കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനുഷരെല്ലാരും ഒന്നുപോലെ... അപ്പോൾ ബംഗാളികളോ?

  • By Desk
Google Oneindia Malayalam News

മുരളി തുമ്മാരുകുടി

ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. സുരക്ഷാ വിഷയങ്ങളെ പറ്റി സ്ഥിരമായി എഴുതുന്നു, താല്പര്യം ഉള്ളവര്ക്ക് അദ്ദേഹത്തെ ഫേസ് ബുക്കിൽ ഫോളോ ചെയ്യാവുന്നതാണ്. https://www.facebook.com/thummarukudy. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യരാഷ്ട്ര സഭയുടേത് ആകണം എന്നില്ല.

കേരളത്തിന്റെ ചരിത്രത്തിൽ എല്ലാ കാലത്തും മറുനാട്ടുകാർ കേരളത്തിലുണ്ടായിരുന്നു. ജൂതന്മാർ, അറബികൾ, ചൈനക്കാർ, ഡച്ചുകാർ, പോർച്ചുഗീസുകാർ, ഇംഗ്ളീഷുകാർ, ഇന്ത്യയിൽ നിന്ന് തന്നെ ഗുജറാത്തികൾ, തമിഴന്മാർ എല്ലാവരും പല കാലങ്ങളിലും കേരളത്തിൽ ഉണ്ടായിരുന്നു. പക്ഷെ ചരിത്രത്തിൽ ഒരു കാലത്തും ഉണ്ടായിട്ടില്ലാത്തത്രയും പ്രവാസികളാണ് ഇപ്പോൾ തൊഴിലാളികളായി കേരളത്തിൽ എത്തിയിരിക്കുന്നത്. തമിഴ് നാട്ടിൽ നിന്നും തുടങ്ങി, ഒറീസ്സ, ബീഹാർ, ആസ്സാം മണിപ്പൂർ വഴി ബംഗ്ലാദേശിൽ നിന്ന് വരെ ലക്ഷക്കണക്കിന് പ്രവാസികളാണ് ഈ ഓണത്തിന് നമ്മുടെ നാട്ടിലുള്ളത്.

നമുക്ക് പ്രവാസികളെപ്പറ്റി പല ധാരണകളുമുണ്ട്. പ്രവാസി തൊഴിലാളികളെ പറ്റി, പ്രത്യേകിച്ചും ബംഗാളികളെ പറ്റി, ഏറെ മോശമായ, വംശീയ വിദ്വേഷം വമിക്കുന്ന പോസ്റ്റുകൾ ആളുകൾ പങ്കുവെക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത്രയും മോശം അഭിപ്രായമില്ലെങ്കിലും ചുരുങ്ങിയത് അവർക്ക് നമ്മുടെയത്ര 'വൃത്തിയില്ല' എന്ന മട്ടിലുള്ള ചിന്തയെങ്കിലും ഭൂരിഭാഗം മലയാളികൾക്കും ഉണ്ട്. അതു പോലെ തന്നെ പ്രവാസികൾക്ക് നമ്മളെപ്പറ്റിയും ചിന്തകൾ ഉണ്ട്.

onam

ശരാശരി മലയാളിയും പ്രവാസിതൊഴിലാളികളും തമ്മിൽ നേരിട്ട് കൊടുക്കൽ വാങ്ങലുകൾ കുറവായതിനാൽ ടിക്കറ്റ് എടുത്താൽ ബാക്കി കൊടുക്കാത്ത ബസ് കണ്ടക്ടർ, ഓട്ടോയിൽ രണ്ടു പേർ കേറിയാൽ ഇരട്ടി ചാർജ് മേടിക്കുന്ന ഓട്ടോക്കാരൻ ഇവരിലൂടെ ഒക്കെ മാത്രമാണ് പ്രവാസികൾ നമ്മളെ മനസ്സിലാക്കുaന്നത്. പ്രവാസികളും അവർ താമസിക്കുന്ന രാജ്യങ്ങളിലെ ആളുകളും തമ്മിലുള്ള ഈ വിടവുകളും തെറ്റിദ്ധാരണകളും ലോകത്തെമ്പാടും ഉണ്ട്. പതിവ് പോലെ എല്ലാ സ്റ്റീരിയോടൈപ്പിങ്ങിലും ശരിയേക്കാൾ കൂടുതൽ തെറ്റുകൾ ആണ്. ഇതിനെ പറ്റി എല്ലാം ഞാൻ വിശദമായി ഒരിക്കൽ എഴുതാം, അധികം വൈകില്ല. കാര്യങ്ങൾ വാസ്തവത്തിൽ ഗുരുതരമാണ്.

ഇപ്പോഴേ പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. എന്നെപ്പോലെയുള്ള ദശലക്ഷക്കണക്കിന് മലയാളികളെപ്പോലെ സ്വന്തം കുടുംബത്തിന്റെ ജീവിതം അല്പം കൂടി മെച്ചപ്പെടുത്താൻ വേണ്ടിയാണ് കേരളത്തിൽ ഭൂരിഭാഗം പ്രവാസി തൊഴിലാളികളും എത്തിയിരിക്കുന്നത്. ഞങ്ങളെപ്പോലെതന്നെ ഇവിടെ ഏറ്റവും പരിമിതമായി ജീവിച്ച്, പരമാവധി പണം നാട്ടിലയക്കാനാണ് അവരും ശ്രമിക്കുന്നത്. അപ്പോൾ അവരും നമ്മളും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കിക്കണ്ടു പെരുപ്പിച്ച് അവർക്കെതിരെ നിലപാടെടുക്കാൻ ശ്രമിക്കുന്നത് വംശീയമാണെന്ന് മാത്രമല്ല, ലോകത്തെവിടെയും പോയി പണിയെടുത്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്ന മറുനാടൻ മലയാളികളോടുള്ള അനാദരം കൂടിയാണ്.

നാളെ പ്രവാസിത്തൊഴിലാളികൾക്കെതിരെ ഒരു അക്രമമോ ലഹളയോ കേരളത്തിലുണ്ടായാൽ, അവർ നമ്മുടെ നാട്ടിൽ നിന്ന് കോടിക്കണക്കിനു രൂപ വേതന ഇനത്തിൽ 'കടത്തി'ക്കൊണ്ടുപോകുന്നു എന്ന് വാർത്ത വന്നാൽപ്പിന്നെ, ഗൾഫിലും മറ്റും പാവം മലയാളിത്തൊഴിലാളികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയോ കൂട്ടപിരിച്ചുവിടലിനെതിരെയോ സംസാരിക്കാനുള്ള ധാർമ്മിക അവകാശം നമുക്ക് നഷ്ടപ്പെടും.

മാവേലി നാട് ഭരിച്ചിരുന്ന കാലത്ത് മാനുഷർ എല്ലാരും ഒന്ന് പോലെ ആയിരുന്നുവെന്ന് നാം പാടുകയും ആ നാളിനു വേണ്ടി ആഗ്രഹിക്കുകയും ചെയ്യുമ്പോൾ പോലും നമ്മുടെ ചുറ്റുമുള്ള ബംഗാളികൾ (എല്ലാ പ്രവാസി തൊഴിലാളികൾക്കുള്ള സർവ്വനാമം) നമ്മളെപ്പോലെ ആണെന്നൊരു തോന്നൽ മലയാളിക്കില്ല. അപ്പോൾ ഈ ഓണക്കാലത്ത് നമുക്കൊരു ചെറിയ കാര്യം ചെയ്തു നോക്കാം.

നിങ്ങളുടെ വീടിനടുത്തുള്ള ഒരു പ്രവാസിതൊഴിലാളിയെ ബംഗാളി എന്നോ ഭായി എന്നോ വിളിക്കാതെ അയാളുടെ പേരെന്തെന്നു ചോദിക്കുക, അയാളുടെ കുടുംബത്തെപ്പറ്റി ചോദിക്കുക. പറ്റിയാൽ അയാളെ വിളിച്ച് ഒരു ഓണസദ്യ കൊടുക്കുക. വർഷത്തിൽ ഒരു ദിവസമെങ്കിലും മാനുഷർ എല്ലാരും ഒന്നുപോലെയാണെന്ന് നമുക്കൊന്ന് പ്രയോഗിച്ചു കാണിച്ച് മാതൃകയാകാം.

(തുമ്മാരുകുടയിൽ ജോലിക്കായി വന്ന് അവസാനം മലയാളം പഠിച്ചു കുട്ടികളുടെ ആരാധനാപാത്രവും ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗവും ആയി മാറിയ ബം കുമാറിനും കേരളത്തിൽ ഉള്ള മറ്റെല്ലാ പ്രവാസികൾക്കും എന്റെ പ്രത്യേക ഓണാശംസകൾ)

English summary
Muralee Thummarukudy wishing Onam greetings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X