊരിക്കൊടുത്തു. സുഹ്യത്തുക്കള്‍ എല്ലാം പലവഴിക്കു പിരിഞ്ഞു. പിന്നെ ആരുടേയും ഒരു വിവരവുമില്ല. ആറേഴു കൊല്ലം കഴിഞ്ഞപ്പോള്‍ ഒളിച്ചോട്ടക്കാരന്‍ മറ്റൊരു മാലയുമായി സുഹൃത്തിനെ തേടി തിരികെ വന്നു. ആ മാലയുടെ അറ്റത്ത്‌ ഒരു താലിയുണ്ടായിരുന്നോ എന്ന്‌ സ്ഥിരം മലയാള ടിവി സീരിയല്‍ പ്രേക്ഷകര്‍ ഉത്‌കണ്‌ഠാകുലരാവുന്നുണ്ടായിരിക്കും. ഒരു മാങ്ങാത്തൊലിയുമില്ലായിരുന്നു. അവര്‍ രണ്ടു കുടുംബങ്ങളായി, അടുത്ത സുഹൃത്തുക്കളായി, ലോകത്തിന്റെ രണ്ടു ഭാഗത്തു ജീവിക്കുന്നു. അന്നു വകുപ്പു മേധാവി, ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന പെണ്ണിനെയും, അധ്യാപകന്റെ തലയില്‍ പഴമിട്ടവന്മാരെയും പുറത്താക്കാന്‍ തുനിഞ്ഞിരുന്നെങ്കില്‍, അവരുടെ ഭാവി എന്താവുമായിരുന്നു?

ബസില്‍ സ്‌ത്രീകളുടെ സീറ്റ്‌ എന്നൊരു സംവിധാനം ഉണ്ടല്ലോ. നമ്മുടെ നാട്ടില്‍ ഓരോ തവണ ബസില്‍ കയറുന്നതും ഓരോ മാമാങ്കം ആണ്‌. ചാവേറുകള്‍ സര്‍വ്വതും പിന്നിലുപേക്ഷിച്ച്‌ ജീവന്‍ കളയാന്‍ തയ്യാറായി മുന്നേറി സീറ്റു കയ്യടക്കുന്നു. ഇതിനുള്ള ആരോഗ്യവും, പരിശീലനവും, ജൈവിക സാഹചര്യങ്ങളും മഹാഭൂരിപക്ഷം വനിതകള്‍ക്കുമില്ലാത്തതു കൊണ്ടാണ്‌ അവര്‍ക്കായി കുറച്ചു സീറ്റു മാറ്റി വച്ചിരിക്കുന്നത്‌. അവശേഷിക്കുന്ന സീറ്റുകളില്‍ സ്‌ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും തുല്യ അവകാശമാണ്‌. എന്നാല്‍ പലരും ധരിച്ചു വച്ചിരിക്കുന്നത്‌ അതു പുരുഷന്മാരുടെ സീറ്റാണെന്നും, പുരുഷന്മാരുടെ തലോടല്‍ ആഗ്രഹിക്കുന്ന വനിതകളാണ്‌ അവയില്‍ കയറി ഇരിക്കുന്നതുമെന്നാണ്‌.

വിവാഹത്തെത്തുടര്‍ന്ന്‌ ഗവേഷണ വിദ്യാര്‍ത്ഥികളായിരുന്ന ഞാനും, ഭാര്യയും ഒരുപാടു ദീര്‍ഘദൂരയാത്രകള്‍ ബസിലും ട്രെയ്‌നിലും മൊക്കെ നടത്തിയിട്ടുണ്ട്‌. ചിലപ്പോള്‍ സ്‌ത്രീകള്‍ വരുമ്പോള്‍ ഞാന്‍ ഒന്നെഴുന്നേറ്റു കൊടുക്കും. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു, ‘നിങ്ങള്‍ ഇടയ്‌ക്കെഴുന്നേല്‌ക്കാന്‍ പരിപാടിയുണ്ടെങ്കില്‍ നമുക്ക്‌ ഒരുമിച്ചിരിക്കേണ്ട.' ഞാന്‍ ചോദിച്ചു, ‘ഞാന്‍ എഴുന്നേല്‍ക്കുന്നതിനു തനിക്കെന്താ കുഴപ്പം ? അയാള്‍ പറഞ്ഞു ‘ഒരു കുഴപ്പവുമില്ല. രണ്ടു സ്‌റ്റോപ്പു കഴിയുമ്പോള്‍ അവരിറങ്ങും. വല്ലവനും വന്നിരുന്നു ചൊറിയാനും മാന്താനും തുടങ്ങും. ബസില്‍ കയറുന്നവന്മാരില്‍ പകുതിയുടെയും വിചാരം ഒരു സ്‌ത്രീ ഒറ്റയ്‌ക്കു പൊതു സീറ്റിലിരിക്കുന്നത്‌ അവരെ പ്രതീക്ഷിച്ചു കൊണ്ടാണെന്നാണ്‌. പിന്നെ ഞാനവനെ ആട്ടിയിറക്കണം...'.

എന്തുകൊണ്ട്‌, സ്‌കൂള്‍ തലത്തിലും കോളേജ്‌ തലത്തിലുമൊക്കെ ആണ്‍കുട്ടികളും പെണ്‍ കുട്ടികളും ഇടപെടണമെന്നു ചോദിക്കുന്നവരുണ്ട്‌. എതിര്‍ലിംഗക്കാരെ ശരിയായ രീതിയില്‍ നോക്കിക്കാണുവാനും, ശരിയായ മനോവികാസത്തിനും അത്തരം ഒരിടപെടല്‍ ആവശ്യമാണ്‌. എന്നാല്‍ ആണ്‍-പെണ്‍ കുട്ടികളുടെ ഇടപെടലുകള്‍ പ്രശ്‌നങ്ങളിലേക്കു നയിക്കാന്‍ സാധ്യതയില്ലേ ? ചിലപ്പോള്‍ പ്രശ്‌നങ്ങളുണ്ടാവാം. മലയാളത്തിലെ ഏറ്റവും സത്യസന്ധനായ എഴുത്തുകാരനും നാടകാചാര്യനുമായ എന്‍. എന്‍. പിള്ള അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഒരനുഭവം പറയുന്നുണ്ട്‌. അദ്ദേഹം ഇന്റര്‍മീഡിയറ്റ്‌ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത്‌ വിദേശികളായ പല അധ്യാപകരും ഉണ്ടായിരുന്നു. അവരില്‍ സുന്ദരിയായ ഒരു സ്‌ത്രീ അയഞ്ഞ ഉടുപ്പുകളും ധരിച്ചാണ്‌ വരുന്നത്‌. അവര്‍ ഡസ്‌കില്‍ കൈകുത്തി നിന്നു നോട്ടുബുക്കു പരിശോധിക്കുമ്പോള്‍ പിള്ളേച്ചന്റെ കണ്ണ്‌ ബ്ലൗസിനുള്ളിലേക്കു പോവും. ഇതു കണ്ടു പിടിച്ചതോടെ അവര്‍ ക്ഷുഭിതയായി. അദ്ദേഹത്തെ ഒറ്റയ്‌ക്കു വിളിച്ച്‌, നീ എന്തുകൊണ്ടങ്ങനെ പെരുമാറി എന്നു ചോദിച്ചു. Human instinct എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവര്‍ പിന്നെ വഴക്കു പറഞ്ഞില്ല. പക്ഷെ അടുക്കലെത്തുമ്പോള്‍ കുപ്പായം നേരെ കിടക്കുമെന്നുറപ്പു വരുത്തുമായിരുന്നത്രേ. (ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്‌. അല്‌പസ്വല്‌പം വ്യത്യാസം വരാം.) എത്ര ലളിതമായി അവര്‍ ആ കുട്ടിയുടെ പ്രശ്‌നം കൈകാര്യം ചെയ്‌തു? കുട്ടികളുടെ കൗമാര ചാപല്യങ്ങള്‍ ഉപദേശം കൊണ്ടും, ശാസന കൊണ്ടും, താക്കീതു കൊണ്ടുമൊക്കെ ശരിയാക്കാവുന്നതാണ്‌. പക്ഷെ നമ്മള്‍ അവരെ കടുത്ത കുറ്റവാളികളായി കാണുന്നു, പ്രശ്‌നം വഷളാവുന്നു.

പണ്ടു നമ്മുടെ പോലീസിനൊരേര്‍പ്പാടുണ്ടായിരുന്നു. കടല്‍ത്തീരത്തോ, പാര്‍ക്കിലോ മുട്ടിയിരുമ്മിയിരുന്നു സംസാരിക്കുന്ന കമിതാക്കളെ അല്ലെങ്കില്‍ ഹോട്ടല്‍ മുറികളില്‍ നിന്നു പിടികൂടുന്നവരെ വിവാഹം കഴിപ്പിച്ചു വിടുക. പോലീസിന്റെ വക സൗജന്യ വിവാഹ സദ്യയായി വധൂവരന്മാര്‍ക്കും ലോക്കപ്പിലും, പരിസരത്തുമുള്ള കള്ളന്മാര്‍ക്കും, പോക്കിരികള്‍ക്കുമെല്ലാം ചായയും കടിയും നല്‌കുകയും ചെയ്യും. എന്തൊരുദാരമനസ്‌കത!. നമ്മുടെ നാടായതു കൊണ്ട്‌ ഇങ്ങനെ കല്യാണം കഴിപ്പിക്കപ്പെട്ടവര്‍ക്കു പിന്നെന്തു സംഭവിച്ചു എന്നാരും ഒരു പഠനവും നടത്തിയിട്ടില്ല. പ്രായപൂര്‍ത്തിയായ രണ്ടു സ്‌ത്രീ പുരുഷന്മാര്‍ ഒരുമിച്ചു താമസിക്കുന്നതിനെതിരായ ഒരു നിയമവും ഈ നാട്ടിലില്ല എന്നു കോടതി പ്രഖ്യാപി ച്ചത്‌ അടുത്തയിെട മാത്രമാണ്‌.

ഞാന്‍ ലോകോളജ്‌ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത്‌ ഗുണ്ടാസംഘങ്ങളും, ആധുനിക ആശുപത്രികളും ഒക്കെ കുറവായിരുന്നു. സ്‌ത്രീധന സംബന്ധമായ തര്‍ക്കമുണ്ടാവുന്ന വീടുകളില്‍ സ്റ്റൗവ്‌ പൊട്ടിത്തെറിക്കുകയായിരുന്നു അന്നത്തെ പതിവ്‌. ഒരു പ്രൊഫസറോട്‌ ഞങ്ങള്‍ സംശയം ചോദിച്ചു. നിയമം മൂലം സ്‌ത്രീധനം നിരോധിക്കാന്‍ പറ്റുമോ എന്ന്‌ അദ്ദേഹം പറഞ്ഞത്‌ അവിവാഹിതയായ സ്‌ത്രീ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും, ഗര്‍ഭിണിയാവുന്നതും, ബലാല്‍സംഗം ചെയ്യപ്പെടുന്നതും, കുടുംബത്തിനു മാനക്കേടാണെന്ന ധാരണ സമൂഹത്തിലുണ്ട്‌. അതു നിലനില്‌ക്കുന്നിടത്തോളം കാലം സ്‌ത്രീധനവും നിലനില്‌ക്കും. വീട്ടില്‍ വളര്‍ന്നു വരുന്ന ഓരോ പെണ്‍കുട്ടിയും ഒരു ബോംബാണ്‌. ഈ ബോംബിനെ പൊട്ടുന്നതിനു മുന്‍പു നിര്‍വീര്യമാക്കാനുള്ള മാര്‍ഗ്ഗമാണ്‌ വിവാഹം. അപ്പോള്‍ പിന്നെ എത്രയും വേഗം കല്യാണം കഴിക്കാനുള്ള ചെറുക്കനും, അവന്റെ അച്ഛനും, അമ്മയുമെല്ലാമടങ്ങുന്ന ഒരു ബോംബ്‌ സ്‌ക്വാഡിനെ കണ്ടു പിടിച്ചു പ്രതിഫലം മുന്‍കൂറായി നല്‌കി സാധനം കയ്യൊഴിയുക.

ഇതിലേറ്റവും കഷ്ടം ബലാത്സംഗത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകളാണ്‌. അതു സ്‌ത്രീക്കപമാനമാവുന്നതെങ്ങനെ എന്നു മനസ്സിലാവുന്നില്ല. നിങ്ങളുടെ വീട്ടില്‍ കള്ളന്‍ കയറിയാല്‍ അപമാനമാവില്ല. നിങ്ങളെ ഒരു കാര്‍ ഇടിച്ചാല്‍ അപമാനമാവില്ല, നിങ്ങളെ ഒരാള്‍ കുത്തി മുറിവേല്‍പ്പിക്കുകയോ, വെടിവയ്‌ക്കുകയോ ചെയ്‌താല്‍ അപമാനമാവില്ല. പക്ഷെ ഒരു ക്രിമിനല്‍ നിങ്ങളെ ബലാത്സംഗം ചെയ്യുന്നത്‌ നിങ്ങള്‍ക്ക്‌ തീര്‍ത്താല്‍ തീരാത്ത അപമാനമാവും. അതിനു കാരണം നേരത്തെ പറഞ്ഞ ബോംബു ഭീഷണി ആണ്‌. പെണ്ണ്‌ പേരു കേള്‍പ്പിക്കാതെ നോക്കണം. അതേ യുക്തിയുടെ ഇങ്ങേയറ്റമാണ്‌ ക്ലാസ്സില്‍ ഒരു ബഞ്ചില്‍ സ്‌ത്രീ പുരുഷന്മാര്‍ ഇരിക്കരുതെന്നു പറയുന്നതും.

മധ്യതിരുവിതാംകൂറിലെ പ്രഗത്ഭനായ ഒരു പ്രിന്‍സിപ്പല്‍ ഉണ്ടായിരുന്നു. അച്ചടക്ക കാര്യത്തില്‍ കര്‍ക്കശക്കാരന്‍. ഏതു പ്രശ്‌നത്തെയും പ്രായോഗികമായി നേരിടുന്ന ആള്‍. ഒരിക്കല്‍ കോളേജ്‌ തുറന്നപ്പോള്‍ ഇംഗ്ലീഷ്‌ പാഠപുസ്‌തകം വിപണിയില്‍ എത്തിയില്ലെന്നു പറഞ്ഞു സമരം ചെയ്‌ത വിദ്യാര്‍ത്ഥികളോടു മൂപ്പര്‍ ചോദിച്ചു, ബാക്കി പുസ്‌തകമെല്ലാം പഠിച്ചു കഴിഞ്ഞോടാ ? ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജ്‌ വരാന്തയില്‍ നിന്നു പരസ്‌പരം സംസാരിക്കുന്നു എന്ന പരാതിയുമായി ചെന്ന അധ്യാപകനോട്‌ അപ്പോള്‍ അദ്ദേഹം ചോദിച്ചത്‌ അവര്‍ അങ്ങിനെ അടുത്തു നിന്നു സംസാരിച്ചാലെന്താ, പരാഗണം സംഭവിക്കുമോ എന്നാണ്‌. നാല്‌പതു കൊല്ലം മുന്‍പായിരുന്നു അദ്ദേഹം അങ്ങിനെ ചോദിച്ചത്‌!

എന്തായാലും ഇത്രയേറെ പരാഗണഭീതി വച്ചു പുലര്‍ത്തുന്ന മറ്റൊരു നാട്‌ ലോകത്തുണ്ടോ എന്നു സംശയമാണ്‌. ഒരു നൂറ്റാണ്ടോ, അതില്‍ അല്‌പം അധികമോ മുമ്പുവരെയോ മാതൃദായക്രമം നിലനിന്നിരുന്ന നാടാണിത്‌. അതില്‍ ഭര്‍ത്താവില്ല, സംബന്ധക്കാരനെ ഉള്ളൂ. വാഹനങ്ങള്‍ക്കു ടയര്‍ പോലെ കുടുംബത്തിന്‌ അഭിഭാജ്യഘടകമായിരുന്നു സംബന്ധക്കാരനും. ടയറിന്റെ കാറ്റു പോയാല്‍ നിറയ്‌ക്കും, നട്ടിളകിയാല്‍ മുറുക്കും, പഞ്ചറായാല്‍ ഒട്ടിച്ചു നോക്കും, തീരെ പറ്റാതായാല്‍ ഊരിക്കളഞ്ഞു പുതിയതെടുക്കും അതായിരുന്നു സംബന്ധക്കാരന്റെയും അവസ്ഥ. ആ സ്ഥാനത്തു ഭര്‍ത്താെവന്ന അനങ്ങാപ്പാറയെ സ്ഥാപിച്ചു തുടങ്ങിയതോടെ സ്വത്തുടമ ഭര്‍ത്താവായി. സ്‌ത്രീപുരുഷ ബന്ധത്തിന്റെ ആണിക്കല്ല്‌ തന്നെ സ്‌ത്രീധനമായി. പണംവാങ്ങി സര്‍്‌ക്കാര്‍ ജോലി വില്‌ക്കുന്ന വിദ്യാഭ്യാസ കച്ചവടം പോലെ, പുരോഗമനവാദികളായ മലയാളി സമൂഹത്തിന്റെ മറ്റൊരു കണ്ണടച്ചു പാലുകുടിക്കലാണ്‌ സ്‌ത്രീധനം.

സംസ്‌കാരത്തിന്റെ അടിസ്ഥാനം കുടുംബമാണെന്നും ആ കുടുംബം നില നില്‌ക്കുന്നതു സ്‌ത്രീകളെ ആശ്രയിച്ചാണെന്നും കരുതുന്നവരാണ്‌ മഹാഭൂരിപക്ഷവും. നമ്മുടെ ഉത്സവങ്ങളുമായി ഇതിനെ താരതമ്യ പ്പെടുത്താം. ഉത്സവത്തിന്റെ ആകര്‍ഷണം തന്നെ കുളിച്ചു കുട്ടപ്പനായി സ്വര്‍ണ്ണനെറ്റിപ്പട്ടമണിഞ്ഞ്‌ അഞ്ചും പത്തും മണിക്കൂര്‍ അനങ്ങാതെ നില്‌ക്കുന്ന ആനകളാണ്‌. ‘നിനക്ക്‌ ചകരി കൊണ്ടു ദേഹം തേച്ചു കഴുകി, നെറ്റിപ്പട്ടവും കെട്ടി, പാപ്പാന്‍ തരുന്ന പഴവും ശര്‍ക്കരയും തിന്ന് ഒരു കാഴ്‌ച വസ്‌തുവായി നില്‌ക്കണോ, അതോ പാപ്പാനെ ചവിട്ടി ഒടിച്ചു കളഞ്ഞു, കാട്ടില്‍ പോയി, ആറ്റിലിറങ്ങി നീന്തി, തലവഴി മണ്ണു വാരിയിട്ട്‌, മുള പറിച്ചു തിന്നണോ' എന്നാരും ആനയോടു ചോദിക്കാറില്ല.

കാട്ടാന ആയാലും, മനുഷ്യര്‍ ആയാലും മെരുക്കുമ്പോള്‍ അവരുടെ തലച്ചോറിനെക്കൂടി മെരുക്കണം. സ്‌ത്രീകളെ മെരുക്കാനുള്ള മനശാസ്‌ത്രപരമായ ആയുധങ്ങളാണ്‌ പെഴയ്‌ക്കലും, ബലാത്സംഗ ഭീതിയുമൊക്കെ. പെഴച്ച പെണ്ണിനു വീട്ടിലോ നാട്ടിലോ ഇടമില്ല. പെഴയ്‌ക്കാതിരുന്നാല്‍ മാത്രം പോരാ, പെഴയാണ്‌ എന്നു പറയിപ്പിക്കാ തിരിക്കുകയും വേണം. പറയിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതലു കള്‍ക്കായാണ്‌ സ്‌ത്രീ അവളുടെ ഊര്‍ജ്ജത്തിന്റെയും, കഴിവിന്റെയും ഭൂരിഭാഗവും ചെലവാക്കുന്നത്‌. അടങ്ങിയൊതുങ്ങി ഇരിക്കണമെന്നും, വീട്ടുജോലി അറിയാമായിരിക്കണമെന്നും, ഒരുത്തന്റെ കൂടെ പൊറുക്കണമെന്നും പറഞ്ഞു പഠിപ്പിച്ച്‌ കാട്ടാനകളെ നമ്മള്‍ നാട്ടാനകളാക്കുന്നു.

വീടു വിട്ടിറങ്ങണമെന്നാഗ്രഹിച്ചു പോവുന്ന ഓരോ സ്‌ത്രീയുടേയും ഏറ്റവും വലിയ പ്രശ്‌നം എട്ടോ പത്തോ മണിക്കൂറിനുള്ളില്‍ അവള്‍ ഒരു താവളം എങ്ങനെ കണ്ടെത്തുമെന്നതാണ്‌. കടത്തിണ്ണയും, റെയില്‍വേസ്റ്റേഷനും പോയിട്ട്‌ പോലീസ്‌ സ്റ്റേഷന്റെ വരാന്തയില്‍ പോലും ആക്രമിക്കപ്പെടാം. തെറ്റെന്നു ബോധ്യമുള്ള വ്യവസ്ഥാപിത രീതികള്‍ക്കെതിരെ പോരാടാന്‍ ആവശ്യമായ സാമ്പത്തിക സ്‌ത്രോതസ്സും അവര്‍ക്കില്ല.

കായികാധ്വാനം ബുദ്ധിപരമായ അധ്വാനങ്ങള്‍ക്കു വഴിമാറിക്കൊടുക്കുന്ന ഇന്‍ഫര്‍മേഷന്‍ യുഗത്തില്‍ സ്‌ത്രീകള്‍ക്കു പുരുഷന്മാര്‍ക്കും അവസരങ്ങള്‍ ഏറെക്കുറെ തുല്യമാണ്‌. നമ്മുടെ പരാഗണഭീതിയാണ്‌ അവരെ തളച്ചിടുന്നത്‌. സ്‌ത്രീ പുരുഷന്മാര്‍ക്കിടയില്‍ ലൈംഗികബന്ധമല്ലാതെ മറ്റൊരു ബന്ധവും ഉണ്ടാവില്ലെന്നൊരു സിദ്ധാന്തം നമ്മള്‍ ഉണ്ടാക്കിയെടുത്തു. കഴിയുന്നതും വീട്ടില്‍ തന്നെ ഇരിക്കുക, കുടംബത്തോടൊപ്പം മാത്രം പുറത്തിറങ്ങുക. ന്യൂയോര്‍ക്കിലും, ലണ്ടനിലും, മിഡില്‍ ഈസ്റ്റിലും തൊട്ട്‌ മണിപ്പൂരിലും, നാഗാലാന്റിലും, കാശ്‌മീരിലും വരെ പോയി ജോലി കണ്ടെത്തുന്ന മലയാളി വനിതയെ പക്ഷെ സൂര്യനസ്‌തമിച്ചു കഴിഞ്ഞാല്‍ പിന്നെ കേരളത്തിലെ റോഡുകളില്‍ കാണാന്‍ പറ്റില്ല.

കഴിഞ്ഞ രണ്ടു ദശകങ്ങളായി നമ്മുടെ ദേശീയ നേതൃത്വം തല പുകഞ്ഞാലോചിക്കുന്ന വിഷയം ഇന്ത്യയെ എങ്ങിനെ ഒരു സാമ്പത്തിക വന്‍ശക്തിയാക്കാമെന്നതാണ്‌. ഇന്‍ഫര്‍മേഷന്‍ സൊസൈറ്റിയില്‍ പേശിബലമല്ല, തലച്ചോറാണു കാര്യം. നമ്മള്‍ കുടത്തിലടച്ചു വച്ചിരിക്കുന്ന, ജനസംഖ്യയുടെ അന്‍പതു ശതമാനം വരുന്ന വനിതാ മസ്‌തിഷ്‌കങ്ങളെ തുറന്നു വിടണം. അതുപോലെ ജാതി സമ്പ്രദായത്തില്‍ പെട്ട്‌ അടിഞ്ഞു പോയ ഭൂരിപക്ഷം പുരുഷമസ്‌തിഷ്‌കങ്ങളെയും.

പുരുഷന്മാര്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ നമ്മുടെ സ്‌ത്രീകള്‍ക്കു പറ്റുമോ എന്നു ചോദിക്കുന്നവരുണ്ട്‌. കേരളത്തിലെവിടെയെങ്കിലും കമ്യൂണിസ്റ്റു പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി ഇന്നു സ്‌ത്രീകള്‍ പ്രവര്‍ത്തിക്കുന്നതായി അറിയില്ല. എന്നാല്‍ 1948 ല്‍ സായുധ വിപ്ലവം ഉയര്‍ത്തിപ്പിടിച്ചിരുന്ന അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കല്‌ക്കട്ടാ തീസിസ്‌ കാലത്തു ലോക്കല്‍ സെക്രട്ടറിയായിരുന്ന കൂത്താട്ടുകുളം മേരി പോലീസ്‌ കസ്റ്റഡിയില്‍ നടത്തിയ ചെറുത്തു നില്‌പ്‌ മനസ്സിലാക്കുവാന്‍ അവരുടെ ജീവചരിത്രം വായിക്കുക തന്നെ വേണം. സാമൂഹ്യമാറ്റത്തിനായി തന്റെ യൗവ്വനം ഹോമിച്ച അജിതയുടെയും, ജീവിതം മാറ്റി വച്ച ഗൗരിയമ്മയുടെയും, രാജഭരണത്തിനെതിരെയുള്ള മാര്‍ച്ചു തടഞ്ഞ കുപ്രസിദ്ധമായ തിരുവിതാംകൂര്‍ സൈന്യത്തോടും പോലീസിനോടും ‘വെക്കടാ വെടി' എന്നു പറഞ്ഞു ചെന്ന അക്കമ്മ ചെറിയാന്റെയുമൊക്കെ പിന്മുറക്കാരോടാണ്‌ പറയുന്നത്‌ ഒരു ബെഞ്ചില്‍ ഇരിക്കരുത്‌, നിങ്ങള്‍ക്കു ജാര സന്തതികളുണ്ടായാല്‍ വളര്‍ത്താന്‍ സംവിധാനം ഇല്ലാത്തതുകൊണ്ട്‌ ബുദ്ധിമുട്ടാകുമെന്ന്‌!.

English summary
MR Hari writes about school and his childhood memories related
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more