കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൺപൂതങ്ങളുടേയും പെൺപൂതങ്ങളുടേയും അവസാനത്തെ അടവാണീ ഫെമിനിച്ചി വിളികൾ... 'ഫെമിനിച്ചൻ' ആയി തുമ്മാരുകുടി

Google Oneindia Malayalam News

മുരളി തുമ്മാരുകുടി

ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. സുരക്ഷാ വിഷയങ്ങളെ പറ്റിയും സാമൂഹ്യ വിഷയങ്ങളെ പറ്റിയും സ്ഥിരമായി എഴുതുന്നു, താല്പര്യം ഉള്ളവർക്ക് അദ്ദേഹത്തെ ഫേസ് ബുക്കിൽ ഫോളോ ചെയ്യാവുന്നതാണ്. https://www.facebook.com/thummarukudy. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യരാഷ്ട്ര സഭയുടേത് ആകണം എന്നില്ല.

സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താൻ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ കല്ലിങ്കൽ പറഞ്ഞതിനെ സ്ത്രീകൾ ഉൾപ്പടെ ഇത്രയധികം ആളുകൾ കളിയാക്കുന്നത് കണ്ടിട്ട് എനിക്ക് അതിശയം തോന്നുന്നു.

<strong>ഇനി വലിയകാറ്റും വെള്ളപ്പൊക്കവും വരാൻ ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല- മുരളി തുമ്മാരുകുടി</strong>ഇനി വലിയകാറ്റും വെള്ളപ്പൊക്കവും വരാൻ ഒരു നൂറ്റാണ്ടൊന്നും കാത്തിരിക്കേണ്ടി വരില്ല- മുരളി തുമ്മാരുകുടി

ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും സ്ത്രീ-പുരുഷ റോളുകളുടെ തരംതിരിവും വിവേചനവും തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലും ചെറുത്തുനിൽക്കലും തുടങ്ങേണ്ടതും അവിടെനിന്നു തന്നെയാണ്.

ഓര്‍മവച്ച നാള്‍ മുതല്‍

ഓര്‍മവച്ച നാള്‍ മുതല്‍

ഓർമ്മ വെച്ചപ്പോൾ മുതൽ എന്റെ വീട്ടിൽ പുരുഷന്മാരും കുട്ടികളും ഭക്ഷണം കഴിച്ചതിനു ശേഷമാണ് സ്ത്രീകൾ ഭക്ഷണം കഴിക്കാറ്. ഒരു നാടൻ കോഴിയെ ഓടിച്ചിട്ട് പിടിച്ച് (അതും അതിഥികൾ വരുമ്പോൾ), പതിനഞ്ചോളം പേർക്ക് വിളമ്പിയാൽ അവസാനം കഴിക്കുന്നവർക്ക് എന്ത് കിട്ടിക്കാണുമെന്ന് ഇന്നെനിക്ക് ഊഹിക്കാം. അന്നങ്ങനെയൊന്നും ആരും ചിന്തിക്കുന്നില്ല, അത്രമാത്രം ‘സ്വാഭാവികമായി' ഇത്തരം പ്രവർത്തികൾ കുടുംബങ്ങളിൽ നടന്നിരുന്നു.

നിസ്സാരവത്കരിക്കുന്നവര്‍

നിസ്സാരവത്കരിക്കുന്നവര്‍

ഇന്നത്തെപ്പോലെ രണ്ടു കിലോ കോഴി വാങ്ങി നാലുപേർക്ക് കറിവെക്കുന്ന കാലം മാത്രം കണ്ടിട്ടുളളവർക്കും, അത് മാത്രം ഓർക്കാൻ ഇഷ്ടമുള്ളവർക്കും പഴയ കാലത്തെ വിസ്മരിക്കാം, അന്നത്തെ പെൺകുട്ടികൾക്ക് എന്ത് തോന്നിക്കാണും എന്നതിനെ നിസ്സാരവൽക്കരിക്കാം.

അവസാനിക്കാത്ത വിവേചനങ്ങള്‍

അവസാനിക്കാത്ത വിവേചനങ്ങള്‍

വിവേചനങ്ങൾ പക്ഷെ കോഴിക്കറിയിലും വറുത്തമീനിലും അവസാനിക്കുന്നില്ല. കുട്ടികൾ ഏതു വരെ പഠിക്കണം, ഏതു സ്‌കൂളിൽ പഠിക്കണം, എപ്പോൾ പുറത്തുപോകണം, വിനോദയാത്രക്ക് പോകാമോ, കൂട്ടുകാരുടെ വീട്ടിൽ പോകാമോ, പോയി താമസിക്കാമോ എന്നിങ്ങനെ എല്ലാ കാര്യത്തിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് മിക്ക കുടുംബങ്ങളിലും അന്നുണ്ടായിരുന്നത്. ലോകത്തെവിടെയും ഭൂരിഭാഗം കുടുംബങ്ങളിലും ഇന്നും അത് തുടരുന്നു. ഇതിനെ കളിയാക്കിയിട്ടോ കണ്ണടച്ച് ഇരുട്ടാക്കിയിട്ടോ കാര്യമില്ല. ഇതിനെ പറ്റി സംസാരിക്കുന്നവരെ ഫെമിനിച്ചിയാക്കിയത് കൊണ്ട് വിഷയത്തിന്റെ ഗൗരവം കുറയുന്നില്ല.

മുന്പേ നടന്ന അച്ഛന്‍

മുന്പേ നടന്ന അച്ഛന്‍

ഞാൻ കണ്ട ആദ്യത്തെ ഫെമിനിസ്റ്റ് എന്റെ അച്ഛൻ ആയിരുന്നു. ചേച്ചിമാരുടെ ഇഷ്ടങ്ങൾക്കാണ് അച്ഛൻ എപ്പോഴും മുൻ‌തൂക്കം നൽകിയത്. ചേച്ചിമാരെ, അവർ എത്ര വരെ പഠിക്കാൻ തയ്യാറായിരുന്നോ അതുവരെ അച്ഛൻ പഠിപ്പിച്ചു. വിനോദയാത്രകൾക്ക് പോകാൻ ചേച്ചിമാർക്ക് എപ്പോഴും കൂടുതൽ അവസരം നൽകി. ആദ്യം വീട് വിട്ട് ദൂരെ പോയി പഠിച്ചത് ചേച്ചിയാണ്, ചേച്ചിമാർ ജോലിക്ക് പോകുന്നതിൽ അച്ഛന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. "ഇവരുടെ ഭർത്താക്കന്മാർ ഏത് സ്വഭാവക്കാർ ആയിരിക്കുമെന്നും, എന്റെ മക്കൾക്ക് എത്ര സ്വാതന്ത്ര്യം നൽകുമെന്നും എനിക്കറിയില്ല, അതുകൊണ്ട് അവർ എന്റെ കൂടെയുള്ളപ്പോൾ പരമാവധി അവസരങ്ങൾ അവർക്ക് കൊടുക്കണം" എന്നതായിരുന്നു അച്ഛന്റെ വാദം. നാല്പത് വർഷങ്ങൾക്ക് മുൻപ് സ്വന്തമായി പങ്കാളിയെ കണ്ടുപിടിച്ച ചേച്ചിക്കും അച്ഛൻ പൂർണ്ണ പിന്തുണ നൽകി. അന്നൊന്നും അച്ഛൻ കാലത്തിന് എത്ര മുൻപേയാണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

ഫെമിനിച്ചന്‍

ഫെമിനിച്ചന്‍

എനിക്ക് പെൺമക്കൾ ഇല്ലാത്തതിനാൽ ഞാൻ അച്ഛനെപ്പോലെ ഒരു #ഫെമിനിച്ചൻ ആകുമായിരുന്നോ എന്നത് പറയാൻ പറ്റില്ല. എന്നാൽ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും എന്റെ ചുറ്റിലുമുള്ള സ്ത്രീകൾക്ക് പരമാവധി അവസരങ്ങൾ കൊടുക്കാനും പറ്റുമ്പോളൊക്കെ അവരെ പ്രൊമോട്ട് ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. എന്നുവെച്ച് ഞാൻ ഇക്കാര്യത്തിൽ എല്ലാം ശരിയായി ചെയ്യുന്ന ആളോ, എല്ലായ്‌പോഴും ശരിയായി ചെയ്യുന്ന ആളോ അല്ല. വളരെ പാട്രിയാർക്കൽ ആയ ഒരു സമൂഹത്തിൽ വളർന്നതിന്റെ കുഴപ്പങ്ങൾ എനിക്കും ഉണ്ട്, പക്ഷെ അതറിയാനും അറിയുമ്പോളെല്ലാം തിരുത്താനും ഞാൻ ശ്രമിച്ചിട്ടുണ്ട്, ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു. തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപൂ?!!

ഔദാര്യമല്ല

ഔദാര്യമല്ല

സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യമായ അവസരങ്ങൾ വേണമെന്ന് വാദിക്കുന്നത് ഒരു ഔദാര്യമായി ചെയ്യുന്നതല്ല, ചെയ്യേണ്ടതും അല്ല. സമൂഹത്തിലെ എല്ലാവരുടെയും കഴിവുകളുടെ പരമാവധി സമൂഹനന്മക്ക് വേണ്ടി ഉപയോഗിക്കുമ്പോളാണ് സമൂഹത്തിന് പുരോഗതിയുണ്ടാകുന്നത്. അതിനാൽ പെൺകുട്ടികൾ അവസരങ്ങൾ ഉപയോഗിക്കാൻ മുന്നോട്ടുവരണമെന്നും, മുന്നോട്ടു വരുന്നവർക്ക് അവസരങ്ങൾ കൊടുക്കണമെന്നും ഞാൻ വാദിക്കുമ്പോൾ അത് സ്ത്രീകളോടുള്ള പ്രത്യേക പരിഗണനയല്ല, മൊത്തം സമൂഹനന്മയിലുള്ള താല്പര്യമാണ്.

പെണ്‍കുട്ടികള്‍ ശക്തരാകുന്നു

പെണ്‍കുട്ടികള്‍ ശക്തരാകുന്നു

കേരളത്തിൽ സ്ത്രീകൾ ദിനം തോറും ശക്തി പ്രാപിക്കുകയാണ്. സാമ്പത്തികമായി വളരുന്ന കേരളത്തിൽ, വിദ്യാഭ്യാസ അവസരങ്ങൾ ഏറിവരുന്ന കേരളത്തിൽ, ആ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നത് പെൺകുട്ടികൾ തന്നെയാണ്. കേരളത്തിനകത്തെങ്കിലും പെൺകുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ അത്ര വിമുഖതയോ വിവേചനമോ കാണിക്കുന്നില്ല.

പക്ഷേ, പഠനത്തിന് ശേഷം...

പക്ഷേ, പഠനത്തിന് ശേഷം...

പക്ഷെ പഠനം കഴിയുന്നതോടെ വിവാഹമാണ് പ്രധാനം എന്ന ചിന്ത സ്ത്രീകളിലും മറ്റുള്ളവരിലും കുത്തിവെച്ച് സമൂഹം നമ്മുടെ പെൺ കുട്ടികളുടെ സ്വാഭാവിക വളർച്ചക്ക് തടയിടുന്നു, വിവാഹം കഴിഞ്ഞാൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും കുട്ടികളും കൂടിയാകുമ്പോൾ പൊതുരംഗത്തും തൊഴിൽ രംഗത്തും വേണ്ടത്ര എത്തിപ്പറ്റാനോ ശ്രദ്ധിക്കാനോ മുന്നേറാനോ അവർക്ക് കഴിയാതെയാകുന്നു. വിവാഹത്തിന് മുൻപോ ശേഷമോ ഒറ്റക്ക് ജീവിക്കുന്നത് തെറ്റാണെന്ന ചിന്ത സമൂഹത്തിൽ നിലനിൽക്കുന്നതിനാലും സാമ്പത്തികമായി സ്വയം പര്യാപ്തമാണെങ്കിലും ഒറ്റക്ക് സ്ത്രീകൾക്ക് കേരളത്തിൽ ജീവിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലും സ്ത്രീകൾ കുടുംബത്തിന്റെ അതിരുകളിൽ നിൽക്കുന്നു, നിയന്ത്രണങ്ങൾ അനുസരിച്ചു ജീവിക്കുന്നു. ഈ സ്ഥിതി പുരുഷന്മാർ മുതലെടുക്കുന്നു.

എല്ലാം മാറാന്‍ പോകുന്നു

എല്ലാം മാറാന്‍ പോകുന്നു

പക്ഷെ ഇതൊക്കെ മാറാൻ പോവുകയാണ്. നഗരവൽക്കരണവും ‘ഫ്ലാറ്റ്'വൽക്കരണവുമൊക്കെ നമ്മുടെ സ്ത്രീകളുടെ അവസ്ഥയെ മെച്ചപ്പെടുത്തും. ഒറ്റക്ക് ജീവിക്കുന്നത് ഒരു ബുദ്ധിമുട്ടല്ലാതാകും, അടുത്ത വീട്ടിലെ സദാചാരം അന്വേഷിക്കാൻ അയൽക്കാർക്ക് അവസരം കുറയും. എന്നാലും സ്ത്രീകൾ സ്വന്തമായി അഭിപ്രായം പറയുമ്പോഴും സമൂഹത്തിൽ അർഹമായ സ്ഥാനം ആവശ്യപ്പെടുമ്പോഴും അവരെ പാരമ്പര്യത്തിന്റെയും മതത്തിന്റെയും സംസ്കാരത്തിന്റെയും പേരുപറഞ്ഞ് കുറച്ചു നാൾ കൂടി പിടിച്ചുകെട്ടാൻ ആളുകൾ ശ്രമിക്കും. അത് പറ്റാതെ വരുമ്പോൾ തെറി പറഞ്ഞും, ‘ഫെമിനിച്ചി' എന്ന് ആക്ഷേപിച്ചും പിന്നോട്ടടിക്കാൻ ശ്രമിക്കും. ഇതൊക്കെ ചെയ്യുന്നത് പുരുഷന്മാർ മാത്രമല്ല എന്നതാണ് എന്നെ അതിശയപ്പെടുത്തുന്നത്.

പൂതപ്പാട്ട് ഓര്‍ക്കുന്പോള്‍

പൂതപ്പാട്ട് ഓര്‍ക്കുന്പോള്‍

ഇതുകൊണ്ടൊന്നും കാര്യങ്ങൾ പിന്നോട്ട് പോകില്ല. ഇങ്ങനെ സ്ത്രീകളെ വിരട്ടാൻ നോക്കുന്നവരെ കാണുമ്പോൾ ഇടശ്ശേരിയുടെ പൂതത്തെ ആണ് എനിക്ക് ഓർമ്മ വരുന്നത്.

പൂതപ്പാട്ടിലെ കുട്ടിയെ ചോദിച്ചു വരുന്ന അമ്മയെ,

‘പേടിപ്പിച്ചോടിക്കാൻ നോക്കീ പൂതം, പേടിക്കാതെങ്ങനെ നിന്നാളമ്മ.

നരിയായും പുലിയായും വന്നു പൂതം
തരികെന്റെ കുഞ്ഞിനെ എന്നാളമ്മ'

ഇങ്ങനെ പല തരത്തിൽ അമ്മയെ പേടിപ്പിക്കാനും പ്രലോഭിപ്പിക്കാനും ശ്രമിച്ചതിന് ശേഷം പൂതത്തിന് എന്ത് സംഭവിച്ചു എന്ന് ഓർക്കുന്നത് നല്ലതാണ്.

‘തൊഴുതു വിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങി പൂതം'

ആണ്‍പൂതങ്ങളും പെണ്‍പൂതങ്ങളും

ആണ്‍പൂതങ്ങളും പെണ്‍പൂതങ്ങളും

സ്വന്തം അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന അതിനെ പറ്റി സംസാരിക്കുന്ന സ്ത്രീകളെ പേടിപ്പിക്കാനുള്ള ‘ആണത്ത' പൈതൃകത്തിന്റെ ചിലവിൽ അർമ്മാദിക്കുന്ന ആൺ പൂതങ്ങളുടെയും ആണത്ത പൈതൃകത്തിന്റെ നുകങ്ങൾ സംസ്കാരത്തിന്റെ ആഭരണം ആയി തെറ്റിദ്ധരിച്ച പെൺപൂതങ്ങളുടെയും അവസാന അടവാണീ ഫെമിനിച്ചി വിളിയൊക്കെ. ഒരു തലമുറക്കകം ഈ പൂതങ്ങൾ ഒക്കെ 'തോറ്റുമടങ്ങി അടങ്ങും'. കേരളത്തിലെ സ്ത്രീകൾ അവർക്ക് അർഹിച്ച പ്രാതിനിധ്യവും സ്വാതന്ത്ര്യവും അവസരങ്ങളും അവകാശങ്ങളും നേടിയെടുക്കും. അക്കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല.

സ്ത്രീ വിഷയം മാത്രമല്ല

സ്ത്രീ വിഷയം മാത്രമല്ല

ഇതൊരു സ്ത്രീ വിഷയം മാത്രം അല്ലേ അല്ല. മുൻപ് പറഞ്ഞ പോലെ സ്ത്രീകൾക്ക് അർഹമായ സ്ഥാനങ്ങളും അവകാശങ്ങളും ലഭിക്കുമ്പോൾ വിജയിക്കുന്നത് സ്ത്രീകൾ മാത്രമല്ല സമൂഹം മൊത്തത്തിൽ ആണ്. സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വീട്ടിലും ജോലി സ്ഥലത്തും ഒക്കെ നിലനിൽക്കുന്ന വിവേചനങ്ങൾ എന്താണ്, ജൻഡർ സ്റ്റീരിയോ ടൈപ്പ് എന്താണ്, അതുകൊണ്ട് സ്ത്രീകൾക്ക് മാത്രമല്ല സമൂഹത്തിന് മൊത്തം എന്താണ് നഷ്ടമാകുന്നത് എന്നതൊക്കെ നാം എല്ലാവരേയും പറഞ്ഞു മനസ്സിലാക്കണം. ഇക്കാര്യത്തിൽ പുരുഷന്മാരുടെ ചിന്ത മാത്രമല്ല, ഏറെ സ്ത്രീകളുടെ ചിന്തയും മാറേണ്ടതുണ്ട്. ഇതിനു വേണ്ടി ശ്രമിക്കേണ്ടത് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കൂടിയാണ്. അങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആണുങ്ങളെ വേണമെങ്കിൽ ഫെമിനച്ചൻ എന്ന് വിളിച്ചോളൂ...

എന്ന്, സന്തോഷത്തോടെ, അഭിമാനത്തോടെ, സ്വന്തം ഇഷ്ടപ്രകാരം 'ഫെമിനിച്ചൻ' ആയ ഒരാൾ

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
Muralee Thummarukudy supports Rima Kallingal on her Fish fry experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X